കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചോതി നാളിൽ നടത്തും.

രാവിലെ 9.35 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തിൽ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

നിര്യാതയായി

പൊന്നമ്മ ടീച്ചര്‍

ഇരിങ്ങാലക്കുട : നടവരമ്പ് കോലോത്തുംപടി കൊടകര വീട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്‍ മേനോന്‍ ഭാര്യ പൊന്നമ്മ ടീച്ചര്‍ (നിര്‍മ്മല 87) നിര്യാതയായി.

സംസ്‌കാരം നടത്തി.

ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിപ്പിച്ചിരുന്ന പിറ്റ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു.

പരിയാരത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം : “പറുദീസ”യ്ക്ക് നാന്ദി കുറിച്ച് പ്രൗഢഗംഭീരമാക്കി ഓഫീസ് ഉദ്ഘാടനം

ചാലക്കുടി : തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കോടശ്ശേരി മലകളുടെ മനോഹാരിത ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവിധ ആധുനിക സേവനവും ലഭ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്ത് ആരംഭിക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് ഹോം “പറുദീസ ലിവിങ്” കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാടനവും ലോഗോ, ലീഫ്‌ലെറ്റ്, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും പ്രൗഢഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ നടന്നു.

ഹോംസ് പ്രോജക്റ്റ് ഉടമകളായ “പറുദീസ ലിവിങ്” കമ്പനിയുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് ഇതോടെ പരിയാരത്ത് നാന്ദി കുറിച്ചത്.

ടി ജെ സനീഷ്കുമാർ എം എൽ എ ഗേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ലോഗോ പ്രകാശനവും, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ബുക്ക്ലെറ്റ് പ്രകാശനവും നടത്തി.

പ്രൊജക്റ്റ് മാസ്റ്റർ പ്ലാൻ ലേഔട്ടിന്റെ പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി മാസ്റ്റർ വെബ്സൈറ്റ് ലോഞ്ചും, വാർഡ് മെമ്പർ വിഷ്ണു ലീഫ്‌ലെറ്റ് പ്രകാശനവും നടത്തി.

ഡാവിഞ്ചി സുരേഷ് നിർമ്മിച്ച മാസ്റ്റർ ലേഔട്ടിന്റെ മിനിയേച്ചർ ശോഭ സുബിനും ഡാവിഞ്ചി സുരേഷും ചേർന്ന് അനാച്ഛാദനം ചെയ്തു.

“പറുദീസ ലിവിങ്” ചെയർമാൻ ടെന്നിസൺ ചാക്കോ സ്വാഗതവും, മാനേജിങ് ഡയറക്ടർ ജീസ് ലാസർ നന്ദിയും പറഞ്ഞു.

എന്തിനിങ്ങനെ ഒരു റെയ്ൽവെ സ്റ്റേഷൻ ?

നിരവധി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു : ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരിങ്ങാലക്കുട 

ഇരിങ്ങാലക്കുട : നിരവധി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ദക്ഷിണ റെയ്ൽവെ പുറത്തിറക്കിയ ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷൻ.

ആഗസ്റ്റ് 12നാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു കൊണ്ടുള്ള റെയ്ൽവെയുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇതോടെ ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷനിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം പാഴായെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയ്ൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ.

കേന്ദ്രമന്ത്രിയുടെ റെയ്ൽവെ സ്റ്റേഷൻ സന്ദർശനത്തിൽ മലബാർ, പാലരുവി, ഏറനാട് തുടങ്ങി കോവിഡ് കാലത്ത് നിർത്തലാക്കിയ അഞ്ച് ട്രെയിനുകൾക്കെങ്കിലും ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും, പുതിയ സ്റ്റോപ്പുകൾ അനുവദിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനുമാണ് ഇതോടെ തിരിച്ചടിയായത്.

ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷനെ പൂർണമായും അവഗണിക്കുന്ന നടപടിയാണ് റെയ്ൽവെയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ് പറഞ്ഞു.

അവിട്ടത്തൂർ ഫുട്ബോൾ ടീമിന് വിജയാശംസകൾ നേർന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ക്യാമ്പ് ഓഫീസിൽ എത്തിയ സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

സ്കൂൾ ടീം കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൻ പങ്കെടുക്കുവാൻ വേണ്ടി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.

മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പൊലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡിവൈഎസ്പി തോമസ് കാട്ടുകാരൻ ആണ് പരിശീലകൻ.

തോമസ് കാട്ടുകാരനും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗമായ എ.സി സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരളത്തിൽ നിന്ന്  9 ഇനം ഏകചാരി തേനീച്ചകളെ കണ്ടെത്തി 

‎ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ. 

ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്. 

‎പരിസ്ഥിതി സന്തുലനം  നിലനിർത്തുന്നതിലും  കാർഷികവിളകളുടെ ഉൽപാദനത്തിലും  നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി  താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്. 

തനിയെ ജീവിക്കുന്ന തേനീച്ചകൾ  ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.

‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള  മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 

‎മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം  സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ.  ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ  മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ്   വർദ്ധിക്കുകയും ചെയ്യുന്നു.  

കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത്  മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

‎ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്. 

കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ  ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ  ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

മലക്കപ്പാറയിൽ 4 വയസ്സുകാരനെ പുലി പിടിച്ചു : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന മലക്കപ്പാറ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻകുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെ 2.15 മണിയോടെയാണ് സംഭവം

വീട്ടുകാർ ശബ്ദം കേട്ട് ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പൊലീസിന്റെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : സിപിഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് ആർബിഐ നിർദ്ദേശം നൽകിയിരിക്കുകയാണ്. ബാങ്കിംഗ് പ്രവർത്തനത്തിൽ നിരന്തരമായ ക്രമക്കേടുകൾ നടത്തിയത് ചൂണ്ടിക്കാണിച്ചാണ് ആർബിഐയുടെ നടപടി.

നിലവിലെ ഉത്തരവ് പ്രകാരം ആറുമാസ കാലയളവിനുള്ളിൽ നിക്ഷേപകന് ആകെ പിൻവലിക്കാൻ കഴിയുന്ന സംഖ്യ പതിനായിരം രൂപ മാത്രമാണ്. പുതിയ വായ്പകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലക്കുണ്ട്.

ബാങ്കിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഇടപാടുകാർ കടുത്ത ആശങ്കയിലാണ്.

നിക്ഷേപകർക്ക് വായ്പാസംഖ്യ ആവശ്യാനുസരണം നൽകുന്നതിനുള്ള നടപടി ബാങ്ക് കൈക്കൊള്ളണമെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് ടൗൺ ബാങ്കിനെ എത്തിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള സഹകരണ വകുപ്പ് സമഗ്ര അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ആവശ്യപ്പെട്ടു.

സെൻ്റ് മേരീസിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീമിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.ജെ. ഷാജു ആശംസകൾ നേർന്നു.

ഫസ്റ്റ് അസിസ്റ്റൻ്റ് സി.ജെ. ഷീജ സ്വാഗതവും പ്രോഗ്രാം കൺവീനർ ടെൽസൺ കൊട്ടോളി നന്ദിയും പറഞ്ഞു.