കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

ക്രിസ്തുമസ് നക്ഷത്ര നിർമ്മാണവും വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൽ.ഇ.ഡി. നക്ഷത്രങ്ങളുടെ നിർമ്മാണവും വിതരണവും നടത്തിക്കൊണ്ട് ക്രിസ്തുമസിനെ വരവേൽക്കുകയാണ് സെന്റ് ജോസഫ്സ് കോളെജിലെ ഫിസിക്സ്‌ വിഭാഗം വിദ്യാർഥികൾ.

ഫിസിക്സ്‌ വിഭാഗത്തിന്റെ സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗിന്റെ ഭാഗമായി വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളർത്തുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം.

ഫിസിക്സ്‌ വിഭാഗം മേധാവി സി.എ. മധുവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്.

ഇതേ തുടർന്ന് വിദ്യാർഥിനികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നക്ഷത്രങ്ങൾ നിർമ്മിക്കുകയായിരുന്നു.

തുടർന്ന് കോളെജ് പരിസരത്തിലുള്ള വീടുകളിൽ സൗജന്യമായി നക്ഷത്ര വിതരണവും നടത്തി.

സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് വർണ്ണാഭമായ തുടക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭിന്നശേഷി സംഗമമായ സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് പ്രൗഢമായ തുടക്കം.

സവിഷ്ക്കാരയിൽ ഈ വർഷം മുതൽ ദേശീയ തലത്തിലാണ് ഭിന്നശേഷി വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുക്കുന്നത്.

3 ദിവസങ്ങളിലായി ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന കലാമേളയ്ക്ക് മന്ത്രി ഡോ. ആർ. ബിന്ദു തിരിതെളിച്ചു.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.

ജില്ല അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ക്രൈസ്റ്റ് കോളെജ് പൂർവ്വ വിദ്യാർഥിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ പി.ആർ. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ.ജെ. വർഗ്ഗീസ്, ഡോ. സേവ്യർ ജോസഫ്, നിപ്മർ ജോയിൻ്റ് ഡയറക്ടർ ഡോ. ചന്ദ്രബാബു, അധ്യാപകരായ വി.പി. ഷിൻ്റോ, എസ്.ആർ. ജിൻസി, ജെബിൻ കെ. ഡേവിസ്, ഫ്രാൻകോ ഡേവിസ്, സി.എ. നിവേദ്യ, യു.എസ്. ഫാത്തിമ, ഷാജു വർഗ്ഗീസ്, തവനീഷ് സ്റ്റാഫ് കോർഡിനേറ്റർ മുവീഷ് മുരളി എന്നിവർ പ്രസംഗിച്ചു.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും തവനീഷ് വൊളൻ്റിയർ പ്രാർത്ഥന നന്ദിയും പറഞ്ഞു.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.

നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ച്ചക്കായി നവംബർ 25 (ചൊവ്വാഴ്‌ച) ഉച്ചതിരിഞ്ഞ് 1.30-ന് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അഖില കേരള കോളെജ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ സ്റ്റാഫ് ക്ലബ്ബിൻ്റെയും ബി.പി.ഇ. വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ അഖില കേരള കോളെജ് സ്റ്റാഫിനുവേണ്ടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിലായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ നടക്കും.

ടൂർണമെൻ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുക്കും.

ടൂർണമെൻ്റിൻ്റെ പോസ്റ്റർ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പുറത്തിറക്കി.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നേത്ര ഐ കെയർ സെന്ററുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. മനോജ് ഐബൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ്ബ് സെക്രട്ടറി ഗോപിനാഥ് മേനോൻ മുഖ്യപ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ് കെ.ഐ. റീന സ്വാഗതവും പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ഹയർ സെക്കൻഡറി സ്കൂളിലെ റോവർ സ്കൗട്ട്സ് ആൻഡ് റെയ്ഞ്ചേഴ്സ് യൂണിറ്റ്, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സുധീർ ബാബു, തോമസ് കാളിയങ്കര, അധ്യാപകരായ ജിജി വർഗ്ഗീസ്, രമാദേവി എന്നിവർ നേതൃത്വം നൽകി.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

“കഥകളതിസാഗരം” ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കഥകളതിസാഗരം” ശിൽപ്പശാല സംഘടിപ്പിച്ചു.

കഥാകൃത്ത് കെ.എസ്. രതീഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ, കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, മലയാള വിഭാഗം മേധാവി റവ. ഫാ. ടെജി കെ. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മലയാളം വിഭാഗം കോർഡിനേറ്റർ കെ.എസ്. സരിത സ്വാഗതവും അധ്യാപിക ഡോ. അഞ്ജുമോൾ ബാബു നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെക്ഷനിൽ “കഥയും ഞാനും” എന്ന വിഷയത്തിൽ കഥാകൃത്ത് കെ.എസ്. രതീഷ്, “കഥനം, ജീവിതം, ദർശനം” എന്ന വിഷയത്തിൽ നിശാഗന്ധി പബ്ലിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണനുണ്ണി ജോജി, “എഴുത്തിലെ പുതുവഴികൾ” എന്നാ വിഷയത്തിൽ കഥാകൃത്തും ഗവേഷകനുമായ ഡി.പി. അഭിജിത്ത് എന്നിവർ പ്രഭാഷണം നടത്തി.

മലയാള വിഭാഗം അധ്യാപിക വി.ആർ. രമ്യ നന്ദി പറഞ്ഞു.

സെൻ്റ് ജോസഫ്സ് കോളെജിലെ ഫാത്തിമ നസ്രിൻ ഡൽഹിയിലെ എൻ.സി.സി. തൽസൈനിക് ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ.സി.സി.യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സർജൻ്റ് ഫാത്തിമ നസ്രിൻ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേത്.

കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ എൻ.സി.സി. കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി കെ. നായർ, ജി.സി.ഐ. ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂരിൽ അബ്ദുൾ ഗഫൂർ, ഐഷാബി ദമ്പതികളുടെ മകളായ ഫാത്തിമ മൂന്നാം വർഷ ആംഗലേയ ബിരുദ വിദ്യാർഥിനിയാണ്.

തിരുവോണ പിറ്റേന്ന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുലിക്കളി ആഘോഷം

ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

2019 മുതല്‍ അതിഗംഭീരമായി സംഘടിപ്പിച്ചു വരുന്ന പുലിക്കളി കൂടുതല്‍ വര്‍ണ്ണാഭമാക്കിയാണ് ഇത്തവണ അണിയിച്ചൊരുക്കുന്നത്.

സെപ്തംബർ 6ന് ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജൂനിയർ ഇന്നസെൻ്റ്, വിപിൻ പാറേമക്കാട്ടിൽ, സിൻസൻ ഫ്രാൻസിസ് തെക്കേത്തല എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും.

പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടികളും അടക്കം 200ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും.

പുലിക്കളി ആഘോഷ സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ, ജൂനിയര്‍ ഇന്നസെന്റ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക മത നേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ ഭാരവാഹികളായ കെ.എച്ച്. മയൂഫ്, എം.വി. സെൻ്റിൽ, എം.എസ്. ഷിബിൻ, നിധീഷ് കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.