നിര്യാതനായി

നന്ദകിഷോർ

ഇരിങ്ങാലക്കുട : പേഷ്കാർ റോഡ് “നന്ദന”ത്തിൽ താമസിക്കുന്ന കിഷോർ പള്ളിപ്പാട്ട് മകൻ നന്ദകിഷോർ (27) ഹൃദയാഘാതം മൂലം നിര്യാതനായി.

യെസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം
4 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : പ്രേമ

സഹോദരൻ : കൃഷ്ണകിഷോർ

സ്കൂൾ പാചക തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : മിനിമം വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കുക, തൊഴിലാളികൾക്ക് യൂണിഫോം, ഏപ്രൺ, ക്യാപ്പ് എന്നിവ ലഭ്യമാക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, മാസവേതനം യഥാസമയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ എ.ഇ.ഒ. ഓഫീസിനു മുന്നിലും നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുട എ.ഇ.ഒ. ഓഫീസിന്റെ മുന്നിൽ സംഘടിപ്പിച്ച
ധർണ്ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സുനിത ദേവദാസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഉപജില്ലാ സെക്രട്ടറി സ്മിത പ്രകാശൻ സ്വാഗതവും ശ്രീജ തിലകൻ നന്ദിയും പറഞ്ഞു.

ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷം രൂപയുടെ തട്ടിപ്പ് : ചിലന്തി ജയശ്രീ പിടിയിൽ

ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ (61) പിടിയിൽ.

2022 ജനുവരി 28ന് പുത്തൻചിറ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുകയും തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം രൂപ കൂടി വാങ്ങി ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജയശ്രീയുടെ പേരിൽ വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളും ഒരു അടിപിടിക്കേസും ഉണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, വനിതാ സ്റ്റേഷൻ എസ്എച്ച്ഒ ഇൻ ചാർജ് എസ്ഐ സൗമ്യ, എഎസ്ഐ സീമ, എസ്ഐമാരായ പ്രസാദ്, സുമൽ, സീനിയർ സിപിഒ മാരായ ഉമേഷ്, ജീവൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സെൻ്റ് ജോസഫ്സ് കോളെജിലെ ഫാത്തിമ നസ്രിൻ ഡൽഹിയിലെ എൻ.സി.സി. തൽസൈനിക് ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ.സി.സി.യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സർജൻ്റ് ഫാത്തിമ നസ്രിൻ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേത്.

കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ എൻ.സി.സി. കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി കെ. നായർ, ജി.സി.ഐ. ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂരിൽ അബ്ദുൾ ഗഫൂർ, ഐഷാബി ദമ്പതികളുടെ മകളായ ഫാത്തിമ മൂന്നാം വർഷ ആംഗലേയ ബിരുദ വിദ്യാർഥിനിയാണ്.

ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കായകല്പ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാർ ആരോഗ്യമന്ത്രി വീണ ജോർജ്ജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, വാർഡ് മെമ്പർമാരായ ബിജു പോൾ, കൃഷ്ണകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ശ്രീജ, മുൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മുഹസ് കരീം എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനും നൽകുന്ന കായകല്പ് അവാർഡ് സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 സ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്.

രാസലഹരിക്കെതിരെ രജതനിറവ് വാക്കത്തോൺ

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാസലഹരിക്കെതിരെ രജത നിറവ് വാക്കത്തോൺ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ എന്നിവർ അമേരിക്കൻ പൊലിസ് ഓഫീസർ തോമസ് ഫ്രാങ്ക്ളിൻ റോക്കിന് പതാക കൈമാറി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ താരം ക്ലയർ സി. ജോൺ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആന്റണി ജോൺ കണ്ടംകുളത്തി, കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോമി ചേറ്റുപുഴക്കാരൻ എന്നിവർ പ്രസംഗിച്ചു.

കത്തീഡ്രൽ പള്ളിയങ്കണത്തിൽ നിന്ന് സ്കേറ്റിങ്ങ് കുട്ടികളുടെയും പതാകയേന്തിയ 25 ബുള്ളറ്റുകളുടെയും അകമ്പടിയോടു കൂടി രാസലഹരിക്കെതിരെയും സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി വിളംബരമായും നടത്തിയ വാക്കത്തോൺ ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷൻ, മുനിസിപ്പൽ മൈതാനം, പ്രൊവിഡൻസ് ഹൗസ്, ഠാണാ ചുറ്റി സ്കൂളിൽ തിരിച്ചെത്തി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ, സ്കൂൾ ലീഡർ ക്രിസ്റ്റഫർ, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ്, ഫസ്റ്റ് അസിസ്റ്റൻ്റ് എം.ജെ. ഷീജ, അധ്യാപകരായ പാർവതി, മായ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ തുടി എന്ന ഫ്ലാഷ് മോബും അരങ്ങേറി.

പ്രശസ്ത ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ജെനിൽ മാസ്റ്ററുടെ നേതൃത്വത്തിൽ വാം അപ് പരിശീലനവും ഉണ്ടായിരുന്നു.

സാഫ് ഗെയിംസ് വിന്നർ ഇ.എച്ച്. അബ്ദുള്ള, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, അഡ്വ. എം.എം. ഷാജൻ എന്നിവർ നേതൃത്വം നൽകി.

വിശിഷ്ടാതിഥികളും, പൗരപ്രമുഖരും, വിദ്യാർഥികളും, മാതാപിതാക്കളും, അധ്യാപകരും, നാട്ടുകാരും ഉൾപ്പെടെ ആയിരത്തോളം പേർ വാക്കത്തോണിൽ പങ്കെടുത്തു.

നിര്യാതയായി

അന്നംകുട്ടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ആലപ്പാടൻ കൊച്ചാപ്പു പൗലോസ് ഭാര്യ അന്നംകുട്ടി (86) നിര്യാതയായി.

സംസ്‌കാരകർമ്മം ഇന്ന് (ആഗസ്റ്റ് 26) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : മേഴ്‌സി, ഷീല, ജോയ്, ആന്റു

മരുമക്കൾ : ഡേവീസ്, വിത്സൺ, ജോളി, വിധു

കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചോതി നാളിൽ നടത്തും.

രാവിലെ 9.35 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തിൽ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

നിര്യാതയായി

പൊന്നമ്മ ടീച്ചര്‍

ഇരിങ്ങാലക്കുട : നടവരമ്പ് കോലോത്തുംപടി കൊടകര വീട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്‍ മേനോന്‍ ഭാര്യ പൊന്നമ്മ ടീച്ചര്‍ (നിര്‍മ്മല 87) നിര്യാതയായി.

സംസ്‌കാരം നടത്തി.

ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിപ്പിച്ചിരുന്ന പിറ്റ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു.