വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് അരിപ്പാലം പള്ളിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം

ഇരിങ്ങാലക്കുട : വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ഭക്തിനിർഭരമായ സ്വീകണം നല്‍കി.

ചെട്ടിയങ്ങാടി തിരുകുടുംബ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന തിരുശേഷിപ്പ് വാഹനങ്ങളുടെ അകമ്പടിയോടെ അരിപ്പാലം തിരുഹൃദയ ദേവാലയത്തിലേക്ക് ആനയിച്ചു.

തിരുശേഷിപ്പ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ മാത്യഭാഷയായ ഇറ്റാലിയന്‍ ഭാഷയില്‍ നടന്ന ദിവ്യബലിക്ക് റോമിലെ വിശുദ്ധന്റെ നാമത്തിലുള്ള ബസിലിക്കയുടെ റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോ, വൈസ് റെക്ടര്‍ ഫാ. കാര്‍ലോ ഡി. ജിയോവാനി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

നവീകരിച്ചു കൊണ്ടിരിക്കുന്ന അരിപ്പാലം കെട്ടുചിറയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയില്‍ സ്ഥാപിക്കാന്‍ വിശുദ്ധന്റെ ഒരു തിരുശേഷിപ്പ് റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ബസിലിക്കയുടെ റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോ അരിപ്പാലം തിരുഹൃദയ ദേവാലയ വികാരി ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കലിന് കൈമാറി.

വികാരി ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കല്‍, ഷാജപ്പന്‍ തിയ്യാടി, അഗസ്റ്റിന്‍ പിന്‍ഹീറോ, പോള്‍ ന്യൂനസ്, നിക്‌സണ്‍ പിന്‍ഹീറോ എന്നിവര്‍ നേതൃത്വം നല്‍കി.

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം : ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ഒരു തുള്ളി മദ്യം ആയിരം കണ്ണുനീരിന് ഇടയാക്കുന്നതുപോലെ ഒരു മില്ലി ഗ്രാം മയക്കുമരുന്ന് കോടിക്കണക്കിനു മുഷ്യരില്‍ കണ്ണുനീരിന് ഉടയാക്കുന്നുവെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.

ലഹരിക്കെതിരെ ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കുട്ടികളും, യുവാക്കളും തുടങ്ങി മുതിര്‍ന്നവര്‍ വരെ ഇന്ന് മയക്കുമരുന്നിന് അടിമകളായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും അപകടങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം ലഹരിയാണ്. ബോധവൽക്കരണങ്ങളും പ്രാര്‍ഥനകളും നടത്തി ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമക്കുന്നതിനൊടൊപ്പം നിയമനിര്‍മാണങ്ങള്‍ നടത്തുവാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധി സഭകളും മുന്നോട്ടു വരണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു.

രൂപത വികാരി ജനറാള്‍ ജോളി വടക്കനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്.

എകെസിസി രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.

എകെസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികാരി ജനറാള്‍ ജോസ് മാളിയേക്കല്‍, സിസ്റ്റര്‍ റോസ് ആന്റോ, എകെസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പത്രോസ് വടക്കുഞ്ചേരി, പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് തെക്കൂടന്‍, രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, രൂപത ട്രഷറര്‍ ആന്റണി തൊമ്മാന, രൂപത വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സിസ്, പി.ആർ‍.ഒ. ഷോജന്‍ വിതയത്തില്‍, മദ്യവിരുദ്ധ സമിതി കത്തീഡ്രല്‍ പ്രസിഡന്റ് ജോബി പള്ളായി, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്ജ്, സിജോ ഇഞ്ചോടിക്കാരന്‍, ബാബു ചേലക്കാട്ടുപറമ്പില്‍, സി.ആര്‍. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാർഷിക വികസന ബാങ്ക് അവധി ദിവസങ്ങളിലും പ്രവർത്തിക്കും

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ഇരിങ്ങാലക്കുട, ആമ്പല്ലൂർ ബ്രാഞ്ചുകൾ മാർച്ച് 30, 31 ദിവസങ്ങളിലും പ്രവർത്തിക്കും.

കുടിശ്ശിക നിവാരണത്തിനും നിക്ഷേപ സമാഹരണത്തിനും ഈ ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് നെയ് വേലി ഇന്ദിരാനഗർ സ്വദേശി ചന്ദ്രശേഖറി(28)നെ ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിൽ നിമ്മി എന്ന വ്യാജ പ്രൊഫൈലിലൂടെ പരാതിക്കാരനുമായി പരിചയപ്പെട്ട്, വാട്ട്സാപ്പ് അക്കൗണ്ടുകൾ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്ത് ബന്ധം പുലർത്തിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയത്.

കുവൈറ്റിൽ ഷെഫായി ജോലി ചെയ്യുന്ന തൃശൂർ ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടിൽ സന്ദീപിൽ നിന്ന് 3,15,000 രൂപ 2023 നവംബർ ആദ്യ വാരം മുതൽ 2024 ജനുവരി 31 വരെയുള്ള കാലയളവുകളിൽ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയാണ് തട്ടിപ്പു നടത്തിയത്.

തട്ടിപ്പ് നടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തു കൊടുക്കുമ്പോൾ സുഹൃത്തിന് ചെറിയ തുക കമ്മീഷനായി നൽകുകയാണ് പതിവ്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ്, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, എസ്.ഐ.മാരായ സൂരജ്, ടി.എൻ. അശോകൻ, സുകുമാർ, എസ്.പി.ഒ.മാരായ മനോജ്, അജിത്ത് കുമാർ, സി.പി.ഒ.മാരായ സച്ചിൻ, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കിയ ചന്ദ്രശേഖറിനെ റിമാൻഡ് ചെയ്തു.

