Irinjalakudatimes

പ്രതിബദ്ധത ജനങ്ങളോട് മാത്രം..

Advertisement
കരുവന്നൂരിൽ സൗജന്യ നേത്ര ക്യാമ്പ് നടത്തി

കരുവന്നൂരിൽ സൗജന്യ നേത്ര ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ആർദ്രം സ്വാന്തന പരിപാലന കേന്ദ്രത്തിന്റെ കരുവന്നൂർ മേഖലാ കമ്മിറ്റി തൃശൂർ ജില്ലാ ഗവ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ കരുവന്നൂർ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡോ ടി ദൃശ്യ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ടി കെ ജയാനന്ദൻ അധ്യക്ഷത വഹിച്ചു.

ഡോ അശ്വതി ഗോപാൽ നേതൃപരിചരണത്തെ കുറിച്ചുള്ള ക്ലാസ് നയിച്ചു.

വാർഡ് കൗൺസിലർമാരായ അൽഫോൺസാ തോമസ്, രാജി കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു.

സംഘാടകസമിതി ചെയർമാൻ പി കെ മനു മോഹൻ സ്വാഗതവും ജെയ്സി നന്ദിയും പറഞ്ഞു.

ക്യാമ്പ് കോർഡിനേറ്റർ ഒ എൻ അജിത് കുമാർ, മേഖലാ കോർഡിനേറ്റർ യു പ്രദീപ് മേനോൻ, ചെയർമാൻ ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ടി എൽ ജോർജ്ജ്, പി എ രാധാകൃഷ്ണൻ, ഐ എസ് ജ്യോതിഷ്, വി കെ പ്രഭ, ജോണി, മഞ്ജു, ഷെർലി തുടങ്ങിയവർ പങ്കെടുത്തു.

നേത്രക്യാമ്പ് ജില്ലാ കോർഡിനേറ്റർ ബിന്ദു സിദ്ദിഖ് ക്യാമ്പിന് നേതൃത്വം നൽകി.

സെൻറ് ജോസഫ്സ് കോളേജിൽ രസതന്ത്ര വിഭാഗത്തിന്റെ ദേശീയ സെമിനാർ

സെൻറ് ജോസഫ്സ് കോളേജിൽ രസതന്ത്ര വിഭാഗത്തിന്റെ ദേശീയ സെമിനാർ

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ) യുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനു തുടക്കമായി.

ഡോ എസ്‌ എൻ ജയ് ശങ്കർ (സി എസ് ഐ ആർ, സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ) ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഡോ എൻ എൽ മേരി (മദ്രാസ് സ്റ്റെല്ലമാരീസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി) ആശംസകൾ നേർന്നു.

ഡോ എസ്‌ എൻ ജയശങ്കർ, ഡോ എൻ എൽ മേരി എന്നിവർ ക്ലാസുകൾ നയിച്ചു.

രസതന്ത്ര വിഭാഗം മേധാവി ഡോ സി ഡീന ആന്റണി സ്വാഗതവും, സെമിനാർ കോർഡിനേറ്റർ ഡോ നിഷ ജോർജ്ജ് നന്ദിയും പറഞ്ഞു.

സെമിനാറിന്റെ രണ്ടാം ദിവസം ഡോ പി വിനീത് മോഹനൻ (കുസാറ്റ് കൊച്ചി ), ഡോ നീത ജോൺ(സിപ്പെറ്റ് കൊച്ചി), ഡോ അനൂപ് വടക്കേക്കര (വാക്കർ കെമി ബാംഗ്ലൂർ) എന്നിവർ ക്ലാസുകൾ നയിക്കും.

ക്രൈസ്റ്റ് കോളേജിൽ സംഗീത സദസ്സ്

ക്രൈസ്റ്റ് കോളേജിൽ സംഗീത സദസ്സ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) മലയാള വിഭാഗം ‘ശ്രീരാഗം’ എന്ന പേരിൽ സംഗീത പരിചയ സദസ്സ് സംഘടിപ്പിച്ചു.

