വീട്ടിൽ ഉച്ചത്തിൽ പാട്ടു വെച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : വീട്ടിൽ ഉച്ചത്തിൽ പാട്ടു വെച്ചതിലുള്ള വിരോധത്തിൽ യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷിനെ ആളൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. അഫ്സൽ അറസ്റ്റ് ചെയ്തു.

മെയ് 2ന് ഉച്ചയ്ക്ക് 2.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഉച്ചത്തിൽ പാട്ടു വെച്ചതിലുള്ള വിരോധത്തിൽ പോട്ട ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ വിനു (25) എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാന്റ് ചെയ്തു.

മുറി രതീഷ് ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാളുടെ പേരിൽ കൊടകര പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളും, ഒരു കവർച്ച കേസും, ആളൂർ പൊലീസ് സ്റ്റേഷനിൽ രണ്ടു വധശ്രമ കേസുകളും, മൂന്ന് അടിപിടി കേസുകളും, അടക്കം എട്ടോളം ക്രിമിനൽ കേസുകളുണ്ട്.

രതീഷിനെതിരെ 2024ൽ തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് റിമാൻഡ് ചെയ്തിരുന്നതുമാണ്.

ആളൂർ സബ്ബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സുമേഷ്, സുരേന്ദ്രൻ, സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഹരികൃഷ്ണൻ, അനീഷ്, അനൂപ്, നിഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

രാസലഹരിക്കെതിരെ ഗസലുകളും മെലഡികളുമായി പൂർവ്വ വിദ്യാർഥികളുടെ “പാട്ടുരാവ്”

ഇരിങ്ങാലക്കുട : രാസലഹരിക്കെതിരെ ബോധവൽക്കരണവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്കീമിലെ പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ “നോവ” കോളെജിൽ പുതിയതായി പണികഴിപ്പിച്ച ആംഫി തീയേറ്ററിൽ സംഘടിപ്പിച്ച “പാട്ടുരാവ്” ശ്രദ്ധേയമായി.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഗാനം ആലപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കലാലയങ്ങളിൽ നിന്നും വർഷം തോറും സാമൂഹിക സേവന പ്രതിബദ്ധതയുമായി പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് എൻ.എസ്.എസ്. വൊളൻ്റിയർമാരുടെ പൂർവ്വ വിദ്യാർഥി സംഘടന സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ചത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലാണ്.

20 വർഷം മുമ്പ് ആരംഭിച്ച “നോവ” എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ പാട്ടുരാവിൽ ഇരുപതോളം എൻ.എസ്.എസ്. പൂർവ്വ വിദ്യാർഥി വൊളൻ്റിയർമാരായ ഗായകർ ഗസലുകളും മെലഡികളും ആലപിച്ചു.

നോവ ഭാരവാഹിയായ അഭി തുമ്പൂർ രചിച്ച ‘പണ്ടത്തെ നാരങ്ങാ മിഠായി നുണയുമ്പോൾ’ എന്ന കവിത സമാഹാരം മാനേജർ ഫാ. ജോയി പീണിക്കപ്പറമ്പിലും നോവ രക്ഷാധികാരി പ്രൊഫ. കെ.ജെ. ജോസഫും ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങിൽ വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിലിൻ്റെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ നോവ രക്ഷാധികാരി ഡോ. സെബാസ്റ്റ്യൻ ജോസഫ്, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള ജില്ലാതല അവാർഡ് നേടിയ വിജീഷ് ലാൽ എന്നിവരെ ആദരിച്ചു.

നോവ ചെയർപേഴ്സൺ എ.വി. പ്രിയദർശിനി, ലാലു അയ്യപ്പൻകാവ്, പ്രൊഫ. വി.പി. ആൻ്റോ, പി.എഫ്. വിൻസെന്റ്, പ്രൊഫ. സിൻ്റോ കോങ്കോത്ത് എന്നിവർ പ്രസംഗിച്ചു.

“വഖഫ് നിയമ ഭേദഗതി – ജന ജാഗരണ യജ്ഞം” : ശില്പശാല നടത്തി

ഇരിങ്ങാലക്കുട : ബിജെപി തൃശൂർ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ “വഖഫ് നിയമ ഭേദഗതി – ജന ജാഗരണ യജ്ഞം” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ സംഘടിപ്പിച്ച ശില്പശാല ബി ജെ പി ഇൻ്റലക്ച്വൽ സംസ്ഥാന സെൽ കൺവീനർ അഡ്വ. ശങ്കു ടി. ദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്, ജില്ലാ ഭാരവാഹികളായ അഡ്വ. ആശ, അജീഷ് പൈക്കാട്ട്, സംസ്ഥാന കമ്മിറ്റിയംഗം സി.പി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

പുല്ലൂർ സെൻ്റ് സേവിയേഴ്സ് ഇടവക വാർഷികം

ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവിയേഴ്സ് ഇടവകയുടെ 48-ാം വാർഷികാഘോഷം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളെ സഭയോട് ചേർത്ത് പിടിക്കണം എന്നും ഇടവകകൾ യുവജന സൗഹൃദം ആകണമെന്നും അദ്ദേഹം പറഞ്ഞു.

