മഴുവഞ്ചേരി തുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെടണം : സി.പി.ഐ.

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അടിയന്തിരമായി വിഷയം പരിഹരിക്കണമെന്നും സി.പി.ഐ. പടിയൂർ സൗത്ത് ലോക്കൽ സമ്മേളനം ഔദ്യോഗിക പ്രമേയം വഴി ആവശ്യപ്പെട്ടു.

സി.പി.ഐ. പടിയൂർ സൗത്ത് ലോക്കൽ സമ്മേളനം ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വി. രാമകൃഷ്ണൻ, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.

ടി.വി. വിബിൻ സ്വാഗതവും കെ.എ. ഗ്രീനോൾ നന്ദിയും പറഞ്ഞു.

ഇ.കെ. മണി, കെ.എ സുധീർ, കെ.എ. ഗ്രീനോൾ, മിഥുൻ പോട്ടക്കാരൻ, ടി.സി. സുരേഷ്, പി.യു. ദയേഷ് എന്നിവർ സമ്മേളനത്തെ നിയന്ത്രിച്ചു.

പാർട്ടിയുടെ മുതിർന്ന നേതാവ് സുഗതൻ കൂവേലി പതാക ഉയർത്തി. പ്രിയ അജയ്കുമാർ രക്തസാക്ഷി പ്രമേയവും മിഥുൻ പോട്ടക്കാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സെക്രട്ടറിയായി ടി.വി. വിബിനെയും അസി. സെക്രട്ടറിയായി കെ.എ. ഗ്രീനോളിനെയും തെരഞ്ഞെടുത്തു.

കാർഷിക വികസന ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നവീകരിച്ച ആമ്പല്ലൂർ ബ്രാഞ്ച് വരന്തരപ്പിള്ളി റോഡിൽ കുണ്ടുകാവ് ദേവസ്വം കോപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ഐ.ടി.യു. ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ ആർ. രാജേഷ്, അഗ്രികൾച്ചറൽ ഓഫീസർ അരുണിമ ബാബു, സി. മുരളി, ബാങ്ക് വൈസ് പ്രസിഡന്റ് രജനി സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

ബാങ്ക് ഡയറക്ടർമാരായ കെ.കെ. ശോഭനൻ, കെ.എൽ. ജെയ്സൺ, എ.സി. സുരേഷ്, പ്രിൻസൻ തയ്യാലക്കൽ, ഇ.വി. മാത്യു എന്നിവർ നേതൃത്വം നൽകി.

വേനലവധി ആനന്ദകരമാക്കാൻ മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പ്

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നടത്തുന്ന സമ്മർ ക്യാമ്പ് ശില്പിയും ചിത്രകല വിദഗ്ധനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ജിജി കൃഷ്ണ അധ്യക്ഷയായി.

വിനോദവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികൾ സമ്മർ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്നും അതിനായി എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ പ്രസംഗത്തിൽ പറഞ്ഞു.

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും മികച്ച നിലവാരത്തിലെത്തിക്കാനും അവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനും നമ്മൾ പ്രചോദനം നൽകണമെന്നും ഇതിനായി കലാകായിക മൂല്യങ്ങളെ ഉയർത്തിക്കൊണ്ടുള്ള ക്യാമ്പുകൾ ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണെന്നും തന്റെ ചില നേട്ടങ്ങളെ കുറിച്ച് പങ്കുവെച്ചുകൊണ്ട് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

കൂടാതെ ഏപ്രിൽ 21ന് തന്റെ കഴിവുകളെ കോർത്തിണക്കി കൊണ്ടുള്ള ചിത്ര ശില്പകല പ്രദർശനം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.ലളിത, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കെ ജി കോർഡിനേറ്റർ ആർ.രശ്മി സ്വാഗതവും അധ്യാപിക ഭവ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

സമ്മർ ക്യാമ്പിൽ പങ്കെടുക്കുവാൻ വിളിക്കേണ്ട നമ്പർ : 9496560818, 9497456968

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ 20 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : മാലിന്യമുക്ത ഇരിങ്ങാലക്കുട നഗരസഭ എന്ന ലക്ഷ്യവുമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഒഴിഞ്ഞ ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി 20 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് : 2 പ്രതികൾക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പ് കേസിലെ 2 പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

മാപ്രാണം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഹരി സ്വാമി എന്ന് വിളിക്കുന്ന ഹരി, ജിഷ എന്നിവർക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.

