“കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : കേരള വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ “കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് തുടക്കമായി.

വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക പി.എ. അസീന ഉദ്ഘാടനം ചെയ്തു.

എ.ഇ.ഒ. ഡോ. എം.സി. നിഷ മുഖ്യാതിഥിയായി.

ബി.പി.സി. കെ.ആർ. സത്യപാലൻ ആശംസകൾ അറിയിച്ചു.

വിദ്യാർഥികൾ, അധ്യാപകർ, ബി.ആർ.സി. സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സ്വാഗതവും അധ്യാപിക ലുബ്ന കെ. നാസർ നന്ദിയും പറഞ്ഞു.

ഇലക്ട്രോണിക് മാലിന്യങ്ങളെ കുറിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് കെ. കെ. ടി. എം ഗവ.കോളെജിൽ ഭൂമിത്രസേനയുടെയും സുവോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഇലക്ട്രോണിക് വേസ്റ്റ്കളെക്കുറിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി. കെ.ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു.

കില റിസോഴ്സ് പേഴ്സൺ വി എസ് ഉണ്ണികൃഷ്ണൻ, ഇ വേസ്റ്റ് നിയന്ത്രിക്കേണ്ടതിനെ കുറിച്ചും അവ കൈകാര്യം ചെയ്യേണ്ടുന്ന രീതികളെക്കുറിച്ചും ക്ലാസ് നയിച്ചു.

ഭൂമിത്രസേന കോഡിനേറ്റർ ഡോ.കെ സി.സൗമ്യ, സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ എൻ. കെ.പ്രസാദ്, ഭൂമിത്ര സേനാംഗം ആന്റൺ ജോ റൈസൺ എന്നിവർ സംസാരിച്ചു.

നിര്യാതയായി

സീമന്തിനി

ഇരിങ്ങാലക്കുട : പട്ടേപ്പാടം കൈതവളപ്പിൽ സീമന്തിനി (83) നിര്യാതയായി.

സംസ്കാരം നടത്തി.

ഭർത്താവ് : പരേതനായ കുമാരൻ

മക്കൾ : ഷീജ, പരേതനായ ഷാജു, ഷൈജു

മരുമക്കൾ : സുരേന്ദ്രൻ, ജിഷ, സംഗീത (പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക്)

വീട്ടിലെ ലൈബ്രറി പുരസ്കാരത്തിനായികൃതികൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി പ്രഥമ പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു.

2018 മുതൽ 2025 വരെ പുസ്തകമായി പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ എന്നിവയാണ് പുരസ്കാരത്തിന് ക്ഷണിക്കുന്നത്.

മികച്ച കൃതികൾക്ക് 5000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഷീബ സതീഷിന്റെ സ്മരണയിലും കൂടിയാണ് ഈ അവാർഡ് നൽകുന്നത്.

ഏപ്രിൽ 25നുള്ളിൽ തപാലിലോ നേരിട്ടോ കിട്ടത്തക്ക വിധത്തിൽ മൂന്നു കോപ്പികൾ വീതം അയക്കണം.

പുസ്തകങ്ങൾ അയക്കേണ്ട വിലാസം :

വീട്ടിലെ ലൈബ്രറി (വായന)
c/o റഷീദ് കാറളം
പി.ഒ. കാറളം – 680711
തൃശൂർ ജില്ല.

ഫോൺ : 9400488317, 8714403246

ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37), ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39), കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച് 11-ാം തിയ്യതി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്ത് (43) നെ പള്ളിവേട്ട നഗറിനു സമീപം വച്ച് കിരൺ, വിപിൻ, ഗോകുൽ എന്നിവർ കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും അടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളിൽ ഇവർ ജില്ല വിട്ട് പുറത്തു പോയിയെന്ന് മനസിലാക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിലും തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും മാഹി പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആർ ബൈജു, പ്രൊബേഷൻ എസ് ഐ സി സനദ്, സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കിരൺ കാട്ടൂർ പോലീസ് സ്റ്റേഷനിൽ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെയും പ്രതിയാണ്.

വിപിൻ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസിലെ പ്രതിയാണ്.

നിര്യാതയായി

ദേവയാനി

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.

സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മകൻ : ജിതിൻ

മരുമകൾ : വിനീത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ(95) നിര്യാതയായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോൺസൻ, ജോസ്,
ഫ്രാൻസിസ്, റോസി,
ഡെയ്സി

മരുമക്കൾ : മേരി, പരേതയായ സിസിലി, ഉഷ, ഡേവീസ്

കോണത്തുകുന്ന് ഗവ.യു.പി. സ്കൂളിൽ പഠനോത്സവം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോണത്തുകുന്ന് ഗവ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു.

പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ് വിന്‍ റോഡ്രിഗ്സ്, പഞ്ചായത്ത് അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി, പി.എസ്. ഷക്കീന, കെ.എ. സദക്കത്തുള്ള, എ.വി. പ്രകാശ്, പി.കെ. സൗമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ചാലക്കുടിയിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ

ഇരിങ്ങാലക്കുട : ചാലക്കുടി പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മൂർഷിദാബാദ് സ്വദേശിയായ ആഷിക്കി(26)നെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ കഴിഞ്ഞ 2 വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു. 2 ദിവസം മുമ്പാണ് ചാലക്കുടിയിൽ വന്നത്.

മോഷണത്തിനിടെ റൂമിലെ താമസക്കാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ചു. തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, ഋഷിപ്രസാദ്, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അയ്യങ്കാവ് താലപ്പൊലി : സാംസ്കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.ജി. അജയ്കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. മുരളി ഹരിതം മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

കിഷോർ പള്ളിപ്പാട്ട്, മധു പി. മേനോൻ, ജനാർദ്ദനൻ കാക്കര, കെ.എസ്. സുധാമൻ, ഭാസുരംഗൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് തൃശ്ശൂർ ശിവരഞ്ജിനി ബാലാജി കലാഭവൻ അവതരിപ്പിച്ച ”ജാനകീയം” നൃത്താവിഷ്കാരം അരങ്ങേറി.