വിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും ആഗസ്റ്റ് 30 മുതൽ സെപ്തംബർ 8 വരെ

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ പ്രൊഫഷണൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ സീനിയർ – ജൂനിയർ സി.എൽ.സി.യുടെ സഹകരണത്തോടെ വിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും ആഗസ്റ്റ് 30 മുതൽ സെപ്തംബർ 8 വരെ ആഘോഷിക്കും.

ആഗസ്റ്റ് 30ന് വൈകിട്ട് 5 മണിയുടെ കുർബാനയ്ക്ക് മുൻപ് കത്തീഡ്രൽ ഇടവക വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ തിരുനാൾ കൊടിയേറ്റം നിർവഹിക്കും.

കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം 27ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27ന് വിനായക ചതുർത്ഥി ആഘോഷം നടക്കും.

രാവിലെ തന്ത്രി അണിമംഗലത്ത് വല്ലഭൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.

9 മണിക്ക് പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.

വൈകീട്ട് 5.30ന് ക്ഷേത്രനടയിൽ കലാമണ്ഡലം വിഷ്ണു, മഹേഷ് രാജ് പാറക്കടവ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കേളി, സലീഷ് നനദുർഗയുടെ സോപാനസംഗീതം, 7 മണിക്ക് കഥകളി എന്നിവ അരങ്ങേറും.

” മാർഗ്ഗമയ” അഖില കേരള മാർഗ്ഗംകളി മത്സരം സെപ്തംബർ 13ന്

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ “മാർഗ്ഗമയ” അഖില കേരള മാർഗ്ഗംകളി മത്സരം സെപ്തംബർ 13ന് വൈകിട്ട് 5 മണിക്ക് കത്തീഡ്രൽ അങ്കണത്തിൽ സംഘടിപ്പിക്കും.

വിജയികളാകുന്ന ആദ്യത്തെ 5 സ്ഥാനക്കാർക്ക് 25000, 20000, 15000, 10000, 7000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 5000 രൂപയും നൽകും.

കൂടുതൽ വിവരങ്ങൾക്ക് : 9846717740, 9539526369, 7560821596

മുരിയാട് വികസന മുന്നേറ്റ യാത്രക്ക് ആവേശകരമായ തുടക്കം

ഇരിങ്ങാലക്കുട : സി.പി.ഐ എം മുരിയാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ കാൽ നട യാത്ര ആനന്ദപുരം എടയാറ്റു മുറിയിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ജാഥാ ക്യപ്റ്റൻ ജോസ്. ജെ. ചിറ്റിലപ്പിള്ളിക്ക് പതാക കൈമാറി ഉൽഘാടനം ചെയ്തു.

സർഗ്ഗാത്മക വികസനം സമഗ്ര മുന്നേറ്റം എന്ന മുദ്രാവാക്യമാണ് യാത്ര മുന്നോട്ട് വക്കുന്നത്.

ഏരിയാ കമ്മിറ്റി അംഗം ടി.ജി ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു.

ജാഥാ വൈസ് ക്യാപ്റ്റൻ ലതാ ചന്ദ്രൻ, മാനേജർ കെ.ജി മോഹനൻ, മുരിയാട് ലോക്കൽ സെക്രട്ടറി പി. ആർ. ബാലൻ, ബ്ളോക്ക് പ്രസിഡൻ്റ് ലളിതാ ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, അഡ്വ കെ.എ. മനോഹരൻ, കെ.യു.വിജയൻ, എ.എസ് സുനിൽ കുമാർ, കെ.എം ദിവാകരൻ, എ.എം ജോൺസൺ, പി പി സന്തോഷ്, മണി സജയൻ, ഷീനാ രാജൻ തുടങ്ങിയവർ സംസാരിച്ചു.

എടയാറ്റു മുറിയിൽ നൽകിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ ജോസ്. ജെ. ചിറ്റിലപ്പിള്ളി നന്ദി പറഞ്ഞു.

ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് ആനന്ദപുരം കപ്പേള പരിസരത്ത് ആരംഭിച്ച് വൈകിട്ട് 5.30 ന് വേഴക്കാട്ടുകരയിൽ സമാപിക്കും.

ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് ആനുരുളിയിൽ നിന്നും ആരംഭിക്കുന്ന വികസന മുന്നേറ്റ യാത്ര വൈകീട്ട് 6 മണിക്ക് പുല്ലൂരിൽ സമാപിക്കും

അഡ്വ ഷൈനി ജോജോ കേരള കോൺഗ്രസ്‌ കാറളം മണ്ഡലം പ്രസിഡൻ്റ് ; അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ വർക്കിങ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്‌ കാറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അഡ്വ. ഷൈനി ജോജോ, വർക്കിംഗ് പ്രസിഡന്റായി അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.

കാറളം എൻ. എസ്. എസ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സന്തോഷ് മംഗലത്ത്, വിദ്യ പുത്തൂക്കാരൻ
(വൈസ് പ്രസിഡൻ്റുമാർ), ഷിജി വിജു കണ്ണമ്പുഴ (സെക്രട്ടറി ഓഫീസ് ഇൻ ചാർജ്ജ്), ലോനപ്പൻ കുരുതുകുളങ്ങര, അനിലൻ പൊഴേക്കടവിൽ (ജനറൽ സെക്രട്ടറിമാർ), പ്രവീഷ് കോപ്പുള്ളി പറമ്പിൽ (ജോയിന്റ് സെക്രട്ടറി), ജിന്റോ ആലപ്പാടൻ (ട്രഷറർ), എൽവിൻ ജോജോ ചിറ്റിലപ്പിള്ളി (യൂത്ത് കോർഡിനേറ്റർ), അലീന സന്തോഷ് (വനിതാ യൂത്ത് ജോയിന്റ് കോർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അതിരപ്പിള്ളി വാച്ചുമരം ഉന്നതിയിൽ ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്ത് ഭദ്രദീപം കുടുംബശ്രീ

ഇരിങ്ങാലക്കുട : നഗരസഭ 34-ാം വാർഡിലെ ഭദ്രദീപം കുടുംബശ്രീയുടെ പത്താം വാർഷികത്തോടനോടനുബന്ധിച്ച് അതിരപ്പിള്ളി പഞ്ചായത്ത് വാച്ചുമരം ഉന്നതിയിലെ 40 കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു.

ഭദ്രദീപം കുടുംബശ്രീ പ്രസിഡൻ്റ് ലതിക ചന്ദ്രൻ, സെക്രട്ടറി സിന്ധു സുന്ദരൻ എന്നിവർ നേതൃത്വം നൽകി.

കുടുംബശ്രീയിലെ
14 അംഗങ്ങൾ അവരുടെ സമ്പാദ്യത്തിൽ നിന്ന് മിച്ചം വരുന്ന പണം സ്വരുക്കൂട്ടിയാണ് ഇത്തരം സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ചടങ്ങിൽ കുടുംബശ്രീയിലെ അംഗങ്ങളോടൊപ്പം കൗൺസിലർ വിജയകുമാരി അനിലൻ,
സിഡിഎസ് ചെയർപേഴ്സൺ ഷൈലജ, സിഡിഎസ് മെമ്പർ ശാലിനി, എഡിഎസ് അംഗങ്ങൾ, ഊര് മൂപ്പൻ രാജൻ, അതിരപ്പിള്ളി പഞ്ചായത്ത് മെമ്പർ അഷിത എന്നിവരും പങ്കെടുത്തു.

നിര്യാതയായി

അന്നംകുട്ടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ആലപ്പാടൻ കൊച്ചാപ്പു പൗലോസ് ഭാര്യ അന്നംകുട്ടി (86) നിര്യാതയായി.

