സംഗമസാഹിതി വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതിയുടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

രാധാകൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, കെ. വേണുഗോപാൽ, ജോസ് മഞ്ഞില, ഇരിങ്ങാലക്കുട ബാബുരാജ്, മനോജ് വള്ളിവട്ടം എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ജോസ് മഞ്ഞില (പ്രസിഡൻ്റ്), ഇരിങ്ങാലക്കുട ബാബുരാജ് (സെക്രട്ടറി), രാധാകൃഷ്ണൻ കിഴുത്താണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ജി. അനുസ്മരണവും കഥാവിചാരവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തിൻ്റെ ഭാഗയായി മഹാകവി ജി. അനുസ്മരണവും കഥാവിചാരവും നടത്തി.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന സംഗമം സാഹിത്യകാരൻ പി.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായി.

വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയികളായ ടി.എം. സന, കാർത്തിക സദാശിവൻ, അനീന വർഗ്ഗീസ് എന്നീ വിദ്യാർഥിനികളെ ഉപഹാരം നൽകി അനുമോദിച്ചു.

ബാബുദാസ് താണിശ്ശേരി, മുരളി നടയ്ക്കൽ എന്നിവർ കഥകൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ, സി.എഫ്. റോയ്, ഇ.പി. വിജയൻ, എൻ.എസ്. രാജൻ, ഗീത എസ്. പടിയത്ത്, വർഗ്ഗീസ് വാറോക്കി, പി.കെ. ജോർജ്ജ്, സി.വി. ശ്രീലത, ഡോ. ജോൺസൺ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യന്മാരായി സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : എം.എ.എസ്. കോളെജ് മമ്പാട് വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായി.

ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ സെന്‍റ് മേരീസ് കോളെജിനെ തോല്‍പ്പിച്ചാണ് സെൻ്റ് ജോസഫ്സ് കിരീടം ചൂടിയത്.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളെജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സമ്മാനദാനം കോളെജ് പ്രിൻസിപ്പൽ ഡോ. ടി.പി. അലിക്കുട്ടി നിര്‍വഹിച്ചു.

കോളെജ് കായിക വകുപ്പ് മേധാവി റഫീഖ് വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു.

വെള്ളപ്പൊക്കത്തിൽ തകർന്നുപോയ അങ്കണവാടി കെട്ടിടത്തിന് പുതുജീവൻ നൽകി മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഊരകം ഈസ്റ്റ് എടക്കാട്ട്പാടം 98-ാം നമ്പർ ദീപം അങ്കണവാടി കെട്ടിടം മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

പ്രളയത്തിൽ തകർന്ന അങ്കണവാടി കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്.

കുട്ടികളുടെ സാമൂഹ്യവത്കരണ പ്രക്രിയയിൽ ആദ്യഘട്ടമാണ് അങ്കണവാടികളെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

പ്രകൃതിയോടും സമൂഹത്തിനോടും ഇണങ്ങി ജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന ഇടങ്ങളാണ് ഓരോ അങ്കണവാടികളും. നാടിനെയും നാട്ടുഭാഷയെയും സ്നേഹിക്കുന്ന സാമൂഹ്യജീവികളായി കുട്ടികളെ രൂപപ്പെടുത്തി എടുക്കുന്നതിന് വലിയ പങ്കാണ് അങ്കണവാടികൾക്കുള്ളത്.

ടീച്ചർമാർക്കും ഹെൽപ്പർമാർക്കും വേണ്ട ട്രെയിനിങ്ങും നൽകിവരുന്നുണ്ട്.

ആധുനികവത്കരിച്ച് ഏറ്റവും പുതിയ സൗകര്യങ്ങളോടുകൂടിയാണ് ഓരോ അങ്കണവാടി കെട്ടിടങ്ങളും നിർമ്മിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവർ മുഖാതിഥികളായി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു വർക്കി കാരാത്രക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ, വാർഡ് അംഗം അഞ്ജലി ഷാബു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ബിന്ദു സതീശൻ, പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, അങ്കണവാടി പ്രവർത്തകർ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശിവരാത്രി നൃത്തോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ശിവരാത്രിയോടനുബന്ധിച്ച് കണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴു നാൾ നീണ്ടു നിൽക്കുന്ന നൃത്തോത്സവത്തിന് തുടക്കമായി.

