ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : നവാഗത സംവിധായകനുള്ള പ്രഥമ സി.ആർ. കേശവൻ വൈദ്യർ മെമ്മോറിയൽ അവാർഡ് “വിക്ടോറിയ”യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ നവാഗത സംവിധായകനുള്ള സി.ആർ. കേശവൻ വൈദ്യർ മെമ്മോറിയൽ അവാർഡ് “വിക്ടോറിയ” എന്ന ചിത്രത്തിൻ്റെ സംവിധായിക ജെ. ശിവരഞ്ജിനിക്ക്. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം.

റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്., ഡോ. സി.ജി. രാജേന്ദ്രബാബു, സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

കേരളീയ സ്ത്രീ ജീവിതങ്ങൾ, ഭാവനകൾ, കാമനകൾ എന്നിവയിലൂടെയുള്ള ഒരു സൂക്ഷ്മ സഞ്ചാരമാണ് ശിവരഞ്ജിനിയുടെ ആദ്യ ചിത്രമായ വിക്ടോറിയയെന്നും സ്ത്രീ കഥാപാത്രങ്ങളെ ഇരയോ ഉപഭോഗ വസ്തുവോ ആയി മാത്രം അവതരിപ്പിച്ചു പോരുന്ന സിനിമാ വഴക്കങ്ങളെ ചിത്രം ഭേദിക്കുകയാണെന്നും ജൂറി വിലയിരുത്തി.

മാർച്ച് 16ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ എസ്.വി. പ്രൊഡക്റ്റ്സ് ചെയർമാൻ ഡോ. സി.കെ. രവി അവാർഡ് ദാനം നിർവഹിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ അഖിലകേരള ലേഖന മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി.എ. ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിനി കെ. സേതുലക്ഷ്മി, തൃശ്ശൂർ പുറനാട്ടുകര സെൻട്രൽ സംസ്കൃതം സർവ്വകലാശാല വിദ്യാർഥിനി എൻജലിൻ കെ. ജെൽസൻ, കാലിക്കറ്റ് സർവകലാശാല മലയാള – കേരള പഠന വിഭാഗം വിദ്യാർഥി കെ.ടി. പ്രവീൺ, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ നേടിയ മലപ്പുറം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥി ടി.കെ. അതുൽ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജ് ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി അൽന സാബു, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ വിദ്യാർഥിനി അമിയ എം. അരിക്കാട്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ബിഎ എക്കണോമിക്സ് വിദ്യാർഥി മാത്യു എബ്രഹാംസൺ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജ് എം എസ് സി വിദ്യാർഥിനി സാനി ആൻ്റണി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് എംഎ മലയാളം വിദ്യാർഥിനി പി.ജി. കൃഷ്ണപ്രിയ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജ് ബിഎ ഹിസ്റ്ററി വിദ്യാർഥി ജെറിൻ സിറിൾ എന്നിവർക്ക് മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി. ദാസ് അവാർഡുകൾ സമ്മാനിക്കും.

കാട്ടൂര്‍ പറയങ്കടവ് നടപ്പാലത്തിന്റെ പരിസരം കാടുമൂടി

ഇരിങ്ങാലക്കുട : കാട്ടൂര്‍ പറയങ്കടവ് നടപ്പാലത്തിന്റെ പരിസരത്ത് കാട് കയറി.

യാത്രക്കാർക്ക് ഭീഷണിയായാണ് പാലത്തിന് താഴെ പൊന്തക്കാട് വളർന്നുനിൽക്കുന്നത്. ഇതിനുള്ളിലെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

എടത്തിരുത്തി – കാട്ടൂര്‍ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലപ്പഴക്കം ചെന്ന പാലം ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കുമുള്ള ആശ്രയമാണ്.

കിഴക്കേ കടവിലെ കാട് വെട്ടിമാറ്റി യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിറഞ്ഞ സദസ്സിൽ ”തടവും” ”ഫെമിനിച്ചി ഫാത്തിമ”യും ; ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള എട്ടാം ദിനത്തിലേക്ക്

ഇരിങ്ങാലക്കുട : അംഗീകാരങ്ങൾ വാരിക്കൂട്ടിയ ”തടവ്”, ”ഫെമിനിച്ചി ഫാത്തിമ” എന്നീ ചിത്രങ്ങൾ ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ.

മാസ് മൂവീസിൽ പ്രദർശനങ്ങൾക്കും ചർച്ചകൾക്കും ശേഷം നടന്ന ചടങ്ങിൽ “തടവി”ൻ്റെ സംവിധായകൻ ഫാസിൽ റസാഖിനെ സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്തും, “ഫെമിനിച്ചി ഫാത്തിമ”യുടെ സംവിധായകനും ക്രൈസ്റ്റ് കോളെജിലെ പൂർവ്വ വിദ്യാർഥിയുമായ ഫാസിൽ മുഹമ്മദിനെ കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിലും ആദരിച്ചു.

അഡ്വ. ആശ ഉണ്ണിത്താൻ, പി.കെ. കിട്ടൻ മാസ്റ്റർ, കെ. ഹസ്സൻ കോയ, അഡ്വ. പി.കെ. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈകീട്ട് ഓർമ്മ ഹാളിൽ റഷ്യൻ ഡോക്യുമെൻ്ററിയായ ”ഇൻ്റർസെപ്റ്റഡ്” പ്രദർശിപ്പിച്ചു.

