പുല്ലൂരിൽ മലിനജലം തള്ളിയതായി പരാതി ;നടപടി എടുക്കണമെന്ന് വ്യാപാരികൾ

ഇരിങ്ങാലക്കുട : പുല്ലൂർ മിഷൻ ആശുപത്രിക്ക് സമീപം ഉരിയച്ചിറയോട് ചേർന്ന് മലിനജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് മലിനജലം തള്ളിയതെന്ന് കരുതുന്നതായി പരാതിയിൽ പറയുന്നു.

തിരക്കേറിയ ഇരിങ്ങാലക്കുട – ചാലക്കുടി റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വഴിയാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുസ്സഹമായ ദുർഗന്ധമാണ് അനുഭവിക്കേണ്ടിവരുന്നത്.

മലിനജലം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ – അവിട്ടത്തൂർ – തൊമ്മാന യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം, സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ട്രഷറർ ഷിബു കാച്ചപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് പൊലീസിലും ആരോഗ്യവിഭാഗത്തിലും പരാതി നൽകിയിട്ടുണ്ട്.

നിര്യാതനായി

രാധാകൃഷ്ണ മേനോൻ

ഇരിങ്ങാലക്കുട : വടക്കേക്കര ലെയിനിൽ മഹാത്മാഗാന്ധി ലൈബ്രറിക്ക് സമീപം പുറക്കോട്ട് ആപ്പറമ്പത്ത് പി.എ. രാധാകൃഷ്ണ മേനോൻ (89) നിര്യാതനായി.

സംസ്കാരം നാളെ ഉച്ചയ്ക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : കണ്ണമ്പിള്ളിൽ രാജലക്ഷ്മി

മക്കൾ : നന്ദകുമാർ, ജയകുമാർ, ശ്രീകുമാർ

മരുമക്കൾ : സുപ്രിയ, രേഖ, ശ്വേത

സ്കൂട്ടറിന് സൈഡ് കൊടുക്കാത്ത വൈരാഗ്യത്തിൽ ആക്രമണം : സ്റ്റേഷൻ റൗഡിയും കൂട്ടാളിയും പിടിയിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ജനതാ കോർണർ സ്വദേശി ആലുക്കത്തറ വീട്ടിൽ പ്രകാശൻ എന്നയാൾ സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിന് സൈഡ് തന്നില്ലെന്നും പറഞ്ഞ് ഉണ്ടായ തർക്കത്തെ തുടർന്ന് പ്രകാശനെയും കാറിൽ ഉണ്ടായവരെയും ആക്രമിച്ച പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു പ്രസാദ് (23), മാള സ്റ്റേഷൻ റൗഡി പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (19) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ പ്രകാശൻ സഞ്ചരിച്ചിരുന്ന കാർ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിയിടുവാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് കാർ ഓടിച്ചിരുന്ന പ്രകാശന്റെ സഹോദരൻ്റെ മകൻ ഷാനുമായി തർക്കം ഉണ്ടാവുകയും പ്രതികൾ ഹെൽമെറ്റ് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷൻ എന്നയാളെയും അസഭ്യം പറയുകയും പ്രകാശന്റെ കഴുത്തിന് നേരെ കത്തി വീശുകയുമായിരുന്നു.

സംഭവസ്ഥലത്തേക്ക് പ്രതികൾ വിളിച്ച് വരുത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനൊരുങ്ങുകയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

സ്ഥലത്തെ സംഘാർഷാവസ്ഥ കണ്ട് നാട്ടുകാരിലൊരാൾ അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചതനുസരിച്ച് ഉടൻതന്നെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐയും ഒരു സി.പി.ഒ.യും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതികളെ നിയന്ത്രിക്കാനാവാതെ വന്നതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതാണ് ഇവരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെത്തിച്ചത്.

വിഷ്ണു പ്രസാദിനെതിരെ പുതുക്കാട്, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, തൃശൂർ മെഡിക്കൽ കോളെജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുങ്കണ്ടം സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്.

മുഹമ്മദ് ഷാഫി കൊടുങ്ങല്ലൂർ, മാള സ്റ്റേഷൻ പരിധികളിലായി 3 അടിപിടിക്കേസുകളിലെ പ്രതിയാണ്.

