28ന് ഇരിങ്ങാലക്കുടയിൽ ജോബ് ഡ്രൈവ്

ഇരിങ്ങാലക്കുട : മോഡൽ കരിയർ സെന്റർ – ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇരിങ്ങാലക്കുട ഒക്ടോബർ 28ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളിലേക്കാണ് അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്.

ബിടെക് സിവിൽ എൻജിനീയറിങ്, ഡിഗ്രി, പിജി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിനുമായി 9544068001എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘job drive’ എന്ന് മെസ്സേജ് അയക്കുക.

ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിലെ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ വെച്ചാണ് അഭിമുഖം.

കൂടുതൽ വിവരങ്ങൾക്ക് :
0480-2821652, 9544068001

നഗരസഭയുടെ നിലവാരത്തിലേക്ക് ആളൂർ പഞ്ചായത്ത് വളർന്നു : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : നഗരസഭയുടെ നിലവാരത്തിലേക്ക് ആളൂർ പഞ്ചായത്ത് വളർന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ആളൂർ പഞ്ചായത്ത് നടപ്പിലാക്കിയ നൂതന വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, ജനകീയ ഇടപെടലുകൾ എന്നിവയുടെ അവലോകനവുമായി സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആളൂർ പഞ്ചായത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഭരണസമിതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതായും ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ നല്ല രീതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കിയതായും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

മാലിന്യമുക്ത നവകേരളം, ലൈഫ് മിഷൻ പദ്ധതി, അതിദാരിദ്യമുക്ത പഞ്ചായത്ത്, ആരോഗ്യ മേഖല, റോഡുകൾ, പശ്ചാത്തല വികസനം, വിജ്ഞാനകേരളം, ഡിജി കേരളം, കുടിവെള്ളം, അംഗൻവാടികൾ, ആധുനിക ക്രിമിറ്റോറിയം, പൊതുസേവനം മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് ആളൂർ പഞ്ചായത്ത് നടത്തിയിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

ആളൂർ പഞ്ചായത്ത് കൈവരിച്ച ഭരണനേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഉൾപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.

സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സുനിൽ അവതരിപ്പിച്ചു.

കേരള സർക്കാരിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് വികസന സദസ്സ് റിസോഴ്‌സ് പേഴ്സൺ കെ.ബി. സജിത അവതരിപ്പിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദു വികസനരേഖ പ്രകാശനം ചെയ്തു.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി.

വൈസ് പ്രസിഡൻ്റ് രതി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, ആളൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. വിനയൻ, ഷൈനി തിലകൻ, ജനപ്രതിനിധികൾ, കുടുംബശ്രീ, അംഗൻവാടി, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ : പടിയൂർ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് പടിയൂർ പഞ്ചായത്തിൻ്റെ വികസന സദസ്സ്.

മന്ത്രി ഡോ. ആർ. ബിന്ദു വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഗവൺമെന്റും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹാളിൽ നടന്ന ചടങ്ങിൽ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായി.

പഞ്ചായത്ത് വികസനരേഖ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി എം.കെ. രജനി വികസന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ മുഹമ്മദ് അനസ് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.എൻ. അജിത് കുമാർ ഓപ്പൺ ഫോറത്തിന്റെ മോഡറേറ്ററായി.

ഈ നാലര വർഷക്കാലയളവിൽ 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവത്സൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാലി ദിലീപ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.വി. വിബിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ലാൽ, അസിസ്റ്റന്റ് സെക്രട്ടറി എം.ജെ. സീന, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതനായി

അപ്പുക്കുട്ടൻ എമ്പ്രാന്തിരി (ഉണ്ണി സ്വാമി )

ഇരിങ്ങാലക്കുട : പാചക വിദഗ്ധൻ കടുപ്പശ്ശേരി കച്ചേരിപ്പടി ആചാര്യ മഠം അപ്പുക്കുട്ടൻ എമ്പ്രാന്തിരി (കടുപ്പശ്ശേരി ഉണ്ണി സ്വാമി – 78) നിര്യാതനായി.

സംസ്കാരം ഞായറാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക്.

വിവാഹസദ്യകളടക്കം നാട്ടിലും പരിസര പ്രദേശങ്ങളിലും പാചകത്തിൽ നിറ സാന്നിധ്യമായിരുന്ന ഉണ്ണി സ്വാമി കടുപ്പശ്ശേരി ദുർഗ്ഗാ ക്ഷേത്രത്തിലേയും, കള്ളിശ്ശേരി ക്ഷേത്രത്തിലെയും മേൽശാന്തിയും ആയിരുന്നു.

ഭാര്യ : രാജലക്ഷ്‌മി

മക്കൾ : സത്യൻ, ഗിരീഷ്, കണ്ണൻ

മരുമക്കൾ : ശ്രീജ, ഹരിത, സരിത

കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് കരുവന്നൂരിൽ സ്വീകരണം

ഇരിങ്ങാലക്കുട : കത്തോലിക്ക കോൺഗ്രസിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് ഇരിങ്ങാലക്കുട രൂപത അതിർത്തിയായ കരുവന്നൂർ വലിയപാലം പരിസരത്ത് സ്വീകരണം നൽകി.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും ജാഥ ക്യാപ്റ്റനുമായ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

ചടങ്ങിൽ പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷത വഹിച്ചു.

വികാരി ഫാ. ഡേവിസ് കല്ലിങ്ങൽ അനുഗ്രഹ പ്രഭാഷണം നടത്തി.

