ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് 55,000 രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : എറിയാട് സ്വദേശിനി ചെമ്മാലിൽ വീട്ടിൽ ശ്രീക്കുട്ടിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് ചെന്നെയിലുള്ള ഫിസ് ഗ്ലോബൽ സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഓൺലൈൻ ആയി ലോൺ നൽകാമെന്ന് വ്യാജ പരസ്യം അയച്ചുകൊടുത്ത് പരാതിക്കാരിയുടെ ആധാറും ഫേട്ടോയും കൈക്കലാക്കിയ ശേഷം ലോൺ അപ്രൂവ് ആയി എന്ന് വിശ്വസിപ്പിച്ച് ലോൺ ഗ്യാരണ്ടി തുക എന്ന പേരിൽ പല തവണകളായി 55,000 രൂപ തട്ടിയ കേസിലെ പ്രതി മലപ്പുറം വേങ്ങര കണ്ണാട്ടിപടി സ്വദേശി അക്ഷയ് (24) എന്നയാളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 20,000 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക എ.ടി.എം. വഴി പിൻവലിച്ചതിനാണ് അക്ഷയിയെ അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി. രമേഷ്, എസ്ഐ കെ. സാലിം, ജിഎസ്ഐ സി.എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോർ ചന്ദ്രൻ, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിശ്വകർമ്മ സർവീസ് സൊസൈറ്റി മുകുന്ദപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള ഇരിങ്ങാലക്കുട, അവിട്ടത്തൂർ, മൂർക്കനാട്, തളിയക്കോണം, കാട്ടൂർ, കിഴുത്താണി ശാഖകൾ സംയുക്തമായി വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ആൽത്തറയിൽ താലൂക്ക് പ്രസിഡൻ്റ് കെ.യു. ശശി പതാക ഉയർത്തി.

തുടർന്ന് ആൽത്തറയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കൂടൽമാണിക്യം ക്ഷേത്രം വരെ പോകുകയും തിരിച്ച് നക്കര ഹാളിൽ സമാപിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പൊതുയോഗം വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ശ്രീനിവാസൻ തൃപ്പേക്കുളം ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡൻ്റ് കെ.യു. ശശി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിലർ കെ.എം. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.

താലൂക്ക് സെക്രട്ടറി കണ്ണൻ കൂത്തുപാലയ്ക്കൽ സ്വാഗതവും താലൂക്ക് ട്രഷറർ വൈശാഖ് നന്ദിയും പറഞ്ഞു.

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ : തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (93) കാലം ചെയ്തു.

വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിയോഗം.

ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്.

മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പും താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പുമാണ് മാർ ജേക്കബ് തൂങ്കുഴി.

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സേക്രഡ് ഹാർട്ട് ചർച്ച് സെന്റ് വിൻസന്റ് ഡി പോൾ സംഘടനയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പില ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സെന്റ് വിൻസന്റ് ഡി പോൾ സംഘടന പ്രസിഡൻ്റ് ബിജു കൊടിയൻ അധ്യക്ഷനായി.

ഫാ. ജോമിൻ ചെരടായി ആമുഖപ്രഭാഷണം നടത്തി.

സാമൂഹ്യപ്രവർത്തകൻ ജോൺസൺ കോലങ്കണ്ണി മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫ. വർഗ്ഗീസ് കോങ്കോത്ത്, ജോയ് കോക്കാട്ട്, അഡ്വ. രാജേഷ്, എം.സി. പ്രദീപ് എന്നിവർ ആശംസകൾ നേർന്നു.

ഡേവിസ് ഇടപ്പള്ളി നന്ദി പറഞ്ഞു.

മോദിയുടെ ജന്മദിനത്തിൽ സുരേഷ് ഗോപി പൊറത്തിശ്ശേരിയിൽ നടത്തിയ കലുങ്ക് സൗഹൃദ വികസന സംവാദം വൻ വിജയം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കണ്ടാരംതറയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ വൻ ബഹുജന പങ്കാളിത്തം.

സംവാദ സദസ്സിൽ ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനത്തിനായി നിരവധി ആളുകളുടെ അഭിപ്രായങ്ങളും വികസന കാഴ്ചപ്പാടുകളും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. തുടർന്നുണ്ടായ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.