സംസ്‌കാരകർമ്മം ഇന്ന് (ആഗസ്റ്റ് 26) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : മേഴ്‌സി, ഷീല, ജോയ്, ആന്റു

മരുമക്കൾ : ഡേവീസ്, വിത്സൺ, ജോളി, വിധു

മുരിയാട് പഞ്ചായത്ത് 12-ാം വാർഡിൽ ഓണാഘോഷത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 12-ാം വാർഡിൽ ഓണാഘോഷത്തിന് കൊടിയേറി.

കൊടിയേറ്റം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പക്ടർ കെ.ജെ. ജിനേഷ് നിർവ്വഹിച്ചു.

പഞ്ചായത്തംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.

ഓണാഘോഷ കൺവീനർ സെനു രവി, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ പി.ടി. ജോർജ്ജ്, റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ചാർളി തൊകലത്ത്, രജിത സുധീഷ്, സിന്ധു രാജൻ, ബീന രവി, ബാബു ചങ്കരൻകാട്ടിൽ, കുട്ടൻ പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

ആഗസ്റ്റ് 31ന് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 6 മണി വരെ വീര്യനാട്യ മാമാങ്കം (കൈകൊട്ടികളി), തുടർന്ന് 6 മണി മുതൽ കലാസന്ധ്യ, മിമിക്സ് & ഫിഗർഷോ എന്നിവ ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട – എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടച്ചു തുടങ്ങി ; ടൈൽ വിരിക്കൽ ഓണം കഴിഞ്ഞ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – എകെപി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്സിന് മുൻവശത്തുള്ള കുഴികൾ അടയ്ക്കുന്ന പ്രവർത്തി വീണ്ടും ആരംഭിച്ചു.

മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത ദുരിതത്തിന് ആശ്വാസം എന്ന നിലയിലാണ് പ്രവർത്തി പുനരാരംഭിച്ചിരിക്കുന്നത്.

ഓണം കഴിഞ്ഞ് ടൈൽ വിരിക്കുമെന്നും അതിൻ്റെ പ്രാരംഭം എന്ന നിലയിലാണ് ഇപ്പോൾ കുഴികൾ അടച്ച് റോഡ് നിരപ്പാക്കുന്നതെന്നും കോൺട്രാക്ടർ പറഞ്ഞു.

പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് – കാട്ടൂർ റോഡ് ജംഗ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷൻ റോഡിലേക്ക് കടക്കുന്ന ഭാഗം മുതൽ എ.കെ.പി. ജംഗ്ഷൻ വരെ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. പലരും നിരോധനം അറിയാതെ ഇവിടെ വരെ വന്ന് മറ്റു പലവഴിക്കും തിരിഞ്ഞ് പോകേണ്ട സ്ഥിതിയിലാണ്.

അല്പം ബുദ്ധിമുട്ട് സഹിച്ചാലും ഇനിയെങ്കിലും എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഖില കേരള പൂക്കളമത്സരം സെപ്തംബർ 6ന്

ഇരിങ്ങാലക്കുട : എസ്.എൻ.വൈ.എസിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് സെപ്തംബർ 6ന് ശ്രീനാരായണ മിനിഹാളിൽ രാവിലെ 10 മണിക്ക് അഖില കേരള പൂക്കള മത്സരം സംഘടിപ്പിക്കും.

പൂക്കള മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 300 രൂപ അഡ്മിഷൻ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണം.

പൂക്കളത്തിൽ 80 ശതമാനം പൂക്കളും പൂക്കളത്തിന് 4 അടി സമചതുരം വിസ്തീർണ്ണവും ഉണ്ടായിരിക്കണം.

ഒരു ടീമിൽ പരമാവധി അഞ്ച് പേർക്ക് പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവർക്ക് സെപ്തംബർ 5ന് വൈകീട്ട് 5 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 7000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ലഭിക്കും.

സമ്മാനദാനം ചതയദിനത്തിൽ നടത്തുന്ന സമാപന സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് 9447618164, 9447023885, 9947903309 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.