ഗവ. ബോയ്സ് സ്കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം ; മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ലാബ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

2023 – 24 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് സ്കൂളിന് ലാബ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപ അനുവദിച്ചത്.

പൊതുവിദ്യാഭ്യാസ
രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മുന്നേറുന്ന നവ കേരളത്തോടൊപ്പം ഇരിങ്ങാലക്കുടയും മുന്നേറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി, ഡെലി സിജു യോഹന്നാൻ, വി. ഭക്തവത്സലൻ, സൂരജ് ശങ്കർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

സിയോൺ കൂടാര തിരുനാൾ സമാപിച്ചു

ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ
ചർച്ച് (സിയോൺ ) വിശ്വാസികളുടെ മുഖ്യ തീർത്ഥാടന കേന്ദ്രമായ മുരിയാട് സീയോനിലെ ഈ വർഷത്തെ കൂടാര തിരുനാൾ സമാപിച്ചു.

ഈ മാസം 18ന് തിരുനാൾ ആരംഭിച്ചതു മുതൽ പതിനായിരക്കണക്കിന് വിശ്വാസികൾ എല്ലാ ദിവസവും സിയോനിൽ എത്തിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു.

സമാപന ദിവസം സഭാ അധ്യക്ഷൻ മോസ്റ്റ് റവ. ബിനോയ് മണ്ഡപത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബാനയും വചന പ്രഘോഷണവും നടന്നു.

തുടർന്ന് സിയോൺ പതാകകളും കുരുത്തോലയും വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിനിർഭരവും ആകർഷകവുമായി.

കുടുംബ സമേതം തിരുനാളിൽ പങ്കെടുത്ത എല്ലാ വിശ്വാസികളും വെള്ള വസ്ത്രങ്ങളും സിയോൺ തൊപ്പിയുമാണ് ധരിച്ചിരുന്നത്.

സമാപന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.

എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയ തിരുനാൾ ഫെബ്രുവരി 1ന്

ഇരിങ്ങാലക്കുട : എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ ഫെബ്രുവരി 1ന് അരങ്ങേറും.

തിരുനാൾ കൊടിയേറ്റം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

തിരുനാൾ ദിനമായ ഫെബ്രുവരി 1ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് റവ. ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.

ഫാ. ജെയ്സൺ വടക്കുംഞ്ചേരി സന്ദേശം നൽകും.

വൈകീട്ട് 4.30ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആദ്യം തെക്കേ കപ്പേളയിലേക്കും തുടർന്ന് വടക്കേ കപ്പേളയിലേക്കും പോയി 7 മണിക്ക് പള്ളിയിൽ സമാപിക്കും.

7.45ന് ന്യൂക്ലിയർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഫ്യൂഷൻ പ്രോഗ്രാമും തുടർന്ന് മഴവിൽ മനോരമ ആർട്ടിസ്റ്റ് അവതരിപ്പിക്കുന്ന മാജിക് ഡാൻസും അരങ്ങേറും.

മഹാത്മാഗാന്ധി സ്മൃതിസംഗമം നടത്തി 

ഇരിങ്ങാലക്കുട : കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സംഗമവും നടത്തി. 

രാജീവ്ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം നിർവ്വഹിച്ചു.  

മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.  

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, അഡ്വ. വി.ഡി. വർഗ്ഗീസ്, ടി.വി. ചാർളി, ജോസഫ് ചാക്കോ, സുജ സഞ്ജീവ്കുമാർ, മിനി ജോസ് ചാക്കോള, സനൽ കല്ലൂക്കാരൻ, വിജയൻ എളേടത്ത്, നഗരസഭ കൗൺസിലർമാർ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളെജ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളെജ് മലയാളവിഭാഗം വിദ്യാർഥിനി എൻ.എസ്. സംഘമിത്ര അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാള പ്രബന്ധത്തിന് നൽകുന്ന പുരസ്കാരത്തിന് പി.വി. ദേവറസിനെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ മലയാളം ബി.എ. പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവും ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് സമർപ്പിക്കും.

ഡോ. സി. ആദർശിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ : മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് പുരസ്കാരസമിതി മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്.

ഡോ. അജു കെ. നാരായണൻ
(എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്), ഡോ. കെ.വി. ശശി (മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ (വിമല കോളെജ് തൃശൂർ) എന്നിവർ പുരസ്കാര സമിതി അംഗങ്ങൾ ആയിരുന്നു.

അവിട്ടത്തൂർ ഉത്സവം സമാപിച്ചു       

ഇരിങ്ങാലക്കുട : പത്തു ദിവസം നീണ്ടുനിന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. 

ക്ഷേത്രകുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. 

