മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് 9നും 10നും

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 9, 10 തിയ്യതികളിലായി വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അറിയിച്ചു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ക്ലാസ്സിൽ മനഃശാസ്ത്ര വിദഗ്ധർ, പ്രൊഫസർമാർ, ഡോക്ടർമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.

എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ ഹാളിൽ നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിയൻ ഓഫീസുമായോ, 9388385000 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട്, ഗൈഡ് കുട്ടികളുടെ ട്രൂപ്പ്/ കമ്പനി ലീഡേഴ്സിൻ്റെ ഏകദിന പരിശീലനം ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ചു.

വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 123 കുട്ടികൾ പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ (ഗൈഡ്) ഐഷാബി അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ (ജി) കെ.കെ. ജോയ്സി, ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ പ്രസിഡൻ്റ് കുര്യൻ ജോസഫ്, ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പൽ മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡിസ്ട്രിക്റ്റ് ട്രെയിനിങ് കമ്മിഷണർ (സ്കൗട്ട്) പി.ജി. കൃഷ്ണനുണ്ണി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ കെ.ഡി. ജയപ്രകാശൻ, ജില്ലാ റോവർ വിഭാഗം കമ്മിഷണർ വി.ബി. പ്രസാദ്, ജില്ലാ ട്രഷറർ എ.ബി. ബെനക്സ്, സ്കൗട്ട് മാസ്റ്റർ രാജേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ജില്ലാ സെക്രട്ടറി ഡൊമിനിക്ക് പറേക്കാട്ട് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിൻസി തോമസ് നന്ദിയും പറഞ്ഞു.

മന്ത്രി ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച്

ഇരിങ്ങാലക്കുട : സര്‍വ്വകലാശാലകളില്‍ സ്ഥിരം വി.സി.മാരെ നിയമിക്കുക, സർക്കാർ കോളെജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുട ഓഫീസിലേക്ക് എബിവിപി മാര്‍ച്ച് സംഘടിപ്പിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍. അശ്വതി മാർച്ച് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി യദു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മലക്കപ്പാറയിൽ 4 വയസ്സുകാരനെ പുലി പിടിച്ചു : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന മലക്കപ്പാറ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻകുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെ 2.15 മണിയോടെയാണ് സംഭവം

വീട്ടുകാർ ശബ്ദം കേട്ട് ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പൊലീസിന്റെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : സിപിഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് ആർബിഐ നിർദ്ദേശം നൽകിയിരിക്കുകയാണ്. ബാങ്കിംഗ് പ്രവർത്തനത്തിൽ നിരന്തരമായ ക്രമക്കേടുകൾ നടത്തിയത് ചൂണ്ടിക്കാണിച്ചാണ് ആർബിഐയുടെ നടപടി.

നിലവിലെ ഉത്തരവ് പ്രകാരം ആറുമാസ കാലയളവിനുള്ളിൽ നിക്ഷേപകന് ആകെ പിൻവലിക്കാൻ കഴിയുന്ന സംഖ്യ പതിനായിരം രൂപ മാത്രമാണ്. പുതിയ വായ്പകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലക്കുണ്ട്.

ബാങ്കിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഇടപാടുകാർ കടുത്ത ആശങ്കയിലാണ്.

നിക്ഷേപകർക്ക് വായ്പാസംഖ്യ ആവശ്യാനുസരണം നൽകുന്നതിനുള്ള നടപടി ബാങ്ക് കൈക്കൊള്ളണമെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് ടൗൺ ബാങ്കിനെ എത്തിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള സഹകരണ വകുപ്പ് സമഗ്ര അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ആവശ്യപ്പെട്ടു.

ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ അഴിമതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി ബിജെപി

ഇരിങ്ങാലക്കുട : ടൗൺ സർവീസ് സഹകരണ ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.