രാഷ്ട്രപതിയിൽ നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പാടും പാതിരിയായ ഫാ ആൻജോ പുത്തൂർ നയിച്ച ക്ലാസ്സ് കോളേജ് ബർസാർ ഫാ വിൻസെൻ്റ്
നീലങ്കാവിൽ ഉദ്ഘാടനംചെയ്തു.

സംഗീതത്തിൻ്റെ ഉത്ഭവത്തെയും വിവിധ സംഗീതധാരകളെയും സംഗീതത്തിലൂടെ പരിചയപ്പെടുത്തിയ ഈ സംഗീത സദസ്സിന് അനൂപ് പൂക്കോടിൻ്റെ മൃദംഗം കൂടുതൽ മിഴിവേകി.

സംഗീതത്തെക്കുറിച്ചുള്ള പുത്തൻ അറിവുകൾ സമ്മാനിച്ച സദസ്സ് സംഗീതക്കച്ചേരിയോടു കൂടി സമാപിച്ചു.

സർഗ്ഗവേദിയും ആലങ്കോട് ലീലാകൃഷണനും 19ന് കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക വേദി സമകാലീന വിഷയങ്ങളിലെ ചർച്ചകളിലൂടെ സമ്പന്നമാക്കിയ ‘സർഗ്ഗവേദി’യുടെ 106-ാമത് ചർച്ചാ ക്ലാസ്സ് “നവോത്ഥാനത്തിന്റെ പാട്ട് വഴികൾ” 19 (ചൊവ്വാഴ്ച്ച) വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശമുള്ള നക്കര കോംപ്ലക്സ് ഹാളിൽ സംഘടിപ്പിക്കുന്നു.

പ്രഗത്ഭ വാഗ്മിയും കവിയും ചിന്തകനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് ക്ലാസ് നയിക്കുക.

ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ

ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ

ഇരിങ്ങാലക്കുട : വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭക്ഷണ രീതികളും വസ്ത്രധാരണവും സ്വായത്തമാക്കിയ ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും തനിമ ഒറ്റക്കുടക്കീഴിൽ ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് സെന്റ് ജോസ്ഫ്സ് കോളേജിൽ “എത്ത്നിക് ഡേ” ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.

പ്രശസ്ത ട്രാവൽ വ്ലോഗർമാരായ ശരത് കൃഷ്ണനും ഗീതമ്മയും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഓരോ ഡിപ്പാർട്ട്മെൻ്റുകളും ഓരോ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് വസ്ത്രം ധരിക്കുകയും, അവരുടെ സംസ്കാരത്തിന് ഉതകുന്ന നൃത്ത മത്സരങ്ങളും ഭക്ഷണ മേളയും രംഗോലി മത്സരവും സംഘടിപ്പിക്കുകയും ചെയ്തു.

യുവപ്രതിഭകൾക്ക് ആവേശമേകി “നവ്യം”

യുവപ്രതിഭകൾക്ക് ആവേശമേകി “നവ്യം”

ഇരിങ്ങാലക്കുട: കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ വൈവിദ്ധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങ് സംഘടിപ്പിച്ചു.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം കുട്ടികളെ ആസ്വാദനതലത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുവേണ്ടി പ്രത്യേക സൗകര്യങ്ങൾ “നവ്യ”ത്തിൽ സംഘാടകർ ഒരുക്കിയിരുന്നു.

രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദീകൃതമായി പ്രബന്ധാവതരണങ്ങളും, സെമിനാറും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” ഒരുക്കിയിരുന്നത്.

‘മോഹനിയാട്ടത്തിൽ മാർഗ്ഗി അവതരണരീതികളുടെ സവിശേഷതകളും, സംരക്ഷണവും, കാലികപ്രസക്തിയും’ എന്ന വിഷയത്തിൽ കലാമണ്ഡലം അക്ഷര പ്രബന്ധാവതരണം നടത്തി.

ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ സന്നിഹിതനായിരുന്നു.

മാളവികമേനോൻ മോഹിനിയാട്ടം അവതരിപ്പിക്കുകയും ചെയ്തു.

ഗുരു വിനീത നെടുങ്ങാടി നട്ടുവാങ്കത്തിലും കലാമണ്ഡലം കാർത്തികേയൻ വായ്പാട്ടിലും കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും സുരേഷ് അമ്പാടി വയലിനിലും വിനോദ് കുമാർ പുല്ലാങ്കുഴലിലും പക്കമേളമൊരുക്കി.

‘രാവണോത്ഭവം തപസ്സാട്ടത്തിന്റെ രസതന്ത്രം’ എന്ന വിഷയത്തിൽ ഡോ. കണ്ണൻ പരമേശ്വരൻ പ്രബന്ധാവതരണം നടത്തി.

ഡോ. ജയന്തി ദേവരാജ് സന്നിഹിതയായിരുന്നു. ശേഷം നടന്ന രാവണോത്ഭവം കഥകളിയിൽ കലാമണ്ഡലം ആദിത്യൻ രാവണനായും കലാമണ്ഡലം സായ് കാർത്തിക് കുംഭകർണ്ണനായും കലാമണ്ഡലം കൃഷ്ണദാസ് വിഭീഷണനായും രംഗത്ത് വേഷമിട്ടു.

കലാമണ്ഡലം കൃഷ്ണകുമാർ സദനം പ്രേംനാരായൺ എന്നിവർ സംഗീതത്തിലും കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ശ്രീഹരി എന്നിവർ ചെണ്ടയിലും കലാമണ്ഡലം വൈശാഖ്, ആർ എൽ വി സുദേവ് വർമ്മ എന്നിവർ മദ്ദളത്തിലും പശ്ചാത്തലമേളം ഒരുക്കി.

കലാമണ്ഡലം സുധീഷ് ചുട്ടിയും ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറ സഹായികളായി രംഗഭൂഷ ഇരിങ്ങാലക്കുട ചമയമൊരുക്കുകയും ചെയ്തു.

മുതിർന്ന കലാകാരന്മാരായ ഗുരു ഡോക്ടർ സദനം കൃഷ്ണൻകുട്ടി ആശാൻ, അഭിനയഗുരു വേണുജി എന്നിവരുമായി യുവകലാകാരന്മാരുടെ കൂടിക്കാഴ്ചയ്ക്ക് “നവ്യ”ത്തിൽ പ്രത്യേകവസരമൊരുക്കിയിരുന്നു.

‘കുച്ചിപ്പുടിയുടെ മാർഗ്ഗശൈലി സവിശേഷതകൾ, ആധുനിക രംഗാവതരണങ്ങളിലെ പ്രയോഗ സാധ്യതകൾ – ഒരു വിചിന്തനം’ എന്ന വിഷയത്തിൽ കാത്യായനി കനക് പ്രബന്ധാവതരണം നടത്തി.

തുടർന്ന് കലാമണ്ഡലം പൂജാ രതീഷ് കുച്ചിപ്പൂടി അവതരിപ്പിച്ചു.

കലാമണ്ഡലം ലതിക നട്ടുവാങ്കവും കലാമണ്ഡലം സുപ്രഭ സംഗീത വായ്പാട്ടിലും കലാമണ്ഡലം നിധിൻ മൃദംഗത്തിലും സംഗീത മോഹൻ വയലിനിലും പക്കമേളമൊരുക്കി.

‘കൂടിയാട്ടത്തിലെ അടിസ്ഥാനസങ്കേതങ്ങളും, പകർന്നാട്ടങ്ങളും’ എന്ന വിഷയത്തിൽ ഉഷ നങ്ങ്യാർ പ്രബന്ധാവതരണം നടത്തി.

