ഇരിങ്ങാലക്കുടയിൽ ജവഹർലാൽ നെഹ്റു ജന്മദിനാചരണം നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ചാക്കോ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡൻ്റ് ജോമോൻ മണാത്ത്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി കാളിയങ്കര, ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, എം.എസ്. ദാസൻ, ഷെല്ലി മുട്ടത്ത്, എൻ.എം. രവി, ബാലകൃഷ്ണൻ, ഡീൻ ഷഹീദ്, എ.സി. സുരേഷ്, കുര്യൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

ആനീസ് കൊലപാതകം : സർക്കാർ നിസ്സംഗതയിലെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ എലുവത്തിങ്കൽ കൂനൻ പോൾസൻ ഭാര്യ ആനീസ് ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് 6 വർഷം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാൻ കഴിയാത്തത് സർക്കാരിന്റെ നിസ്സംഗ മനോഭാവം മൂലമാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ഡെപൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി.

ആനീസ് കൊലപാതകത്തിന്റെ 6 വർഷം തികഞ്ഞ ദിവസം കേരള കോൺഗ്രസ്സും ആനീസിന്റെ ബന്ധുക്കളും കൂടി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 നവംബർ 14ന് പട്ടാപ്പകൽ അതിക്രൂരമായി വീട്ടിൽ വെച്ചു ആനീസ് കൊല ചെയ്യപ്പെട്ടിട്ട് ഗൗരവമായ ഒരു നടപടിയും സ്വീകരിക്കാത്തതിൽ വീട്ടുകാരും നാട്ടുകാരും ഒരു പോലെ പ്രതിഷേധത്തിലാണെന്നും അഡ്വ തോമസ് ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം സതീശ് കാട്ടൂർ, പടിയൂർ മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, തുഷാരബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, ഷമീർ മങ്കാട്ടിൽ, ബിജോയ് ചിറയത്ത്, ഷീജ ഫിലിപ്പ്, ജയൻ കോറോത്ത്, മോഹനൻ കോറോത്ത്, ഷിജിൻ കൂവേലി, സദാനന്ദൻ മാപ്പോലി, വർഗ്ഗീസ് പള്ളിപ്പാടൻ, മിഥുൻ, ജാസ്മിൻ സാദിക്ക് എന്നിവർ പ്രസംഗിച്ചു.

ലിറ്റിൽ ഫ്ലവർ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ശിശുദിനം സമുചിതമായി കൊണ്ടാടി.

സോപാന സംഗീത ഗായിക വൈദേഹി സുരേഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.

വിദ്യാർഥി പ്രതിനിധി അഷൽ ഷാഫിയുടെ ശിശുദിന കഥാപ്രസംഗം പ്രേക്ഷകരെ ഹഠാദാകർഷിച്ചു.

തുടർന്ന് വിവിധ നൃത്ത പരിപാടികളും അരങ്ങേറി.

ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് സ്വാഗതവും, അധ്യാപക പ്രതിനിധി കെ.എ. എൽസി നന്ദിയും പറഞ്ഞു.

രജത നിറവ് സിൽവർ ക്വസ്റ്റ് ക്വിസ് മത്സരം : ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രജത നിറവ് സിൽവർ ക്വസ്റ്റ് തൃശൂർ റവന്യൂ ജില്ലാ ക്വിസ് മത്സരത്തിൽ ജേതാക്കളായി ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

സമാപന സമ്മേളനം നിവേദിത വിദ്യാനികേതൻ മാനേജ്മെന്റ് കമ്മറ്റി ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ വിപിൻ പാറേമക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, പി.ടി.എ. പ്രസിഡൻ്റ് ഷാജു ജോസ് ചിറയത്ത്, മുൻ പി.ടി.എ. പ്രസിഡന്റ് മിനി കാളിയങ്കര, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, ഫിനാൻസ് കമ്മറ്റി കൺവീനർ ലിംസൺ ഊക്കൻ, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി എന്നിവർ പ്രസംഗിച്ചു.

സ്കൂൾ ഫസ്റ്റ് അസിസ്റ്റൻ്റ് ഷിജ ക്വിസ് മാസ്റ്ററായി.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 19 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ, മാള സെന്റ് ആന്റണീസ് സ്കൂൾ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.

വിജയികൾക്ക് വിപിൻ പാറമേക്കാട്ടിൽ ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.

മുൻ പി.ടി.എ. ഭാരവാഹികളായ ഡേവിസ് ചക്കാലക്കൽ, രാഖി ഷെരിഫ്, നിത എന്നിവർ സന്നിഹിതരായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് : കാറളം പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ 16 വാർഡുകളിൽ 14 വാർഡുകളിലേക്കുമുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്.

പാർട്ടി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ
പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രിയ അനിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, പഞ്ചായത്ത് ഇൻചാർജും മണ്ഡലം വൈസ് പ്രസിഡൻ്റുമായ രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ എന്നിവർ പ്രസംഗിച്ചു.

