നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ നടപടികൾ തുടരും : ഈ വർഷം കേസെടുത്തത് 225 ബസുകൾക്കെതിരെ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ അമിത വേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലൂടെയും നിയമലംഘനങ്ങളിലൂടെയും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 38 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 35 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 26 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഈ കാലയളവിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 53 ബസ്സുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടങ്ങളിൽ ആളുകൾ മരണപ്പെടുകയോ ​ഗുരുതരമായി പരിക്കേൽക്കാനോ ഇടയായ കേസുകളിൽ ഉൾപ്പെട്ട 31 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് അടിയന്തരമായി റിപ്പോർട്ട് സമർപ്പിച്ചു.

കൂടാതെ ​ഗുരുതരമായ നിയമലംഘനങ്ങൾ നടത്തി അപകടങ്ങളിൽ പെട്ട 9 വാഹനങ്ങൾ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡോർ അടയ്ക്കാതെ സ‍ർവീസ് നടത്തിയതിന് 147 ബസ്സുകൾക്കെതിരെ പ്രത്യേകം പെറ്റി കേസുകൾ ചുമത്തുകയും പിഴ ഈടാക്കുകയും ചെയ്തു.

ഈ വർഷം ജനുവരി 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ ബസുകൾ ഉൾപ്പെട്ട 153 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 9 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 84 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 82 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലും മറ്റു നിയമലംഘനങ്ങളിലുമായി 225 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടങ്ങളിൽ ആളുകൾ മരണപ്പെടുകയോ ​ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട 74 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. നിയമലംഘനം നടത്തിയ 19 വാഹനങ്ങൾ തുടർനടപടികൾക്കായി കോടതിക്ക് കൈമാറുകയും ചെയ്തു.

ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിന് 852 ബസുകൾക്കെതിരെ പെറ്റി കേസുകൾ ചുമത്തി പിഴ ഈടാക്കുകയും ചെയ്തു.

2024ൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ ബസുകൾ ഉൾപ്പെട്ട 161 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ അപകടങ്ങളിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 93 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 39 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

നിയമലംഘനങ്ങളുടെ പേരിൽ 166 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഗുരുതരമായ അപകടങ്ങളിൽ പങ്കാളികളായ 20 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിന് 224 ബസുകൾക്കെതിരെ പെറ്റി കേസുകൾ ചുമത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

2024ൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ നടന്ന ബസ് അപകടങ്ങളിൽ 20 പേരുടെ ജീവൻ നഷ്ടപ്പെട്ടതിനെ അപേക്ഷിച്ച് തൃശൂർ റൂറൽ പൊലീസിന്റെ ശക്തമായ നിയന്ത്രണങ്ങളും കർശനമായ പരിശോധനകളും മൂലം 2025ൽ ഇതുവരെ ബസ് അപകട മരണങ്ങൾ 9 ആയി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള അശ്രദ്ധമായും അമിത വേഗതയിലും ഡ്രൈവിംഗ് നടത്തുന്ന ബസുകൾക്കെതിരെ വരും ദിവസങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കും.

നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ ഓപ്പറേറ്റിംഗ് പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്കായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കും.

നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പൊലീസ് സ്വീകരിക്കുക എന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വസ്ത്രങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൊളൻ്റിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ അനാഥാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.

മുന്നൂറോളം ജോഡി വസ്ത്രങ്ങളാണ് വൊളൻ്റിയർമാർ വിതരണത്തിനായി ശേഖരിച്ചത്.

അതോടൊപ്പം അവിടത്തെ കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.

പ്രോഗ്രാം ഓഫീസർ മായാദേവി, അധ്യാപിക കവിത ജനാർദ്ദനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോൺഗ്രസ് പട്ടേപ്പാടം മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഇരിങ്ങാലക്കുട : കോൺഗ്രസ് വേളൂക്കര മണ്ഡലം പട്ടേപ്പാടം മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.

ജോണി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു.

