ഇരിങ്ങാലക്കുട : വർത്തമാനകാലത്ത് സാധാരണക്കാർക്ക് ഏറ്റവും വെല്ലുവിളിയായി മാറി കൊണ്ടിരിക്കുന്ന ഡയപ്പർ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ രംഗത്ത്.
നഗരസഭയും ആക്രി ഏജൻസിയും ചേർന്നാണ് പൊതുജനങ്ങളിൽ നിന്ന് ആപ്പ് വഴി ഡയപ്പർ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പ്ലേസ്റ്റോറിൽ നിന്ന് “ആക്രി ആപ്പ്” ഡൗൺലോഡ് ചെയ്ത് അതിൽ വാർഡ് നമ്പറും അഡ്രസ്സും നൽകിയാൽ ഏതു ദിവസമാണ് ഡയപ്പർ മാലിന്യം ശേഖരിക്കാൻ ബന്ധപ്പെട്ടവർ വീടുകളിലേക്ക് എത്തുക എന്ന വിവരം ലഭിക്കും.
ഒരു കിലോയ്ക്ക് 45 രൂപയും 12% ജി.എസ്.ടി.യും ആണ് ഇതിനായി ഉപഭോക്താക്കൾ നൽകേണ്ടത്.
ഡയപ്പർ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ശേഖരിക്കുന്ന സേവന വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ പ്രവർത്തനം ചെയ്യുന്നതെന്നും നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡയപ്പർ സംസ്കരണം എന്നതിനാൽ എല്ലാ കൗൺസിലർമാരും അതാത് വാർഡുകളിലെ ജനങ്ങൾക്ക് ആക്രി ആപ്പ് ഉപയോഗിച്ച് ഡയപ്പർ സംസ്കരണം നടത്തുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.