മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനിയിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരന് ഫുട്ബോൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, എ.കെ.സി.സി. രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

മുൻ ഇന്ത്യൻ ഫുട്ബോളർ സി.ഡി. ഫ്രാൻസിസിനെ പൊന്നാടയണിച്ച് ആദരിച്ചു.

ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.

ആദ്യ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., സെയിന്റ്സ് കോലഞ്ചേരിയെ ഒരു ഗോളിന് പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. 22നാണ് ഫൈനൽ മത്സരം.

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഫ്രാങ്കോ ടി. ഫ്രാൻസിസ്

ഇരിങ്ങാലക്കുട : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഫ്രാങ്കോ ടി. ഫ്രാൻസിസ്.

ഡോ. പി. അരുണാചലത്തിൻ്റെ മാർഗ്ഗദർശനത്തിൽ “കേരളത്തിലെ ട്രൈബൽ സമൂഹങ്ങൾക്കിടയിലെ ആരോഗ്യപരമായ അസമത്വം” എന്ന വിഷയത്തിൽ നടത്തിയ അഖില കേരള അടിസ്ഥാനത്തിലുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സാമ്പത്തിക ശാസ്ത്രവിഭാഗം വകുപ്പു മേധാവിയായ ഫ്രാങ്കോ ടി. ഫ്രാൻസിസ് 2016ൽ കോയമ്പത്തൂർ ഭാരതീയാർ സർവകലാശാലയിൽ നിന്ന് എജുക്കേഷനിലും പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയിരുന്നു.

തൃശൂർ കിഴക്കുംപാട്ടുകര സ്വദേശിയായ ഫ്രാങ്കോ ടി. ഫ്രാൻസിസ് അധ്യാപകരായിരുന്ന പൊറിഞ്ചു – മേരി ദമ്പതികളുടെ മകനാണ്.

പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ ആൻ ജോൺ ആണ് ഭാര്യ.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ വിദ്യാർഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു : പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസ്സിലെ പ്രതിയായ കൊരുമ്പിശ്ശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവ് (21) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മാർച്ച് 10ന് ഉച്ചയ്ക്ക് 2.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സ് കാത്തു നിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ 17 വയസുള്ള വിദ്യാർഥിയെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ വെച്ച് സ്കൂൾ വിദ്യാർഥികളുമായി ഉണ്ടായ സംഘർഷത്തിൽ പരാതിക്കാരനായ വിദ്യാർഥിയും ഉൾപ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് വിദ്യാർഥിയെ ആക്രമിച്ചത്.

പ്രണവ് ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഈ കേസുകൂടാതെ ഒരു വധശ്രമക്കേസിലും പ്രതിയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്ഐ ടി. അഭിലാഷ്, ജിഎഎസ്ഐ മാരായ ഗോപകുമാർ, മുരുകദാസ്, സിപിഒ മുരളീകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു

ഇരിങ്ങാലക്കുട : ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി. നേടിയ ദേവപ്രിയയെ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.

പൊറത്തിശ്ശേരി സ്വദേശികളായ റിട്ട. കായികാധ്യാപകൻ മണപ്പെട്ടി

ഷാജിയുടെയും പുത്തൻചിറ ടി.എച്ച്.എസിലെ അധ്യാപിക ബീനയുടെയും മകളാണ് ദേവപ്രിയ.

ക്രൈസ്റ്റ് കോളെജിൽ നിന്ന് ബിരുദവും, എൻഐടി ട്രിച്ചിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ദേവപ്രിയ ഇനി ജപ്പാനിലെ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യാൻ പോവുകയാണ്.  

സ്നേഹപൂർവ്വം വിജയാശംസകൾ നേർന്നാണ് മന്ത്രി ഡോ. ആർ. ബിന്ദു മടങ്ങിയത്.

നന്ദഗോവിന്ദം ഭജൻസ് ലൈവ് : സ്വാഗതസംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : സിനിമാ നടൻ ഇടവേള ബാബുവിൻ്റെ സ്ഥാപനമായ ഇ.ബി. സിഗ്നേച്ചർ ഏപ്രിൽ 11ന് വൈകീട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട മുൻസിപ്പൽ ഓഫീസ് റോഡിൽ സ്മാർട്ട് ഡ്രൈ ക്ലീനേഴ്സിന്റെ എതിർവശത്ത് ആരംഭിച്ചു. 

ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. 

ഇ.ബി. സിഗ്നേച്ചർ ലോഗോ പ്രകാശനം മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ നിർവ്വഹിച്ചു. 

നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ നിർവ്വഹിച്ചു. 

പ്രചരണ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

പ്രോഗ്രാം ഡയറക്ടർ ഇടവേള ബാബു സ്വാഗതവും, എഫ്.ഐ. ഇവൻ്റ്സ് സിഇഒ ഇസ മുല്ലാലി നന്ദിയും പറഞ്ഞു.

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റിന് കൊടിയേറി 

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം കുറിച്ച് നടത്തിയ വിളംബരജാഥ കത്തീഡ്രൽ പള്ളിയിൽ നിന്നാരംഭിച്ച്‌ ഠാണാ വഴി ബസ് സ്റ്റാൻഡ് ചുറ്റി മുൻസിപ്പൽ മൈതാനത്ത് സമാപിച്ചു. 

തുടർന്ന് കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റം നിർവഹിച്ചു. 

എകെസിസി പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി റോബി കാളിയങ്കര, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. 

ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗ്ഗീസ് ജോൺ, ടീം കോർഡിനേറ്റർ ജോസ് മാമ്പിള്ളി, ജെയ്സൺ പൊന്തോക്കൻ എന്നിവർ നേതൃത്വം നൽകി.

റംസാൻ റിലീഫ് വിതരണവും സമൂഹ നോമ്പുതുറയും നടത്തി എംഇഎസ്

ഇരിങ്ങാലക്കുട : എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് വിതരണവും സമൂഹ നോമ്പുതുറയും വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. 

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു. 

ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അയൂബ് കരൂപ്പടന്ന ആമുഖപ്രഭാഷണം നടത്തി. 

റേഞ്ച് പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസി റംസാൻ സന്ദേശം നൽകി.

റംസാൻ കിറ്റ് വിതരണം എംഇഎസ് ജില്ലാ പ്രസിഡന്റ്‌ പി.കെ. മുഹമ്മദ്‌ ഷമീർ, മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ ഗഫാറിനു നൽകി ഉദ്ഘാടനം ചെയ്തു. 

പുതുവസ്ത്ര വിതരണം മഹല്ല് ഭാരവാഹി അറക്കൽ അബ്ദുലുവിന്, മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ജില്ലാ പഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ നൽകി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആലീസ് തോമസ്‌, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ രമേശ് മാടത്തിങ്കൽ, വാർഡ് മെമ്പർ എ.എ. മുസമ്മിൽ, വി. മോഹൻദാസ്, ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ജമാൽ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. നവാസ്, വി.എം. ഷൈൻ, യൂത്ത് വിംഗ് പ്രസിഡന്റ്‌ നസീർ കാതിയാളം, ഷഹീം ഷാഹുൽ, മുഹമ്മദ്‌ അലി മാതിരപ്പിള്ളി, അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ പുത്തൻകാട്ടിൽ, ഹുസൈൻ, അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

കോർഡിനേറ്റർ സലിം അറക്കൽ സ്വാഗതവും സെക്രട്ടറി എം.എം. അബ്ദുൽ നിസാർ നന്ദിയും പറഞ്ഞു.

പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ഗവൺമെൻ്റും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മുന്നോട്ട് വരണം : കേരള മഹിളാസംഘം

ഇരിങ്ങാലക്കുട : സംസ്ഥാനത്തുടനീളം വർദ്ധിച്ചു വരുന്ന പാചകവാതക ക്ഷാമവും വില വർദ്ധനയും തുടർന്നുള്ള കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും മൂലം വീട്ടമ്മമാർ, കുഞ്ഞുങ്ങളുടെ സ്കൂൾ ഉച്ചക്കഞ്ഞി വിതരണ സംവിധാനം, ഹോട്ടൽ, തട്ടുകടകൾ, ഗവ. ആശുപത്രി കാന്റീനുകൾ, സിവിൽ സർവ്വീസ് കാന്റീനുകൾ ഉൾപ്പെടെ മലയാളികളുടെ സമസ്ത ഭക്ഷ്യ ലഭ്യതാ സംവിധാനങ്ങളും ദിനംപ്രതി കൂടുതൽ കൂടുതൽ താറുമാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മുന്നോട്ട് വരണമെന്ന് കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വർണ്ണലത ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സുമതി തിലകൻ അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി ഉദയപ്രകാശ്, സംസ്ഥാന കമ്മറ്റി അംഗം ജയന്തി സുരേന്ദ്രൻ, മഹിളാസംഘം മണ്ഡലം സെക്രട്ടറി അൽഫോൻസ തോമസ്, പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷനും മാകെയർ വെൽനെസ് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

ക്യാമ്പ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി മണി മേനോൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ. മോഹൻ നന്ദിയും പറഞ്ഞു.

ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസ്സംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചിട്ടുള്ള നിസ്സംഗനാ മനോഭാവം തിരുത്തണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. 

ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍. 

അധികാരത്തിലേറിയാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എന്ത് നടപടികളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുസമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള സത്യസന്ധരായ ജനപ്രതിനിധികള്‍ മുന്നോട്ട് വരാന്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും എല്ലാ ഇടവകകളിലും കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. 

”ക്രൈസ്തവ സമുദായ ശാക്തീകരണം നല്ലൊരു നാളേയ്ക്കായ്” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് കെ.സി.ബി.സി. ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കൻ, മൂവാറ്റുപുഴ മുൻസിപ്പാലിറ്റി ചെയര്‍പേഴ്‌സണും സംരംഭകയുമായ ജോയ്‌സ് മേരി ആന്റണി, ചങ്ങനാശ്ശേരി അതിരൂപത പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

അഡ്വ. ഷൈനി ജോജോ ചിറ്റിലപ്പിള്ളി മോഡറേറ്ററായി.

വികാരി ജനറല്‍മാരായ ആന്റു ആലപ്പാടന്‍, ജോസ് മാളിയേക്കല്‍, വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറിമാരായ ജിയോ ജോസ്, അഡ്വ. ആന്‍ലിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയികളായ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കുകയും, തുടര്‍ന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേടിയ രൂപത മാതൃവേദിക്കുള്ള ആദരവും, മിഷന്‍ ഞായറിന്റെ സമ്മാന പ്രഖ്യാപനവും സമ്മാനദാനവും നടത്തി. 

അതോടൊപ്പം ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാകേണ്ടിയിരിക്കുന്നുവെന്നും, ക്രൈസ്തവ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ കക്ഷിഭേദമെന്യേ കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്ന വിവേചനവും ചിറ്റമ്മനയം തുടരുന്നതില്‍ ആശങ്കയും ഖേദവും പ്രകടിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.