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ പ്രതിയുമായ മുരിയാട് ഉളളാട്ടിക്കുളം വീട്ടിൽ മിൽജോ (29) എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് തടങ്കലിൽ ആക്കി.

ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയായ മിൽജോക്കെതിരെ മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശൂർ മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലും ആളൂർ സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂർ സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടിപിടി കേസും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർ ജോര്‍ജ്ജ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിബിന്‍, ആഷിക്, ശ്രീജിത്ത് എന്നിവരാണ് കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്.

ഈ വർഷം ഇതുവരെ തൃശൂർ റൂറൽ പരിധിയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്.

ഇതിൽ 57 ഗുണ്ടകൾ തടങ്കലിലാണ്. 112 ഗുണ്ടകൾക്കെതിരെ നാട് കടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.

“ഓപ്പറേഷൻ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും ജൂനിയർ ഇന്നസെൻ്റ് ഉൽഘാടനം ചെയ്തു.

പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അമ്പിളി ജയൻ, അസോസിയേഷൻ രക്ഷാധികാരി വിങ് കമാണ്ടർ (റിട്ട) ടി എം രാംദാസ്, സെക്രട്ടറി കെ ഗിരിജ, ജോ സെക്രട്ടറി കെ ബാലകൃഷ്ണൻ, ട്രഷറർ ബിന്ദു ജിനൻ, എ സി സുരേഷ്, ഷാജി തറയിൽ, കെ ഹേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അസോസിയേഷൻ പരിധിയിൽ പെട്ട മികച്ച കർഷകരേയും, 84 വയസ്സു കഴിഞ്ഞവരേയും യോഗത്തിൽ ആദരിച്ചു.

തുടർന്ന് സലിലൻ വെള്ളാനി അവതരിപ്പിച്ച നാടൻ പാട്ടുകളും, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ വാരാഘോഷം സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്തംബർ 9 മുതൽ 15 വരെ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ വാരാഘോഷം സമാപിച്ചു.

ആഴ്ചതോറും നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത മനഃശാസ്ത്ര വിദ്യാർഥികളെ ഉൾപ്പെടുത്തി ആത്മഹത്യാ പ്രതിരോധ സെൽ രൂപീകരിച്ചു.

സൈക്കോളജിസ്റ്റ് സിജോ ജോസും അഡ്വ. പി. അർജുനും ചേർന്ന് പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

അതോടൊപ്പം ലിസണിങ് സർക്കിൾ, ബോധവൽക്കരണ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു.

ക്യാമ്പയിന്റെ സമാപനത്തിൽ അധ്യാപകർക്കായി ഗേറ്റ് കീപ്പേഴ്സ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബ്രൈറ്റ് പി. ജേക്കബ് ആണ് ക്ലാസിന് നേതൃത്വം നൽകിയത്.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, മനഃശാസ്ത്ര വിഭാഗം മേധാവി രന്യ എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിച്ചു.

മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എൻ.ആർ. അഭിനവ് ക്യാമ്പയിനിന് നേതൃത്വം നൽകി.

ക്രൈസ്റ്റ് കോളെജിൽ ടെക്നിക്കൽ കോൺക്ലേവിന് തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിക്കുന്ന ടെക്നിക്കൽ കോൺക്ലേവ് സെഫൈറസ് 7.0 കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും കോളെജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികൾക്കായി 15, 16 തിയ്യതികളിൽ കോളെജിൽ റോബോട്ടിക് എക്സിബിഷനും 15, 16, 17 തിയ്യതികളിലായി സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി വിവിധയിനം ടെക്നിക്കൽ മത്സരങ്ങളും സംഘടിപ്പിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 22ന് ആരംഭിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 22ന് ആരംഭിക്കും.

രാവിലെ 4 മണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം.

