നടന കൈരളിയിൽ വിഖ്യാത നർത്തകി റൂത്ത് സെെൻ്റ് ഡെനിസിന്റെ നൃത്ത ജീവിത പ്രഭാഷണം 7ന്

ഇരിങ്ങാലക്കുട : ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യക്കാർക്ക് തന്നെ പരിചയപ്പെടുത്തിക്കൊടുത്ത വിഖ്യാത നർത്തകി റൂത്ത് സെെൻ്റ് ഡെനിസിന്റെ സംഭവബഹുലമായ നൃത്ത ജീവിതം പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ ഇരിങ്ങാലക്കുട നടന കൈരളിയിൽ ഫെബ്രുവരി 7ന് വൈകുന്നേരം 4 മണിക്ക് പ്രഭാഷണത്തിലൂടെ അവതരിപ്പിക്കും.

നടന്ന കൈരളിയുടെ നവരസോത്സവത്തിന്റെ ഭാഗമായാണ് അവതരണം നടക്കുന്നത്.

ലോക കാൻസർ ദിനാചരണം നടത്തി നീഡ്സ്

ഇരിങ്ങാലക്കുട : നീഡ്സിൻ്റെയും ഐ എം എ ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ക്യാൻസർ ദിനാചരണം സംഘടിപ്പിച്ചു.

മുൻ ഗവ ചീഫ് വിപ്പും നീഡ്സ് പ്രസിഡന്റുമായ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ അരുൺ എ വിക്ടർ അധ്യക്ഷത വഹിച്ചു.

നീഡ്സ് മെമ്പറും ഇരിങ്ങാലക്കുട ഐ എം എ മുൻ പ്രസിഡന്റും ആയ ഡോ ടോം ജേക്കബ്ബ് നെല്ലിശ്ശേരി ബോധവൽക്കരണ ക്ലാസ് നയിച്ചു.

നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊഫ ആർ ജയറാം, സെക്രട്ടറി കെ പി ദേവദാസ്, ട്രഷറർ ആശാലത എന്നിവർ സന്നിഹിതരായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എൻ എ ഗുലാം മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ടി ജോർജ് നന്ദിയും പറഞ്ഞു.

കെ എസ് ടി എ പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാക ദിനം ആചരിച്ചു.

പൊതുയോഗം ജില്ലാ ജോയിൻറ് സെക്രട്ടറി സജി പോൾസൺ ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കെ വി വിദ്യ, കെ കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

കെ ഡി ബിജു സ്വാഗതവും എം എസ്
സുധിഷ് നന്ദിയും പറഞ്ഞു.

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നിർമ്മാണം : ഗതാഗത ക്രമീകരണങ്ങളില്‍ മാറ്റം

ഇരിങ്ങാലക്കുട : കെ എസ് ടി പി യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി മാപ്രാണം മുതൽ പുത്തൻതോട് വരെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള വാഹനങ്ങൾ നിലവിലുള്ള പാതയിലൂടെ സഞ്ചരിക്കേണ്ടതാണ്.

തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൻതോടിൽ നിന്നും തിരിഞ്ഞ് ചെമ്മണ്ട – പൊറത്തിശ്ശേരി വഴി സിവിൽ സ്റ്റേഷൻ റോഡ് വഴി ബസ് സ്റ്റാൻ്റിലെത്തി യാത്ര തുടരേണ്ടതാണെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

സംഗമേശ്വര ആയുർവേദ ചികിത്സാലയത്തിൽ സൗജന്യ ആയുർവേദ ക്യാമ്പ് 8ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ ആതുരസേവന സംരംഭമായ സംഗമേശ്വര ആയുർവേദ ചികിത്സാലയത്തിൽ ഫെബ്രുവരി 8ന് രാവിലെ 9.30 മുതൽ 1 മണി വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 രോഗികൾക്ക് സൗജന്യ ഔഷധങ്ങൾ വിതരണം ചെയ്യും.

ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഉദ്ഘാടനം നിർവഹിക്കും.

ഭരണസമിതി അംഗം അഡ്വ കെ ജി അജയ്കുമാർ അധ്യക്ഷത വഹിക്കും.

ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പഞ്ചകർമ്മ ചികിത്സകൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കും.

