മന്ത്രി വാക്ക് പാലിച്ചു : ഠാണാ – ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു വാക്കു പാലിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസന പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാന നിർമ്മാണത്തിനായുള്ള ഭാഗം വൃത്തിയാക്കുന്ന നടപടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

ഠാണാ – ചന്തക്കുന്ന് റീച്ചിലെയും അനുബന്ധ റോഡുകളിലെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളായിരിക്കും ആദ്യം ആരംഭിക്കുക.

45 കോടി രൂപ വകയിരുത്തിയ പദ്ധതി പ്രകാരം ചന്തക്കുന്ന് – മൂന്നുപീടിക റോഡിൽ 50 മീറ്ററും, കൊടുങ്ങല്ലൂർ റോഡിൽ സെൻ്റ് ജോസഫ്സ് കോളെജ് വരെയും, ഠാണാവിൽ തൃശൂർ റോഡിൽ പൂതംകുളം റോഡ് വരെയും, ചാലക്കുടി റോഡിൽ താലൂക്ക് ആശുപത്രി വരെയും ആണ് വികസനം നടപ്പാക്കുന്നത്.

ഠാണാ – ചന്തക്കുന്ന് റോഡിൽ 17 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് 12 മീറ്റർ വീതിയിൽ മധ്യത്തിൽ ഡിവൈഡർ ഉൾപ്പെടെ സജ്ജീകരിക്കും.

സംസ്ഥാനപാതയിൽ 14 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമ്മിക്കും. ഇതിനു പുറമേ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.

രൂക്ഷമായ വിലക്കയറ്റം : പട്ടിണി സമരവുമായി മഹിളാ മോർച്ച

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് പട്ടിണി സമരം നടത്തി.

ബിജെപി ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ്ണ അടുപ്പു കൂട്ടി കഞ്ഞി വെച്ച് സമരം ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡന്റ് വിനീത ടിങ്കു, ജില്ല സെക്രട്ടറിമാരായ പ്രഭ ടീച്ചർ, അഡ്വ. ആശ രാമദാസ്, രശ്മി ബാബു എന്നിവർ പ്രസംഗിച്ചു.

ആർച്ച അനീഷ്, കാർത്തിക സജയ്, സജിത അമ്പാടി, രജനി രാജേഷ്, ആഷിഷ ടി. രാജ്, ധന്യ ഷൈൻ, അമ്പിളി ജയൻ, മായ അജയൻ, വിജയകുമാരി അനിലൻ, റീന സുരേഷ്, സരിത സുഭാഷ്, ശിവകന്യ, സിന്ധു സതീഷ് എന്നിവർ നേതൃത്വം നൽകി.

ഗാന്ധിദർശൻ വേദിയുടെഗാന്ധിയൻ പുരസ്കാരം കെ. വേണുഗോപാലിന്

ഇരിങ്ങാലക്കുട : ഗാന്ധിദർശൻവേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി. മാത്യു മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും നൽകിവരുന്ന ഗാന്ധിയൻ സാമൂഹ്യ സേവന പുരസ്കാരം ഗാന്ധിയനും ഇരിങ്ങാലക്കുട മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന കെ. വേണുഗോപാലിന്.

10001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്റ്റ് 2ന് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

ചടങ്ങിൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതൻ മേനോത്തിന് സമാദരണം, ഗുരുദേവൻ – മഹാത്മാഗാന്ധി സമാഗമത്തിൻ്റെ ശതവാർഷിക സ്മരണ സെമിനാർ എന്നീ പരിപാടികളും ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നേറുമെന്ന് നാട്ടുകാർ

ഇരിങ്ങാലക്കുട : അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോവിനെ കൈ പിടിച്ചുയർത്താൻ ഒറ്റക്കെട്ടായി മുന്നേറുമെന്ന തീരുമാനവുമായി നാട്ടുകാർ.

കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിപുലമായ യോഗത്തിലാണ് സമരാഹ്വാനവുമായി നാട്ടുകാർ ഒറ്റക്കെട്ടായി മുന്നോട്ടു വന്നത്.

ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറൻ മേഖലയിൽ പെട്ട പന്ത്രണ്ടോളം റെസിഡൻ്റ്സ് അസോസിയേഷനുകളിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.

മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.

വളർച്ചയുടെ വിവിധ ഘട്ടങ്ങൾ താണ്ടിയ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. വളർച്ചയിലേക്കു പോകാതെ വീണ്ടും തകർച്ചയിലേക്ക് പോകുന്നതിനെതിരെ നാട്ടുകാർ ജാഗ്രതാപൂർവ്വം ഇടപെട്ടില്ലെങ്കിൽ പടിഞ്ഞാറൻ മേഖലയുടെ വികസനം നഷ്ടപ്പെടുമെന്നും, സാധാരണക്കാരുടെ യാത്രാസൗകര്യം ഇല്ലാതാകുമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

നഗരസഭാ കൗൺസിലർമാരായ ടി.വി. ചാർളി, കെ.എം. സന്തോഷ്, അഡ്വ. കെ.ജി. അജയ്കുമാർ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, ജിനൻ പണിക്കശ്ശേരി, ഹേമചന്ദ്രൻ, ലേഖ പാലയ്ക്കൽ, ബിജോയ് നെല്ലിപ്പറമ്പിൽ, രഘു, സമിതി ജനറൽ കൺവീനർ എം.കെ. സേതുമാധവൻ, എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