കൽക്കത്തയിലുള്ള മഠത്തിലെ മരിച്ചുപോയ ആളുകളുടെ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണം ലഭിക്കുന്നതിനു വേണ്ടി ടാക്സും മറ്റും അടക്കുന്നതിനായി പണം നൽകിയാൽ പത്തിരട്ടിയിലധികം തുക തിരിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2016 ഡിസംബർ മുതൽ 2021 മാർച്ച് മാസം വരെ പല തവണകളായി പരാതിക്കാരനിൽ നിന്നും 10,00000 (പത്ത് ലക്ഷം) രൂപ വാങ്ങിയ ശേഷം പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

വെള്ളാനി- പുളിയംപാടംകാർഷിക വികസന പദ്ധതിക്ക്മൂന്നു കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : തരിശുരഹിത ഇരിങ്ങാലക്കുട ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ”പച്ചക്കുട” സമഗ്ര കാർഷിക- പാരിസ്ഥിതിക വികസന പദ്ധതിയുടെ കീഴിൽ വെള്ളാനി – പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിക്ക് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാറളം പഞ്ചായത്തിലെ ചെമ്മണ്ട പുളിയംപാടം പാടശേഖരത്തിൽ ഉൾപ്പെടുന്നതാണ് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച വെള്ളാനി പുളിയംപാടം പ്രദേശം.

120 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വെള്ളാനി- പുളിയംപാടം പാടശേഖരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇതിൽ 14 ലക്ഷം രൂപ മോട്ടോർ പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനും 25 ലക്ഷം രൂപ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും ബാക്കി തുക ഫാം റോഡുകൾ, സ്ലൂയിസുകൾ, ട്രാക്ടർ റാമ്പുകൾ, കിടകൾ തുടങ്ങി പാടശേഖരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതിനുമാണ് വിനിയോഗിക്കുക എന്ന് മന്ത്രി അറിയിച്ചു.

ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നിര്യാതനായി

ശൂലപാണി വാര്യർ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഇരിങ്ങാലപ്പിള്ളി വാര്യത്ത് ശൂലപാണി വാര്യർ (കുട്ടപ്പൻ വാര്യർ – 91) നിര്യാതനായി.

സംസ്കാരം മാർച്ച്‌ 27 (വ്യാഴാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ ചാഴൂർ എടക്കുന്നി വാര്യത്ത് ശ്രീദേവി വാരസ്യാർ

മക്കൾ : പരേതനായ രഘുനാഥ്, രാജു, രതി

നിര്യാതനായി

ബാബു

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കൂനമ്മാവ് കൊച്ചപ്പന്‍ മകന്‍ ബാബു (67) നിര്യാതനായി.

സംസ്‌ക്കാരം മാർച്ച്‌ 28 (വെള്ളിയാഴ്ച) രാവിലെ 9.30ന് കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ : ബേബി

മക്കള്‍ : ഫെബിന്‍, ഡീക്കണ്‍ വിബിന്‍

എംബിബിഎസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീഭദ്രയെ ആദരിച്ച് ആർഎസ്എസ്

ഇരിങ്ങാലക്കുട : എയിംസ് റായ്പൂരിൽ നിന്നും എംബിബിഎസിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൊറത്തിശ്ശേരി സ്വദേശി ശ്രീഭദ്രയെ ആർഎസ്എസ് പൊറത്തൂർ ശാഖ ആദരിച്ചു.

പൊറത്തിശ്ശേരി കല്ലട ക്ഷേത്രത്തിനടുത്തുള്ള ഇല്ലിക്കൽ ബാബു, ഷീജ ദമ്പതികളുടെ മകളാണ് ശ്രീഭദ്ര.

