ഷഹനയ്ക്ക് കരുതലായ് ഇൻകാസ്

ഇരിങ്ങാലക്കുട : അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതം വന്നു നടക്കാൻ കഴിയാതെയായ വെള്ളാങ്ങല്ലൂർ കുഴിക്കണ്ടതിൽ ഷഹനയ്ക്ക് ആശ്വാസമായി ഇൻകാസ് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് ഷഹനയുടെ വീട്ടിലെത്തിയ മല്ലിക ആനന്ദനും സഹപ്രവർത്തകരും ഷഹനയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഈ കാര്യം ആരിഷ് അബൂബക്കറിന്റെ നേതൃത്വത്തിൽ ദുബായ് ഇൻകാസ് ഏറ്റെടുക്കുകയായിരുന്നു.

ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കോർഡിനേഷൻ ചെയർമാൻ എൻ.പി. രാമചന്ദ്രൻ, കോർഡിനേറ്റർ ചന്ദ്രപ്രകാശ് ഇടമന എന്നിവർ ചേർന്നാണ് ഷഹനയ്ക്ക് വീൽചെയർ കൈമാറിയത്.

ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇ.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അയൂബ് കരൂപ്പടന്ന, കോൺഗ്രസ്‌ നേതാക്കളായ ധർമജൻ വില്ലേടത്ത്, എ. ചന്ദ്രൻ, റസിയ അബു തുടങ്ങിയവർ പങ്കെടുത്തു.

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചു : നിരവധി കേസുകളിൽ പ്രതിയായ വസന്തൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഇരിങ്ങാലക്കുട : കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വസന്തൻ അടക്കം മൂന്ന് പേർ പിടിയിൽ.

താഴേക്കാട് കൊമ്പിടി സ്വദേശികളായ പുല്ലൂർ വീട്ടിൽ അനിക്കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാർ (36), പുതൂർ വീട്ടിൽ സുട്ടൻ എന്ന് വിളിക്കുന്ന വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരെയാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 1ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

വീടിന്റെ സിറ്റ്ഔട്ടിൽ നിന്നിരുന്ന യുവതിയുടെ തലമുടിയിൽ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അനിൽകുമാർ ആളൂർ, അന്തിക്കാട്, മാള, കൊടകര, ചാലക്കുടി, കാട്ടൂർ, ആലത്തൂർ സ്റ്റേഷനുകളിലായി മൂന്ന് കവർച്ചാ കേസുകളിലും ഒരു മോഷണ കേസിലും ഒരു അടിപിടി കേസിലും അടക്കം 8 ക്രിമനൽ കേസുകളിലെ പ്രതിയാണ്.

വസന്തനെതിരെ ആളൂർ, മാള, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസ് ഉൾപ്പെടെ 5 ക്രിമിനൽ കേസുകളുണ്ട്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർ കെ.ടി. ബെന്നി, ജിഎസ്ഐ മിനിമോൾ, സി.പി.ഒ.മാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ ശരാശരി രണ്ടു ദിവസത്തിനുള്ളിൽ നൽകിക്കൊണ്ട് സംസ്ഥാനത്ത് ഒന്നാമതെത്തി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ റെക്കോർഡ് വേഗത്തിൽ ലഭ്യമാക്കി തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് ഒന്നാമതെത്തി.

ഇൻ്റഗ്രേറ്റഡ് സ്കോർ പൊലീസിംഗ് സിസ്റ്റം പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ ശരാശരി രണ്ട് ദിവസത്തിനുള്ളിൽ വേരിഫിക്കേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.

എൻ.ഐ.ഒ.സി. (കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്), ആക്സിഡൻ്റ് ജി.ഡി. (ആർക്കും പരിക്ക് പറ്റാത്ത വാഹനാപകടങ്ങളിൽ വാഹനാപകടങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും മറ്റും ഇൻഷുറൻസ് ലഭിക്കുന്നതിനായുള്ള ജി.ഡി. എൻട്രി സർട്ടിഫിക്കറ്റ്), മൈക്ക് സാങ്ഷൻ (പൊതുയോഗങ്ങൾക്കും മറ്റും പൊതുസ്ഥലത്ത് മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ്), ലോസ്റ്റ് പ്രോപ്പർട്ടി (രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടതിനെ സംബന്ധിച്ച സർട്ടിഫിക്കറ്റ്), ഇവൻ്റ് പെർഫോമൻസ്, പ്രൊട്ടസ്റ്റ് ആൻഡ് സ്ട്രൈക്ക് (പൊതുസ്ഥലത്ത് ആഘോഷ പരിപാടികളും, പ്രകടനങ്ങളും മറ്റും സമാധാനപരമായി സംഘടിപ്പിക്കുന്നതിന് അനുമതി നൽകുന്ന സർട്ടിഫിക്കറ്റ്) തുടങ്ങിയ പൊലീസ് സേവനങ്ങൾ ഏറ്റവും ലളിതമായും സുതാര്യമായും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തൃശൂർ റൂറൽ പൊലീസിന്റെ ലക്ഷ്യമെന്ന് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ സ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതിയാണ് ജില്ലയിൽ നടപ്പിലാക്കിയത്.

