നിര്യാതനായി

അശോകൻ

ഇരിങ്ങാലക്കുട : തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി.

മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡൻ്റും കോൺഗ്രസ്‌ (എസ്) മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്.

സംസ്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ബീന, ലിജി, സീന, ജീജ

മരുമക്കൾ : സുരേഷ്, പരേതനായ ലോഹിതാക്ഷൻ, ഷാജി, രാധാകൃഷ്ണൻ

ഠാണാ – ചന്തക്കുന്ന് റോഡ് മാർച്ച് 20ന് ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മാർച്ച് 20 മുതൽ ഠാണാ ജംഗ്ഷൻ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതോടെ മാർച്ച് 20 മുതൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഠാണാവിലൂടെ റോഡിൻ്റെ വലതുവശം ചേർന്ന് പോകാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

മറുഭാഗത്തെ നിർമ്മാണ പ്രവർത്തികൾ മാർച്ച് 20ഓടെ പൂർത്തീകരിച്ച് 12 ദിവസത്തിനു ശേഷം ഇരുഭാഗവും ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്നും ഒപ്പം ചന്തക്കുന്ന് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തിയും പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

52 കോടി രൂപ ചിലവഴിച്ചാണ് ഠാണാ- ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

സമയബന്ധിതമായി എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഠാണാ- ചന്തക്കുന്ന് വികസനം ഈ സർക്കാരിൻ്റെ കാലഘട്ടത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ഇരിങ്ങാലക്കുട നിവാസികളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും വികസന യാഥാർത്ഥ്യത്തിനായി ഒപ്പം നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം : വർഗ്ഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : ആഴ്ചയിൽ ഒരിക്കൽ മാത്രം ഓടുന്ന കൊല്ലം – വിശാഖപട്ടണം പ്രതിവാര ട്രെയിന് പരീക്ഷണാടിസ്ഥാനത്തിൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിച്ചതുകൊണ്ട് ഇപ്പോഴുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയില്ലെന്നും ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര സമിതി മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

ഒരു പ്രതിവാര വണ്ടിക്ക് സ്റ്റോപ്പേജ് അനുവദിച്ചാൽ കാര്യമായ വരുമാനം ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലെന്നും മറ്റു പ്രതിവാര വണ്ടികൾക്കും സ്റ്റോപ്പേജ് അനുവദിക്കുകയാണെങ്കിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇരിങ്ങാലക്കുടയിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, റെയിൽവേ മന്ത്രിക്കും മറ്റും സമർപ്പിച്ച നിവേദനത്തിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പ്രതിദിന വണ്ടികൾക്ക് ഇനി ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിക്കാതിരിക്കാൻ ഈയൊരു വണ്ടിയുടെ വരുമാനക്കുറവ് ചൂണ്ടിക്കാട്ടി റെയിൽവേ തടസ്സവാദം ഉന്നയിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എം.ജെ. ഷാജി മാസ്റ്ററുടെയും ബീന ടീച്ചറുടെയും മകളാണ് ദേവപ്രിയ.

നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രസിഡന്റ് കെ. കമലം ഉപഹാരം നൽകി.

സെക്രട്ടറി വി.കെ. മണി, സംസ്ഥാന കൗൺസിലർ എം. മൂർഷിദ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. വേലായുധൻ, ജില്ലാ കമ്മിറ്റിയംഗം എ.സി. സുരേഷ്, ട്രഷറർ പി. സരള, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിൻ്റെ ദുർവിധി :

 _ഒരു ഭാഗത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ; മറുഭാഗത്ത് അനധികൃത പാർക്കിംഗ് ; ഒപ്പം തെരുവുനായ ശല്യവും_ 

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാമത്തെ ഫ്ലാറ്റ് ഫോം മുതൽ ആളൂർ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിൻ്റെ ചിത്രം യാത്രക്കാരുടെ ദുരിത യാത്രയുടെ നേർക്കാഴ്ച്ചയാണ്. 

റോഡിൻ്റെ ഒരു ഭാഗത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ, മറുഭാഗത്ത് ഓട്ടോറിക്ഷ പാർക്കിംഗും, അനധികൃത ബൈക്ക് പാർക്കിംഗും സ്വകാര്യ കാറുകളുടെ പാർക്കിംഗും. അതിനിടയിലാവട്ടെ തെരുവുനായകളുടെ ശല്യവും. ഇതാണ് ഈ റോഡിൻ്റെ നേർചിത്രം. 

ട്രെയിൻ ഇറങ്ങി വരുന്നവരും ട്രെയിൻ കയറാൻ പോകുന്നവരുമായ നൂറു കണക്കിന് യാത്രക്കാർ, പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു വരുന്നവർ, കല്ലേറ്റുംകര സൊസൈറ്റിയിലേക്ക് പോകുന്നവർ, മറ്റു സർക്കാർ സ്ഥാപനങ്ങളിലേക്ക് വരുന്നവർ, പോളിടെക്നിക്കിലേക്ക് വരുന്ന അധ്യാപകരും വിദ്യാർഥികളുമെല്ലാം ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. 

