ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ അപമാനിച്ചു : ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : സെപ്റ്റംബർ 14ന് (ഞായറാഴ്ച്ച) പനിയെ തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ അപമാനിച്ച കേസിൽ ലൂണ ഐ ടി സിക്കു സമീപം താമസിക്കുന്ന അരിക്കാട്ടുപറമ്പിൽ വീട്ടിൽ ഹിരേഷ് (39) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബസ്സിറങ്ങി ആശുപത്രിയിലേക്ക് നടക്കുകയായിരുന്ന യുവതിക്ക് തലകറക്കം വന്നപ്പോൾ സഹായിക്കാനെന്ന വ്യാജേന ഓടി എത്തുകയും, താൻ ആശുപത്രി ജീവനക്കാരനാണെന്ന് പറയുകയും, മുകളിലത്തെ നിലയിൽ വിശ്രമിക്കാം എന്ന് പറഞ്ഞ് വിടുകയും ചെയ്തു. തുടർന്ന് വിശ്രമിക്കാൻ പോയ യുവതിയെ പ്രതി കയറി പിടിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പിടി കൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി. എൽ. ഷാജു, എസ്.എച്ച്.ഒ. കെ. ജെ. ജിനേഷ്, എസ്.ഐ. എം. ആർ. കൃഷ്ണപ്രസാദ്, ഗ്രേഡ് എസ്.ഐ. മുഹമ്മദ്‌ റാഷി, ഗ്രേഡ് സീനിയർ സി.പി.ഒ അരുൺജിത്ത്, സി.പി.ഒ. മാരായ ജിജിൽകുമാർ, ഷാബു, എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നടത്തി

അവിട്ടത്തൂർ : എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പണി തീർത്ത പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ നിർവഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ വിജയലക്ഷ്മി വിനയചന്ദൻ, വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഹെഡ്മാസ്റ്റർ മെജോ പോൾ, ദീപ സുകുമാരൻ, എൻ.എസ്. രജനിശ്രീ, സി. രാജലക്ഷ്മി, പി.ജി. ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.

മാപ്രാണം തീർത്ഥാടന ദേവാലയത്തിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ആയിരങ്ങളെത്തി

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്‌ചയുടെ തിരുനാളിന് പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ.

പള്ളിയുടെ സ്ഥാപിതകുരിശ് ഭക്തജനങ്ങളുടെ വണക്കത്തിനായി ഫാ. സിബു കള്ളാപറമ്പിൽ രൂപക്കൂട്ടിൽ നിന്നും എടുത്ത് പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ സ്ഥാപിച്ച ശേഷം ഫാ. ഡേവിസ് ചാലിശ്ശേരി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീർവാദവും നൽകി.

ഫാ. ലിജോ മണിമലക്കുന്നേൽ സന്ദേശം നൽകി.

തുടർന്ന് സെന്റ് റോസ് കപ്പേള ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം തിരുസ്വരൂപങ്ങളും പ്രതിഷ്‌ഠാകുരിശും നേർച്ച പന്തലിൽ എഴുന്നള്ളിച്ചു വെച്ചു.

വൈകീട്ട് സെന്റ് ജോൺ കപ്പേളയിൽ നടന്ന വിശുദ്ധ കുരിശിന്റെ നൊവേനയ്ക്കും തിരി തെളിയിക്കലിനും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി. തിരി തെളിയിക്കലിനു ശേഷം മാർ പോളി കണ്ണൂക്കാടൻ എഴുന്നള്ളിപ്പിനുള്ള പുഷ്‌പകുരിശ് കമ്മിറ്റി ഭാരവാഹികൾക്കു കൈമാറി.

രാത്രി പുഷ്പകുരിശ് എഴുന്നള്ളിപ്പ് ഉണ്ണി മിശിഹാ കപ്പേളയിൽ നിന്നും ആരംഭിച്ച് പള്ളിയിൽ സമാപിച്ചു.

ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാർമ്മികത്വം വഹിച്ചു. ആലുവ ഡി പോൾ വിൻസൻഷ്യൻ സെമിനാരി റെക്ടർ ഫാ. ബിജു കൂനൻ തിരുനാൾ സന്ദേശം നൽകി. മാപ്രാണം പള്ളി അസി. വികാരി ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ സഹകാർമ്മികനായിരുന്നു.

ഉച്ചകഴിഞ്ഞ് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, പ്രതിഷ്ഠാകുരിശ് നഗരി കാണിക്കൽ, പ്രദക്ഷിണ സമാപനം, വിശുദ്ധ കുരിശിൻ്റെ ആശീർവാദം, വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് ചുംബിക്കൽ, പ്രതിഷ്ഠാകുരിശ് പുനഃപ്രതി ഷ്ഠിക്കൽ, വർണ്ണമഴ എന്നിവയും ഉണ്ടായിരുന്നു.

വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ, കൈക്കാരന്മാരായ ജോൺ പള്ളിത്തറ, ആൻ്റണി കള്ളാപറമ്പിൽ, ബിജു തെക്കേത്തല, പോളി പള്ളായി, കമ്മിറ്റി കൺവീനർമാരായ സെബി കള്ളാപറമ്പിൽ, വിൻസന്റ് നെല്ലേപ്പിള്ളി, ഡേവിസ് കുറ്റിക്കാടൻ, ജോൺസൺ തെക്കൂടൻ, സിസ്റ്റർ നിർമ്മല എഫ്സിസി, ജോസ് മംഗലൻ, സിജി ജോസ് ആലുക്കൽ, ടോമി എടത്തിരുത്തിക്കാരൻ എന്നിവർ തിരുനാളിനു നേതൃത്വം നൽകി.

ഇന്നു മരിച്ചവരുടെ ഓർമ്മദിന ത്തിൽ രാവിലെ 6.15ന് മരിച്ചവർക്കു വേണ്ടി സമൂഹബലി, സെമിത്തേരിയിൽ ഒപ്പീസ്, രാത്രി ഏഴിന് തൃശൂർ കലസദന്റെ നാടകം “എന്റെ പിഴ” എന്നിവ നടക്കും.

ഇരിങ്ങാലക്കുട ടൈംസ് ന്യൂസ് ഇംപാക്ട് : കോമ്പാറ ജംഗ്ഷനിലെ കാടും പടലും വെട്ടി നീക്കി റസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് വളർന്നു പന്തലിച്ച കാടും പടലും വെട്ടി നീക്കി മാതൃകയായിരിക്കുകയാണ് കോമ്പാറയിലെ റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ.

ആക്സിഡൻ്റ് സോൺ ഏരിയ കൂടിയായ കോമ്പാറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡ് അധികൃതരുടെ അശ്രദ്ധയിൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം കാടുകയറി കിടക്കുകയായിരുന്നു.

ഇതേപ്പറ്റി ഇരിങ്ങാലക്കുട ടൈംസ് നൽകിയ വാർത്തയെ തുടർന്നാണ് പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനിലെ ആളുകൾ തന്നെ നേരിട്ടിറങ്ങി പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.

വലിയ രീതിയിൽ കാടും പടലും വളർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തെ റോഡിൽനിന്ന് സംസ്ഥാനപാതയിലേക്ക് കയറണമെങ്കിൽ വലതുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല എന്നതായിരുന്നു
ഏറെ അപകടകരം.

പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകി മടുത്തെങ്കിലും നടപടിയൊന്നും ആകാതെയായപ്പോഴാണ് ഇരിങ്ങാലക്കുട ടൈംസ് വാർത്ത നൽകിയത്.

വാർത്ത വന്നതോടെ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ അധികൃതരുടെ നിസംഗതയെ സാക്ഷിയാക്കി ഒരുകൂട്ടം മനുഷ്യർ മാതൃകയായി.

നിര്യാതനായി

കെ.എം സുഗതൻ

ഇരിങ്ങാലക്കുട : പടിയൂർ കൂവേലി സുഗതൻ (65) നിര്യാതനായി.

സി പി ഐ മഴുവഞ്ചേരി തുരുത്ത് ബ്രാഞ്ച് അംഗമാണ്.

സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് എടക്കുളം ശാന്തിതീരത്ത്.