മാർച്ച് ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട മേഖലയിലെ സഹകാരികളുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് ബാങ്കിനെ സാമ്പത്തികമായി പടുകുഴിയിലാക്കിയത് റിസർവ് ബാങ്ക് അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന്
സഹകാരികളുടെ കോടികൾ വരുന്ന നിക്ഷേപം തകരാതിരിക്കാനും മറ്റൊരു കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കായി മാറാതിരിക്കാനും റിസർവ് ബാങ്ക് ചില പെരുമാറ്റചട്ടങ്ങൾ ബാങ്കിനായി കൊടുത്തിട്ടുണ്ട്.
ഈ പെരുമാറ്റ ചട്ടങ്ങൾ നടപ്പിൽ വരുത്തി ബാങ്കിനെ സംരക്ഷിക്കേണ്ടത് ഭരണാധികാരികളാണ്. ഇനിയും ഈ ബാങ്ക് സഹകാരികളെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോയി നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.പി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു എന്നിവർ പ്രസംഗിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട് സ്വാഗതവും
വി.സി. രമേഷ് നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, വിപിൻ, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, സെബാസ്റ്റ്യൻ ചാലിശ്ശേരി, ജോജൻ കൊല്ലാട്ടിൽ, സൽഗു തറയിൽ, ഏരിയ പ്രസിഡൻ്റുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ, നഗരസഭ കൗൺസിലർമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : മാനസികാസ്വാസ്ഥ്യമുള്ളയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പുല്ലൂർ തുറവൻകാട് സ്വദേശികളായ തേക്കൂട്ട് വീട്ടിൽ സനീഷ് (38), മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കഴിഞ്ഞയാഴ്ച അനിത് കുമാർ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രതികളായ സനീഷും അഭിത്തും ചൊവ്വാഴ്ച രാത്രി 8 മണിയോടെ അനിത് കുമാറിനെ അന്വേഷിച്ച് തുറവൻകാടുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അനിത് കുമാറിന്റെ അമ്മയോട് അവനെ കിട്ടിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഗാന്ധിഗ്രാം എൻ.എസ്.എസ്. കരയോഗത്തിന് സമീപം അനിത് കുമാറിനെ കണ്ട പ്രതികൾ അയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അനിത് കുമാർ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്.

സനീഷ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്.

അഭിത്ത് ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും, മദ്യ ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്.

നടവരമ്പ് സ്കൂളിൽ ഔഷധസസ്യ പ്രദർശനവും പച്ചക്കറിത്തൈ വിതരണവും നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും എക്കോ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഔഷധ സസ്യ പ്രദർശനവും
പച്ചക്കറിത്തൈ വിതരണവും നടത്തി.

ഹെഡ്മിസ്ട്രസ് എം.വി. ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു.

സീഡ് കോർഡിനേറ്റർ സി.ബി. ബിജി പദ്ധതി വിശദീകരണം നടത്തി.

സീനിയർ അസിസ്റ്റൻ്റ് എം.കെ. സീന ആശംസകൾ നേർന്നു.

അടുക്കളത്തോട്ടം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സിനും ഗ്രോബാഗുകളും തൈകളും നൽകി.

തുടർന്ന് ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെക്കുറിച്ച്
കുട്ടികൾക്ക് ക്ലാസ്സെടുത്തു.

അധ്യാപകരായ ഐ.ആർ. ബിജി, എ.കെ. ഗായത്രി, ശലഭ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കേരളത്തിൽ നിന്നും ആദ്യമായി മൂന്ന് അപൂർവ്വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് അപൂർവ്വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.

ഇവയെ ആദ്യമായാണ് സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്.

കേരളത്തിലെ മലപ്പുറം ജില്ലയിലെ വാഴയൂർ പ്രദേശത്താണ് ഇൻഡോപാൽപാരസ് പാർഡസ് കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്.

ഈ ജീവജാതിയെ ഇതിനുമുമ്പ് ബീഹാർ, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമേ കണ്ടുപിടിച്ചിട്ടുള്ളൂ.

പാൽപ്പാരസ് കണ്ട്രേറിയസ് എന്ന ജീവജാതിയെ കേരളത്തിൽ കൊല്ലം (കട്ടിലപ്പാറ, റോസ്മ‌ല), ഇടുക്കി (കോലാഹലമേട്), കണ്ണൂർ (കൂത്തുപറമ്പ്), കോഴിക്കോട് (പായംതൊണ്ട്), പാലക്കാട് (പുതുനഗരം), വയനാട് (തിരുനെല്ലി) എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.

മുൻപ് ഇത് കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ മാത്രം രേഖപ്പെടുത്തിയിരുന്നു.

ഇതിനുമുമ്പ് തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ മാത്രം കണ്ടിരുന്ന സ്റ്റെനാരസ് ഹാർപിയ (Stenares harpyla) ജീവജാതിയെ പത്തനംതിട്ടയിലെ ഗവി, വയനാട്ടിലെ തിരുനെല്ലി, ഇടുക്കിയിലെ വള്ളക്കടവ് എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്.

ഇതോടെ ഈ ജാതിയുടെ താത്വിക പരിധി ദക്ഷിണ പശ്ചിമഘട്ടത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

ഈ കണ്ടെത്തൽ ‘ജേർണൽ ഓഫ് ഇൻസെക്‌ട് ബയോഡൈവേഴ്‌സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’ എന്ന അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.

സാധാരണ കണ്ടുവരുന്ന തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പ‌ർശനി ഉള്ളത് കാരണമാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യാസപ്പെടാനുള്ള പ്രധാന കാരണം.

കുഴിയാനകളിൽ നിന്നും വ്യത്യസ്‌തമായി അയഞ്ഞ മണ്ണിൽ കുഴികൾ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തിൽ ആണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ (എസ്.ഇ.ആർ.എൽ.) ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ടി.ബി. സൂര്യനാരായണൻ, എസ്.ഇ.ആർ.എൽ. മേധാവിയും ക്രൈസ്റ്റ് കോളെജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.