8 മണിക്ക് ക്ഷേത്ര നടപ്പുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

തന്ത്രി കെപിസി വിഷ്ണു ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ അഡ്വ. കെ.പി. അജയൻ, കെ.എം. സുരേഷ് ബാബു, കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കർത്ത, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, പെരുവനം സതീശൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ എം.ആർ. മിനി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം 6.30ന് കലാമണ്ഡലം രാമചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, രാത്രി 8.30ന് തൃശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം “സൈറൺ”, 23ന് രാത്രി 8:30ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം “നവജാതശിശു – വയസ്സ് 84”, 24ന് വൈകുന്നേരം 6.30 ന് ഗുരുവായൂർ ദേവസ്വം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം, 25ന് രാത്രി 8.30ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം “കാഴ്ചബംഗ്ലാവ്”, 26ന് രാത്രി 8.30ന് കോഴിക്കോട് നാടകസഭ അവതരിപ്പിക്കുന്ന നാടകം “പച്ചമാങ്ങ”, 27ന് രാത്രി 8.30ന് തിരുവനന്തപുരം നടനസഭ അവതരിപ്പിക്കുന്ന നാടകം “വിക്ടറി ആർട്ട്സ് ക്ലബ്ബ്”, 28ന് വൈകുന്നേരം 6.30 മുതൽ ഭരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ്, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, 29ന് വൈകുന്നേരം 6 മണിക്ക് പൂജവെപ്പ്, 6.30 മുതൽ നൃത്തനൃത്യങ്ങൾ, ഭജൻസ്, വൈകുന്നേരം 6.30 മുതൽ നൃത്താർച്ചന, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, നൃത്തനൃത്യങ്ങൾ, ഒക്ടോബർ 1ന് രാവിലെ 7ന് സംഗീതാർച്ചന, 9 മുതൽ തിരുവാതിരക്കളി,
വൈകുന്നേരം 6.30 മുതൽ സെമി ക്ലാസിക്കൽ ഡാൻസ്, നൃത്തനൃത്യങ്ങൾ, 2ന് രാവിലെ 6 മണിക്ക് എഴുത്തിനിരുത്തൽ, 6.30ന് സമൂഹ അക്ഷരപൂജ, 7ന് സംഗീതാർച്ചന, വൈകുന്നേരം
6.30ന് പഞ്ചാരിമേളം അരങ്ങേറ്റം എന്നിവ അരങ്ങേറും.

നവരാത്രിയുടെ ഭാഗമായി സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ ശ്രീലകത്ത് നെയ്‌വിളക്ക്, ചന്ദനം ചാർത്ത്, നിറമാല, രണ്ട് നേരവും ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

രക്ഷാകർത്തൃ യോഗവും ബോധവൽക്കരണ ക്ലാസ്സും

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്തൃ യോഗവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് അബ്ബാസ് മിസ്ബാഹി പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇരിങ്ങാലക്കുട സിവിൽ എക്‌സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ പി.എം. ജദീർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

മഹല്ല് സെക്രട്ടറി പി.എം. റിയാസ് സ്വാഗതവും, ട്രഷറർ ഖാദർ നന്ദിയും പറഞ്ഞു.

ചരിത്രം തിരുത്തിയെഴുതി ; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

ഇരിങ്ങാലക്കുട : ചരിത്രം തിരുത്തിക്കുറിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ കെ.എസ്. അനുരാഗ് പ്രവേശിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ അനുരാഗ് ദേവസ്വം ഓഫീസിലേക്ക് ജോലിയിൽ പ്രവേശിക്കാൻ എത്തിയത്.

ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയാണെന്ന് വെള്ളിയാഴ്ച്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതായി അറിയിച്ച് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അനുരാഗിനുള്ള അഡ്വൈസ് മെമ്മോ അയച്ചത്.

ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്.

ചേർത്തല സ്വദേശിയായ അനുരാഗ് അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ജോലിയിൽ പ്രവേശിക്കാൻ ദേവസ്വം ഓഫീസിൽ എത്തിയത്.

അതേസമയം കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമന വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ടെന്നും, തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികൾ തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്നും സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം കുറ്റപ്പെടുത്തി. 

കൂടൽമാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവർത്തി കുടുംബാംഗമായ തെക്കേ വാരിയത്തെ ടി.വി. ഹരികൃഷ്ണന് കാരായ്മ കഴകം നിലനിർത്തി കിട്ടുന്നതിന് കോടതിയെ സമീപിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകി മുന്നോട്ടു പോകാനാണ് സമസ്തകേരള വാര്യർ സമാജത്തിൻ്റെ തീരുമാനം.