വിദ്യാർഥി ശാക്തീകരണ പരിപാടി

ഇരിങ്ങാലക്കുട : കോണത്തുകുന്ന് മഞ്ഞുകുളങ്ങര ക്ഷേത്രം ഹാളിൽ ജനുവരി 3ന് വിദ്യാർഥി ശാക്തീകരണ പരിപാടി സംഘടിപ്പിക്കും.

വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം, ജീവിതശൈലി, കുടുംബ ബന്ധങ്ങൾ എന്നീ മേഖലകളിൽ കൗൺസിലിംഗ് നടത്തി 24 വർഷത്തെ പ്രവർത്തിപരിചയമുള്ള സന്തോഷ് ബാബു ക്ലാസ് നയിക്കും.

ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9544731195, 7907561692 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സനും സ്വീകരണം നൽകി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്

ഇരിങ്ങാലക്കുട : നഗരസഭ ചെയർമാൻ എം.പി. ജാക്സണും വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകർ സ്വീകരണം നൽകി.

3 മാസത്തിനുള്ളിൽ ഇരിങ്ങാലക്കുടയിലെ മുഴുവൻ തെരുവ് നായ്ക്കളെയും ഷെർട്ടറിനുള്ളിലാക്കുമെന്ന് എം.പി. ജാക്സൺ സ്വീകരണവേളയിൽ പ്രഖ്യാപിച്ചു.

അടുത്ത ഒരു മാസത്തിനുള്ളിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഭിക്കുന്ന ഫണ്ടുകൾ എല്ലാ വാർഡുകളിലേക്കും പങ്കിട്ടു കൊടുക്കുന്നതിനു പകരം മുൻഗണനാക്രമം അനുസരിച്ച് ഓരോ പദ്ധതികളും ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഈ കൗൺസിലിനെ ഓർത്ത് ആർക്കും തലകുനിക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെയർമാൻ്റെ വികസന നയങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ ഉണ്ടാകുമെന്ന് വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ പറഞ്ഞു.

ക്ലബ് പ്രസിഡൻ്റ് ഷോബി കെ. പോൾ അധ്യക്ഷത വഹിച്ചു.

വി.ആർ. സുകുമാരൻ, ടി.ജി. സിബിൻ, കെ.കെ. ചന്ദ്രൻ, രാജീവ് മുല്ലപ്പിള്ളി, കെ.എ. റിയാസുദ്ദീൻ, നവീൻ ഭഗീരഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

സെക്രട്ടറി അഞ്ചുമോൻ വെള്ളാനിക്കാരൻ സ്വാഗതവും ട്രഷറർ സി.കെ. രാഗേഷ് നന്ദിയും പറഞ്ഞു.

സുകുമാർ അഴീക്കോട് ജന്മശതാബ്ദി മലയാളം പ്രസംഗ മത്സരം ; ഹൃദിക ധനഞ്ജയന് ഒന്നാം സ്ഥാനം

തൃശൂർ : സുകുമാർ അഴീക്കോട് ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോട് സ്മാരക സമിതി സംഘടിപ്പിച്ച അഴീക്കോട് സ്മാരക മലയാളം പ്രസംഗമത്സരത്തിൽ ഹൃദിക ധനഞ്ജയൻ ഒന്നാം സ്ഥാനവും അഡ്വ. സോജൻ ജോബ് രണ്ടാം സ്ഥാനവും, ആൻജനോ മാത്യൂസ്, ടി. അഖില എന്നിവർ മൂന്നാം സ്ഥാനവും നേടി.

യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും അഴീക്കോടിന്റെ ‘തത്ത്വമസി’ ഗ്രന്ഥവുമാണ് സമ്മാനം.

പ്രോത്സാഹന സമ്മാനത്തിന് അർഹരായ എം.കെ. സോമൻ, പ്രൊഫ. ടി.പി. സുധാകരൻ, പി.കെ. ജിനൻ, കരിം പന്നിത്തടം, എം.കെ. സുനീൽ, സി.വി. നിവേദ്യ എന്നിവർക്ക് സർട്ടിഫിക്കറ്റും ‘തത്ത്വമസി’യും സമ്മാനമായി നൽകും.

സമ്മാനങ്ങൾ ജനുവരി 24ലെ അഴീക്കോട് ഓർമ്മദിന പരിപാടിയിൽ സമർപ്പിക്കും.

തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന പ്രസംഗ മത്സരം തൃശൂരിന്റെ മുൻമേയർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്മാരക സമിതി ചെയർമാൻ രാജൻ തലോർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുനിൽ കൈതവളപ്പിൽ, ട്രഷറർ കെ. വിജയരാഘവൻ, മുൻ വർഷ മത്സരങ്ങളിൽ ഒന്നാമതായി വിജയിച്ച അഡ്വ. ടി.എസ്. മായാദാസ്, ഹെവേന ബിനു എന്നിവർ പ്രസംഗിച്ചു.

അവിട്ടത്തൂർ വാരിയം കുടുംബ സംഗമം

അവിട്ടത്തൂർ : അവിട്ടത്തൂർ വാരിയം തറവാടിൻ്റെ 125-ാം വാർഷികവും കുടുംബസംഗമവും അവിട്ടത്തൂർ വാരിയത്ത് വിവിധ പരിപാടികളോടെ നടന്നു.

മുതിർന്ന അംഗം എ. രാമവാര്യർ ഭദ്രദീപം തെളിയിച്ചു.

ഡോ. കെ.ആർ. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

എ. ശങ്കരൻകുട്ടി വാര്യർ അധ്യക്ഷത വഹിച്ചു.

എ.എസ്. മാധവൻ 80 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു.