ബോയ്സ് സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച മുന്നൂറോളം എൽഇഡി ബൾബുകൾ വിപണന കേന്ദ്രത്തിലേക്ക്

ഇരിങ്ങാലക്കുട : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തിപരിചയ പരിപാടിയുടെ ഭാഗമായി ജില്ലയിൽ പ്രൊഡക്ഷൻ സെന്റർ അനുവദിച്ച ഏക വിദ്യാലയമായ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ പ്രൊഡക്ഷൻ സെന്ററിൽ നിർമിച്ച മുന്നൂറോളം എൽഇഡി ബൾബുകളുടെ വിതരണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു ഫ്രണ്ട്സ് ഇലക്ട്രിക്കൽ ഉടമ മനോഹരന് നൽകി നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, ഡി.ഇ.ഒ. ഷൈല, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.കെ. മുരളി, പി.ടി.എ. പ്രസിഡന്റ് വി. ഭക്തവത്സലൻ, എസ്.എം.സി. ചെയർമാൻ അഹമ്മദ് ഫസലുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രധാന അധ്യാപിക ലത സ്വാഗതവും സീനിയർ അസിസ്റ്റന്റ് സുമൻ ജി. മുക്കുളത്ത് നന്ദിയും പറഞ്ഞു.

നേത്രചികിത്സ – തിമിര ശസ്ത്രക്രിയ ക്യാമ്പ് 30ന്

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് 30ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സെക്രട്ടറി അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നിര്യാതനായി

വേലു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീവൺ നഗറിൽ കണ്ണനാകുളം ശങ്കുണ്ണി മകൻ വേലു (82) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (മാർച്ച് 29) ഉച്ചയ്ക്ക് 12.30ന് തറവാട്ടുവളപ്പിൽ.

മക്കൾ : ബാബുരാജ്, സുരേഷ് കുമാർ, അജിത്ത് കുമാർ

മരുമക്കൾ : സുനിത, ബീന, ദിവ്യ

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ 20 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : മാലിന്യമുക്ത ഇരിങ്ങാലക്കുട നഗരസഭ എന്ന ലക്ഷ്യവുമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഒഴിഞ്ഞ ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി 20 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ : ഐഡി കാർഡ് വിതരണവും പൊതുസമ്മേളനവും നടത്തി

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും മെമ്പർമാരുടെ ഐഡി കാർഡ് വിതരണവും ഇരിങ്ങാലക്കുട പ്രിയ ഹാളിൽ സംഘടിപ്പിച്ചു.

മേഖലയിലെ ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ മെമ്പർമാർക്കുള്ള ഐഡി കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ മേഖലാ പ്രസിഡന്റ് എൻ.എസ്. പ്രസാദിന് നൽകി നിർവഹിച്ചു.

മേഖല പ്രസിഡന്റ് എൻ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ മുഖ്യാതിഥിയായിരുന്നു.

സാന്ത്വനം പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്ററും മേഖല ഇൻചാർജുമായ പി.വി. ഷിബു, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ വേണു വെള്ളാങ്ങല്ലൂർ, ജില്ലാ കമ്മിറ്റിയംഗം സുരേഷ് കിഴുത്താണി എന്നിവർ പ്രസംഗിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനിലേക്ക് പുതിയതായി അംഗത്വം സ്വീകരിച്ച 13 മെമ്പർമാർക്ക് കൂടി ചടങ്ങിൽ ഐഡി കാർഡ് വിതരണം ചെയ്തു.

മേഖല സെക്രട്ടറി സജയൻ കാറളം സ്വാഗതവും ട്രഷറർ ടി.സി. ആന്റോ നന്ദിയും പറഞ്ഞു.

സി. അച്യുതമേനോൻ കൊമ്പൊടിച്ച ബ്രാഹ്മണ്യം വീണ്ടും തലപൊക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല : ഡോ. അമൽ സി. രാജൻ

ഇരിങ്ങാലക്കുട : തച്ചുടകൈമളുടെ ദുരധികാരം അവസാനിപ്പിച്ച സി. അച്യുതമേനോൻ കൊമ്പൊടിച്ച ബ്രാഹ്മണ്യം വീണ്ടും തലപൊക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമൽ സി. രാജൻ അഭിപ്രായപ്പെട്ടു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എ.ഐ.വൈ.എഫ്.- യുവകലാസാഹിതി- എ.ഐ.ഡി.ആർ.എം. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ “ഇനിയും തീണ്ടൽ പലകകൾ ഉയരാൻ അനുവദിക്കില്ല” എന്ന മുദ്രാവാക്യമുയർത്തി കുട്ടംകുളം സമരഭൂമിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ സദസ്സ് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു.

ജാതി ഉച്ചനീചത്വങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ അത് ചരിത്രത്തെ നൂറ്റാണ്ടിൻ്റെ പുറകിലേക്ക് വലിച്ചെറിയലാകുമെന്ന് എൻ. അരുൺ പറഞ്ഞു.

യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.

എ.ഐ.വൈ.എഫ്. ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ, യുവകലാസാഹിതി ജില്ല സെക്രട്ടറി സോമൻ താമരക്കുളം, എ.ഐ.ഡി.ആർ.എം. സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ്. ജയ, സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സി.പി.ഐ. മുതിർന്ന നേതാവ് കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും എ.ഐ.ഡി.ആർ.എം. നേതാവ് കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.