പള്ളി ട്രസ്റ്റി ലൂയീസ് തരകൻ നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി യോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആദ്യ ജനറൽ ബോഡി യോഗം ചേർന്നു.

യോഗം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

പഴയ 2022-25 രൂപത കേന്ദ്രസമിതി ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും ബിഷപ്പ് മെമന്റോ നൽകി ആദരിച്ചു.

റവ. ഫാ. ജോളി വടക്കൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ രൂപതയിലെ എല്ലാ ഫൊറോന കേന്ദ്രസമിതി ഭാരവാഹികളും ഇടവക കേന്ദ്രസമിതി പ്രസിഡൻ്റുമാരും പങ്കെടുത്തു.

ജിക്സൻ നാട്ടേക്കാടൻ – ഇരിങ്ങാലക്കുട ഫൊറോന (പ്രസിഡൻ്റ്), വിൽ‌സൺ – പാറോട്ടി കുറ്റിക്കാട് ഫൊറോന, ഷിന്റ ടാജു – ചാലക്കുടി ഫൊറോന (വൈസ് പ്രസിഡൻ്റുമാർ), ഡിംപിൾ റീഷൻ – പുത്തൻചിറ ഫൊറോന (ജനറൽ സെക്രട്ടറി), തോമാച്ചൻ പഞ്ഞിക്കാരൻ – മാള ഫൊറോന, അഭിൽ മൈക്കിൾ കല്പറമ്പ് ഫൊറോന (ജോയിന്റ് സെക്രട്ടറിമാർ), സേവ്യർ കാരെക്കാട്ട് – അമ്പഴക്കാട് ഫൊറോന (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ റവ. ഫാ. ഫ്രീജോ പാറയ്ക്കൽ സ്വാഗതവും നിയുക്ത പ്രസിഡൻ്റ് ജിക്സൻ നാട്ടേക്കാടൻ നന്ദിയും പറഞ്ഞു.

വിദ്യാർഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ സന്നദ്ധ സംഘടനകളിലെ പ്രവർത്തനങ്ങൾക്ക് കഴിയും : ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തണമെന്നും അതിലൂടെ അവരുടെ സർഗാത്മകതയെ ഉയർത്താനും സാമൂഹ്യ പ്രതിബദ്ധത വളർത്താനും സാധിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത നിറവ് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ. പ്രസിഡന്റ് തോമസ് കാളിയങ്കര, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, റോവർ ലീഡർ ജിൻസൻ ജോർജ്ജ്, പാർവതി, മേരി ആന്റണി എന്നിവർ പ്രസംഗിച്ചു.

സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മീഷണർ എൻ.സി. വാസു, ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട്, ജില്ലാ ട്രെയിനിങ്ങ് കമ്മീഷണർ പി.എം. ഐഷാബി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ കെ.കെ. ജോയ്സി എന്നിവർ റോവർ റെയ്ഞ്ചർ യൂണിറ്റിൽ ചേർന്നിരിക്കുന്ന കുട്ടികൾക്ക് അംഗത്വം നൽകി.

വിയ്യൂർ സെൻട്രൽ ജയിലിൽ വസ്ത്രങ്ങൾ നെയ്യാൻ ഇനി സെമി ഓട്ടോമാറ്റിക് തറികളും

തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായം മുഖേന വിയ്യൂർ സെൻട്രൽ ജയിലിൽ സ്ഥാപിച്ച സെമി ഓട്ടോമാറ്റിക് തറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു.

ചടങ്ങിൽ മഞ്ജുള അരുണൻ മുഖ്യാതിഥിയായി.

മദ്ധ്യകേരളത്തിലെ 4 ജില്ലകളിലെ ജയിലുകളിലേക്കാവശ്യമായ തുണിത്തരങ്ങൾ, ജുക്കാളം, കിടക്കവിരി, തടവുകാർക്കുള്ള വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്നതും തയ്ക്കുന്നതും വിയ്യൂർ സെൻട്രൽ ജയിലിലാണ്.

16 പവർ ലൂം, 20 ഹാൻ്റ് ലൂം എന്നിവയ്ക്ക് പുറമേയാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സെമി ഓട്ടോമാറ്റിക് തറികൾ.

45 തടവുകാർ നെയ്ത്ത് യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഖാദി യൂണിറ്റിൽ പുതുതായി വരുന്നവർക്ക് ട്രെയിനിങ്ങും നൽകുന്നുണ്ട്.

ഖാദി ഷോറൂമുകളിൽ വില്പന നടത്തുന്ന ഷർട്ടുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്.

പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് ഇവിടെ തന്നെ നെയ്ത ഷാളുകളാണ് അണിയിച്ചത്.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്കൂളിൽ പൊളിറ്റിക്കൽ സയൻസിൽ (ഹയർ സെക്കൻ്ററി വിഭാഗം) ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (സീനിയർ) ഒഴിവുണ്ട്.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച (നവംബർ 01) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 04802641075

നിര്യാതനായി

കൃഷ്ണൻകുട്ടി

ഇരിങ്ങാലക്കുട : കല്പറമ്പ് കളത്തിൽ ദാനവൻ മകൻ കൃഷ്ണൻകുട്ടി (78) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (ഒക്ടോബർ 13) രാവിലെ 10 മണിക്ക് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.

ഭാര്യ : സൗമിനി

മക്കൾ : ബൈജു, ബിനു, ബിജോയ്‌

മരുമക്കൾ : ധന്യ, നീതു