ഇത്രയും തിരക്കുള്ള റോഡിൽ അനധികൃതമായ പാർക്കിംഗ് ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. 

ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.

പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണണം : പ്രതിഷേധവുമായി സിപിഐ

ഇരിങ്ങാലക്കുട : പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ കാറളം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ലോക്കൽ കമ്മിറ്റി അംഗം ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ. ആരോമൽ നന്ദിയും പറഞ്ഞു.

ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

നിയമസഭാ തെരഞ്ഞെടുപ്പ് : സുരക്ഷാ ജോലികൾക്കായി താൽക്കാലിക സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു

ഇരിങ്ങാലക്കുട : ഏപ്രിലിൽ നടക്കാനിരിക്കുന്ന കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ജില്ലയുടെ പരിധിയിലുള്ള തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

രാജ്യസേവനത്തിലും നിയമപരിപാലനത്തിലും താൽപര്യമുള്ള സേവന സന്നദ്ധർക്ക് പൊലീസ് സേനയോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു മികച്ച അവസരമാണിത്.

18 വയസ്സിനും, 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിമുക്ത ഭടന്മാർ, മുൻ പാരാ മിലിട്ടറി ഉദ്യോഗസ്ഥർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ കേഡറ്റ് കോർപ്സ്‌ എന്നിവർക്കാണ് അവസരം.

മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ മതിയാവാതെ വന്നാൽ നാഷണൽ സർവ്വീസ് സ്കീം വൊളൻ്റിയർമാരെയും പരിഗണിക്കുന്നതാണ്.

താൽപര്യമുള്ളവർ അവരുടെ ബയോഡാറ്റയും ബന്ധപ്പെട്ട മറ്റു വിവരങ്ങളുമായി ഉടനെ അടുത്തുള്ള ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, അന്തിക്കാട്, ആളൂർ, മാള, കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, മലക്കപ്പാറ, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി, കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 ദിവസത്തെ സേവനത്തിനു മതിയായ വേതനം ലഭിക്കുന്നതാണ്.

2026 ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സേവനം ഇത്തവണ വലിയ തോതിൽ ആവശ്യമായിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം ഇരട്ടി ഉദ്യോഗസ്ഥരെ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടതുള്ളതിനാൽ, ഈ മേഖലയിൽ താൽപ്പര്യമുള്ള യോഗ്യരായ വ്യക്തികൾ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

നിങ്ങളുടെ സുഹൃത്തുക്കളോ പരിചയക്കാരോ ഇലക്ഷൻ ഡ്യൂട്ടിക്ക് സന്നദ്ധരാണെങ്കിൽ ഈ വിവരം അവരെ അറിയിക്കുകയും അവരുടെ ബയോഡാറ്റ, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അതാത് പൊലീസ് സ്റ്റേഷനുകളിൽ അടിയന്തരമായി അപേക്ഷ നൽകാൻ നിർദ്ദേശിക്കുകയും ചെയ്യണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സേവാഭാരതി സ്വാവലംബൻ ആയാമിൻ്റെ നേതൃത്വത്തിൽ സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ 7-ാം വാർഡിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ഷാജുട്ടൻ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വിഷരഹിതമായ പച്ചക്കറികളുടെ ഉൽപാദനത്തിലൂടെ ആരോഗ്യ സംരക്ഷണവും ഒപ്പം പച്ചക്കറി ഉൽപാദനത്തിൽ സ്വാവലംബൻ എന്ന ലക്ഷ്യവും മുൻനിർത്തിയാണ് സേവാഭാരതി ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതെന്നും ഈ പ്രവർത്തനങ്ങളുടെ താല്പര്യം മനസ്സിലാക്കി പൊതുജനങ്ങൾ പച്ചക്കറി കൃഷിയെ വേണ്ടുംവണ്ണം പ്രോത്സാഹിപ്പിക്കണമെന്നും ഷാജുട്ടൻ പറഞ്ഞു.

ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

മണി കുറുപ്പത്ത് മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട സേവാഭാരതി സ്വാവലംബൻ ആയാം കൺവീനർ ജയശങ്കർ സ്വാഗതവും സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗം ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, ആരോഗ്യവിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ മുല്ലക്കാട് അംഗൻവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയിൽ നിന്നുമാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ആസാദ് റോഡ് കുറ്റിക്കാടൻ വീട്ടിൽ ജോസിനെ(51)യാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

തനിക്ക് തോക്ക് നൽകിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കേരള പൊലീസ് അക്കാദമിയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയന്റിഫിക് & ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു.

പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജസ്റ്റിൻ മാത്യു വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അഭിലാഷ്, അനു ജോസ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ-മാരായ രഞ്ജിത്ത്, ഗിരീഷ്, സിപിഒ മാരായ ഉമേഷ്, ഗിരീഷ്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ മാരായ സതീശൻ, മൂസ, ജയകൃഷ്ണൻ, ജിഎഎസ്ഐ മാരായ ഷിജോ, റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വെളളം തന്നില്ലെങ്കിൽ ഇറിഗേഷൻ ഓഫീസിൽ ഉപവസിക്കും : വാക്സറിൻ പെരേപ്പാടൻ

ഇരിങ്ങാലക്കുട : തുമ്പൂർമൂഴി – ചാലക്കുടി റിവർ ഡൈവേർഷനിൽ നിന്നുള്ള ഇടമലയാർ വലതുകര മെയിൻ കാനലിൽ നിന്ന്, കൊറ്റനല്ലൂർ ബ്രാഞ്ച് കനാൽ വഴി വഴിക്കിലിച്ചിറയിലേക്ക് 5 ദിവസം വെള്ളം അനുവദിച്ചതായും കടുപ്പശ്ശേരി ബ്രാഞ്ച് കനാൽ വഴി വെങ്കുളം ചിറയിലേക്ക്, മാർച്ച് 8ന് രാവിലെ മുതൽ 11ന് രാവിലെ വരെ 3 ദിവസം ജലം വിട്ടു നൽകിയതായും വ്യാജ പ്രചരണം നടത്തിയതായി പരാതി.

ചിറയിലേക്ക് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അനുവദിച്ച് കനാൽ വഴി വന്ന വെള്ളം എവിടെപ്പോയി എന്ന കർഷകരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ കൈമലർത്തിയ സാഹചര്യത്തിൽ, പത്ത് ദിവസത്തിനുള്ളിൽ വേണ്ടത്ര വെളളം വിട്ട് തന്നില്ലെങ്കിൽ കർഷകർ ഇറിഗേഷൻ ഓഫീസിൽ ഉപവസിക്കുമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ പ്രഖ്യാപിച്ചു.

മാർച്ച് അഞ്ചിന് കർഷകർ ചാലക്കുടി മേജർ ഇറിഗേഷനിലും വൈദ്യുതി ഭവനിലും ജലനീതി സൂചന സമരം നടത്തിയിരുന്നു.

ചാലക്കുടി റിവർ ഡൈവേർഷൻ ഉത്ഭവഭാഗത്ത് 1.60 മീറ്റർ ജലവിതാനം തുടർച്ചയായി

നിലനിർത്തിയെങ്കിൽ മാത്രമേ പ്രസരണം നഷ്ടം കഴിച്ച് 42,50 കിലോമീറ്റർ അകലെ ഇടമലയാർ വലതുകര കനാലിന്റെ വാലറ്റത്തുള്ള മാള, പുത്തൻചിറ,

വേളൂക്കര പഞ്ചായത്തുകളിലെ

ചിറകൾ നിറയുകയുള്ളൂ എന്നുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഉദ്യോഗസ്ഥർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് ബാധ്യതയാണെന്ന് ഉപവാസ സമര പ്രഖ്യാപനവേളയിൽ അദ്ദേഹം ആരോപിച്ചു.

ഈ വർഷം ഒരു ദിവസം പോലും 1.60 മീറ്റർ അളവിൽ, കെ.എസ്.ഇ.ബി.യിൽ നിന്ന് ഇറിഗേഷന് ജലം ലഭിച്ചിട്ടില്ല. ശരാശരി ഒരു മീറ്റർ എന്ന തോതിൽ മാത്രമാണ് ജലവിതാനം ഉണ്ടായത് എന്നാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ കണക്കുകൾ നിരത്തി പറയുന്നത്.

കെ.എസ്.ഇ.ബി. വേണ്ടത്ര വെള്ളം വിട്ടു തരുന്നില്ല എന്ന വിഷയം ഇതുവരെ ഇറിഗേഷൻ ഉദ്യോഗസ്ഥർ

രേഖാമൂലം സർക്കാറിനെ അറിയിച്ചിട്ടില്ലെങ്കിൽ അത് ഗുരുതരമായ അനാസ്ഥ തന്നെയെന്ന് കർഷകർ കുറ്റപ്പെടുത്തി. വിഷയം ചൂണ്ടിക്കാണിച്ച് പാടശേഖര സമിതി സെക്രട്ടറി ടോം കിരണിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലേക്ക് പരാതി അയച്ചു.

തിരഞ്ഞെടുപ്പ് ആസന്നവേളയിലും

സംസ്ഥാന സർക്കാരിൻ്റെ ഹരിത കേരളം, തരിശുരഹിത കേരളം ആദിയായ പദ്ധതികൾക്ക് തുരങ്കം വച്ച്, കർഷകരെ ദ്രോഹിക്കുന്ന ജലനയം കെ.എസ്.ഇ.ബി.യും ഇറിഗേഷനും സ്വീകരിക്കുന്നത്, ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സർക്കാർ അടിയന്തിരമായി പരിശോധിക്കണമെന്നും വാക്സറിൻ പെരേപ്പാടൻ കൂട്ടിച്ചേർത്തു.