ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അരുൺ വർഗ്ഗീസ് പിടിയിൽ

ഇരിങ്ങാലക്കുട : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്.

താഴേക്കാടുള്ള ബാറിൽ മദ്യപിച്ച ശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി ബാറിൽ മദ്യപിക്കാനെത്തിയവരെ തടഞ്ഞു നിർത്തുകയും കൈയിലിരുന്ന ഗ്ലാസെടുത്ത് ഗ്രാനൈറ്റ് കൗണ്ടറിൽ ഇടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇരിങ്ങാലക്കുട സ്വദേശി കൂനൻ വീട്ടിൽ വർഗ്ഗീസ് (56) എന്ന ബാർ ജീവനക്കാരനെയാണ് പ്രതി ആക്രമിച്ചത്.

അരുൺ വർഗ്ഗീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാൾക്കെതിരെ മാരക രാസലഹരിയായ എംഡിഎംഎ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കേസുകൾ, കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസ്, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസ് എന്നിവ ഉൾപ്പെടെ 7 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ആളൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷാജിമോൻ, എസ്.ഐ. ബെന്നി, ജി.എസ്.സി.പി.ഒ.മാരായ സുനന്ദ്, സമീഷ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ

ഇരിങ്ങാലക്കുട : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ.

റോമൻ കത്തോലിക്കാ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ (പഴയ നിയമത്തിൽ നിന്ന് 46ഉം പുതിയ നിയമത്തിൽ നിന്ന് 27ഉം) മലയാളത്തിൽ 47.21 സെക്കന്റിനുള്ളിൽ വ്യക്തതയോടെയും കൃത്യതയോടെയും പറഞ്ഞതിനാണ് ‘ഐബിആർ അച്ചീവർ’ എന്ന പദവി ലഭിച്ചത്.

പാറേക്കാട്ടുകര സെന്റ് മേരീസ്‌ ഇടവക ചോനേടൻ എബിൻ – എൽസ ദമ്പതികളുടെ മകളും ചേലൂർ സെന്റ് മേരീസ്‌ ഇടവകയിൽ ഉൾപ്പെടുന്ന എടതിരിഞ്ഞി സെന്റ് മേരീസ്‌ എൽ.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിനിയുമാണ് എസ്റ്റൽ മേരി എബിൻ.

ജൂനിയർ ബാഡ്മിന്റൺ ടൂർണമെൻ്റ് 29 നും 30 നും ക്രൈസ്റ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയും എ.ജെ.കെ.ബി.എ.യും സംയുക്തമായി ആൾ കേരള ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

നവംബർ 29, 30 (ശനി, ഞായർ) തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ അംഗീകാരത്തോടെ നടക്കുന്ന ഈ ടൂർണമെന്റിൽ അണ്ടർ 11, അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഫെതർ ഷട്ടിൽ ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ.

പ്രായപരിധി :

  • അണ്ടർ 11: 01/01/2014 നോ അതിനു ശേഷമോ ജനിച്ചവർ.
  • അണ്ടർ 13: 01/01/2012 നോ അതിനു ശേഷമോ ജനിച്ചവർ.
  • അണ്ടർ 15: 01/01/2010 നോ അതിനു ശേഷമോ ജനിച്ചവർ.

ഒരു കളിക്കാരന് പരമാവധി മൂന്ന് ഇവന്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും.

സിംഗിൾസ് വിജയികൾക്ക് 1500 രൂപയും (രണ്ടാം സ്ഥാനം 1000 രൂപ), ഡബിൾസ് വിജയികൾക്ക് 2000 രൂപയും (രണ്ടാം സ്ഥാനം 1500 രൂപ) സമ്മാനമായി ലഭിക്കും.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി : നവംബർ 26.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ : 9387726873

വെബ്സൈറ്റ്: www.KBSA.co.in

ഫാദർ ജോളി വടക്കനെ മന്ത്രി ഡോ ആർ ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ഗൾഫ് നാടുകളിലെ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ച ഇരിങ്ങാലക്കുട രൂപതാംഗം ഫാ ജോളി വടക്കനെ മന്ത്രി ഡോ ആർ ബിന്ദു പൊന്നാട അണിയിച്ച് അനുമോദിച്ചു.

ഗൾഫ് നാടുകളിൽ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്.

ഇരിങ്ങാലക്കുട രൂപതാ മെത്രാൻ ജെയിംസ് പഴയാറ്റിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച ജോളി വടക്കൻ ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയയ്ത‌ ശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയയിലും മത ബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട രൂപതാ മീഡിയ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരികയായിരുന്നു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ സന്ദർശനവേളയിൽ രൂപത മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ, വികാരി ജനറാൾ വിൽസൺ ഈരത്തറ, രൂപത സി.എം.ആർ.എഫ്. ഡയറക്ടർ ഡോ ജിജോ വാകപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ അംഗം ടെൽസൺ കോട്ടോളി, എന്നിവർ സന്നിഹിതരായിരുന്നു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും അപ്പോളോ അഡ്ലക്സ് ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം എസ്എൻഡിപി പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ്‌ ഡിസ്ട്രിക്റ്റ് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൺ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു.

