മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സുധീർ മാഷ്

ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സ്വന്തം സുധീർ മാഷ്.

ജന്മദേശം പാലക്കാടാണെങ്കിലും കർമ്മം കൊണ്ട് സുധീർ മാഷ് ഇരിങ്ങാലക്കുടക്കാരനാണ്.

2005ലാണ് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിശാസ്ത്രം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സുധീർ മാഷിൻ്റെ നാട് ഇരിങ്ങാലക്കുടയായി മാറുകയായിരുന്നു.

ഇപ്പോൾ കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. നീണ്ട 20 വർഷങ്ങൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഭാഗമായ മാഷ് കഴിഞ്ഞ മാർച്ചിലാണ് പ്രമോഷനോടെ കൊടകര സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത്.

ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മാഷ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

2007ൽ സ്കൂളിലെ എൻ.എൻ.എസ്. പ്രോഗ്രാം ഓഫീസറായ മാഷ് 2019 ആയപ്പോഴേക്കും ജില്ലാ എൻ.എസ്.എസ്. കൺവീനറായി സ്ഥാനമേറ്റിരുന്നു.

2013ൽ മികച്ച അധ്യാപകനുള്ള നെഹ്റു ഗ്രൂപ്പ് അവാർഡും മികച്ച എൻ.എസ്.എസ്. ജില്ലാ കൺവീനർക്കുള്ള പുരസ്കാരവും മാഷിനെ തേടിയെത്തി.

ജില്ലയിലൂടനീളം മെഡിക്കൽ ക്യാമ്പുകളും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച മാഷ് കായികമേഖലയിലും മികച്ച സേവനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കായിക അധ്യാപകരില്ലാത്ത ബോയ്സ് സ്കൂളിൽ 10 വർഷത്തോളം കായികതാരങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. പരിസരപ്രദേശങ്ങളിലെ കായികപ്രേമികളെ ചേർത്തുപിടിച്ച് കായിക കൂട്ടായ്മ സംഘടിപ്പിച്ച മാഷിന് സ്കൂളിന് അകത്തും പുറത്തും ശിഷ്യന്മാരേറെയാണ്.

ക്രിക്കറ്റാണ് മാഷിൻ്റെ ഇഷ്ട മേഖല. 45 വയസ്സിന് മുകളിലുള്ളവരുടെ തൃശ്ശൂർ ടീമിൽ സ്ഥിരം കളിക്കാരനാണ് മാഷ്.

ഇരിങ്ങാലക്കുടയിൽ അണിമംഗലം സുസ്മിതത്തിലാണ് മാഷ് താമസിക്കുന്നത്. സ്മിത സുധീർ ആണ് ഭാര്യ. ഏക മകൾ ഗായത്രി സുധീർ സിഎ വിദ്യാർഥിനിയാണ്.

നിര്യാതനായി

നിഖിൽ

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട നാരാട്ടിൽ വീട്ടിൽ രാജപ്പൻ മകൻ നിഖിൽ (35) നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 7 (ഞായറാഴ്ച) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : ഷൈല

ഭാര്യ : ഗായത്രി(നഴ്സ്, മെറീന ആശുപത്രി ഇരിങ്ങാലക്കുട)

മകൻ : അനിരുദ്

ഇരിങ്ങാലക്കുട സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് ഓണമാഘോഷിച്ച് കേരള പൊലീസ്

ഇരിങ്ങാലക്കുട : കേരള പൊലീസ് അസോസിയേഷൻ,
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
തൃശൂർ റൂറൽ ജില്ലാ കമ്മിറ്റി എന്നിവർ സംയുക്തമായി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് ഓണം ആഘോഷിച്ചു.

ആഘോഷ പരിപാടികൾ ജില്ലാ റൂറൽ എസ്പി ബി. കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡൻ്റ് കെ.പി. രാജു അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എൽ. വിജോഷ് സ്വാഗതം പറഞ്ഞു.

റൂറൽ ജില്ലാ അഡീഷണൽ എസ്പി ടി.എസ്. സിനോജ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, ജില്ലയിലെ പൊലീസ് സംഘടനാ ഭാരവാഹികളായ കെ.ഐ. മാർട്ടിൻ, വി.യു. സിൽജോ, സി.കെ. ജിജു, എം.സി. ബിജു, ടി.ആർ. ബാബു, സി.കെ. പ്രതീഷ്, കെ.എസ്. സിജു, ഐ.കെ. ഭരതൻ, സി.എസ്. ശ്രീയേഷ്, ഷെല്ലി മോൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ ആശംസകൾ നേർന്നു.