കെ.പി. അമീഷ് (2- കുമരഞ്ചിറ), സുമന അനിൽകുമാർ (3- ഇളംപുഴ), സുശീല രാധാകൃഷ്ണൻ (4- ചെമ്മണ്ട), വിജിൽ വിജയൻ (പുല്ലത്തറ), പ്രിയ അനിൽ (കിഴുത്താണി ഈസ്റ്റ്), പി. രാജൻ (കിഴുത്താണി വെസ്റ്റ്), കെ.ജെ. ജോയ്സൺ (8- കിഴുത്താണി സൗത്ത്), ഇ.കെ. അമർദാസ് (9- പത്തനാപുരം), ഷീബ സുരേഷ് (10- ഹരിപുരം), നീതു അനീഷ് (11- താണിശ്ശേരി), സരിത വിനോദ് (12- കല്ലട), ഭരതൻ കുന്നത്ത് (14- വെള്ളാനി വെസ്റ്റ്), മിനി ബൈജു (15- വെള്ളാനി ഈസ്റ്റ്), എം.ആർ. സുനിത (16- കാറളം) എന്നിവരാണ് എൻഡിഎ യുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത്.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.സി. രമേഷ്, ഷൈജു കുറ്റിക്കാട്ട്, സോഷ്യൽ മീഡിയ ജില്ലാ ഇൻചാർജ് ശ്രീജേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അജയൻ തറയിൽ, രമേഷ് അയ്യർ, മണ്ഡലം സെക്രട്ടറി സരിത വിനോദ്, കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് രാജൻ കുഴുപ്പുള്ളി, ജില്ലാ കമ്മറ്റിയംഗങ്ങളായ സോമൻ പുളിയത്തുപറമ്പിൽ, ഇ.കെ. അമരദാസ്, ഭരതൻ വെള്ളാനി എന്നിവർ നേതൃത്വം നൽകി.

നാദോപാസന സോപാന സംഗീതോത്സവവും നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും 14, 15 തിയ്യതികളിൽ

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന സോപാന സംഗീതോത്സവം 14, 15 തിയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ അരങ്ങേറും.

സോപാനസംഗീത ഉപാസകനായിരുന്ന നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും സോപാന സംഗീതോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

എ.എസ്. സതീശൻ അധ്യക്ഷത വഹിക്കും.

ടി. വേണുഗോപാല മേനോൻ മുഖ്യാതിഥിയാകും.

സോപാന സംഗീതജ്ഞൻ ഞെരളത്ത് എൻ.പി. രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തും.

‘ക്ഷേത്രവാദ്യ സങ്കല്പത്തിലെ ദൈവീകത’ എന്ന വിഷയത്തിൽ തിരുവില്വാമല ഹരി മുഖ്യപ്രഭാഷണം നടത്തും.

രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ രാത്രി 9 വരെ പ്രശസ്ത കലാകാരന്മാരുടെ സോപാനസംഗീതം, ‘ഇടയ്ക്ക നാദലയ വിന്യാസം’, പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിക്കുന്ന പ്രത്യേക സോപാന സംഗീതാവതരണം, ഉമ കുമാർ (സ്വിറ്റ്സർലൻഡ്) നയിക്കുന്ന സംഗീത കച്ചേരി, അനുപമ മേനോൻ നയിക്കുന്ന ‘സോപാനലാസ്യം’ മോഹിനിയാട്ടം എന്നിവയും അരങ്ങേറും.

സോപാനസംഗീതത്തിന്റെ ആത്മീയതയും ഭക്തിരസവും ആവിഷ്‌കരിക്കുന്ന ഈ സംഗീതോത്സവം കലാപ്രേമികൾക്ക് അപൂർവാനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൃഷ്ണേന്ദു ദിനേശിനെ അനുമോദിച്ച് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഫസ്റ്റ് എ ഗ്രേഡ്, ഭരതനാട്യത്തിൽ സെക്കൻഡ് എ ഗ്രേഡ്, ഫോക്ക് ഡാൻസിൽ സെക്കൻഡ് എ ഗ്രേഡ് എന്നിങ്ങനെ നേടിയ കൃഷ്ണേന്ദു ദിനേശിനെ ഹിന്ദു ഐക്യവേദി അനുമോദിച്ചു.

ചടങ്ങിൽ ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സി.എസ്. വാസു, കെ.ആർ. രാജേഷ്, ലാൽ കുഴുപ്പുള്ളി, കെ.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.

സകലവേഷവല്ലഭന് വിരുന്നൊരുക്കിയ ”സ്നേഹ സദനം” ഏറെ ഹൃദ്യമായി

ഇരിങ്ങാലക്കുട : കഥകളി രംഗത്തെ സകലവേഷവല്ലഭനായ ഡോ. സദനം കൃഷ്ണൻകുട്ടിയാശാൻ്റെ 84-ാം പിറന്നാൾദിനത്തിൽ ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കിയ ‘സ്നേഹസദനം’ വിരുന്നിൽ പൗരപ്രമുഖരടക്കം ഇരിങ്ങാലക്കുടയുടെ ആസ്വാദകലോകം പങ്കെടുത്തു.