ആരോഗ്യ വിഭാഗം ക്യാമ്പ് കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി സെക്രട്ടറി വി. സായ്റാം, ട്രഷറർ രവീന്ദ്രൻ, വാനപ്രസ്ഥാശ്രമം പ്രസിഡന്റ് ഗോപിനാഥ് പീടികപറമ്പിൽ, മെഡിക്കൽ കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർ ഒ.എൻ. സുരേഷ്, മണികണ്ഠൻ ചൂണ്ടാണി, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, വിദ്യ സജിത്ത്, കവിത ലീലാധരൻ, സംഗീത ബാബുരാജ്, നവനീത, ഗൗരി, മോഹിത് എന്നിവർ സന്നിഹിതരായിരുന്നു.

‘വീട്ടിലെ ലൈബ്രറി’യിലേക്ക് പുസ്തകങ്ങൾ നൽകി

ഇരിങ്ങാലക്കുട : കാറളം വി.എച്ച്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ.എസ്.എസ്. വൊളൻ്റിയർമാർ ശേഖരിച്ച പുസ്തകങ്ങൾ സാംസ്കാരിക പ്രവർത്തകനായ റഷീദ് കാറളത്തിന്റെ വസതിയിലുള്ള ‘വീട്ടിലെ ലൈബ്രറി’യിലേക്ക് നൽകി.

കുട്ടികളിലെ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ലൈബ്രറി സന്ദർശനത്തിലൂടെ വിവിധ പുസ്തകങ്ങളെ പറ്റിയും എഴുത്തുകാരെ പറ്റിയും കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനും സാധിച്ചു.

തുടർന്ന് എൻ.എസ്.എസ്. വൊളൻ്റിയർമാർ ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ദത്തുഗ്രാമത്തിലെ വീടുകളിൽ ബോധവൽക്കരണവും ലഘുലേഖ വിതരണവും സർവ്വേയും നടത്തി.

പ്രോഗ്രാം ഓഫീസർ മായാദേവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള “ഒഡീസി” സംഘടിപ്പിച്ചു.

സ്കൂളിലെ ശാസ്ത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, സ്കൂൾ ഇന്നൊവേഷൻ സെൽ, സ്കൂൾ ക്വാളിറ്റി അസ്സെസ്സ്മെന്റ് & അഷ്വറൻസ് കോർഡിനേറ്റർ സവിത മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ സ്റ്റാളുകളിലായി വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശന വസ്തുക്കൾ ഒരുക്കിയിരുന്നു.

ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.

മൂന്നാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.

ശാസ്ത്രപ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർഥിയായ തോമസ് ജെ. തെക്കേത്തലയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്ത ഹ്യൂമനോയ്ഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.

വിലങ്ങാട് ദുരന്തഭൂമിയിൽ ഇരിങ്ങാലക്കുട രൂപതയുടെ സാന്ത്വന ഭവനങ്ങൾ ആശീർവദിച്ചു

ഇരിങ്ങാലക്കുട : 2024ലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലും താമരശ്ശേരി വിലങ്ങാട് മേഖലയിലും അതീവനാശം വിതച്ച ഉരുൾപൊട്ടലിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് കെ.സി.ബി.സി.യുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിർമ്മിച്ചു നൽകുന്ന 10 സാന്ത്വനഭവനങ്ങളിൽ 6 എണ്ണത്തിന്റെ ആശീർവാദ കർമ്മം ഇരിങ്ങാലക്കുട രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും ചേർന്ന് നിരവധി വൈദികരുടെയും അത്മായരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും എല്ലാ സ്ഥാപനങ്ങളും ഒരുമിച്ചു കൈകോർത്തപ്പോൾ സമാഹരിച്ച ഒരു കോടി 25 ലക്ഷം രൂപയാണ് ഭവന നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്.

കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യ സേവന വിഭാഗം നിർമിച്ചു നൽകുന്ന 140 ഭവനങ്ങളിൽ 10 ഭവനങ്ങളാണ് ഇരിങ്ങാലക്കുട രൂപത സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്നത്.

സോഷ്യൽ ഫോറം ഡയറക്ടർ ഫാ. തോമസ് നട്ടേക്കാടൻ, അസിസ്റ്റൻ്റ് ഡയറക്‌ടർ ഫാ. സാബു പയ്യപ്പിള്ളി എന്നിവരുടെ നേത്യത്വത്തിലുള്ള ഒരു വലിയ ടീം ആണ് എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്.

ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള “ഒഡീസി” സംഘടിപ്പിച്ചു.

സ്കൂളിലെ ശാസ്ത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, സ്കൂൾ ഇന്നൊവേഷൻ സെൽ, സ്കൂൾ ക്വാളിറ്റി അസ്സെസ്സ്മെന്റ് & അഷ്വറൻസ് കോർഡിനേറ്റർ സവിത മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ സ്റ്റാളുകളിലായി വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശന വസ്തുക്കൾ ഒരുക്കിയിരുന്നു.

ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.

മൂന്നാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.

ശാസ്ത്രപ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർഥിയായ തോമസ് ജെ. തെക്കേത്തലയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്ത ഹ്യൂമനോയ്ഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.

നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ച്ചക്കായി നവംബർ 25 (ചൊവ്വാഴ്‌ച) ഉച്ചതിരിഞ്ഞ് 1.30-ന് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.