വികാരി റവ. ഡോ. ജോയ് വട്ടോളി അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ജെയിംസ് അക്കരക്കാരൻ സ്വാഗതം പറഞ്ഞു.

ഫാ. ആൽവിൻ അറക്കൽ, കൈക്കാരൻ ലിസൺ മാടാനി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോണി താക്കോൽക്കാരൻ എന്നിവർ പ്രസംഗിച്ചു.

സന്യാസത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. ഡേവിസ് ചക്കാലമറ്റത്ത് റവ.സി. മരിയ വെർജിൻ എന്നിവരെ ആദരിച്ചു.

50 -ാം വിവാഹ വാർഷിക വേളയിൽ പാവപ്പെട്ടവർക്കായി ഭൂമിദാനം ചെയ്ത ജെയ്സൺ പേങ്ങിപറമ്പിൽ, മതബോധന പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹന്ന ഷാജു, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ഇടവകയിലെ കുട്ടികൾ എന്നിവരെ ആദരിച്ചു.

തുടർന്ന് ജോണി മലയാറ്റൂരിന്റെ നേതൃത്വത്തിൽ ഇടവകയിലെ 250ഓളം വരുന്ന കലാകാരന്മാർ നടത്തിയ മിശിഹാ 2കെ25 എന്ന നൃത്ത ആവിഷ്കാരം, സ്കിറ്റ്, ഗാനമേള എന്നിവ അരങ്ങേറി.

ലഹരിക്കെതിരെ ജനജാഗ്രതാ ദിനാചരണവും അമ്മച്ചങ്ങലയും

ഇരിങ്ങാലക്കുട : പട്ടേപ്പാടം താഷ്ക്കൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗ്രതാ ദിനാചരണവും ബാലവേദി സർഗ്ഗസംഗമവും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.കെ. യൂസഫ്, കെ.കെ. ചന്ദ്രശേഖരൻ, സാബു കാനംകുടം എന്നിവർ പ്രസംഗിച്ചു.

വൈകീട്ട് നടന്ന അമ്മച്ചങ്ങല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി.

ദേശീയ – സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.ബി. ഷക്കീല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് ഡിവിഷൻ അംഗം ശശികുമാർ എടപ്പുഴ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

വയോജന സംഗമം ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമിക ദേശക്കാഴ്ച : സാമൂഹ്യ വിമർശനങ്ങളുമായി വേനൽമഴ ക്യാമ്പിലെ കുട്ടികളുടെ നാടകം

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ആളൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവം രണ്ടാം ദിവസം
നാടകരാവിൽ വേനൽമഴ നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിച്ച ”സസ്യബുക്ക്” നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

യുദ്ധം, ഭരണകൂട ഭീകരത, പരിസ്ഥിതി ദുരന്തങ്ങൾ, വർഗീയത, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതായിരുന്നു നാടകം.

26ന് ആരംഭിച്ച് ഒരാഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുത്ത
നാൽപതോളം കുട്ടികളാണ് അര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ വേഷമിട്ടത്.

ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.

നാടകത്തിൻ്റെ അണിയറയിലും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്.

നാടകരാവിൽ, കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായ ബീന ആർ. ചന്ദ്രൻ അവതരിപ്പിച്ച ”ഒറ്റ ഞാവൽമരം” എന്ന ഏകപാത്ര നാടകവും ഈ വർഷം സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ 4 പുരസ്കാരങ്ങൾ നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്സിൻ്റെ ”പൊറാട്ട്” എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായി.

പുരസ്കാര ജേതാക്കളായ ബീന ചന്ദ്രൻ, രജിത സന്തോഷ്, നിഖിൽ ദാസ്, നിജിൽ ദാസ് എന്നിവരെ ചലച്ചിത്ര നടൻ സുനിൽ സുഖദ ആദരിച്ചു.

പുല്ലൂർ സജു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജു, പഞ്ചായത്തംഗങ്ങളായ ഷൈനി തിലകൻ, ഓമന ജോർജ്, സവിത ബിജു, ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ക്യാമ്പ് ലീഡർ ശ്രാവണി, തുമ്പൂർ ലോഹിതാക്ഷൻ, എൻ.പി. ഷിൻ്റോ, ജയൻ കാളത്ത് എന്നിവർ പ്രസംഗിച്ചു.

