ഇരിങ്ങാലക്കുട നഗരസഭയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. വർഗ്ഗീസ് സ്വാഗതവും നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് നന്ദിയും പറഞ്ഞു.

ചടങ്ങിൽ കൗൺസിലർമാരും നഗരസഭ ജീവനക്കാരും എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു.

പ്രമേഹനിർണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പി.എൽ. തോമസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി പ്രമേഹ നിർണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറർ ജെയ്സൺ മൂഞ്ഞേലി, മോളി ജോൺസൺ, ഹോസ്പിറ്റൽ കോർഡിനേറ്റർ ശിവൻ നെന്മാറ എന്നിവർ പങ്കെടുത്തു.

കൈപ്പള്ളിത്തറ – കക്കാട് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ്ണ’ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൈപ്പള്ളിത്തറ- കക്കാട് പാടശേഖര സമിതിയുടെ സഹകരണത്തോടുകൂടി “പത്രപോഷണം” പദ്ധതി പ്രകാരം കൈപ്പള്ളിത്തറ – കക്കാട് പാടശേഖരത്തിലെ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ്ണ’ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി.

24 സെവൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഡ്രോൺ ഉപയോഗിച്ച് നടപ്പിലാക്കിയ സ്പ്രേയിങ് പദ്ധതിയുടെ ഉദ്ഘാടനം പാടശേഖര സമിതി പ്രസിഡന്റ്‌ കെ.വി. ജോഷി നിർവഹിച്ചു.

സമിതി സെക്രട്ടറി വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.

സമിതി അംഗങ്ങളായ പി.കെ. രാജൻ, കെ.എസ്. അപ്പു, കൃഷി അസിസ്റ്റന്റ് പി.എസ്. വിജയകുമാർ, കർഷകർ എന്നിവർ പങ്കെടുത്തു.

പദ്ധതി പ്രകാരം 30 ഏക്കർ നെൽകൃഷിയിലാണ് കൃഷിവകുപ്പ് ലഭ്യമാക്കിയ ഫണ്ട്‌ ഉപയോഗപ്പെടുത്തി കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത “സമ്പൂർണ്ണ” സൂക്ഷ്മ മൂലക മിശ്രിതം ഡ്രോൺ മുഖേന സ്പ്രേ ചെയ്തത്.

വിളകളുടെ പ്രാദേശികവാദം തെറ്റി : നൂറുമേനിയിൽ വിയ്യൂർ ജയിലിലെ ഉള്ളി കൃഷിയും കടുക് കൃഷിയും

തൃശൂർ : വിളകളുടെ പ്രദേശിക വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൃഷി കഥകളാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കേൾക്കുന്നത്.

ജയിൽ കിച്ചണിലേക്ക് വാങ്ങിയ ഉള്ളിയിൽ നിന്നും മുള വന്നു തുടങ്ങിയ 8 കിലോ ഉള്ളി വിത്തായി ഉപയോഗിച്ചാണ് ഉള്ളി കൃഷി തുടങ്ങി. ഏകദേശം 90 ദിവസത്തെ പരിപാലനം. ചാണകപ്പൊടിയും ദിവസേനയുള്ള നനയും മാത്രം. ഇതിൽ നിന്നു ലഭിച്ച വിളവാണ് ഞെട്ടിച്ചത്; ഏകദേശം100 കിലോഗ്രാം.

വിളവെടുപ്പ് ജോ. സൂപ്രണ്ട് എ. നസീം നിർവഹിച്ചു.

അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ സുരേഷ്, ഷാജി, ഗംഗാധരൻ എന്നിവരും പങ്കെടുത്തു.

ഇതേ സമയത്ത് തന്നെ വിളവിറക്കിയ കടുക് കൃഷിയും മോശമായില്ല. 200 ഗ്രാം വിത്തെറിഞ്ഞ് ഒന്നര കിലോഗ്രാം വിളവ് കൊയ്തു.

പ്രസുദേന്തി വാഴ്ച നടത്തി

ഇരിങ്ങാലക്കുട : പാറേക്കാട്ടുകര സെൻ്റ് മേരീസ് ദൈവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും
വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള പ്രസുദേന്തി വാഴ്ചയ്ക്കും, കൂടു തുറക്കൽ ശുശ്രൂഷയ്ക്കും ഫാ. സജി പൊൻമിനിശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചു.

ഫാ. ഡേവിസ് തോട്ടാപ്പിള്ളി, വികാരി ഫാ. ജെയ്സൻ പാറേക്കാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 25ന് : കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും.

ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ കേരള പൊലീസും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ആവേശകരമായ മത്സരത്തിൻ്റെ
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ കേരള പൊലീസിൻ്റെ ജംഷെദും രണ്ടാം പകുതിയിൽ സജീഷും ഗോൾ നേടിയപ്പോൾ 2 – 0 എന്ന സ്കോറിൽ കേരള പൊലീസ് ഫൈനലിലേക്ക് കടന്നു.

വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്‌സിയും പി.എഫ്.സി. കേരളയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ഇരുടീമുകളും അതീവ ജാഗ്രതയോടെയും ശാസ്ത്രീയ സമീപനത്തോടെയും ഏറ്റുമുട്ടിയപ്പോൾ ആവേശം നിറഞ്ഞ ഒരു നേൽ – ബൈറ്റിംഗ് മത്സരമായി മാറി.

ആദ്യ പകുതിയിൽ മെഹ്ദിയും
രണ്ടാം പകുതിയിൽ രാഹുലും നേടിയ ഗോളിലൂടെ ഗോകുലം എഫ്‌.സി. അവരുടെ ലീഡ് ശക്തമാക്കി ഫൈനലിലേക്ക് പ്രവേശിച്ചു.

ജനുവരി 25 ഞായറാഴ്ച വൈകീട്ട് 7 മണിക്കാണ് ഫൈനൽ മത്സരം.

സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥാ സ്വീകരണത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംഘാടക സമിതി രൂപീകരിച്ചു.

യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, പ്രൊഫ. കെ.യു. അരുണൻ, ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജനതാദൾ എസ്. മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, ഐ.എൻ.എൽ. മണ്ഡലം പ്രസിഡൻ്റ് റഷീദ് കാട്ടൂർ, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഉല്ലാസ് കളക്കാട്ട് സ്വാഗതവും ടി.കെ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ഫെബ്രുവരി 6ന് ഉച്ചക്ക് 3 മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് ജാഥാ സ്വീകരണം.

പി. മണി (ചെയർമാൻ), ഉല്ലാസ് കളക്കാട്ട് (കൺവീനർ), വി.എ. മനോജ്കുമാർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട സംഘാടകസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

ഇരിങ്ങാലക്കുട സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. വ്യാഴാഴ്ച 7-ാം വാർഡിലും വെള്ളിയാഴ്ച 26-ാം വാർഡിലും കുടിവെള്ള വിതരണം നടത്തി.

രണ്ട് വാർഡുകളിലുമായി ഏകദേശം 12000 ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്തത്.

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശം മുൻനിർത്തിക്കൊണ്ടാണ് സത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തുന്നത്.

സത്യസായി സേവാസമിതി സർവീസ് ഇൻചാർജ് വി. ശിവദാസ് ആണ് സൗജന്യ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നത്.

ആവശ്യമുള്ളവർ 9895103730 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ സൗജന്യമായി കുടിവെള്ളം എത്തിച്ച് നൽകുമെന്ന് സത്യസായി സേവാ സമിതി പ്രവർത്തകർ അറിയിച്ചു.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് ഒരു ജീവൻ; റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി ആളൂർ പൊലീസ്

ഇരിങ്ങാലക്കുട : മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58കാരന് ആളൂർ പൊലീസ് രക്ഷകരായി.

വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ.

എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ആളൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ പൊലീസ് സ്റ്റേഷൻ ജി.എസ്.ഐ. ജെയ്‌സൺ, സി.പി.ഒ. ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ സ്ഥലത്തെത്തി ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു.

നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്.

റെയിൽവേ ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പൊലീസ് ആശ്വസിപ്പിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.

കേരള ലാംഗ്വേജ് നെറ്റ്‌വർക്കിൻ്റെ ഇരിങ്ങാലക്കുട ഉപകേന്ദ്രം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കും ; ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസായി രൂപീകരിച്ച കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലാണ് പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഇരിങ്ങാലക്കുട ഉപകേന്ദ്രം ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ എസ്.എൻ. സ്കൂളിന് സമീപത്തുള്ള എസ്.എൻ.ഡി.പി. കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.

ഭാഷാ വിദ്യാഭ്യാസത്തിനും ബഹുഭാഷാ പ്രാവീണ്യത്തിനും പ്രാധാന്യം നൽകുന്ന ഈ സ്ഥാപനത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.

പിന്നീട് അറബിക്, ജർമ്മൻ തുടങ്ങിയ മറ്റു ഭാഷകളുടെയും ക്ലാസുകൾ ആരംഭിക്കും.

ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ്, ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സ്, ഫ്രഞ്ച് സർട്ടിഫിക്കറ്റ് എന്നിവയാണ് ലഭ്യമായ കോഴ്‌സുകൾ.

എസ്.എസ്.എൽ.സി./ പ്ലസ് ടു വിജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി ഇല്ല.

വിദ്യാർഥികൾക്കും വിവിധ തൊഴിലുകൾ ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാർക്കും അനുയോജ്യമായ സമയങ്ങളിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

അപേക്ഷകർ പേര്, പ്രായം, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി klnirinj@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.

കേരള ഭാഷാ നെറ്റ്‌വർക്ക് ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്ന ഈ കോഴ്‌സുകൾ എല്ലാവരുടേയും ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ അക്കാദമിക് തൊഴിലവസരങ്ങൾ തുറക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.