ഒ.വി. വിജയൻ അനുസ്മരണവും കഥാ ചർച്ചയും

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരൻ ഒ.വി. വിജയൻ്റെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സും കഥാവിചാരവും സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), ഷാജിത സലീം, ആൻ്റണി കൈതാരത്ത്, സിന്ധു മാപ്രാണം, പി.കെ. ജോർജ്ജ്, എൻ.ഐ. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

ശിവദാസൻ ചെമ്മണ്ട, മഹേഷ് ഇരിങ്ങാലക്കുട എന്നിവർ കഥകൾ അവതരിപ്പിച്ചു.

ശ്രീകൃഷ്ണ ഹൈസ്കൂളിൽ കാർബൺ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹോക്കി ടീം അംഗങ്ങൾക്ക് 20 കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തു.

ദേശീയ തലത്തിലടക്കം നടത്തിയ പ്രവർത്തന മികവിനാണ് കുട്ടികൾക്ക് കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തത്.

പി.ടി.എ. പ്രസിഡൻ്റ് ടി.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ, എം.പി.ടി.എ. പ്രസിഡന്റ് നിജി വത്സൻ, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ, ജില്ലാ ഹോക്കി സെക്രട്ടറി എബനേസർ ജോസ്, ഭാരവാഹികളായ സുധി ചന്ദ്രൻ, സിനി വർഗ്ഗീസ്, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവർ പ്രസംഗിച്ചു.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്പ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു : ഇരിങ്ങാലക്കുടക്കാരന് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു.

അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു.

ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പറുകളിലൂടെയും വിളിച്ച് പറഞ്ഞും സ്റ്റോക്ക് ട്രേഡിംഗില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തുന്നതിന് വേണ്ടി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.

പിന്നാലെ രണ്ട് മാസം കൊണ്ട് കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കല്ലേറ്റുംകര സ്വദേശി ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.

മുഹമ്മദ് അബ്ദുൾ ഹക്കീം പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തതിൽ 4 ലക്ഷം രൂപയും ഒരു സ്ത്രീയെ ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അവരെക്കൊണ്ട് തന്നെ നാല് ലക്ഷം രൂപ ചെക്ക് മുഖേന പിന്‍വലിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടര്‍ന്ന് മുംബൈ സ്വദേശിയായ യുവാവിന് 4 ലക്ഷം രൂപയ്ക്ക് തുല്യമായ ബിറ്റ്‌കോയിന്‍ എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്ത് നൽകുകയും ചെയ്തു.

ഒരു വന്‍ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഐടി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകി കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ കടത്തിക്കൊണ്ടു പോയി നിര്‍ബന്ധിച്ചും, പീഡിപ്പിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കൊണ്ട് ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തുകയാണ് എന്നും പൊലീസ് വ്യക്തമാക്കി.

ട്രേഡിംഗിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്‍കി ആകര്‍ഷിക്കുകയും, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച്, വന്‍തുക കമ്മീഷനായി ലഭിച്ചിട്ടുളളതായി ഇരകളെ വിശ്വസിപ്പിച്ച്, ട്രേഡിംഗ് നടത്തുന്നവരില്‍ നിന്നും ഉയര്‍ന്ന തുകകള്‍ കൈപ്പറ്റി, ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചു നല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.

തട്ടിപ്പു നടത്തുന്നവര്‍ കേസ്സില്‍ ഉള്‍പ്പെടാതിരിക്കാനായി നേരിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാതെ, പണം പിന്‍വലിച്ചെടുക്കുന്നതിന് നിര്‍ധനരായ ആളുകളെ കണ്ടെത്തി ചികിത്സാ സഹായം നല്‍കാമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവര്‍ക്ക് ചെറിയ തുക കമ്മീഷനായി നല്‍കി തട്ടിപ്പ് നടത്തിയ പണത്തില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനുശേഷം ഇവരെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സുരേഷ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വം രംഗത്തിറങ്ങണം : എഐവൈഎഫ്

ഇരിങ്ങാലക്കുട : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നും ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും ആളൂർ മേഖല പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ പറഞ്ഞു.

ദിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിപിൻ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.ബി. ലത്തീഫ് , സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി.സി. അർജുനൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കർ, അസി: സെക്രട്ടറി പി.കെ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

പി.കെ. സനീഷ് സ്വാഗതവും അപർണ നന്ദിയും പറഞ്ഞു.

