ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ വാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു. പടിയൂർ പഞ്ചായത്തിൽ പെടുന്ന കാക്കാത്തുരുത്തിയിൽ കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ഷണ്മുഖം കനാലിൽ നിർമ്മിക്കേണ്ട പുളിക്കെട്ട് നിർമ്മാണ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.
ഇതേ പ്രവർത്തിയോടൊപ്പം ചെയ്യേണ്ട 4 ഇടക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഷണ്മുഖം കനാലിൽ ചീപ്പോടു കൂടിയാണ് ഇപ്രാവശ്യം പുളിക്കെട്ട് നിർമ്മിക്കുന്നത്.
എല്ലാ വർഷവും ഡിസംബറിൽ നിർമ്മിക്കുന്ന പുളിക്കെട്ട് നിർമ്മാണം വൈകിയതോടെ കർഷകരും പ്രദേശവാസികളും വലിയ ആശങ്കയിലായിരുന്നു.
കനാലിൽ നിന്ന് ഉപ്പുവെള്ളം കയറിയാൽ വ്യാപക കൃഷി നാശവും ശുദ്ധജലക്ഷാമവും ഉണ്ടാകും എന്നതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ബിനോയ് കോലാന്ത്രയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ കത്ത് സമർപ്പിച്ചിരുന്നു.
എന്നാൽ ഇപ്രാവശ്യം കൂടുതൽ മഴ ലഭിച്ചതിനാൽ നിലവിൽ പ്രദേശത്ത് ഉപ്പുവെള്ള ഭീഷണി ഇല്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അറിയിച്ചു.
പടിയൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ കാക്കാത്തുരുത്തിയിൽ ഷണ്മുഖം കനാലിന്റെ അറ്റത്താണ് ഉപ്പുവെള്ളം കനാലിൽ കയറാതിരിക്കാൻ പുളിക്കെട്ട് കെട്ടുന്നത്.
എല്ലാവർഷവും 5 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷണ്മുഖം കനാലിൽ പുളിക്കെട്ടും അനുബന്ധ ഇടക്കെട്ടുകളും നിർമ്മിക്കുന്നത്.