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ആശ സുരേഷ്, മീര നങ്ങ്യാർ, സുചിത്ര വിനയൻ, രേഷ്മ മേനോൻ, ഭാനുശ്രീ വാര്യർ എന്നിവർ പ്രസംഗിച്ചു.

ഉത്സവത്തിന് മുന്നോടിയായി ഏഴു ദിവസങ്ങളിൽ ദേശീയതലത്തിൽ ശ്രദ്ധ നേടിയ കലാകാരികളായ ശ്രുതി തമ്പുരാട്ടി (തിരുവനന്തപുരം), ആതിര രാജു, ദിവ്യ വേണുഗോപാൽ (ചെന്നൈ), സൗപർണ്ണിക നമ്പ്യാർ, ആതിര ശങ്കർ, കല്യാണി മേനോൻ, മായ വിനയൻ (ചെന്നൈ), എന്നിവർ അവതരിപ്പിക്കുന്ന വിവിധ നൃത്താവിഷ്ക്കാരങ്ങൾ അരങ്ങേറും.

എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ പരിപാടികൾ ആരംഭിക്കും.

വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി റോട്ടറി സെൻട്രൽ ക്ലബ്

ഇരിങ്ങാലക്കുട : റോട്ടറി സെൻട്രൽ ക്ലബ്ബ് മാപ്രാണം ഹോളിക്രോസ്സ്
ഹൈസ്കൂളിലെ മുഴുവൻ
വിദ്യാർഥികൾക്കും മെഡിക്കൽ ആക്‌സിഡന്റ് ഇൻഷുറൻസ് സുരക്ഷ പദ്ധതി നടപ്പിലാക്കി.

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ജി.എൻ. രമേഷും റോട്ടറി സെൻട്രൽ ക്ലബ്ബ് പ്രസിഡന്റ്‌ ബിജോയ്‌ വിശ്വനാഥും ചേർന്ന് സ്കൂൾ മാനേജർ ഫാ. ജോണി മേനാച്ചേരിക്കും പ്രധാന അധ്യാപിക സി.ജെ. മഞ്ജുവിനും ഇൻഷുറൻസ് രേഖകൾ കൈമാറി.

റോട്ടറി ഡയറക്ടർ കെ.ടി. ഹരികുമാറാണ് ഓരോ വിദ്യാർഥിക്കും ഒരു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി സ്പോൺസർ ചെയ്തത്.

ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ അനൂപ് ചന്ദ്രൻ, റൊട്ടേറിയൻ എം.എസ്. ദിലീപ്, ക്ലബ്‌ ഡയറക്ടർമാരായ ടി.പി. സെബാസ്റ്റ്യൻ, പി.ടി. ജോർജ്ജ്, എം.കെ. മോഹനൻ, ഡേവിസ് കരപ്പറമ്പിൽ, കെ.വി. ജോൺ, ജോഷി പോൾ കൂനൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

കെ. ചന്ദ്രിക

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് ആലപ്പുഴ വീട്ടിൽ (സുസ്മിത) സത്യദേവൻ മാസ്റ്റർ ഭാര്യ കെ. ചന്ദ്രിക (80) നിര്യാതയായി.

പുല്ലൂറ്റ് ഗവ. ഹൈസ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ആണ്.

സംസ്കാരം തിങ്കളാഴ്ച (ഫെബ്രുവരി 9) രാവിലെ 10.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : സ്മിത പരേഷ് (ദുബായ്), സുജിത്ത് സത്യൻ (യുഎസ്എ)

മരുമക്കൾ : പരേഷ്, സിമി

ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗവും ഗുണ്ടായിസവും : ചേലൂരിൽ പൗരസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂരിൽ നിന്നും ചേലൂർ വഴി വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗത്തിനെതിരെയും റോഡിലെ ഗുണ്ടായിസത്തിനെതിരെയും പ്രതിഷേധവുമായി ചേലൂർ നിവാസികൾ.