തൻ്റെ അധികാര പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള എല്ലാ വികസനങ്ങളും സഹായങ്ങളും ഇരിങ്ങാലക്കുടക്ക് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചത് അതിന് ഉത്തമ ഉദാഹരണമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സദസ്സിലുണ്ടായിരുന്നവർ ഉന്നയിയിച്ച ചില ചോദ്യങ്ങൾക്ക് അപ്പോൾ തന്നെ ബന്ധപ്പെട്ട അധികാരികളെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും, ആവശ്യമായവയ്ക്ക് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ ദിനം കൂടിയായതിനാൽ പ്രത്യേകം തയ്യാറാക്കിയ “നമോ ടീ സ്റ്റാളിൽ” മധുര പലഹാരങ്ങളും പ്രഭാത ഭക്ഷണവും വിതരണം ചെയ്തതിനു ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

ബി.ജെ.പി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നേതൃത്വം വഹിച്ച കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ തൃശൂർ സൗത്ത് ജില്ലാ അധ്യക്ഷൻ എ.ആർ. ശ്രീകുമാർ, മണ്ഡലം പ്രഭാരി കെ.പി. ഉണ്ണികൃഷ്ണൻ, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം,
മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, രമേഷ് അയ്യർ, അജയൻ തറയിൽ, ടി.കെ. ഷാജു, സുചി നീരോലി, സൽഗു തറയിൽ, മായ അജയൻ, പി.എസ്. അനിൽകുമാർ, ശ്യാംജി, രിമ പ്രകാശ്, അഖിലാഷ് വിശ്വനാഥൻ, ടി.ഡി. സത്യൻദേവ്, സിന്ധു സതീഷ്, വത്സല നന്ദനൻ, രാധാകൃഷ്ണൻ കാളിയന്ത്ര, ശെൽവൻ, കെ.പി. അഭിലാഷ്, ഏരിയ പ്രസിഡൻ്റുമാരായ സൂരജ് കടുങ്ങാടൻ, ലിഷോൺ, സൂരജ് നമ്പ്യാങ്കാവ്, കെ.എം. ബാബുരാജ്, സന്തോഷ് കോഞ്ചാത്ത്, സതീഷ് മാസ്റ്റർ നഗരസഭ കൗൺസിലർമാർ തുടങ്ങിയവരും നാട്ടുകാരോടൊപ്പം പങ്കെടുത്തു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം 22ന് തുടങ്ങും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ പ്രത്യേകം സജ്ജമാക്കിയ കലാസംഗമം സരസ്വതീ മണ്ഡപവേദിയിൽ അരങ്ങേറുന്ന നൃത്ത സംഗീതോത്സവത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 700ൽ പരം കലാകാരന്മാർ പങ്കെടുക്കും.

സെപ്തംബർ 22ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.

22 മുതൽ ഒക്ടോബർ 1 വരെ വൈകീട്ട് 5.30 മുതൽ 9.30 വരെ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഒക്ടോബർ 2ന് വിജയദശമി ദിനത്തിൽ രാവിലെ 8 മണി മുതൽ 10 മണി വരെ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരി അവതരിപ്പിക്കുന്ന മൃദംഗ മേളയും ഉണ്ടായിരിക്കും.

അതേസമയം തന്നെ കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങും ആരംഭിക്കും.

ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയ് കുമാർ, രാഘവൻ മുളങ്ങാടൻ, കെ. ബിന്ദു അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിര്യാതയായി

കനകം

ഇരിങ്ങാലക്കുട : കൽപ്പറമ്പ് വലിയാട്ടിൽ വീട്ടിൽ പരേതനായ രവി മേനോൻ ഭാര്യ കനകം (65) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 18) ഉച്ചയ്ക്ക് 1 മണിക്ക് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.

സഹോദരി : രാധ

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന ആരോപണവുമായി ക്ഷേത്രം തന്ത്രിമാർ രംഗത്തെത്തി.

മാല കഴകം ആചാരപരമായ പ്രവൃത്തിയാണോ എന്ന് സിവില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ക്ഷേത്രം തന്ത്രിമാര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് തങ്ങൾ കത്തു നൽകിയിട്ടുണ്ടെന്നും അഞ്ച് തന്ത്രി കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങൾ പറഞ്ഞു.

കഴകം തസ്തികയിലേക്കുള്ള ഏതൊരു നിയമനവും ക്ഷേത്രത്തിന്റെ ആചാരം, പാരമ്പര്യം, നിയമപരമായ വ്യവസ്ഥകള്‍ എന്നിവ അനുസരിച്ചായിരിക്കണം എന്നാണ് ചട്ടം.