ഇതിന്റെ ഭാഗമായി അപേക്ഷകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് നൽകിയ കൃത്യമായ നിർദ്ദേശങ്ങളും പ്രവർത്തന ഏകോപനവുമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേളൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ വേളൂക്കര ഗ്രാമപഞ്ചായത്തിൽ നിന്നും വിജയിച്ച ജില്ല, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി.

പര്യടന പരിപാടി കോലോത്തുംപടിയിൽ പാർട്ടി ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് തുമ്പൂർ മനപ്പടിയിൽ സിപിഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം.പി മനോഹരൻ്റെ 12-ാം അനുസ്മരണ സമ്മേളനത്തോടെ പര്യടനം സമാപിച്ചു.

ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ ടി. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി പി ഐ ലോക്കൽ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എ. ഗോപി, ടി.എസ് സജീവൻ മാസ്റ്റർ, കെ.വി. മദനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി.വി. സതീശൻ എന്നിവർ സംസാരിച്ചു.

ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ. വിനയൻ സ്വാഗതവും, എം.എൻ മോഹനൻ നന്ദിയും പറഞ്ഞു.

കല്ലൂരിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 7 കിലോ കഞ്ചാവ്

ഇരിങ്ങാലക്കുട : കല്ലൂർ വില്ലേജിൽ പെട്ട ഭരതദേശത്ത് നടത്തിയ പരിശോധനയിൽ നാല് പൊതികളിലായി ചാക്കിൽ സൂക്ഷിച്ച 7.200 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി.

വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിൻ്റെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മൊത്ത വിതരണത്തിനായി സൂക്ഷിച്ച ലഹരി വസ്തുക്കളാണ് പരിശോധനയിൽ കണ്ടെടുത്തത്.

അസി എക്സൈസ് ഇൻസ്പെക്ടർ വി.പി. ഉണ്ണികൃഷ്ണൻ, ഗ്രേഡ് അസി എക്സൈസ് ഇൻസ്പെക്ടർമാരായ പി.എം. ബാബു, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കേസിലെ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ ടൗൺ അമ്പ് ഫെസ്റ്റ് രക്ഷാധികാരി എം.പി. ജിജി ജീവകാരുണ്യ പ്രവർത്തകൻ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു.

ടൗൺ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അധ്യക്ഷത വഹിച്ചു.

ട്രഷറർ വിൻസെൻ്റ് കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോയ് ചെറയത്ത്, ഷാജു പന്തലിപ്പാടൻ, ചാക്കോ ഊളക്കാടൻ, ബെന്നി കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

കാറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ഡയറ്റ് അധ്യാപകൻ എം.ആർ. സനോജ് മുഖ്യാഥിതിയായി.

പ്രധാന അധ്യാപിക പി.ബി. അസീന ആശംസകൾ നേർന്നു.

ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുപം പോൾ നന്ദിയും പറഞ്ഞു.

മാധവനാട്യഭൂമിയിൽ സുഭദ്രാധനഞ്ജയം അഞ്ചാമങ്കം സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ സുഭദ്രാധനഞ്ജയം അഞ്ചാമങ്കം സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി.

സുഭദ്രയുടെയും സഖിയുടെയും സംഭാഷണമായിരുന്നു കഥഭാഗം. സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരും, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം ഋതു, ഗുരുകുലം ഗോപിക എന്നിവരും പങ്കെടുത്തു.

ക്രിസ്തുമസ് – പുതുവത്സരാഘോഷവും കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി.

മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ തോമാച്ചൻ വെള്ളാനിക്കാരൻ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജേഷ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കോർഡിനേറ്റർമാരായ വിമൽ വേണു, ജോൺസൺ കോലങ്കണ്ണി എന്നിവർ മുഖാതിഥികളായി.

പ്രദീപ്, ജെയ്സൺ മൂഞ്ഞേലി, ഹരീഷ് പോൾ, പ്രൊഫ. കെ.ആർ. വർഗ്ഗീസ്, പ്രൊഫ. റാണി വർഗ്ഗീസ്, വർഗ്ഗീസ് പട്ടത്ത് എന്നിവർ പ്രസംഗിച്ചു.

പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശക്തിനഗർ സൗഹൃദവേദി റസിഡൻ്റ്സ് അസോസിയേഷൻ്റെ പുതുവത്സരാഘോഷം നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

നാം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും ഇത്തരം കൂട്ടായ്മകൾ ഏറെ ഫലപ്രദമാണെന്നും അതുകൊണ്ടുതന്നെ റസിഡൻ്റ്സ് അസോസിയേഷനുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾക്ക് രൂപം കൊടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദവേദി പ്രസിഡൻ്റ് അസീന നസീർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വാർഡ് കൗൺസിലർ റോണി പോൾ മാവേലി ആശംസകൾ നേർന്നു.

സെക്രട്ടറി മെഡാലിൻ റിജോ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഒ.ജെ. സ്റ്റാൻലി നന്ദിയും പറഞ്ഞു.

എൻഡോവ്മെൻ്റ് വിതരണം, സമ്മാനദാനം, സൗഹൃദവിരുന്ന്, വർണ്ണമഴ, കലാപരിപാടികൾ എന്നിവയും നടന്നു.