സെൻ്റിന് കേവലം 400 രൂപ നിരക്കിൽ തളിയക്കാട്ടിൽ മുകുന്ദൻ മേനോൻ്റെ ഭാര്യയായ ഭവാനി അമ്മ കെ.എസ്.ആർ.ടി.സി.ക്ക് വിട്ടു കൊടുത്ത രണ്ടര ഏക്കർ സ്ഥലം നശിപ്പിച്ചു കളയാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, എന്തു വില കൊടുത്തും കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ താൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നും ഭവാനി അമ്മയുടെ മകൻ ഹരികുമാർ തളിയക്കാട്ടിൽ പ്രഖ്യാപിച്ചത് ഹർഷാരവത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണ സ്തംഭനം : ഉപവാസവുമായി ബിജെപി കൗൺസിലർമാർ

ഇരിങ്ങാലക്കുട : യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണ സ്തംഭനം അവസാനിപ്പിക്കുക, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഠാണാ സെൻ്ററിൽ ഉപവാസം അനുഷ്ഠിച്ചു.

കൗൺസിലർമാരായ ആർച്ച അനീഷ്, സന്തോഷ് ബോബൻ, ടി.കെ. ഷാജു, അമ്പിളി ജയൻ, വിജയകുമാരി അനിലൻ
സ്മിത കൃഷ്ണകുമാർ,
മായ അജയൻ, സരിത സുഭാഷ് എന്നിവരാണ് ഉപവാസമിരിക്കുന്നത്.

സംസ്ഥാന ട്രഷറർ അഡ്വ.
ഇ. കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു.

ടൗൺ ഏരിയ പ്രസിഡൻ്റ് ലിഷോൺ ജോസ് കാട്ട്ളാസ് അധ്യക്ഷത വഹിച്ചു.

ടൗൺ ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ് സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അജയകുമാർ, അഭിലാഷ് കണ്ടാരംതറ, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കോലാന്ത്ര
എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ്, പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡൻ്റുമാരായ രമേശ് അയ്യർ, അജയൻ തറയിൽ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ നേതൃത്വം നൽകി.

നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന : “ബോബനും മോളിയും” റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും” റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

പാചകം ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചിക്കൻ, ബീഫ്, റൈസ്, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിൽ ഒമ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചെറിയ ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത റസ്റ്റോറന്റിനെതിരെ പിഴ ചുമത്തുമെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതേയുള്ളൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു.

സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ, വി.എ. ഇമ്ന, നീതു, അനന്തുലാൽ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

പാറേക്കാട്ടുകരയിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : മുരിയാട് മണ്ഡലം കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം പാറേക്കാട്ടുകരയിൽ നടന്നു.

വാർഡ് പ്രസിഡൻ്റ് ബേബി ജോസഫ് കൂനൻ അധ്യക്ഷത വഹിച്ചു.

യോഗം കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവാഹത്തിൻ്റെ 25-ാം വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ആദരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുശീൽ ഗോപാൽ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ, മുൻ ഡി.സി.സി. മെമ്പർ എൻ.എൽ. ജോൺസൺ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, സി.പി. ലോറൻസ്, ജിയോ കണ്ണങ്കുന്നി എന്നിവർ പ്രസംഗിച്ചു.

ഭക്തിനിർഭരമായി അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും

ഇരിങ്ങാലക്കുട : ഭക്തിനിർഭരമായി അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും.

ആനയൂട്ടിന് പാമ്പാടി സുന്ദരൻ, തടത്താവിള ശിവൻ, പള്ളിക്കൽ മോട്ടി, കൊടുങ്ങല്ലൂർ ദേവീദാസൻ, നെല്ലിക്കാട്ട് മഹാദേവൻ എന്നീ ആനകൾ അണിനിരന്നു.

ക്ഷേത്രം തന്ത്രിമാരായ ഓട്ടൂർ മേക്കാട്ട് വിനോദൻ നമ്പൂതിരി, വടക്കേടത്ത് പെരുമ്പടപ്പ് കണ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ ജയാനന്ദ കിഷോർ നമ്പൂതിരി, നടുവം വിഷ്ണു നമ്പൂതിരി, കുറിയേടത്ത് രുദ്രൻ നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി, ക്ഷേത്രം പ്രസിഡൻ്റ് ഡോ. മുരളി ഹരിതം, സെക്രട്ടറി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പി.വി. സന്ദേശ്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന പി.വി. സന്ദേശ് (46) അന്തരിച്ചു.

സംസ്കാരം നടത്തി.

തൃശൂർ നെടുപുഴ വനിതാ പോളിടെക്നിക്കിനു സമീപം പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്.

ഭാര്യ : എം.വി. ജീന

മക്കൾ : ഋതുപർണ്ണ, ഋതിഞ്ജയ്

സഹോദരങ്ങൾ : സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ

സെൻ്റ് മേരീസ് സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 31ന്

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9048300183 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 7736096888