വേളൂക്കര മണ്ഡലം ഇലക്ഷൻ കമ്മിറ്റി കൺവീനർ പി.ഐ. ജോസ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ആമിന അബ്ദുൾഖാദർ, രാജൻ ചെമ്പകശ്ശേരി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എ.ഐ. സനൽ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ഷജീർ കൊടകരപറമ്പിൽ, പ്രേമൻ പൂവ്വത്തുംകടവിൽ, ജനറൽ സെക്രട്ടറിമാരായ ഷിൻ്റോ വാതുക്കാടൻ, റാഫി മൂശ്ശേരിപറമ്പിൽ, നാസർ, വാർഡ് പ്രസിഡൻ്റ് ജോഷി കാനാട്ടിൽ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി റസിയ അബു, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ഗീത മനോജ്, വാർഡ് സ്ഥാനാർഥികളായ ഷംല ഷാനാവാസ്, നിഷാബി സമദ് എന്നിവർ പ്രസംഗിച്ചു.

വാർഡ് മെമ്പർ യൂസഫ് കൊടകരപറമ്പിൽ സ്വാഗതവും മണ്ഡലം സെക്രട്ടറി ശ്രീകുമാർ ചക്കമ്പത്ത് നന്ദിയും പറഞ്ഞു.

“മ്യൂസിക് ആൻഡ് മൂവ്മെൻ്റ് തെറാപ്പി” ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “മ്യൂസിക് ആൻഡ് മൂവ്മെൻ്റ് തെറാപ്പി” എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

തൃശൂരിലെ ഐ.എ.എൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ചിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എയ്ഞ്ചൽ റോയ് മുഖ്യാതിഥിയായി.

സെൽഫ് ഫിനാൻസിംഗ് വിഭാഗം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു.

സൈക്കോളജി വിഭാഗം മേധാവി ഡോ. രമ്യ ചിത്രൻ ആശംസകൾ നേർന്നു.

വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങളാൽ സമ്പന്നമായിരുന്നു വർക്ക്‌ഷോപ്പ്.

സൗഹൃദ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനം ആഘോഷിച്ചു.

കസ്റ്റംസ് ആന്റ് സെൻട്രൽ എക്സൈസ് റിട്ട. സൂപ്രണ്ട് കാക്കര സുകുമാരൻ നായർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് വി. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ എം.കെ. മുരളി, സൗഹൃദ ക്ലബ് കോർഡിനേറ്റർ എം.ടി. സിന്ധു, സീനിയർ അസിസ്റ്റന്റ് വി.ആർ. സോണി, സ്റ്റാഫ് സെക്രട്ടറി സി.പി. ഷാജി, പൂർവ്വ വിദ്യാർഥി പി. ഭരത്കുമാർ എന്നിവർ പ്രസംഗിച്ചു.

വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായ കാക്കര സുകുമാരൻ നായരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് സൗഹൃദ ക്ലബ്ബിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ “തീരുമാനമെടുക്കൽ” എന്ന ജീവിത നൈപുണിയെ അടിസ്ഥാനമാക്കി സ്കിറ്റ് അരങ്ങേറി.

ശാസ്ത്രപഠന പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിലെ കെമിസ്ട്രി വിഭാഗം സ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്രപഠന പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു.

“കെം ഫ്ലെയർ” എന്ന പേരിൽ നടത്തിയ പഠനപരീക്ഷണ ശില്പശാലയിൽ രസതന്ത്രം എന്ന വിഷയവുമായി ബന്ധപ്പെട്ട നൂതന പഠന സാധ്യതകളെയും വിവിധ തൊഴിൽ അവസരങ്ങളെയും വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഞ്ജന പരിചയപ്പെടുത്തി.

ആകർഷകങ്ങളായ രസതന്ത്ര പരീക്ഷണങ്ങളിലൂടെയും കളികളിലൂടെയും രസതന്ത്രത്തിലെ ആശയങ്ങളും അറിവുകളും പാഠപുസ്തകത്തിനപ്പുറമുള്ള അനുഭവങ്ങളും പ്രചോദനവും കുട്ടികൾക്ക് പകർന്നു നൽകാൻ കെം ഫ്ലെയറിലൂടെ സാധിച്ചു.

ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭയിൽ പോരാട്ടം പൊടിപൂരം

ഇരിങ്ങാലക്കുട : നാമനിർദ്ദേശപത്രിക സമർപ്പിക്കലും പിൻവലിക്കലുമെല്ലാം കഴിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭയിലെ 43 വാർഡുകളും പോരാട്ട ഭൂമികയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.

43 വാർഡുകളിലായി 141 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടി അണികൾക്കൊപ്പം പ്രചരണ രംഗത്ത് സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി നഗരസഭ ഭരിക്കുന്ന യു.ഡി.എഫ്. ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്ന ഉറപ്പോടെ മുന്നേറുമ്പോൾ, ഇക്കുറി എന്തുവില കൊടുത്തും ഭരണം പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതു മുന്നണിയും, ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭ ക്രൈസ്റ്റ് കോളെജ് വാർഡിൽ ജെയ്സൺ പാറക്കാടൻ 353 വോട്ടുകളുടെയും, ഗവ. ഹോസ്പിറ്റൽ വാർഡിൽ പി.ടി. ജോർജ്ജ് 320 വോട്ടുകളുടെയും, പൂച്ചക്കുളം വാർഡിൽ കെ.എം. സന്തോഷ് 302 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് എതിരാളികളെ മലർത്തിയടിച്ചത്. നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മൂന്നു പേരും യു.ഡി.എഫ്. സ്ഥാനാർഥികളായിരുന്നു.

ഇപ്രാവശ്യം ഈ മൂന്നു വാർഡുകളിലും മത്സരം കടുക്കുമോ , കോൺഗ്രസിൻ്റെ കോട്ട തകർക്കുമോ എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

എൽ.ഡി.എഫ്. മുന്നണിയിൽ ഇപ്രാവശ്യവും ഒട്ടേറെ പുതുമുഖങ്ങളായ ചെറുപ്പക്കാർ ജനവിധി തേടുന്നത് ശ്രദ്ധേയമാണ്.

ഇക്കുറി ഇവിടെ 34 വാർഡുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.

യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മുൻസിപ്പൽ വാർഡിൽ മത്സരിക്കുന്ന എം.പി. ജാക്സനെതിരെ സി.പി.ഐയുടെ മാർട്ടിൻ ആലേങ്ങാടനാണ് മത്സരിക്കുന്നത്. ഇതോടെ ഈ വാർഡിലെ മത്സരം പൊടിപൂരം തന്നെയാകും എന്ന കാര്യം ഉറപ്പായി.

കാരുകുളങ്ങര വാർഡിൽ ബി.ജെ.പി. പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനെതിരെ മത്സരിക്കുന്നത് മുൻ നഗരസഭാ ചെയർപേഴ്സൺ കൂടിയായ യു.ഡി.എഫിൻ്റെ സുജ സഞ്ജീവ്കുമാറാണ്. അതിനാൽ തന്നെ കാരുകുളങ്ങരയിലും മത്സരം തീപാറും എന്നതിൽ സംശയമില്ല.

6-ാം വാർഡിൽ ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷിനെ പിടിച്ചു കെട്ടാൻ നിലവിലെ നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനെയാണ് യു.ഡി എഫ്. രംഗത്ത് ഇറക്കിയിട്ടുള്ളത്. ഇവിടെ സി. പി. ഐ. യുടെ പി.സി രഘുവും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് വോട്ടുകൾക്ക് വിജയിച്ച ആർച്ച അനീഷ് അതേ വാർഡിൽ ഇപ്രാവശ്യവും വെന്നിക്കൊടി പാറിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

മാടായിക്കോണം വാർഡിലും ഇപ്രാവശ്യം മത്സരം കടുക്കും. നിലവിലെ കൗൺസിലറായ ബി.ജെ.പി. സ്ഥാനാർഥി ടി.കെ. ഷാജു എന്ന ഷാജുട്ടനെ നേരിടാൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റായ ശ്രീലാലിനെയാണ് എൽ.ഡി. എഫ്. നിയോഗിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ വിനീത പള്ളിപ്പുറത്തും രംഗത്തുണ്ട്.