സെക്രട്ടറി ദിപിൻ പാപ്പച്ചൻ,
പ്രസിഡന്റ് പി.കെ. സനീഷ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

നിര്യാതനായി

സജീവൻ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ അരാകുളം വെസ്റ്റ് കുണ്ടൂർ വീട്ടിൽ സജീവൻ (63) നിര്യാതനായി.

സംസ്‌ക്കാരം നാളെ (മാർച്ച്‌ 11) രാവിലെ 9 മണിക്ക് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ബിന്ദു

മകൻ : ശരത്

മരുമകൾ : സേതുലക്ഷ്മി

ചാലക്കുടിയിൽ യുവതിയെ കയറിപ്പിടിച്ച ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ചാലക്കുടി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കയറിപ്പിടിച്ച് ശല്യപ്പെടുത്തിയ ഛത്തീസ്ഗഢ് സ്വദേശി പിടിയിലായി.

ഛത്തീസ്ഗഢ് റായ്പൂർ സ്വദേശിയായ ലകേഷ് കുമാർ മാർകം (33) എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ്ബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ഉദ്യോ​ഗസ്ഥരായ ആൻസൻ പൗലോസ്, സുരേഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം നടന്നത്.

അറസ്റ്റിലായ ലകേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി മുരിങ്ങൂരിൽ താമസിച്ചു വരികയായിരുന്നു.

കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണം : സിപിഐ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് രൂപീകൃതമായ ഭരണഘടന സ്ഥാപനമായ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പരീക്ഷയും കൂടിക്കാഴ്ചയും നടത്തി അർഹതയുണ്ടെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിൽ കഴകം തസ്തികയിൽ നിയമിച്ച ഉദ്യോഗാർത്ഥി ക്ഷേത്രത്തിനകത്ത് കഴകമായി ജോലി ചെയ്യുന്നതിനെ ഒരു വിഭാഗം ആളുകൾ എതിർത്തതിനാൽ നിയമിതനായ വ്യക്തിയെ ദേവസ്വം ഓഫീസ് ജോലിക്ക് ചുമതലപ്പെടുത്തിയ ദേവസ്വം ഭരണസമിതി തീരുമാനം പുന:പരിശോധിക്കണമെന്നും കഴകമായി നിയമിതനായി കഴകമായി തന്നെ ജോലി ചെയ്യുവാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.

ദേവസ്വത്തിൽ കഴകത്തിൻ്റെ തസ്തികയിൽ ഒഴിവുകളുണ്ടെന്നും അത് നികത്തപ്പെടണമെന്നും ദേവസ്വം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. മാത്രമല്ല, കഴകം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിട്ടുമില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

80 വർഷങ്ങൾക്ക് മുമ്പ് കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ മുന്നിലൂടെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിൻ്റെ ചരിത്രം പഠിക്കണമെന്നും ഇനിയും ജാതിവിവേചനം ഉയർത്തിയാൽ അതിനെ പ്രതിരോധിക്കുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അറിയിച്ചു.

ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പ് : 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പിൽ ഇരിങ്ങാലക്കുടയിൽ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഈ മൂന്നു കേസുകളിൽ നിന്നായി നഷ്ടപ്പെട്ടിരിക്കുന്നത് 41 ലക്ഷം രൂപയാണ് ‘

പുല്ലൂർ സ്വദേശിക്ക് നഷ്ടപ്പെട്ട 11,00,000 രൂപയുടെ പേരിൽ നൽകിയ പരാതിയാണ് ബില്യൺ ബീസിനെതിരെയായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 8-ാമത്തെ കേസായി രജിസ്റ്റർ ചെയ്തത്.

തുടർന്ന് ലഭിച്ച എസ്.എൻ. പുരം സ്വദേശിയുടെ പരാതിയിൽ 10,00,000 രൂപയുടെ തട്ടിപ്പും, കോടാലി സ്വദേശിയുടെ പരാതിയിൽ 20,00,000 രൂപയുടെ തട്ടിപ്പും നടത്തിയതായി കണ്ടെത്തി.

നിലവിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ മാത്രം ബില്യൺ ബീസിനെതിരെയായി 10-മത്തെ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതു വരെ രജിസ്റ്റർ ചെയ്ത 10 കേസുകളിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി 9 കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ.യും ആണ്.

മണിലാലിന്റെ ”ഭാരതപ്പുഴ”യ്ക്ക് ചലച്ചിത്ര മേളയിൽ അഭിനന്ദന പ്രവാഹം

ഇരിങ്ങാലക്കുട : ലൈംഗിക തൊഴിലാളിയായ സുഗന്ധി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരങ്ങളേയും, തൃശൂർ നഗരത്തേയും, തൃശൂരിലെ സാംസ്കാരിക മുഖങ്ങളെയും അടയാളപ്പെടുത്തിയ “ഭാരതപ്പുഴ”യ്ക്ക് ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ അഭിനന്ദന പ്രവാഹം.

