കാറളം പഞ്ചായത്തിൽ എസ്.സി. ഭവന പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപ

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ 14-ാം വാർഡിൽ 30 എസ്.സി. കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്. പ്രിൻസ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ജില്ലാ ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതം പറഞ്ഞു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി റെനിൽ, ബീന സുബ്രഹ്മണ്യൻ, ജഗജി കായംപുറത്ത്, വാർഡ് മെമ്പർമാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാർ, ടി.എസ്. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട രൂപതാംഗം റവ. ഫാ. ബെന്നി ചെറുവത്തൂർഅന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) അന്തരിച്ചു.

തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഫാ. ബെന്നി 1968 ഡിസംബർ 25ന് ചെറുവത്തൂർ ഈനാശു – മേരി ദമ്പതികളുടെ മകനായി നോർത്ത് ചാലക്കുടിയിൽ ജനിച്ചു. സണ്ണി, റവ. ഫാ. പോൾ ചെറുവത്തൂർ, ജോൺസൺ, ബീന എന്നിവർ സഹോദരങ്ങളാണ്.

ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇരിങ്ങാലക്കുട, സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെമിനാരിയിലും കോട്ടയം, വടവാതൂർ, സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ഫാ. ബെന്നി മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നുമാണ് വൈദിക പട്ടം സ്വീകരിച്ചത്.

1994 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സൗത്ത് താണിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രൽ, പറപ്പൂക്കര ഫൊറോന, ആളൂർ എന്നിവിടങ്ങളിൽ അസ്തേന്തിയായും പാറേക്കാട്ടുകര, അരൂർമുഴി, പിള്ളപ്പാറ, മടത്തുംപടി, തിരുമുക്കുളം, പെരുമ്പടപ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൊടുങ്ങല്ലൂർ, അമ്പനോളി, കൊന്നക്കുഴി, പുത്തൻചിറ ഈസ്റ്റ്, മാരാങ്കോട്, ചെമ്മണ്ട, വെള്ളിക്കുളങ്ങര, പൂവത്തിങ്കൽ എന്നിവിടങ്ങളിൽ വികാരിയായും ഇരിങ്ങാലക്കുട രൂപത സാക്രിസ്റ്റൻ ഫെലോഷിപ്പിന്റെ ഡയറക്ടറായും, ഫാമിലി അപ്പോസ്തലെറ്റ്, ആളൂർ, നവചൈതന്യ എന്നിവയുടെ അസിസ്റ്റൻ്റ് ഡയറക്ടറായും വിവിധ കോൺവെന്റുകളുടെ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. ബെന്നിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ പൂവത്തിങ്കൽ പള്ളിയിൽ
പൊതുദർശനത്തിന് വയ്ക്കും. 5 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് വൈകീട്ട് 7 മണി മുതൽ നോർത്ത് ചാലക്കുടിയിലുള്ള ഫാ. ബെന്നിയുടെ തറവാട് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മൃതസംസ്കാര കർമ്മത്തിൻ്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തിൽ ആരംഭിക്കും.
ഉച്ചതിരിഞ്ഞ് 1 മണി മുതൽ നോർത്ത് ചാലക്കുടി, സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് വയ്ക്കുന്നതും തുടർന്ന് 2.30നുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുകർമ്മങ്ങൾക്കും ശേഷം നോർത്ത് ചാലക്കുടി ഇടവക പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂര്‍ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടപ്പുറം രൂപ അധ്യക്ഷൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഓസ്ട്രേലിയ, മെൽബൺ രൂപത മുൻ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ക്ഷീര കർഷകർക്ക് ഒരു കോടി രൂപയുടെ വായ്പയുമായി കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് തൃശൂർ റീജിയൺ

ഇരിങ്ങാലക്കുട : കേരള ബാങ്കിൻ്റെ വെള്ളാങ്ങല്ലൂർ, പുത്തൻചിറ ബ്രാഞ്ചുകൾ വഴി വള്ളിവട്ടം, വെള്ളൂർ, കൊറ്റനല്ലൂർ, പട്ടേപ്പാടം എന്നീ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് ഒരുകോടി രൂപയുടെ വായ്പ വിതരണം നടത്തി.

കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ. കണ്ണൻ (മുൻ എംഎൽഎ) വായ്പ വിതരണം ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരുടെ തൊഴിലും ജീവനോപാധികളും ബാങ്ക് വായ്പകളുമായി ബന്ധിപ്പിക്കുന്ന മഹനീയ കർമ്മമാണ് കേരള ബാങ്ക് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മെമ്പർ സിമി റഷീദ് അധ്യക്ഷത വഹിച്ചു.

റീജണൽ ജനറൽ മാനേജർ എൻ. നവനീത് കുമാർ എൻ പദ്ധതി വിശദീകരണം നടത്തി.

മിൽമയുമായി ധാരണാപത്രം ഒപ്പിട്ടതിനു ശേഷം ജില്ലയിൽ നടക്കുന്ന ഈ ആദ്യ ചടങ്ങ് ഇനി ജില്ല മുഴുവനും തുടരും എന്ന് റീജണൽ ജനറൽ മാനേജർ വ്യക്തമാക്കി.

കെ.ബി. താര ഉണ്ണികൃഷ്ണൻ പ്രൈം മൊബൈൽ ബാങ്കിംഗ് ആപ്പിന്റെ ഉദ്ഘാടനവും എൻ.ആർ. രാധാകൃഷ്ണൻ സോഷ്യൽ സെക്യൂരിറ്റി ഇൻഷുറൻസിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.

വെള്ളൂർ ക്ഷീരസംഘം പ്രസിഡൻ്റ് ലോഹിതാക്ഷൻ എടിഎം കാർഡ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

കേരള ബാങ്ക് കൊടുങ്ങല്ലൂർ ഏരിയ മാനേജർ ലൈജി, വെള്ളാങ്ങല്ലൂർ ബ്രാഞ്ച് മാനേജർ സി.സി. ശർമിള, പുത്തൻചിറ ബ്രാഞ്ച് മാനേജർ വി.ജെ. ജെയിംസ്, റീജണൽ ഓഫീസ് പ്രതിനിധികളായ വൃന്ദ, സുകുമാരൻ, ഷിനോജ് എന്നിവർ ആശംസകൾ നേർന്നു.

പ്രാദേശിക മിൽമ ഡയറക്ടർ സത്യൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ പി.ആർ. ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.

മുൻ വൈരാഗ്യത്തിന്റെ പേരിൽ 16 വയസ്സുകാരനെ ആക്രമിച്ച 2 പേ‍ർ പിടിയിൽ

ഇരിങ്ങാലക്കുട : മുരിയാട് സ്വദേശിയായ 16 വയസ്സുകാരനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ വച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച നെല്ലായി ആലത്തൂർ പേരാട്ട് വീട്ടിൽ ഉജ്ജ്വൽ (25), മുരിയാട് കുഴിമടത്തിൽ വീട്ടിൽ അദ്വൈത് (19) എന്നിവരെ ആളൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു.

ഉജ്ജ്വലിനെതിരെ കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി 3 വധശ്രമകേസുകളും അടിപിടികേസും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്. 2024ൽ കാപ്പ പ്രകാരം 6 മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

ആളൂ‍ർ സ്റ്റേഷൻ ഇൻസ്പെക്ട‍ർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർമാരായ ജോർജ്ജ്, പ്രസന്നകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർമാരായ സുനന്ദ്, സമീഷ്, സിവിൽ പൊലീസ് ഓഫീസ‍ർമാരായ ജിജേഷ്, ശ്രീജിത്ത്‌, ആഷിക്ക്, അരുൺ, വിശാഖ്, സിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

“വീട്ടിലെ ലൈബ്രറി”യിൽ വിദ്യാർഥികൾക്ക് കാലിഗ്രാഫി ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൈയ്യക്ഷരം മനോഹരമാക്കാനും
ശ്രദ്ധ കേന്ദ്രീകരിക്കാനും
അക്ഷര വൈകല്യം മാറാനും
കലാബോധം വളർത്തിയെടുക്കാനും
കാലിഗ്രാഫിയിലൂടെ സഹായിക്കും എന്നത് മുൻനിർത്തി കാറളം
“വീട്ടിലെ ലൈബ്രറി”യിൽ സൗജന്യ കാലിഗ്രാഫി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് കലാമണ്ഡലം മുകുന്ദരാജാ അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.