മാല കഴകം ക്ഷേത്രത്തിന്റെ മതപരമായ കാര്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന് പ്രത്യേകമായ ആചാരപരമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് മാല കഴകം നടത്തുന്നത്. ദേവന്റെ ചൈതന്യം നിലനിര്‍ത്തുന്നതിന് ആ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ എന്തെങ്കിലും വ്യതിയാനം വന്നാൽ അത് താന്ത്രിക നിയമങ്ങളുടെ ലംഘനത്തിലേക്ക് നയിക്കുമെന്നും, അതിന് പരിഹാര ക്രിയകള്‍ ആവശ്യമാണെന്നും തന്ത്രിമാർ സൂചിപ്പിച്ചു.

അതിനാല്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിനും അന്തസ്സിനും നഷ്ടവും നാശവും ഉണ്ടാക്കുന്ന ഈ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി തന്ത്രിമാരടക്കമുള്ളവരുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ശരിയായ നിര്‍വ്വഹണം നടത്തുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും നിയമപരമായ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

വിധിന്യായത്തില്‍ “കഴകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതപരമായ ഒന്നാണെങ്കില്‍ നിയമത്തിലെ സെക്ഷന്‍ 19 അനുസരിച്ച് ക്ഷേത്രം തന്ത്രി അംഗമായ ഒരു കമ്മിറ്റിക്ക് മാത്രമേ നിയമനം നടത്താന്‍ കഴിയൂ” എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 35 പ്രകാരവും, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളില്‍ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ അന്തിമ അധികാരി തന്ത്രിയായിരിക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ തിടുക്കത്തിലുള്ള ഈ നിയമനം മതനിയമങ്ങളുടെയും നിയമപരമായ വ്യവസ്ഥകളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് കത്തില്‍ പറയുന്നു. കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കാതെയാണ് നിയമന നടപടിയുമായി ദേവസ്വം മുന്നോട്ടു പോയതെന്നും ഇത് പുനരാലോചിക്കണമെന്നുമാണ് തന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നാക് അക്രഡിറ്റേഷൻ “എ” ഗ്രേഡ് കരസ്ഥമാക്കിയ ഗവ കെ.കെ.ടി.എം. കോളെജ് ആദരം ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : നാക് അക്രഡിറ്റേഷനിൽ “എ” ഗ്രേഡ് കരസ്ഥമാക്കിയ പുല്ലൂറ്റ് ഗവ കെ.കെ.ടി.എം. കോളെജിനുള്ള ആദരം കോളെജ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ടി.കെ. ബിന്ദു ശർമിള, നാക് കോർഡിനേറ്റർ ഡോ. കെ.കെ. രമണി എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങി.

നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എൻ.ഐ.ആർ.എഫ്., കെ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ കോളെജുകളെയും ആദരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുമായി ചേർന്ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച “എക്സലൻഷ്യ 2025” എന്ന പരിപാടിയിലാണ് ആദരം ഏറ്റുവാങ്ങിയത്.

കൂടൽമാണിക്യത്തിലെ കഴക നിയമനം : ദേവസ്വം ഭരണസമിതിക്കും ജോലിയിൽ പ്രവേശിച്ച അനുരാഗിനും അഭിനന്ദനങ്ങളുമായി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖാന്തിരം കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി നിയമനം ലഭിച്ച കെ.എസ്. അനുരാഗിനെ പ്രസ്തുത തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ച കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെയും നിയമനം നേടിയ കെ.എസ്. അനുരാഗിനെയും അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയുള്ള നിയമനത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജ്ജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും സംബന്ധിച്ച ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ളതാണെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കുകയെന്ന ചുമതല നിറവേറ്റുക വഴി ദേവസ്വം നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യത്തെ പ്രവർത്തികമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നീതിക്കു വേണ്ടിയുള്ള കോടതിയുടെയും കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയുടെയും ഇടപെടലുകളെ അംഗീകരിക്കാനും വിവാദരഹിതമായി ഈ തീരുമാനത്തെ സ്വീകരിക്കാനും ഏവർക്കും കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഓർമ്മിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തി ക്ഷേത്രം തന്ത്രിമാർ ദേവസ്വത്തിന് കത്ത് നൽകിയെന്നത് ഖേദകരമാണെന്നും പരമ്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ചുള്ള ചാതുർവർണ്യ ആശയങ്ങൾ എന്നേ കാലഹരണപ്പെട്ടവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആധുനിക ജനാധിപത്യ സമൂഹത്തിന്‌ ചേരാത്ത അത്തരം ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ അപലപനീയമാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.