ഇരിങ്ങാലക്കുട : നഗര മധ്യത്തിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു.
വൈകുന്നേരമായാൽ ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറ്റവും സ്കൂൾ കുട്ടികൾ തമ്മിലുള്ള സംഘർഷവും പതിവായതോടെ നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്.
ഇതു സംബന്ധിച്ച ആവശ്യമുയർന്ന് മാസങ്ങളായിട്ടും എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിൽ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും നഗരസഭയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ബസ് സ്റ്റാൻ്റിൽ കുടുംബശ്രീ സ്റ്റാളിന് തൊട്ടടുത്തായാണ് ഇപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അഡ്വ. ജിഷ ജോബി, കൗൺസിലർ സോണിയ ഗിരി, പൊലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ എന്നിവർ പ്രസംഗിച്ചു.
വാർഡ് കൗൺസിലർ സിജു യോഹന്നാൻ സ്വാഗതവും, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.