ആറാട്ടിനു ശേഷം ക്ഷേത്രമതിൽക്കകത്ത് 13 പ്രദക്ഷിണത്തിനു ശേഷം കൊടിയിറങ്ങി. 

തുടർന്ന് കൊടിക്കൽ പറ, ആറാട്ടു കഞ്ഞി വിതരണം എന്നിവ നടന്നു.

ഐസിഎൽ ഫിൻകോർപ്പിന്റെ റീജിയണൽ ഓഫീസ് ജയ്പൂരിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപ്പ് ജയ്പൂരിലെ വൈശാലി നഗറിൽ ആരംഭിച്ച റീജിയണൽ ഓഫീസിന്റെയും പുതിയ ശാഖയുടെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്തു.

സ്വാമി ബാൽമുകുന്ദാചാര്യ മഹാരാജ് എംഎൽഎ ആശംസകൾ നേർന്നു.

രാജസ്ഥാൻ സർക്കാരിൻ്റെ എഡിജിപി ബിജു ജോർജ്ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി.

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസിഡറും ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു.

ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് & ഡെവലപ്പ്മെൻ്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി

ഇരിങ്ങാലക്കുട : കാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താണിശ്ശേരി സെൻ്ററിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി.

കാട്ടൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പ്രമീള അശോകൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി.ഡി. സൈമൺ, ശശികുമാർ കല്ലട, ഇ.ബി. അബ്ദുൽ സത്താർ, ഷാജി ജോർജ്ജ്, പഞ്ചായത്ത് മെമ്പർമാരായ പ്രീത ടീച്ചർ, കെ.ബി. ഷമീർ എന്നിവർ പ്രസംഗിച്ചു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളെജ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളെജ് മലയാളവിഭാഗം വിദ്യാർഥിനി എൻ.എസ്. സംഘമിത്ര അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാള പ്രബന്ധത്തിന് നൽകുന്ന പുരസ്കാരത്തിന് പി.വി. ദേവറസിനെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ മലയാളം ബി.എ. പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവും ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് സമർപ്പിക്കും.

ഡോ. സി. ആദർശിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ : മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് പുരസ്കാരസമിതി മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്.

ഡോ. അജു കെ. നാരായണൻ
(എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്), ഡോ. കെ.വി. ശശി (മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ (വിമല കോളെജ് തൃശൂർ) എന്നിവർ പുരസ്കാര സമിതി അംഗങ്ങൾ ആയിരുന്നു.

ഡോ. കെ.ജെ. വർഗീസിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അന്താരാഷ്ട്ര അവാർഡ്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്കായി ബാങ്കോക്കിലെ ഷിനവാത്ര ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ ലെഗസി ഓഫ് എക്സലൻസ് ഇൻ ഹൈയർ എഡ്യുക്കേഷൻ അവാർഡിന് ഇന്ത്യയിൽ നിന്നും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പലും ഡീനുമായ ഡോ. കെ.ജെ. വർഗ്ഗീസ് അർഹനായി.

ഉന്നത വിദ്യാഭ്യാസ രംഗത്തെയും ഗവേഷണ രംഗത്തെയും അന്താരാഷ്ട്ര സഹകരണത്തിനും ഉന്നത വിദ്യാഭ്യാസരംഗത്തിനു വ്യക്തിഗതമായി നൽകിയിട്ടുള്ള സംഭാവനകളെയും മാനിച്ചാണ് അവാർഡ് നൽകുന്നത്.

ഇന്തോനേഷ്യയിലെ നാലു യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ് ഡോ. കെ.ജെ. വർഗ്ഗീസ്.

അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. വർഗീസിന് നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലാംഗ്വേജ് ലാബോറട്ടറി രൂപകല്പനയിൽ പേറ്റൻ്റ് ഉണ്ട്.

അനേകം ദേശീയവും അന്തർദേശീയവുമായ ഔദ്യോഗിക ഉന്നത വിദ്യാഭ്യാസ സംഘടനകളിൽ അംഗവും നൂറിലധികം ഇംഗ്ലീഷ് ഭാഷാ കോൺഫറൻസുകളിൽ മുഖപ്രഭാഷകനും ആയിട്ടുണ്ട്.

ആറോളം ഗ്രന്ഥങ്ങളുടെ എഡിറ്ററും ലാഗ്വേജ് ലാബോറട്ടറി കൾസട്ടൻ്റുമാണ്.

തൻ്റെ മുപ്പത് വർഷത്തെ അധ്യാപന കാലഘട്ടത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ടി അനേകം അന്താരാഷ്ട്ര കോൺഫറൻസുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്.

ബാങ്കോക്ക് ഷിനവാത്ര യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് അവാർഡ് ഏറ്റുവാങ്ങി.