സ്നേഹവിരുന്നിനു ശേഷം നടന്ന ചടങ്ങ് അഭിനയകുലപതി നടനകൈരളി ഡയറക്ടർ വേണുജി ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ അധ്യക്ഷത വഹിച്ചു.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ മുഖ്യാതിഥിയായി.

ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, നാദോപാസന പ്രസിഡൻ്റ് സോണിയ ഗിരി, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കലാമണ്ഡലം മനേഷ് എം. പണിക്കർ, പുല്ലൂർ ചമയം നാടകവേദി പ്രസിഡൻ്റ് എ.എൻ. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കഥകളി ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എ.എസ്. സതീശൻ സ്വാഗതവും സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.

ശതാഭിഷിക്തനായ ഡോ. സദനം കൃഷ്ണൻകുട്ടിയാശാനോടൊപ്പം ഒരുദിനം എന്ന പേരിൽ ഡിസംബർ 13ന് തൃശൂർ പാലിയേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സഹൃദയലോകം ഒരുക്കുന്ന “കൃഷ്ണപർവ്വം” എന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം പദ്മശ്രീ പെരുവനം കുട്ടൻ മാരാർ അനിയൻ മംഗലശ്ശേരിക്ക് നൽകി നിർവ്വഹിച്ചു.

തുടർന്ന് നടന്ന കിരാതം കഥകളിയിൽ കലാനിലയം വിനോദ് കുമാർ അർജ്ജുനനായും, വിനോദ് കൃഷ്ണൻ കാട്ടാളനായും, കലാമണ്ഡലം രാജേഷ് ബാബു കാട്ടാളസ്ത്രീയായും സജീവ് വിനോദ്, സഞ്ജയ് വിനോദ് എന്നിവർ കുട്ടി കാട്ടാളന്മാരായും, കലാനിലയം അജയ് ശങ്കർ മൂകാസുരനായും, കലാനിലയം സൂരജ് ശിവനായും, സുധീപ് പിഷാരടി പാർവതിയായും വേഷമിട്ടു.

കലാനിലയം സിനു, ഹരിശങ്കർ കണ്ണമംഗലത്ത് എന്നിവർ പാട്ടിലും, കലാനിലയം രതീഷ്, കലാനിലയം ജയശങ്കർ എന്നിവർ ചെണ്ടയിലും കലാനിലയം ശ്രീജിത്ത്, കലാനിലയം വൈഗേഷ് എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. കലാനിലയം പ്രശാന്ത് ചുട്ടിയും, കലാമണ്ഡലം മനേഷ്, നാരായണൻ കുട്ടി, കലാനിലയം ശ്യാം മനോഹർ എന്നിവർ അണിയറ സഹായികളുമായി. രംഗഭൂഷ ഇരിങ്ങാലക്കുട ചമയമൊരുക്കി.

സൗജന്യ മെഡിക്കൽ ക്യാമ്പ് 14ന്

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, ഇരിങ്ങാലക്കുട സെന്റ് വിൻസെന്റ് ഡി.ആർ.സി.
ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടെ നവംബർ 14ന് രാവിലെ 9 മണി മുതൽ 12 മണി വരെ സെന്റ് വിൻസെന്റ് ഡയബറ്റിക് ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ പരിശോധനാക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പിൽ ഡോക്ടർ കൺസൽട്ടേഷൻ, ബ്ലഡ്ഡ് ഷുഗർ ടെസ്റ്റ്‌, ക്രിയാറ്റിൻ ടെസ്റ്റ്‌, കോളസ്ട്രോൾ ടെസ്റ്റ്‌ എന്നീ സേവനങ്ങൾ സൗജന്യമായി ലഭിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ :
0480-2826213, 8139894985

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് യു ഡി എഫ് മുന്നണി വിട്ടു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ യു ഡി എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് മുസ്ലീം ലീഗ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 2 സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റ് മാത്രമാണ് യു ഡി എഫ് മുസ്ലീം ലീഗിന് നൽകിയിരുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മുസ്ലീം ലീഗിന് നൽകാമെന്ന് അന്ന് യു ഡി എഫ് ഉറപ്പു നൽകുകയും ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വെയ്ക്കുകയും ചെയ്തിരുന്നുവത്രേ.

21 വാർഡുകളായിരുന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്തിൻ്റെ ഭൂപടത്തിൽ ഇപ്രാവശ്യം 2 അധിക വാർഡുകൾ കൂടി ചേർക്കപ്പെട്ടിട്ടും പരസ്പരം ഉണ്ടായിരുന്ന കരാർ ലംഘിച്ച് മുസ്ലീം ലീഗിന് യുഡിഎഫ് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇപ്പോഴും ഒരു സീറ്റ് മാത്രമേ നൽകാനാവൂ എന്ന നിലയിലാണ് കോൺഗ്രസ് മണ്ഡല നേതൃത്വം.

ഇതേ തുടർന്നാണ് യുഡിഎഫ് മുന്നണി വിടാൻ മുസ്ലീം ലീഗ് തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.