ഭാര്യ :രാജേശ്വരി

മക്കൾ : സോനു,സൗമ്യ

മരുമക്കൾ : ലെമിയ, ഷെറിൻ

കൂടൽമാണിക്യം കഴകം നിയമനം : ഭരണസമിതി തീരുമാനം അപലനീയമെന്ന് വാര്യർ സമാജം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ടെന്ന് വാര്യർ സമാജം.

നിയമവ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ചു കൊണ്ട് ആചാരങ്ങളിൽ കൈകടത്താൻ ഭരണസമിതി മുതിരുന്നത് പ്രതിഷേധാർഹമാണെന്നും സമസ്ത കേരളം വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം ആരോപിച്ചു.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു കൊണ്ട് ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി ക്ഷേത്രത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്കായ തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികൾ തികച്ചും അപലനീയവും പ്രതിഷേധാർഹവുമാണെന്ന് യോഗം കുറ്റപ്പെടുത്തി.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവർത്തി കുടുംബാംഗമായ തെക്കേ വാരിയത്തെ ടി.വി. ഹരികൃഷ്ണന് കാരായ്മ കഴകം നിലനിർത്തി കിട്ടുന്നതിന് കോടതിയെ സമീപിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകുവാനും സമസ്തകേരള വാര്യർ സമാജത്തിൻ്റെ ഇരിങ്ങാലക്കുട യൂണിറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡൻ്റ് പി.വി. രുദ്രൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി, കെ.വി. രാജീവ് വാര്യർ എന്നിവർ പ്രസംഗിച്ചു.

വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് രാഷ്ട്രീയ തട്ടിപ്പെന്ന് തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവും രാഷ്ട്രീയ തട്ടിപ്പും മാത്രമാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ.

1972ലെ കേന്ദ്രനിയമത്തിന്റെ ഭേദഗതി എന്ന നിലയിലുള്ള ഈ ബിൽ ഒട്ടനവധി സാങ്കേതിക നിയമക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ളതും അപ്രായോഗികവുമാണ്. ഗവർണ്ണറുടെ പ്രാഥമിക അനുമതിയും പിന്നീട് നിയമസഭയിൽ കൊണ്ടുവന്ന് സബ്ജറ്റ് കമ്മിറ്റിക്ക് അയക്കലും അതിനുശേഷം വീണ്ടും നിയമസഭയിൽ കൊണ്ടുവന്ന് ബിൽ പാസ്സാക്കിയാൽ വീണ്ടും ഗവർണ്ണർക്ക് അയക്കലും കേന്ദ്രനിയമ ഭേദഗതിയായതുമൂലം രാഷ്ട്രപതിക്ക് അയക്കലുമൊക്കെ നേരിടേണ്ട ബില്ലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ളത്.

എൽഡിഎഫ് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു മാർഗ്ഗങ്ങളാണ് അനുവർത്തിക്കേണ്ടിയിരുന്നതെന്നും തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ശങ്കർ പഴയാറ്റിൽ, നൈജു ജോസഫ് ഊക്കൻ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, വിനോദ് ചേലൂക്കാരൻ, എൻ.ഡി. പോൾ, ജോൺസൻ കോക്കാട്ട്, അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ, ജോസ് അരിക്കാട്ട്, ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ശിവരാമൻ കൊല്ലംപറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്സ്, മേരി മത്തായി, വത്സ ആന്റു, ബീന വാവച്ചൻ, ദീപക് അയ്യൻചിറ, പോൾ ഇല്ലിക്കൽ, ജോസ് തട്ടിൽ, തോമസ്സ് കോരേത്ത്, സിജോയിൻ ജോസഫ്, ലിജോ ചാലിശ്ശേരി, ജയൻ പനോക്കിൽ, സുരേഷ് പനോക്കിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, വേണു, ഷക്കീർ മങ്കാട്ടിൽ, ഷമീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, കെ.പി. അരവിന്ദാക്ഷൻ, ജോയ് പടമാടൻ, സി.ബി. മുജീബ്, ജോഷി മാടവന, അശോകൻ ഷാരടി, ജോർജ്ജ് കുറ്റിക്കാടൻ, തോമസ്സ് തോട്ട്യാൻ, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

അഖില കേരള മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ അഖിലകേരള മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ കോട്ടയം സെൻ്റ് തോമസ് പുന്നത്തറ ടീം ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് രണ്ടാം സ്ഥാനവും ചേർത്തല സെൻ്റ് മേരീസ് ചർച്ച് മുട്ടം ഫൊറോന മൂന്നാം സ്ഥാനവും ഒല്ലൂർ ഫൊറോന ചർച്ച് നാലാം സ്ഥാനവും കുറ്റിക്കാട് സി.എൽ.സി. അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് യഥാക്രമം 25000 രൂപ, 20000 രൂപ, 15000 രൂപ, 10000 രൂപ, 7000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും നൽകി.