ഡോ. അപർണ്ണ നങ്ങ്യാർ സന്നിഹിതയായിരുന്നു. പിന്നീട് നടന്ന കൂടിയാട്ടം പുറപ്പാടിൽ ശ്രീഹരി ചാക്യാർ ശങ്കുകർണ്ണനായ് വേഷമിട്ടു.

കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ് എന്നിവർ മിഴാവിലും കലാനിലയം രാജൻ ഇടയ്ക്കയിലും ഡോ ഇന്ദു ജി താളത്തിലും അകമ്പടിയേകിയ പ്പോൾ കലാനിലയം ശ്രീജിത്ത് സുന്ദരൻ ചുട്ടികുത്തുകയും ചെയ്തു.

ഞായറാഴ്ച രാവിലെ വിപിൻകുമാർ കോന്നിയൂർ സോപാനസംഗീതം ആലപിച്ചു.

‘കർണാടക സംഗീതത്തിലെ മനോധർമ്മ പ്രകരണത്തിൽ പാലിക്കേണ്ട ഔചിത്യദീക്ഷ’ എന്ന വിഷയത്തിൽ ഷർമ്മിള ശിവകുമാർ പ്രബന്ധാവതരണം നടത്തി. ശ്രീവിദ്യ വർമ്മ സന്നിഹിതയായിരുന്നു.

ഭരത് നാരായണന്റെ കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു. ആദിത്യ അനിൽ വയലിനിലും ബി.എൻ.കാശിനാഥ് മൃദംഗത്തിലും പക്കമേളമൊരുക്കി.

‘ആധുനിക കാലഘട്ടത്തിൽ നൃത്തകല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, കലാസപര്യയിൽ പ്രയോക്താക്കൾ നേരിടുന്ന പ്രതിസന്ധികളും’ എന്ന വിഷയത്തിൽ ശ്രീലക്ഷ്മി ഗോവർദ്ധനൻ, ഷിജിത്ത് നമ്പ്യാർ, ഡോ നീനാപ്രസാദ് എന്നിവർ നയിച്ച സെമിനാർ അരങ്ങേറി.

‘ഭരതനാട്യം മാർഗ്ഗത്തിന്റെ പൂർവ്വരൂപത്തിൽ നിന്ന് ഇന്നത്തെ അവതരണരീതിയിൽ എത്തിനിൽക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സാധ്യതകൾ – ഒരവലോകനം’ എന്ന വിഷയത്തിൽ അശ്വതി ശ്രീകാന്ത് പ്രബന്ധാവതരണം നടത്തി.

മീരനങ്ങ്യാർ സന്നിഹിതയായിരുന്നു.

തുടർന്ന് അഞ്ജു അരവിന്ദ് ഭരതനാട്യം അവതരിപ്പിച്ചു. ഹേമന്ത് ലക്ഷ്മൺ നട്ടുവാങ്കത്തിലും ബിജീഷ് കൃഷ്ണ വായ്പാട്ടിലും കലാമണ്ഡലം ചാരുദത്ത് മൃദംഗത്തിലും രഘുനാഥ് സാവിത്രി പുല്ലാങ്കുഴലിലും പക്കമേളമൊരുക്കി.

ശേഷം ‘തായമ്പകയുടെ അടിസ്ഥാന ഘടനയുടെ സവിശേഷതകളും അത് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും’ എന്ന വിഷയത്തിൽ മൂർക്കനാട് ദിനേശ് വാരിയർ പ്രബന്ധാവതരണം നടത്തി.

തുടർന്ന് ശ്രീഹരി പനാവൂരും സംഘവും അവതരിപ്പിച്ച തായമ്പകയോടെ ‘നവ്യ’ത്തിന് തിരശ്ശീല വീണു.

കലകളെ ഗൗരവത്തോടെ അറിഞ്ഞാസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ ത്രിദിന അരങ്ങ് പ്രയോജനപ്പെട്ടുവെന്ന് സംഘാടകർ പറഞ്ഞു.