ആർഎസ്എസ് ഇരിങ്ങാലക്കുട ഖണ്ഡ് സേവാപ്രമുഖ് കെ.കെ. കണ്ണൻ, ഇരിങ്ങാലക്കുട ഖണ്ഡ് വിദ്യാർഥി പ്രമുഖ് ജിതിൻ മലയാറ്റിൽ, പൊറത്തിശ്ശേരി മണ്ഡലം സേവാ പ്രമുഖ് വിക്രം പുത്തൂക്കാട്ടിൽ, പൊറത്തിശ്ശേരി മണ്ഡലം ബൗദ്ധിഖ് പ്രമുഖ് പ്രദീപ്‌, പൊറത്തൂർ ശാഖ സേവാപ്രമുഖ് എ.ആർ. സുജിത്ത് (ജിഷ്ണു), നിധിൻ പട്ടാട്ട്, ജയേഷ് എന്നിവർ പങ്കെടുത്തു.

നിർമ്മാണം നിലച്ച് കാടുകയറിയ മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട : നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയം പര്യാപ്തതയിലേക്ക് നയിക്കുമായിരുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി നിർമ്മാണം നിലച്ച് കാടുകയറിയ നിലയിൽ.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായത് 20 ശതമാനം മാത്രം നിർമ്മാണ പ്രവർത്തികളാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ള പദ്ധതിക്ക് തടസ്സമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജൽജീവൻ മിഷൻ, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിർമ്മാണം 2023 ഫെബ്രുവരി 24ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്.

സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്.

ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കായി 164.87 കോടി രൂപയും ഇരിങ്ങാലക്കുട നഗരസഭയ്ക്കായി സംസ്ഥാന വിഹിതമായ 19.35 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇതിൽ ജൽജീവൻ മിഷന്റെ 114 കോടിയുടെ പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് 70.22 കോടി രൂപയും വേളൂക്കര പഞ്ചായത്തിന് 94.65 കോടി രൂപയുമാണ് വകയിരുത്തിയത്.

പഞ്ചായത്തുകളിലേക്ക് പ്രതിദിനം ആളോഹരി 100 ലിറ്റർ വീതവും, നഗരസഭയിലേക്ക് 150 ലിറ്റർ വീതവുമാണ് കുടിവെള്ളം വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. വേളൂക്കര പഞ്ചായത്തിലെ 35,809 പേർക്കും മുരിയാട് പഞ്ചായത്തിലെ 33574 പേർക്കും ഇരിങ്ങാലക്കുട നഗരസഭയിൽ 74157 പേർക്കും കുടിവെള്ളം നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കരുവന്നൂർ പുഴയാണ് പദ്ധതിയുടെ ജലസ്രോതസ്സ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമ്മിച്ച്, ഈ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത്, 5800 മീറ്റർ വഴി പിന്നിട്ട് മങ്ങാടിക്കുന്നിൽ നിർമ്മിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച് 8 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിൽ ശേഖരിക്കും. ഇവിടെ നിന്നും പ്ലാന്റ് പരിസരത്തുള്ള 22 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് പമ്പ് ചെയ്യും. ഇതായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

മുരിയാട് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിന് സമീപം നിർമ്മിക്കുന്ന 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു. തറ നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രവർത്തികൾ നിലച്ചതോടെ ഇവിടെ കാടുകയറി. ഭൂമി നിരപ്പിൽ നിന്നും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

ഇപ്പോഴും ഇതു സംബന്ധിച്ച പല ടെൻഡർ നടപടികളും എങ്ങും എത്തിയിട്ടില്ലെന്നാണ് സൂചന.

പ്രധാന ഘടകങ്ങളായ കിണർ, റോ വാട്ടർ പമ്പിങ് മെയിൻ, 18 എംഎൽഡി ശുദ്ധീകരണശാല, 22 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള നഗരസഭയ്ക്കായുള്ള ടാങ്ക് എന്നിവയുടെ ടെൻഡറുകൾക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.