ടി. വിജയൻ വാര്യർ, വി.വി. ഗിരീശൻ, ഉഷദാസ്, എ.സി. സുരേഷ്, എ.എസ്. സതീശൻ, എ. അജിത്ത് കുമാർ, എ. ജയചന്ദ്രൻ, എ. അച്യുതൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

എസ്. ശ്രീഹരി, അനീഷ് എസ്. ദാസ്, ഇ.കെ. വിഷ്ണുദാസ്, അരുൺ വാര്യർ, വി.വി. ശ്രീല, ഡോ. എ.വി. രാജേഷ് എന്നിവർ നേതൃത്വം നൽകി.

പ്രമേഹനിര്‍ണയ – നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ പ്രമേഹ നിര്‍ണയ – നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.എസ്. പ്രദീപ്, ട്രഷറര്‍ ജെയ്സന്‍ മൂഞ്ഞേലി, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

കൗൺസിലർ എം.എസ്. ദാസന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ എം.എസ്. ദാസന് സൊസൈറ്റി പ്രവർത്തകർ സ്വീകരണം നൽകി.

റോട്ടറി മിനി എസി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു.

സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻമാസ്റ്റർ എം.എസ്. ദാസനെ ആദരിച്ചു.

സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ആർ. സനോജ്, രാധാകൃഷ്ണൻ വെട്ടത്ത്, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം തുടങ്ങിയവർ പ്രസംഗിച്ചു.

1988ലെ വിജയത്തിന് ശേഷം 37 വർഷങ്ങൾക്ക് ശേഷമാണ് വാർഡ് നമ്പർ 16 മഠത്തിക്കരയിൽ നിന്നും എം.എസ്. ദാസൻ നഗരസഭ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം ; രൂപത കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ വിവിധ മേഖലകളിൽ ക്രിസ്തുമസ് കരോളിനും ആഘോഷങ്ങൾക്കും ആരാധനാലയങ്ങൾക്കും ക്രൈസ്തവർക്ക് നേരെയും നടക്കുന്ന അക്രമങ്ങളിൽ ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനുമുള്ള അധികാരവും അവകാശവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പ് നൽകുമ്പോൾ അതിനെ ലംഘിക്കുന്ന രീതിയിലുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണമെന്നും കേന്ദ്രസർക്കാർ ഈ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

യോഗത്തിൽ രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു.

ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടൻ, സി.ആർ. പോൾ, റിന ഫ്രാൻസിസ്, ഡേവിസ് തെക്കിനിയത്ത്, പി.ആർ.ഒ. ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

രംഗകലാ കോൺഫറൻസ് ഇരിങ്ങാലക്കുടയിൽ ; ലോഗോ പ്രകാശിതമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന രംഗകല കോൺഫറൻസിന്റെ ലോഗോ പ്രകാശനം പ്രശസ്ത കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ നിർവഹിച്ചു.

ഇരിങ്ങാലക്കുടയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനമായ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് രംഗകലാ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ഇരിങ്ങാലക്കുടയിൽ വർഷംതോറും സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കോൺഫറൻസ് ഒരുക്കുന്നത്.

ശാസ്ത്രീയ കലാരൂപങ്ങളിലെ അക്കാദമിക് ഗവേഷണവും പ്രകടനവും തമ്മിലുള്ള അന്തരത്തിൻ്റെ ദൂരം കുറയ്ക്കുക എന്നതാണ് ഈ വാർഷിക പരിപാടിയിലൂടെ സംഘാടകർ വിഭാവനം ചെയ്യുന്നത്.

രംഗകല കോൺഫറൻസിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 24 മുതൽ 26 വരെ ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഭാരതീയ നാട്യശാസ്ത്രം യുനെസ്കോയുടെ ‘മെമ്മറി ഓഫ് ദി വേൾഡ്’ പട്ടികയിൽ ഉൾപ്പെട്ടതിന്റെ ആദരസൂചകമായ ആഘോഷമാണ് ഈ വർഷത്തെ രംഗകല കോൺഫറൻസിൻ്റെ ആശയം കേന്ദ്രീകരിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി ഒരുക്കുന്ന പരിപാടിയിൽ ഭാരതത്തിൽ നിന്നുള്ള പ്രമുഖരായ കലാകാരന്മാരും ഗവേഷകരും പങ്കെടുക്കും.

കലാസ്വാദകർക്കായി ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചർച്ചകളും ചൊല്ലിയാട്ടങ്ങളും രംഗകലാ അവതരണങ്ങളും സംഘാടകർ ഒരുക്കുന്നുണ്ട്.

ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ടി.ജി. ശങ്കരനാരായണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കാട്ടൂർ ഡിവിഷൻ മെമ്പർ എം.ബി. പവിത്രൻ പാറേക്കാട്ടുകരയാണ് ടി.ജി. ശങ്കരനാരായണൻ്റെ പേര് നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ ഡിവിഷനിൽ നിന്നുള്ള നിമിഷ ശ്രീനിവാസൻ പിന്താങ്ങി.

ജെഫ്ഹർ സാദിഖ് ആയിരുന്നു വരണാധികാരി.
രണ്ടാം തവണയാണ് ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

പടിയൂരിനെ കരുത്തോടെനയിക്കാൻ കെ.പി. കണ്ണൻ

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റായി കെ.പി. കണ്ണനെ തെരഞ്ഞെടുത്തു.

എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയെ പ്രതിനിധീകരിച്ച് 4-ാം വാർഡിലാണ് കണ്ണൻ ജനവിധി തേടിയത്.

വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. വിദ്യാർത്ഥി – യുവജന സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സിപിഐ പടിയൂർ നോർത്ത് ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറിയാണ്. 2015ൽ നാലാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച് ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചിട്ടുണ്ട്.

കാർഷിക- കാർഷികേതര രംഗത്തെ നിറസാന്നിധ്യമാണ് കണ്ണൻ.