പി.വി. പ്രവീൺ ക്ലാസ് നയിച്ചു.

ജയചന്ദ്രൻ വെങ്കിടങ്ങ് നേതൃത്വം നൽകി.

എൽ.പി., യുപി. വിഭാഗത്തിൽ നിന്നായി നാൽപ്പതോളം കുട്ടികൾ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് വീട്ടിലെ ലൈബ്രറിയുടെ സർട്ടിഫിക്കറ്റ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു വിതരണം ചെയ്തു.

ഇനിയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും തുടർ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്നും കുട്ടികൾ പറഞ്ഞു.

വായനക്കാരെയും, എഴുത്തുകാരെയും വിദ്യാർഥികളെയും ചേർത്തു നിർത്തുന്ന വീട്ടിലെ ലൈബ്രറിയുടെ വ്യത്യസ്ഥമായ ആശയങ്ങളുമായി ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും എല്ലാവരുടെയും സഹകരണങ്ങൾ തുടർന്നും വേണമെന്നും റഷീദ് കാറളം പറഞ്ഞു.

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാരിന്റെ ഇ-ആധാർ ആപ്പ് ഉടൻ

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്.

ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ, ആപ്പ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പോലുള്ള സേവനങ്ങൾ ഈ ആപ്ലിക്കേഷൻ വാഗ്‌ദാനം ചെയ്യുന്നു. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഉടൻ തന്നെ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഈ വർഷം അവസാനത്തോടെ ഈ ആപ്പ് ലോഞ്ച് ചെയ്യും.

ഉപയോക്താക്കൾക്ക് അവരുടെ പേര്, താമസ വിലാസം, ജനനത്തീയതി തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങൾ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനായാണ് പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.

എൻറോൾമെന്‍റ് സെന്‍ററുകളിലേക്ക് നേരിട്ടുള്ള സന്ദർശനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ ഡിജിറ്റൽ പരിഹാരം ലക്ഷ്യമിടുന്നത്. ഫേസ് ഐഡി സാങ്കേതികവിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിക്കുന്നതിലൂടെ, ആപ്പ് ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ ആധാർ സേവനങ്ങൾ നൽകും.

നവംബർ മുതൽ, വിരലടയാളം, ഐറിസ് സ്‌കാനിംഗ് എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് പ്രാമാണീകരണത്തിനായി മാത്രം ആധാർ ഉപയോക്താക്കൾക്ക് എൻറോൾമെന്‍റ് സെന്‍ററുകളിൽ പോയാൽ മതിയാകും. ഈ പുതിയ ആപ്ലിക്കേഷൻ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി എന്നിവയുൾപ്പെടെ മറ്റ് പ്രധാന വിവരങ്ങൾ അവരുടെ വീടുകളിൽ നിന്ന് തന്നെ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കും. അപ്‌ഡേറ്റ് പ്രക്രിയ ലളിതമാക്കുക, വിപുലമായ പേപ്പർവർക്കുകളുടെ ആവശ്യകത ഇല്ലാതാക്കുക, ഐഡന്‍റിറ്റി തട്ടിപ്പ് അപകടസാധ്യതകൾ കുറയ്ക്കുക, മുഴുവൻ നടപടിക്രമങ്ങളും വേഗത്തിലാക്കുക, ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുക എന്നിവയാണ് യുഐഡിഎഐയുടെ ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

ഈ സവിശേഷതകൾക്ക് പുറമേ, സർക്കാർ സ്രോതസ്സുകളിൽ നിന്ന് ഉപഭോക്തൃ ഡാറ്റ ലഭ്യമാക്കാനും UIDAI പദ്ധതിയിടുന്നു. ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പൊതുവിതരണ സംവിധാനത്തിൽ (PDS) നിന്നുള്ള റേഷൻ കാർഡുകൾ, MNREGA പദ്ധതിയിൽ നിന്നുള്ള രേഖകൾ തുടങ്ങിയ രേഖകൾ ഇതിൽ ഉൾപ്പെടും. കൂടാതെ, വിലാസ പരിശോധന കൂടുതൽ സുഗമമാക്കുന്നതിന് വൈദ്യുതി ബിൽ വിശദാംശങ്ങളും ഉൾപ്പെടുത്തിയേക്കാം.

ആധാർ ഒതന്‍റിക്കേഷന്‍ റിക്വസ്റ്റുകള്‍ക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ആധാർ ഗുഡ് ഗവേണൻസ് പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും വർധിപ്പിക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപേക്ഷകളുടെ സമർപ്പണവും ക്ലിയറൻസും ലളിതമാക്കുന്നതിലൂടെ, ആധാർ സിസ്റ്റത്തിൽ പ്രവേശനക്ഷമത മെച്ചപ്പെടുത്താനും കൂടുതൽ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കാനും പോർട്ടൽ പ്രതീക്ഷിക്കുന്നു.

എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ…

സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അടുത്ത ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും.

ഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലിൽപ്പെട്ട കമ്പനികളിൽ നിന്നാകും ടെൻഡർ വിളിക്കുക.

2004ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല. 2019 മാർച്ച് 31ന് നിയമം കർശനമാക്കി.അതിനു ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഡീലർമാർ തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനായിരുന്നു നിർദേശം. അതിനു മുൻപുള്ള വാഹനങ്ങൾക്കു സമയ ക്രമം തീരുമാനിച്ചു . എന്നാൽ, പിന്നീട് പ്രശ്നം കോടതി കയറി കുഴഞ്ഞത് ഇങ്ങനെ.

സംസ്ഥാനത്തു നമ്പർപ്ലേറ്റ് നിർമ്മിക്കാൻ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജു തീരുമാനമെടുത്തു.

യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മീഷണർ ടെൻഡർ വിളിച്ചു.

കെ.ബി.ഗണേശ്കുമാർ മന്ത്രിയായതോടെ ഇതൊഴിവാക്കി ആഗോള ടെൻഡർ വിളിക്കാൻ തീരുമാനിച്ചു.

സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം അതിന് കഴിയില്ലെന്ന് ഗതാഗത കമ്മീഷണറായിരുന്ന എസ്.ശ്രീജിത്ത് .

കേന്ദ്ര പാനലിൽപ്പെട്ട കമ്പനികൾ ഇതിനെതിരെ നൽകിയ കേസിലാണ് വിധി

ഫീസ് ആയിരം

അതിസുരക്ഷാ നമ്പർപ്ലേറ്റ് ഏർപ്പെടുത്താൻ കേന്ദ്രം 2018ൽ തീരുമാനിക്കുമ്പോൾ ഇരുചക്ര വാഹനത്തിന് 425–470 രൂപ, കാർ 600–750 രൂപ എന്നിങ്ങനെയായിരുന്നു ഫീസ് . പുതിയ ടെൻഡറിൽ ഫീസ് 1000 രൂപ വരെയാകും.

നിര്യാതയായി

സിസ്റ്റർ ആനി മാഗ്ദെലിൻ

ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബാംഗമാണ്.

സംസ്കാരം കരുവന്നൂർ സെൻ്റ് ജോസഫ് കോൺമെൻ്റ് സെമിത്തേരിയിൽ തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക്.

വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവുംവിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠൻ :അഡ്വ കെ ജി അനിൽകുമാർ

ഇരിങ്ങാലക്കുട : വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവും വിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡിയും ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറുമായ അഡ്വ. കെ. ജി അനിൽ കുമാർ പറഞ്ഞു.

സൗമ്യതയും ശാന്തതയും അടിയുറച്ച വിശ്വാസം കൊണ്ടും ഏവരുടെയും ഹൃദയത്തിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്. ആത്മീയ അജപാലന ദൗത്യത്തിൽ ആഴത്തിലുള്ള വിശ്വാസം കൊണ്ടും ത്യാഗ നിർഭരമായ പ്രവർത്തന ശൈലി കൊണ്ടും മനുഷ്യ ഹൃദയത്തിൽ അണയാത്ത ദീപമായി പിതാവ് എന്നെന്നും നിലനിൽക്കുമെന്നും, വ്യക്തിപരമായി വളരെ അടുത്തറിഞ്ഞ സ്നേഹപിതാവിനെയാണ് നഷ്ടപ്പെട്ടത് എന്നും അനിൽകുമാർ വ്യക്തമാക്കി.