നിരവധി ഡോക്യമെൻ്ററികളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മണിലാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

പ്രദർശനത്തിനു ശേഷം നടന്ന ചടങ്ങിൽ സംവിധായകൻ മണിലാൽ, സുഗന്ധിയായി വേഷമിട്ട സിജി പ്രദീപ്, നടൻ ദിനേഷ് എങ്ങൂർ, നടി അനുപമ ജ്യോതി, എഡിറ്റർ വിനു ജോയ്, അസോ. ഡയറക്ടർ നിധിൻ വിശ്വംഭരൻ എന്നിവരെ ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് ആദരിച്ചു.

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സ് ഡയറക്ടർ പി.ആർ. ജിജോയ്, ഗ്രാമിക സാംസ്കാരിക വേദി പ്രസിഡന്റ് പി.കെ. കിട്ടൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ജോൺ എബ്രഹാം പുരസ്കാരം നേടിയ “ഫാമിലി”യും, ഇറാനിയൻ ചിത്രമായ “മൈ ഫേവറിറ്റ് കേക്കും” പ്രദർശിപ്പിച്ചു.

ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ മാർച്ച് 10ന് രാവിലെ 10 മണിക്ക് വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ സംഗീത യാത്രകളെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി “ഒരു കാവ്യപുസ്തകം”,12 മണിക്ക് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകൾ, വൈകീട്ട് 6 മണിക്ക് ഓർമ്മ ഹാളിൽ ഫ്രഞ്ച് ചിത്രമായ “ദി നൈറ്റ് ബിലോങ്സ് ടു ലവേഴ്സ്” എന്നിവയും പ്രദർശിപ്പിക്കും.

ഠാണാ – ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യു. ഡി. എഫ്. പദ്ധതിയായതു കൊണ്ടെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യു. ഡി. എഫ്. പദ്ധതിയായതു കൊണ്ടാണെന്ന് കേരള കോൺഗ്രസ്‌ മുനിസിപ്പൽ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.

യു.ഡി.എഫ് ഗവണ്മെന്റ് 2013-14 ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും, 2014 ഫെബ്രുവരി 11, 2015 സെപ്തംബർ 8 എന്നീ തിയ്യതികളിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി 11 കോടി രൂപയും, 3 കോടി രൂപയും അനുവദിച്ച് അക്വിസിഷൻ നടപടികൾ തുടങ്ങിയ പദ്ധതി ഇപ്പോഴും പൂർത്തിയാക്കാതെ 9 വർഷം താമസിപ്പിച്ചതിന് എൽ. ഡി. എഫ്. ജനങ്ങളോട് മാപ്പ് പറയണമെന്നും പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.ടി.പി നടത്തുന്ന തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണം അശാസ്ത്രീമാണെന്നും ഇരിങ്ങാലക്കുട മുതൽ കരുവന്നൂർ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതം താറുമാറാക്കുകയും പൈപ്പുകൾ പൊട്ടി കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്തതായും സമ്മേളനം ചൂണ്ടിക്കാട്ടി.

യു.ഡി.എഫ്. ഗവണ്മെന്റിന്റെ സംഭാവനയായ ജനറൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നഗരസഭ പ്രദേശത്ത്‌ യു.ഡി.എഫ്. ഭരണ കാലഘട്ടത്തിൽ ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുൻ എം.എൽ.എ. അഡ്വ തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ഇത് വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു.

മുനിസിപ്പൽ മണ്ഡലം പ്രവർത്തക സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ പി.ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ്‌ സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.കെ. സേതുമാധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, വനിതാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനിക്കാരൻ, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ലാലു വിൻസെന്റ്, അജിത സദാനന്ദൻ, കെ. സതീഷ്, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ലിംസി ഡാർവിൻ, ലാസർ കോച്ചേരി, എ.ഡി. ഫ്രാൻസിസ്, ഒ.എസ്. ടോമി, റാണി കൃഷ്ണൻ വെള്ളാപ്പിള്ളി, ഷീല ജോയ്, ലില്ലി തോമസ്, പി.വി. നോബിൾ, യോഹന്നാൻ കോമ്പാറക്കാരൻ എന്നിവർ പ്രസംഗിച്ചു.