കൂടൽമാണിക്യം വാർഡിൽ നിലവിലെ കൗൺസിലറായ ബി.ജെ.പി.യുടെ സ്മിത കൃഷ്ണകുമാറിനെ പിടിച്ചു കെട്ടാൻ യു.ഡി.എഫ്. മുൻ കൗൺസിലർ കൂടിയായ കെ.എൻ. ഗിരീഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിന്റെ എം.ആർ. ശരത്തും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്.

യുഡിഎഫിൻ്റെ ഘടകകക്ഷി എന്ന നിലയിൽ 15-ാം വാർഡിൽ മാഗി വിൻസെൻ്റ് പള്ളായി, 18-ാം വാർഡിൽ ലാസർ കോച്ചേരി എന്നിവരെയാണ് ഔദ്യോഗിക സ്ഥാനാർത്ഥികളായി കേരള കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 15-ാം വാർഡിൽ സുജ ബിജു, 18-ാം വാർഡിൽ ജോസഫ് ചാക്കോ എന്നീ കോൺഗ്രസ്സ് പ്രവർത്തകർ വിമതരായി പത്രിക സമർപ്പിച്ചത് ഇതുവരെയും പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല, പൂർവ്വാധികം ഉഷാറോടെ ഇരുവരും പ്രചരണ രംഗത്ത് തുടരുന്നതു മൂലം അവിടെയും മത്സരം കടുകട്ടിയാക്കും.

ബിജെപിയിൽ മുൻ കൗൺസിലർമാരായ എട്ടു പേരിൽ ഏഴ് പേരും , യുഡിഎഫിൽ മുൻ കൗൺസിലർമാരായ 7 പേരും എൽഡിഎഫിൽ മുൻ കൗൺസിലർമാരായ 5 പേരും ഇപ്രാവശ്യവും മത്സര രംഗത്തുണ്ട്.

മൂർക്കനാട്, പീച്ചാംപിള്ളിക്കോണം, ചന്തക്കുന്ന് എന്നിവിടങ്ങളിൽ വിമതരും മറ്റുമായി അഞ്ച് സ്ഥാനാർത്ഥികൾ വീതമാണ് അവസാന പട്ടികയിൽ അവശേഷിക്കുന്നത്.

ഭാരതീയ വിദ്യാഭവനിൽ ഭരണഘടനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഭരണഘടനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ഇന്ത്യൻ ഭരണഘടന, മൗലികാവകാശങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ച് അറിവ് നൽകുന്ന പരിപാടികളോടെയാണ് ഭരണഘടനാദിനം ആചരിച്ചത്.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

നൃത്തം, സംഘഗാനം, മൂകാഭിനയനാടകം, ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അറിവ് പകരുന്ന പ്രസംഗങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.

എട്ടാം ക്ലാസ് വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ വിജയലക്ഷ്മി, സിന്ധു, സറീന എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഐക്യ ജനാധിപത്യ മുന്നണി പ്രകടനപത്രിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഐക്യജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കെ.പി.സി.സി. മുൻ പ്രസിഡൻ്റ് വി.എം. സുധീരൻ പ്രകാശനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി, മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ബ്ലോക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് എന്നിവർ പ്രസംഗിച്ചു.

പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻ്റ് സിജു യോഹന്നാൻ നന്ദിയും പറഞ്ഞു.

ലേബർ കോഡുകൾ നടപ്പിലാക്കിയതിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധം

ഇരിങ്ങാലക്കുട : നവംബർ 21 മുതൽ കേന്ദ്ര സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ലേബർ കോഡിന്റെ വിജ്ഞാപനം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിനുശേഷം ചേർന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ. ഉപജില്ല സെക്രട്ടറി കെ.ആർ. സത്യപാലൻ അധ്യക്ഷത വഹിച്ചു.

യോഗത്തിന് എൻ.ജി.ഒ. യൂണിയൻ ഏരിയ സെക്രട്ടറി സഖാവ് എം.എസ്. ചിക്കു സ്വാഗതവും കെ.ജി.ഒ.എ. ഏരിയ വൈസ് പ്രസിഡൻ്റ് പ്രസന്നകുമാർ നന്ദിയും പറഞ്ഞു.