ചേലൂർ നിവാസികളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ചേലൂർ നിവാസികൾ ചേർന്ന് രൂപീകരിച്ച ചേലൂർ പൗരസമിതിയുടെ ചെയർമാനായി സോമൻ വർഗ്ഗീസിനെയും കൺവീനറായി മുൻ കൗൺസിലർ കെ.എം. സന്തോഷിനെയും തിരഞ്ഞെടുത്തു.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗത്തിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

ചേലൂർ സെൻ്ററിൽ വെച്ച് നാട്ടുകാരനായ ഷാജുവിനെ ബസ് കണ്ടക്ടർ ആക്രമിച്ചതിനെതിരെയും നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കും വിധമുള്ള ബസ്സുകളുടെ അമിതവേഗത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും പൗരസമിതി ചെയർമാൻ സോമൻ വർഗ്ഗീസ് അറിയിച്ചു.

ബസ് കണ്ടക്ടർ ഷാജുവിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നിട്ടും ബസ് കണ്ടക്ടറെ ഉപദ്രവിച്ചു എന്ന പേരിൽ ഷാജു 10 ദിവസത്തിലേറെയായി റിമാൻഡിൽ കഴിയുന്നതിനെതിരെ ശക്തമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചേലൂർ പൗരസമിതി കൺവീനർ കെ.എം. സന്തോഷ് പറഞ്ഞു.

പല ഡ്രൈവർമാരും കണ്ടക്ടർമാരും ലഹരിക്കടിമകളാണെന്നാണ് നാട്ടുകാരുടെ സംശയമെന്ന് ചേലൂർക്കാവ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശശി വെട്ടത്ത് ചൂണ്ടിക്കാട്ടി.

കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രവിക്രമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.

തുടർന്ന് സലീഷ് നനദുർഗ്ഗയുടെ സോപാന സംഗീതം, സംഗമഗ്രാമം കൈകൊട്ടിക്കളി സംഘത്തിൻ്റെ തിരുവാതിര, കണ്ഠേശ്വരം ഭജൻസിൻ്റെ ഭജന എന്നിവയും അരങ്ങേറി.

“മുക്തി” ലഹരിവിരുദ്ധ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘മധുരം ജീവിതവും’ ഫോർത്ത് വേവ് ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “മുക്തി” ലഹരിവിരുദ്ധ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങ് നടന്നു. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ വെച്ച് നടന്ന ചടങ്ങിൽ ലഹരി വിമുക്ത ക്യാമ്പസ് ലക്ഷ്യമാക്കി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ ക്രൈസ്റ്റ് കോളെജും ഫോർത്ത് വേവ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രത്തിൽ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി. ജോസഫ് എന്നിവർ ഒപ്പുവെച്ചു.

ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ ബോധവത്ക്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

കേരളീയ സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും കേരളത്തിലെ സ്കൂൾ, കോളെജുകൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ എല്ലാം കൈകോർത്തു കൊണ്ട് ബോധവൽക്കരണ ക്യാമ്പയിനുകൾ ഊർജ്ജിതമായി നടപ്പിലാക്കുന്നുണ്ട് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി കോളെജിനകത്തും പുറത്തുമായി വിവിധ ബോധവൽക്കരണ പരിപാടികളും കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെയും കായികപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുകയും അതിനാവിശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും നടപ്പിലാക്കുകയും അതുവഴി ജീവിതത്തിൽ ലഹരി കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്ന അഞ്ചു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് “മുക്തി”.

പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, ഡോ. ആൻസോ, സിമി റോസ്, അജിത്ത് മാണി, സ്റ്റിജി, അനൂജ്, ധിനിൽ സെൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങിൽ എൻ.എസ്.എസ്. വൊളന്റിയർമാരായ ഗൗരി മേനോൻ, പാർവതി എന്നിവർ പ്രസംഗിച്ചു.