സമാപന സമ്മേളനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ വികാരി റവ. ഫാ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ക്രിസ്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാ. മാർട്ടിൻ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി.

അസിസ്റ്റൻ്റ് വികാരി ഫാ. ഓസ്റ്റിൻ പാറയ്ക്കൽ ആമുഖപ്രഭാഷണം നടത്തി.

അസിസ്റ്റൻ്റ് വികാരി ആൻ്റണി നമ്പളം, കത്തീഡ്രൽ ട്രസ്റ്റി അഡ്വ. എം.എം. ഷാജൻ, സംസ്ഥാന സി.എൽ.സി. ജനറൽ സെക്രട്ടറി ഷോബി കെ. പോൾ, പ്രൊഫഷണൽ സി.എൽ.സി. സെക്രട്ടറി ഡേവിസ് പടിഞ്ഞാറക്കാരൻ, കത്തീഡ്രൽ കെ.സി.വൈ.എം. പ്രസിഡൻ്റ് ഗോഡ്സൻ റോയ് എന്നിവർ ആശംസകൾ നേർന്നു.

സീനിയർ സി.എൽ.സി. പ്രസിഡൻ്റ് കെ.ബി. അജയ് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനു ആൻ്റണി നന്ദിയും പറഞ്ഞു.

പ്രോഗ്രാം കൺവീനർമാരയ അമൽ ജെറി, വിമൽ ജോഷി, സി.എൽ.സി. സെക്രട്ടറി റോഷൻ ജോഷി, സി.എൽ.സി. ഭാരവാഹികളായ ആൽബിൻ സാബു, തോമാസ് ജോസ്, ഹാരിസ് ഹോബി, ഏയ്ഞ്ചൽ മരിയ ജോർജ്ജ്, ടെൽസ ട്രീസ ജെയ്സൻ, കെ.പി. നെൽസൻ എന്നിവർ നേതൃത്വം നൽകി.

ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി അധ്യാപകർക്ക് വേണ്ടി അഖില കേരള ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

കായിക വിനോദങ്ങളിലൂടെ ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാം എന്ന സന്ദേശം നൽകിക്കൊണ്ട് എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വെങ്കിടമൂർത്തി മത്സരം ഉദ്ഘാടനം ചെയ്തു.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍
കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച സി. അനൂപ്, പി. അബ്ദുള്‍ ജബ്ബാർ എന്നിവര്‍ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച വി. വിനു, കെ. റഫീഖ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സമാപന വേദിയില്‍ സി.എം. അനന്തകൃഷ്ണൻ, ഡോ. എസ്.എൻ. മഹേഷ് ബാബു, ബൈജു ആന്റണി, വിമൽ ജോസഫ്, റെജോ ജോസ്, എം. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.

തുടർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ല : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ.

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനേറ്റ ക്രൂരമായ പൊലീസ് മർദ്ദനം പുറത്തു വന്നതോടെ കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അകാരണമായി പോലീസ് പീഡനമേറ്റ ഒട്ടനവധി സംഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗം സതീഷ് കാട്ടൂർ, ഭാരവാഹികളായ ശങ്കർ പഴയാറ്റിൽ, മാഗി വിൻസന്റ്, നൈജു ജോസഫ്, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, എൻ.ഡി. പോൾ, വിനോദ് ചേലൂക്കാരൻ, അനിൽ കുഞ്ഞിലിക്കാട്ടിൽ, എ.കെ. ജോസ്, എബിൻ വെള്ളാനിക്കാരൻ, ശ്രീധരൻ മുതിരപ്പറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്, മേരി മത്തായി, വത്സ ആന്റു, സിജോയിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.