പുളിക്കലച്ചിറ പാലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : പടിയൂർ പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന പാലങ്ങളിൽ ഒന്നായി മാറുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ടെത്തി.

ഈ വർഷത്തെ നാലമ്പല തീർത്ഥാടന കാലത്തിന് മുന്നോടിയായി ജൂലൈ ആദ്യവാരം തന്നെ പണി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പടിയൂർ, പൂമംഗലം പഞ്ചായത്തുകൾ തമ്മിലുള്ള ഗതാഗതം സുഗമമാകുന്നതോടൊപ്പം തന്നെ നാലമ്പല തീർത്ഥാടകർക്കും യാത്ര ഏറെ സൗകര്യപ്രദമാകും.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ്. തമ്പി, ലിജി രതീഷ്, ജനപ്രതിനിധികൾ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിലെ എസ്.എൻ. നഗർ റോഡ് (20 ലക്ഷം), പായമ്മൽ റോഡ് (40 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

എടക്കുളം ഹെൽത്ത് വെൽനെസ്സ് സെൻ്ററിൽ നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ “നീഹാരം” അവധിക്കാല ക്യാമ്പ്

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൽ അവധിക്കാല ക്യാമ്പ് ”നീഹാരം” സംഘടിപ്പിച്ചു.

രാത്രി 8 മണി വരെ നീണ്ട ക്യാമ്പ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ ഇത്തരം ക്യാമ്പുകൾ വഹിക്കുന്ന സ്വാധീനം വളരെ വലുതാണെന്ന് ടി.കെ. ലത പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് അംഗന അർജുനൻ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ, ബിപിസി കെ.ആർ. സത്യപാലൻ, യോഗ ട്രെയിനർ രാജലക്ഷ്മി, അധ്യാപിക സി.വി. സ്വപ്ന, സ്റ്റാഫ് സെക്രട്ടറി എസ്.ആർ. വിനിത എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

ചന്ദ്രിക സോപ്പ് ഫാക്ടറി വിസിറ്റ്, യോഗ ട്രെയിനിംഗ്, ലഹരി വിരുദ്ധ ക്ലാസ്, വായനാക്കളരി, ഗെയിമുകൾ, ക്യാമ്പ് ഫയർ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

മുന്തിയ ഇനം രാസലഹരിയുമായി “ഡാർക്ക് മർച്ചൻ്റും” മൂത്തകുന്നം സ്വദേശിനിയും പിടിയിൽ

ഇരിങ്ങാലക്കുട : കൊടകര മേൽപ്പാലത്തിനു സമീപം വെച്ച് 180 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎയുമായി വെള്ളാങ്ങല്ലൂർ കല്ലംകുന്ന് ചിറയിൽ വീട്ടിൽ ദീപക് രാജു (30), എറണാകുളം നോർത്ത് പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22) എന്നിവരെ പോലീസ് പിടികൂടി.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കു മരുന്നിനെതിരെ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. തൃശ്ശൂർ – ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനായ ദീപക് മുൻപും ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ ലഹരിക്കടത്തും, വില്പനയും തുടരുകയായിരുന്നു.

മയക്കുമരുന്ന് വിതരണ മേഖലയിൽ “ഡാർക്ക് മർച്ചൻ്റ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീപക് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ 2021ൽ 10കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ ആളാണ്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് അന്ന് പിടിയിലായത്. പിന്നീടും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങി ലഹരി വിൽപ്പന നിർബാധം തുടർന്നു വരികയായിരുന്നു.

ബാംഗ്ലൂരിൽ നിന്നും അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ വന്നു കൊടകരയിൽ ഇറങ്ങി മേൽപ്പാലത്തിനു കീഴിൽ പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്.

ചില്ലറ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മുന്തിയ ഇനം രാസലഹരിയാണ് ഇവരിൽ നിന്നും പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്.

പ്രതികളുൾപ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് എന്നിവരുടെ നേത്യത്വത്തിൽ തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ടി.ആർ. ഷൈൻ, പി.എം. മൂസ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എ.യു. റെജി, എം.ജെ. ബിനു, സി.കെ. ബിജു, ഷിജോ തോമസ്, സോണി പി. എക്സ്, കെ.ജെ. ഷിന്റോ, എ.ബി. നിഷാന്ത് എന്നിവരടങ്ങിയ റൂറൽ ഡാൻസാഫ് സ്ക്വാഡും കൊടകര ഇൻസ്പെക്ടർ പി.കെ. ദാസ്, എഎസ്ഐമാരായ എം.എസ്. ബൈജു, ജ്യോതി ലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. ബെന്നി, സിവിൽ പൊലീസ് ഓഫീസർ എം. ആഷിക് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബാംഗ്ലൂരിൽ ഇവർക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.