ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി ആരംഭിച്ചു.

ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ കുടുംബാംഗം രാമചന്ദ്രൻ രാവിലെ എട്ട് മണിക്ക് തൃപ്പടിയിൽ സമർപ്പിച്ചു.

അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി ക്ഷേത്രനടപ്പുരയിൽ വെച്ച് ശാസ്താവിന് സമർപ്പിച്ചു.

മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ
ചേർന്ന് ഏറ്റുവാങ്ങി.

തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിച്ചു.

കൊടിയേറ്റ ദിവസം രാവിലെ 5 ന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .

ആറാട്ടുപുഴ ശാസ്താവിന് ഭക്തർ ചമയങ്ങൾ സമർപ്പിച്ചു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തർ സമർപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം
പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലായിരുന്നു സമര്‍പ്പണം.

കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയും തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ശാസ്താവിന് സമര്‍പ്പിച്ചു.

കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും ആലവട്ടം, ചാമരം എന്നിവ ഒരുക്കിയതിൽ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറും ചുമതലക്കാരാണ്.

സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 28ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗവും കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് മാർച്ച്‌ 28 ശനിയാഴ്ച സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശൻ കൈമാപ്പറമ്പിൽ അധ്യക്ഷതവഹിക്കും.

കാറളം പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ നീതു അനീഷ് ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യതിഥിയായി പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ : 9497624692.

നോമ്പുകാല തീർത്ഥാടന പദയാത്ര നടത്തി സെൻ്റ് തോമസ് കത്തീഡ്രലിലെ വിശ്വാസികൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് മാർത്തോമാ തീർത്ഥാടന കേന്ദ്രത്തിലേക്ക് നോമ്പുകാല തീർത്ഥാടന പദയാത്ര നടത്തി.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, പദയാത്ര ജനറൽ കൺവീനർ ഡീജോ പള്ളായിക്ക് പതാക കൈമാറി നോമ്പുകാല തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

പി. ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ പത്രപ്രവർത്തകനായിരുന്ന പി. ശ്രീധരൻ്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങ് സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായി.

വി.ആർ. ലിഷോയ്, കെ. ദിനേശ് രാജ, ചന്ദ്രൻ കാട്ടൂർ, ഇരിങ്ങാലക്കുട ബാബുരാജ്, കെ.പി. രാജൻ, ജോസ് മഞ്ഞില, ആൻ്റണി കൈതാരത്ത്, പഴുവിൽ ഗോപിനാഥ്, ഡോ. ജോൺസൺ ഫ്രാൻസിസ്, നോമി കൃഷ്ണ, കെ.വി. മണി, എൻ.എസ്. രാജൻ, ആശ യതീന്ദ്രദാസ്, ശിവദാസൻ ചെമ്മണ്ട തുടങ്ങിയവർ പ്രസംഗിച്ചു.

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങൾ ഒരുങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിനുള്ള  കൈപ്പന്തങ്ങള്‍ ഒരുങ്ങി.  രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും 18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തിൽ മുല്ലമൊട്ടിന്റെ ആകൃതിയിൽ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ  തിരുവാതിര  വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. 

തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും. ഓരോ എഴുന്നെള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങൾ വീണ്ടും ചുറ്റി തയ്യാറാക്കും.

ശാസ്താവ് എഴുന്നെള്ളുമ്പോൾ
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.

ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മനോഹരമായി പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി  മന്ദാരകടവിൽ വെച്ച്  പുഴുങ്ങി അലക്കി ഉണക്കി വെച്ചിട്ടുണ്ടായിരുന്നു. 

വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലങ്ങളിൽ വൃശ്ചിക മാസത്തിൽ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്  വെയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്.

ഒരു ആറ് നാഴി പന്തം മൂന്ന് മണിക്കൂർ കത്തണമെങ്കിൽ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നെള്ളിപ്പ് സമയത്ത് ഇരുപത് മിനിറ്റ് കൂടുമ്പോൾ പന്തം വെളിച്ചെണ്ണയിൽ നനച്ചു കൊണ്ടിരിക്കും. ഇലക്ട്രിസിറ്റി സാർവ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്.

കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതൽ ശോഭയോടെയും തിളക്കത്തോടെയും ദർശിക്കുന്നതിനു വേണ്ടിയാണ് പന്തങ്ങൾ വെളിച്ചെണ്ണയിൽ കത്തിക്കുന്നത്.

ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തില്‍ ശശി, കുട്ടപ്പൻ എന്നിവരാണ് ആറാട്ടുപുഴ  പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍  തയ്യാറാക്കിയത്.

ആറാട്ടുപുഴയിൽ ചമയ ദ്രവ്യ സമര്‍പ്പണം മാർച്ച് 23ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്ക്‌ ആവശ്യമായ ചമയങ്ങള്‍ തയ്യാറായി.

പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിൽ മാർച്ച് 23ന് വെെകുന്നേരം 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.

കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതിയതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമ്മാണവും പൂർത്തിയായി.

കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും ആലവട്ടം, ചാമരം എന്നിവ ഒരുക്കിയതിൽ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറും ചുമതലക്കാരാണ്.

തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി മാർച്ച് 23ന് തുടങ്ങും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള ശുദ്ധികർമ്മങ്ങൾ മാർച്ച് 23ന് (തിങ്കളാഴ്ച്ച) ആരംഭിക്കും.

ഇതിനാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ രാമചന്ദ്രൻ തൃപ്പടിയിൽ സമർപ്പിക്കുന്നതോടു കൂടി ചടങ്ങുകൾക്ക് തുടക്കമാകും.

അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി വൈകിട്ട് 5 ന് ക്ഷേത്രനടപ്പുരയിൽ വെച്ച് ശാസ്താവിന് സമർപ്പിക്കും.

മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ
ചേർന്ന് ഏറ്റുവാങ്ങും.
തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിക്കും.

കൊടിയേറ്റ ദിവസം രാവിലെ 5ന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : പുല്ലൂർ മന്ത്രിപുരം റോഡ് നാരാട്ടിൽ വീട്ടിൽ പരേതനായ കണ്ണൻ മകൻ ചന്ദ്രൻ (67) നിര്യാതനായി.

മുൻ ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു.

സംസ്കാരം മാർച്ച് 20 (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്ക് മുക്തിസ്ഥാനിൽ.

ഭാര്യ : ലിജി

മകൻ : ശരത്ത്

മരുമകൾ : പ്രിൻഷ

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : കാളിദാസ എഫ്.സി. തൃശൂർ ഫൈനലിൽ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ മത്സരം രൂപതാ മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സിനിമാതാരം ഇടവേള ബാബു മുഖ്യാതിഥിയായിരുന്നു.

മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഫൈനാൻസ് ജോ. കൺവീനർ മാത്യു ജോർജ്ജ് സ്വാഗതവും ടീം ജോയിൻ്റ് കോർഡിനേറ്റർ സുനിൽ ആന്റപ്പൻ നന്ദിയും പറഞ്ഞു.

ആദ്യ സെമിഫൈനൽ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., ടീംസ് പഞ്ചവടി മലപ്പുറത്തെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്.

22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ചീനിക്കാസ് ചാലക്കുടിയും യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളിയും തമ്മിൽ ഏറ്റുമുട്ടും.