നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് (80) നിര്യാതനായി.

ഹോട്ടൽ കൊളംബോ, പ്രിയ ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.

സംസ്കാരം ബുധനാഴ്ച്ച (ഡിസംബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : മേരി

മക്കൾ : ഷാജു, ഷെല്ലി, ഷണ്ണി

മരുമക്കൾ : ലിജി, ലിഷ, ഡെസ്സിൻ

വർണ്ണക്കുട : വിദ്യാർഥികൾക്ക് കലാസാഹിത്യ മത്സരങ്ങൾ 22നും 23നും

ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഡിസംബർ 22, 23 തിയ്യതികളിൽ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് വിദ്യാർഥികൾക്കായി ചിത്രരചനയും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് വിഭാഗങ്ങളിലായി കഥ, കവിത, ഉപന്യാസ രചന എന്നിവയും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ലളിതഗാനം, കാവ്യാലാപനം, മലയാളം പ്രസംഗം എന്നിവയും സംഘടിപ്പിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികളുടെ പേരു വിവരങ്ങൾ പഠിക്കുന്ന സ്കൂൾ/ കോളെജ് മുഖേനയോ, വർണ്ണക്കുടയുടെ സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഡിസംബർ 20 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അതോടൊപ്പം ഈ നിയോജക മണ്ഡലത്തിലെ താമസക്കാരും മറ്റു സ്ഥലങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക് 9447244049, 9645671556, 9495693196 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

കൂടൽമാണിക്യം ക്ഷേത്രത്തിൽ യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗ്രാമസഭായോഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു.

രാവിലെ മണ്ഡപത്തിൽ കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി ‘ഇഷേത്വാ – ഊർജേത്വാ എന്ന ആദ്യ വാക്യം ചൊല്ലിക്കൊടുത്താണ് യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചത്.

പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, കീഴാനല്ലൂർ യതീന്ദ്രൻ നമ്പൂതിരി, കുറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരി, കാവനാട് വിഷ്ണു നമ്പൂതിരി, കോടി തലപ്പണം ശ്രീനാരായണൻ നമ്പൂതിരി കൂടാതെ കാമ കോടി യജുർവ്വേദ പാഠശാല വിദ്യാർത്ഥികൾ തുടങ്ങിയ വേദ പണ്ഡിതന്മാരാണ് യജുർവ്വേദ ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത്.

രാവിലെ 6 മുതൽ 11 വരെയും വൈകീട്ട് 5 മുതൽ 8 വരെയും ആണ് ലക്ഷാർച്ചന നടക്കുന്നത്.

എട്ടാം ദിവസമായ ഡിസംബർ 23 തിങ്കളാഴ്ച രാവിലെ യജുർവ്വേദ ലക്ഷാർച്ചന സമാപിക്കും.

വാതിൽ മാടത്തിൽ വെച്ച് നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മഠസി വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ സഹസ്രനാമ അർച്ചനയും ഇതോടൊപ്പം നടക്കുന്നുണ്ട്.

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ അനുവദിച്ച കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയെയും കാറളം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ് കരുവന്നൂർ സൗത്ത് ബണ്ട് റോഡ്.

3030 മീറ്റർ നീളത്തിൽ ശരാശരി 4.80 മീറ്റർ വീതിയിൽ റോഡ് റീ ടാറിംങ്ങും 345 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് പാവിംങ്ങ് ബ്ലോക്ക് വിരിക്കുന്ന പ്രവൃത്തിക്കുമാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

കരുവന്നൂർ വലിയ പാലത്തിന് സമീപം നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ, കാറളം പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ബി ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.

ജലവിഭവ വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്വാഗതവും അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി വി അജിത്ത്കുമാർ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം 26ന്

ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം 26ന്

ഇരിങ്ങാലക്കുട : ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷങ്ങൾ
ഡിസംബർ 26ന് വൈകീട്ട് 6.30 മുതൽ എട്ടങ്ങാടി, തിരുവാതിരക്കളി,പാതിരാ പൂചൂടൽ, ഊഞ്ഞാലാട്ടം തുടങ്ങിയ പരമ്പരാഗതമായ ആചാരങ്ങളോടെ നടത്തുന്നതാണ്.

പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

മൊബൈൽ : 9745780646, 9846330869

സർഗ്ഗവേദിയും ആലങ്കോട് ലീലാകൃഷണനും 19ന് കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക വേദി സമകാലീന വിഷയങ്ങളിലെ ചർച്ചകളിലൂടെ സമ്പന്നമാക്കിയ ‘സർഗ്ഗവേദി’യുടെ 106-ാമത് ചർച്ചാ ക്ലാസ്സ് “നവോത്ഥാനത്തിന്റെ പാട്ട് വഴികൾ” 19 (ചൊവ്വാഴ്ച്ച) വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശമുള്ള നക്കര കോംപ്ലക്സ് ഹാളിൽ സംഘടിപ്പിക്കുന്നു.

പ്രഗത്ഭ വാഗ്മിയും കവിയും ചിന്തകനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് ക്ലാസ് നയിക്കുക.

ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ

ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ

ഇരിങ്ങാലക്കുട : വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭക്ഷണ രീതികളും വസ്ത്രധാരണവും സ്വായത്തമാക്കിയ ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും തനിമ ഒറ്റക്കുടക്കീഴിൽ ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് സെന്റ് ജോസ്ഫ്സ് കോളേജിൽ “എത്ത്നിക് ഡേ” ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.

പ്രശസ്ത ട്രാവൽ വ്ലോഗർമാരായ ശരത് കൃഷ്ണനും ഗീതമ്മയും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഓരോ ഡിപ്പാർട്ട്മെൻ്റുകളും ഓരോ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് വസ്ത്രം ധരിക്കുകയും, അവരുടെ സംസ്കാരത്തിന് ഉതകുന്ന നൃത്ത മത്സരങ്ങളും ഭക്ഷണ മേളയും രംഗോലി മത്സരവും സംഘടിപ്പിക്കുകയും ചെയ്തു.

വിധവ പെൻഷൻ : പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം സൂക്ഷിക്കണം

വിധവ പെൻഷൻ : പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം സൂക്ഷിക്കണം

ഇരിങ്ങാലക്കുട: വിധവ പെൻഷൻ ഗുണഭോക്താക്കളും, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും പുനർ വിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രം എല്ലാ വർഷവും ഡിസംബർ മാസത്തിൽ പ്രാദേശിക സർക്കാരുകളിൽ സമർപ്പിക്കണമെന്ന് ഉത്തരവായി.

2023 സെപ്റ്റംബർ 30 വരെ വിധവ/അവിവാഹിത പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ, 2024 ജനുവരി 1ന് 60 വയസ്സ് പൂർത്തിയാകാത്ത വിധവകളുടെയും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പെൻഷൻ ഗുണഭോക്താക്കളുടെയും പുനർ വിവാഹിത/ വിവാഹിത അല്ലെന്ന സാക്ഷ്യപത്രങ്ങൾ സേവന സോഫ്റ്റ്‌വെയറിൽ അപ്പ്-ലോഡ് ചെയ്യുന്നതിനായി 2023 ഡിസംബർ മാസത്തിൽ തന്നെ വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് അറിയിച്ചു.

സാക്ഷ്യപത്രം അപ്-ലോഡ് ചെയ്യുന്നതിനായി സർക്കാരിൽനിന്നും സമയം അനുവദിക്കുന്ന മുറയ്ക്ക് അപ് ലോഡ് ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.