രജിസ്റ്റർ ചെയ്യുന്നതിനുള്ള നമ്പറുകൾ :

9497492503 (സംഗമേശ്വര ആയുർവേദ ചികിത്സാലയം), 9447436308 (തെക്കേനട റസിഡൻ്റ്സ് അസോസിയേഷൻ), 9447442398 (കൊരുമ്പിശ്ശേരി റസിഡൻ്റ്സ് അസോസിയേഷൻ), 7798049699 (കണ്ഠേശ്വരം റസിഡൻ്റ്സ് അസോസിയേഷൻ), 9495040121 (സൗഹൃദ റസിഡൻ്റ്സ് അസോസിയേഷൻ), 9744832277 (ഗായത്രി റസിഡൻ്റ്സ് അസോസിയേഷൻ), 9446622651 (സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ), 9447745800 (എം ജി റോഡ് റസിഡൻ്റ്സ് അസോസിയേഷൻ)

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി നൃത്ത ശില്പശാല 7ന്

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാലയ്ക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകും.

പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര നയിക്കുന്ന ശില്പശാല ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മധുലിത മൊഹപാത്ര ദൂരദർശൻ്റെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ എം പാനൽഡ് ആർട്ടിസ്റ്റുമാണ്.

ജിജോ പോളിന് യൂത്ത് കോൺഗ്രസിന്റെ ആദരം

ഇരിങ്ങാലക്കുട : ഉത്തരാഖണ്ഡിൽ നടന്ന 38-ാമത് നാഷണൽ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കേരളാ വനിതാ ബാസ്കറ്റ് ബോൾ ടീം കോച്ചായ ജിജോ പോളിനെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനു ആൻ്റണി, ഗോപി കൃഷ്ണൻ, ചാലാംപാടം 101-ാം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ഡേവിസ് ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി തോമാസ് കോട്ടോളി, വാർഡ് പ്രസിഡൻ്റ് സണ്ണി മുരിങ്ങത്തുപറമ്പിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി.

ഒ ബി സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ബി സി വിദ്യാർഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവ്വീസ് സെൻ്ററുകൾ വഴിയോ അപേക്ഷ നൽകാവുന്നതാണ്.

വിദേശ ടൂർ പാക്കേജിൻ്റെ പരസ്യം നൽകി പണം തട്ടിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം ശാസ്താമംഗലം സ്വദേശി ചാർളി വർഗ്ഗീസിനെ (51) തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബി കെ അരുൺ അറസ്റ്റ് ചെയ്തു.

മാധ്യമങ്ങളിൽ ടൂർ പാക്കേജിൻ്റെ പരസ്യം കണ്ട് ചാർളി വർഗ്ഗീസുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ, മേത്തല, എലിശ്ശേരിപ്പാറ സ്വദേശികളായ അശോകൻ, സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവരാണ് തട്ടിപ്പിനിരയായത്.

ചാർളി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദയാത്രയ്ക്കായി 9 ലക്ഷം രൂപയോളം നൽകി. പിന്നീട് ഇയാൾ ഇവരെ കബളിപ്പിച്ച് തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.

തങ്ങൾ തട്ടിപ്പിനിരയായതായി സംശയം തോന്നിയ ഇവർ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി.

തുടർന്ന് അശോകൻ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.

തട്ടിപ്പിനു ശേഷം ചാർളി പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു.

സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ചാർളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

സബ്ബ് ഇൻസ്പെക്ടർ കെ സാലിം, സജിൽ, എഎസ്ഐ ഷഫീർ ബാബു, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കരിങ്കല്ല് പണിയുടെ മറവിൽ ല​ഹരി മരുന്ന് വിൽപ്പന : ശ്രീനാരായണപുരം സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : കരിങ്കല്ല് പണിയുടെ മറവിൽ അതിമാരക മയക്കുമരുന്ന് വില്പന നടത്തിയ ശ്രീനാരാ‌യണപുരം പോഴങ്കാവ് മിൽമ റോഡിൽ താമസിക്കുന്ന കീഴോത്ത് വീട്ടിൽ സാബിത് എന്ന കണ്ണൻ (40) പിടിയിലായി.

തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങളും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫും മതിലകം എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സാബിത്തിനെ പിടികൂടിയത്.

എസ് ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ സഹദ്, എ എസ് ഐ പ്രജീഷ്, ലിജു, എസ് സി പി ഒ ബിജു, ജമാൽ, നിഷാദ്, ഷിബിൻ ജോൺസൻ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സാബിത് അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് രാസ ലഹരിയുടെ വിൽപ്പന തുടങ്ങിയത്. കൈപമംഗലം സ്റ്റേഷനിൽ ഇയാൾക്കെതിരെ മയക്കു മരുന്ന് കേസുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇയാൾക്ക് എം ഡി എം എ നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു.