Irinjalakudatimes

പ്രതിബദ്ധത ജനങ്ങളോട് മാത്രം..

Advertisement
കൂടൽമാണിക്യം ക്ഷേത്രത്തിൽ യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗ്രാമസഭായോഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു.

രാവിലെ മണ്ഡപത്തിൽ കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി ‘ഇഷേത്വാ – ഊർജേത്വാ എന്ന ആദ്യ വാക്യം ചൊല്ലിക്കൊടുത്താണ് യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചത്.

പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, കീഴാനല്ലൂർ യതീന്ദ്രൻ നമ്പൂതിരി, കുറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരി, കാവനാട് വിഷ്ണു നമ്പൂതിരി, കോടി തലപ്പണം ശ്രീനാരായണൻ നമ്പൂതിരി കൂടാതെ കാമ കോടി യജുർവ്വേദ പാഠശാല വിദ്യാർത്ഥികൾ തുടങ്ങിയ വേദ പണ്ഡിതന്മാരാണ് യജുർവ്വേദ ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത്.

രാവിലെ 6 മുതൽ 11 വരെയും വൈകീട്ട് 5 മുതൽ 8 വരെയും ആണ് ലക്ഷാർച്ചന നടക്കുന്നത്.

എട്ടാം ദിവസമായ ഡിസംബർ 23 തിങ്കളാഴ്ച രാവിലെ യജുർവ്വേദ ലക്ഷാർച്ചന സമാപിക്കും.

വാതിൽ മാടത്തിൽ വെച്ച് നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മഠസി വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ സഹസ്രനാമ അർച്ചനയും ഇതോടൊപ്പം നടക്കുന്നുണ്ട്.

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ അനുവദിച്ച കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയെയും കാറളം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ് കരുവന്നൂർ സൗത്ത് ബണ്ട് റോഡ്.

3030 മീറ്റർ നീളത്തിൽ ശരാശരി 4.80 മീറ്റർ വീതിയിൽ റോഡ് റീ ടാറിംങ്ങും 345 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് പാവിംങ്ങ് ബ്ലോക്ക് വിരിക്കുന്ന പ്രവൃത്തിക്കുമാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

കരുവന്നൂർ വലിയ പാലത്തിന് സമീപം നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ, കാറളം പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ബി ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.

ജലവിഭവ വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്വാഗതവും അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി വി അജിത്ത്കുമാർ നന്ദിയും പറഞ്ഞു.

തൃശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ : പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം തന്നെ ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റു കാര്യങ്ങൾ പൂരത്തിനു ശേഷം ചർച്ച ചെയ്തു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു.

ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക എന്നത് നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എം എൽ എ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

എസ് എൻ സ്കൂളിന്റെ എൻ എസ് എസ് ക്യാമ്പ് “സമന്വയം” ആരംഭിച്ചു

ഇരിങ്ങാലക്കുട :
എസ്‌ എൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻ എസ്‌ എസ്‌ സപ്തദിന സഹവാസ ക്യാമ്പ് “സമന്വയ”ത്തിന് പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂളിൽ തുടക്കമായി.

നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ദേശീയ അധ്യാപക അവാർഡ് ജേതാവും, എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കറസ്‌പോണ്ടന്റ് മാനേജരുമായ പി കെ ഭരതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ 35-ാം വാർഡ് കൗൺസിലറും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിൻ മുഖ്യാതിഥിയായിരുന്നു.

പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ബി ലിനി, എസ് എൻ സ്കൂൾ പി ടി എ പ്രസിഡൻ്റ് പി ഭരത് കുമാർ, സ്റ്റാഫ് സെക്രട്ടറി സി ആർ ലത, പി ടി എ എക്സിക്യൂട്ടിവ് അംഗം സജീവ് എന്നിവർ ആശംസകൾ നേർന്നു.

സ്കൂൾ പ്രിൻസിപ്പൽ കെ സി ബിന്ദു സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ നിഷ ദാസ് നന്ദിയും പറഞ്ഞു.

ജില്ലാ സംയുക്ത കർഷക സമിതിയുടെ വാഹന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

വൻകിട ടയർ കമ്പനികൾ റബർ കർഷകരെ കൊള്ളയടിച്ചുണ്ടാക്കിയ 1788 കോടി രൂപ റബർ കർഷകർക്ക് തിരിച്ച് നൽകാൻ നടപടിയെടുക്കുക, ഒരു കിലോ റബ്ബറിന് 300 രൂപ തറവില നിശ്ചയിക്കുക, കേന്ദ്ര സർക്കാർ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്.

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന വാഹന പ്രചരണ ജാഥയ്ക്ക് ജാഥാ ക്യാപ്റ്റൻ എ എസ് കുട്ടി, വൈസ് ക്യാപ്റ്റൻ കെ വി വസന്തകുമാർ, മാനേജർ പി ആർ വർഗ്ഗീസ് മാസ്റ്റർ, ജാഥാംഗങ്ങൾ കെ കെ രാജേന്ദ്ര ബാബു, എം എം അവറാച്ചൻ, പി ജെ നാരായണൻ നമ്പൂതിരി, സിദ്ധാർത്ഥൻ പട്ടേപ്പാടം എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നൽകിയ സ്വീകരണ പരിപാടിയിൽ ഒ എസ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.

എ എസ് കുട്ടി, കെ കെ രാജേന്ദ്ര ബാബു, ടി ജി ശങ്കരനാരായണൻ, ടി എസ് സജീവൻ മാസ്റ്റർ, ഡേവീസ് കോക്കാട്ട് എന്നിവർ സംസാരിച്ചു.

കോമ്പാറ അമ്പ് ഫെസ്റ്റിവൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സപ്ലിമെന്റ് പ്രകാശനവും 17ന്

കോമ്പാറ അമ്പ് ഫെസ്റ്റിവൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സപ്ലിമെന്റ് പ്രകാശനവും 17ന്

ഇരിങ്ങാലക്കുട : ജനുവരി 6 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന കോമ്പാറ അമ്പ് ഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സപ്ലിമെൻറ് പ്രകാശനവും 17ന് രാവിലെ 11 മണിക്ക് കോമ്പാറ സെന്ററിൽ നടക്കും.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പോലീസ് സബ് ഇൻസ്പെക്ടർ എം എസ് ഷാജൻ നിർവഹിക്കും.

കത്തീഡ്രൽ വികാരി റവ ഫാ പയസ് ചിറപ്പണത്ത് സപ്ലിമെൻറ് പ്രകാശനം ചെയ്യും.

15 വർഷങ്ങൾക്ക് ശേഷമാണ് കോമ്പാറ അമ്പ് ഫെസ്റ്റിവൽ നടത്തുന്നത് എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്.

പോളിമർ നാനോ കോംമ്പോസൈറ്റുകളുടെ ഉപയോഗ സാധ്യതകളെക്കുറിച്ച് ദേശീയ സെമിനാർ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് രസതന്ത്രം വിഭാഗത്തിന്റെ നേതൃത്വത്തിൽ പോളിമർ നാനോ കോംമ്പോസൈറ്റുകളുടെ വിവിധ മേഖലകളിലുള്ള ഉപയോഗത്തെ കുറിച്ച് നടത്തിയ സെമിനാർ ശ്രദ്ധേയമായി.

ഓട്ടോമൊബൈൽസ്, എയ്‌റോസ്‌പേസ്, ഇൻജക്ഷൻ മോൾഡഡ് ഉൽപ്പന്നങ്ങൾ, കോട്ടിംഗുകൾ, പശകൾ, ഫയർ റിട്ടാർഡന്റുകൾ, പാക്കേജിംഗ് മെറ്റീരിയലുകൾ, മൈക്രോ ഇലക്‌ട്രോണിക് പാക്കേജിംഗ്, ഒപ്റ്റിക്കൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ഡ്രഗ് ഡെലിവറി, സെൻസറുകൾ, മെംബ്രണുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങി ദൈനം ദിന ജീവിതത്തിൽ നിർണ്ണായകമായി മാറുന്ന പുതിയ കണ്ടെത്തലുകൾ സെമിനാറിൽ വിലയിരുത്തപ്പെട്ടു.

സി എസ് ഐ ആർ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈയിലെ പോളിമർ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷൻ ചീഫ് സയന്റിസ്റ്റ് ആൻഡ് ഹെഡ്, ഡോ എസ്‌ എൻ ജയശങ്കർ നയിച്ച ദേശീയ സെമിനാറിൽ ഗവേഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, അനുബന്ധ മേഖലകളിൽ നിന്നുള്ളവർ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഗവ ആയുർവ്വേദ ആശുപത്രി :ഒരു കോടി രൂപ ചെലവാക്കി നവീകരിക്കുമെന്ന്മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട ഗവ ആയുർവ്വേദ ആശുപത്രി :
ഒരു കോടി രൂപ ചെലവാക്കി നവീകരിക്കുമെന്ന്
മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

സംസ്ഥാന സർക്കാരിൻ്റെ ഫണ്ടു കൂടി ഉപയോഗപ്പെടുത്തി ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി നവീകരണത്തിനൊരുങ്ങുന്നതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു.

ആകെ പദ്ധതി ചിലവിൻ്റെ 40 ശതമാനം തുകയാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

നവീകരണത്തിൻ്റെ സമഗ്രമായ രൂപകല്പന സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് തയ്യാറായി വരികയാണ്.

നിലവിലെ സൗകര്യങ്ങൾ പരമാവധി ഉപയുക്തമാക്കുകയും അത്യാവശ്യം വേണ്ട അധിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു കൊണ്ടാണ് നവീകരണം പൂർത്തിയാക്കുക എന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം 26ന്

ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം 26ന്

ഇരിങ്ങാലക്കുട : ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷങ്ങൾ
ഡിസംബർ 26ന് വൈകീട്ട് 6.30 മുതൽ എട്ടങ്ങാടി, തിരുവാതിരക്കളി,പാതിരാ പൂചൂടൽ, ഊഞ്ഞാലാട്ടം തുടങ്ങിയ പരമ്പരാഗതമായ ആചാരങ്ങളോടെ നടത്തുന്നതാണ്.

പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

മൊബൈൽ : 9745780646, 9846330869