തുടർന്ന് പ്രസിദ്ധ നാടൻപാട്ട് കലാകാരൻ സജിത്ത് മുമ്പ്രയുടെ നാടൻപാട്ടും പൊലീസിലെ കലാകാരന്മാർ, സാന്ത്വനസദനിലെ അന്തേവാസികൾ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഓണാഘോഷം

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അരങ്ങേറിയ അതിഗംഭീര ഓണാഘോഷ പരിപാടികൾ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളമത്സരം, സൗഹൃദ വടംവലി മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ പൊലീസ് കാര്യാലയത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വിവിധ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു.

പൂക്കളമത്സരം, വടംവലി എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

അഡീഷണൽ എസ്പി ടി.എസ്. സിനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, ഡി.സി.ആർ.ബി. ഡിവൈഎസ്പി പി.കെ. സന്തോഷ്, ഡി.സി.ബി. ഡിവൈഎസ്പി ഉല്ലാസ് കുമാർ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ, ജില്ലാ പൊലീസ് കാര്യാലയത്തിലെ വിവിധ ഓഫീസുകളിലെയും പൊലീസ് സ്റ്റേഷനിലെയും പൊലീസുദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.

പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.

വടമ എടമുള രവീന്ദ്രൻ്റെ ഭാര്യ ഉഷ (61) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മരിച്ച ഉഷ എൽ.ഐ.സി. ഏജൻ്റാണ്.

നിര്യാതനായി

നന്ദകിഷോർ

ഇരിങ്ങാലക്കുട : പേഷ്കാർ റോഡ് “നന്ദന”ത്തിൽ താമസിക്കുന്ന കിഷോർ പള്ളിപ്പാട്ട് മകൻ നന്ദകിഷോർ (27) ഹൃദയാഘാതം മൂലം നിര്യാതനായി.

യെസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം
4 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : പ്രേമ

സഹോദരൻ : കൃഷ്ണകിഷോർ

സ്കൂൾ പാചക തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : മിനിമം വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കുക, തൊഴിലാളികൾക്ക് യൂണിഫോം, ഏപ്രൺ, ക്യാപ്പ് എന്നിവ ലഭ്യമാക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, മാസവേതനം യഥാസമയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ എ.ഇ.ഒ. ഓഫീസിനു മുന്നിലും നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുട എ.ഇ.ഒ. ഓഫീസിന്റെ മുന്നിൽ സംഘടിപ്പിച്ച
ധർണ്ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സുനിത ദേവദാസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഉപജില്ലാ സെക്രട്ടറി സ്മിത പ്രകാശൻ സ്വാഗതവും ശ്രീജ തിലകൻ നന്ദിയും പറഞ്ഞു.

ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷം രൂപയുടെ തട്ടിപ്പ് : ചിലന്തി ജയശ്രീ പിടിയിൽ

ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ (61) പിടിയിൽ.

2022 ജനുവരി 28ന് പുത്തൻചിറ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുകയും തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം രൂപ കൂടി വാങ്ങി ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജയശ്രീയുടെ പേരിൽ വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളും ഒരു അടിപിടിക്കേസും ഉണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, വനിതാ സ്റ്റേഷൻ എസ്എച്ച്ഒ ഇൻ ചാർജ് എസ്ഐ സൗമ്യ, എഎസ്ഐ സീമ, എസ്ഐമാരായ പ്രസാദ്, സുമൽ, സീനിയർ സിപിഒ മാരായ ഉമേഷ്, ജീവൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സെൻ്റ് ജോസഫ്സ് കോളെജിലെ ഫാത്തിമ നസ്രിൻ ഡൽഹിയിലെ എൻ.സി.സി. തൽസൈനിക് ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ.സി.സി.യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സർജൻ്റ് ഫാത്തിമ നസ്രിൻ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേത്.

കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ എൻ.സി.സി. കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി കെ. നായർ, ജി.സി.ഐ. ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂരിൽ അബ്ദുൾ ഗഫൂർ, ഐഷാബി ദമ്പതികളുടെ മകളായ ഫാത്തിമ മൂന്നാം വർഷ ആംഗലേയ ബിരുദ വിദ്യാർഥിനിയാണ്.

ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കായകല്പ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാർ ആരോഗ്യമന്ത്രി വീണ ജോർജ്ജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, വാർഡ് മെമ്പർമാരായ ബിജു പോൾ, കൃഷ്ണകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ശ്രീജ, മുൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മുഹസ് കരീം എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനും നൽകുന്ന കായകല്പ് അവാർഡ് സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 സ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്.