ചലച്ചിത്രമേളയുടെ എട്ടാം ദിവസമായ മാർച്ച് 15ന് മാസ് മൂവീസിൽ രാവിലെ 10 മണിക്ക് “സംഘർഷഘടന”, 12 മണിക്ക് “അരിക്” എന്നീ ചിത്രങ്ങളും വൈകീട്ട് 6ന് ഓർമ്മ ഹാളിൽ പാലസ്തീനിയൻ ഡോക്യുമെൻ്ററിയായ “ഫ്രം ഗ്രൗണ്ട് സീറോ- ദി അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ”യും പ്രദർശിപ്പിക്കും.

സമഗ്ര വികസനം ലക്ഷ്യമിട്ട് കാറളം പഞ്ചായത്ത് ബജറ്റ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അവതരിപ്പിച്ചു.

20,06,97,657 രൂപ വരവും 19,22,68,520 രൂപ ചിലവും 84,29,137 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

കാർഷിക മേഖല, വനിതകളുടെ ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം, കായികം, വയോജനക്ഷേമം, സമ്പൂർണ്ണ കുടിവെള്ള ഗ്രാമം എന്നീ മേഖലകളുടെ സമഗ്ര വികസനം, ഭൂ ഭവന രഹിതർക്കുള്ള പ്രത്യേക പാർപ്പിട പരിരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ കുറ്റമറ്റതാക്കൽ എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി റെനിൽ, ജഗജി കായംപുറത്ത്, ബീന സുബ്രഹ്മണ്യൻ, മെമ്പർമാരായ ലൈജു ആന്റണി, സുരേന്ദ്രലാൽ, വൃന്ദ അജിത്കുമാർ, സീമ പ്രേംരാജ്, അംബിക സുഭാഷ്, രജനി നന്ദകുമാർ, സരിത വിനോദ്, അജയൻ തറയിൽ, ജ്യോതി പ്രകാശൻ, ടി.എസ്. ശശികുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സെക്രട്ടറി കെ.കെ. ഗ്രേസി നന്ദി പറഞ്ഞു.

വേളൂക്കര പഞ്ചായത്തില്‍ ആരോഗ്യ വണ്ടി പ്രയാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ആരോഗ്യവണ്ടി പര്യടനം ആരംഭിച്ചു.

ജീവിതശൈലീരോഗങ്ങള്‍, ടിബി, കാന്‍സര്‍ തുടങ്ങിയവയുടെ സ്‌ക്രീനിംഗ് നടത്തും.

പ്രധാന ജംഗ്ഷനുകളില്‍ മൂന്നു ദിവസങ്ങളിലായാണ് പര്യടനം.

പര്യടനത്തില്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും മാലിന്യവിമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തും.

ആരോഗ്യകേന്ദ്രം ഇത്തരം ബോധവത്കരണ പരിപാടികള്‍ നടത്തുമ്പോള്‍ എത്താന്‍ സാധിക്കാത്ത ഡ്രൈവര്‍മാര്‍, വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് പദ്ധതി.

വേളൂക്കര പഞ്ചായത്തിലെ കൊറ്റനല്ലൂര്‍, പട്ടേപ്പാടം, കുതിരത്തടം, കുന്നുമ്മല്‍ക്കാട് എന്നീ പ്രദേശങ്ങളിലാണ് ബോധവല്‍ക്കരണ പരിപാടികളും പരിശോധനകളും നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ വിന്‍സന്റ് കാനംകുടം, ബിബിന്‍ തുടിയത്ത്, പി.ജെ. സതീഷ്, കെ.കെ. യൂസഫ് എന്നിവര്‍ വിവിധ ഇടങ്ങളില്‍ പ്രസംഗിച്ചു.

വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് നേഴ്‌സുമാര്‍, എം.എല്‍.എസ്.പി. നേഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്‍കി.

മൂര്‍ക്കനാട് സെന്റ്. ആന്റണീസ് എല്‍.പി. സ്‌കൂളില്‍ സോളാര്‍ പാനല്‍ സിസ്റ്റം

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്‍റ്. ആന്‍റണീസ് എല്‍.പി. സ്‌കൂളില്‍ ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന്‍ സംഭാവന നല്‍കിയ സോളാര്‍പാനല്‍ സിസ്റ്റം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ ഫാ. സിന്‍റോ മാടവന അധ്യക്ഷത വഹിച്ചു.

ഐ.സി.ഐ.സി.ഐ. ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ജെയ്ബി വര്‍ഗീസ്, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.ഐ. റീന, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ്, ട്രസ്റ്റി പോള്‍ തേറുപറമ്പില്‍, അധ്യാപക പ്രതിനിധി പി.പി. അനുമോള്‍ എന്നിവർ പ്രസംഗിച്ചു.

സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എടത്തിരുത്തി പഞ്ചായത്ത് തല വ്യക്തിവികാസ ദ്വിദിന ശില്പശാല സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ നടത്തി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ എം.എസ്. നിഖില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രശസ്ത തെരുവ് അമേച്വര്‍ നാടക സംവിധായകൻ അഖിലേഷ് തയ്യൂര്‍, കേരള സാഹിത്യ പരിഷത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ജി. ജയശ്രീ എന്നിവര്‍ നേതൃത്വം നൽകി.

പ്രധാനാധ്യാപിക സിസ്റ്റര്‍ റെമി, മിനു എന്നിവര്‍ പ്രസംഗിച്ചു.

നിര്യാതയായി

ദേവയാനി

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.

സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മകൻ : ജിതിൻ

മരുമകൾ : വിനീത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ(95) നിര്യാതയായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോൺസൻ, ജോസ്,
ഫ്രാൻസിസ്, റോസി,
ഡെയ്സി

മരുമക്കൾ : മേരി, പരേതയായ സിസിലി, ഉഷ, ഡേവീസ്