മാരിവില്ലഴകിലാറാടി ‘വർണ്ണക്കുട’ ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ സാഹിത്യ സാംസ്കാരികോത്സവം വർണ്ണക്കുടയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ബഹുജന പങ്കാളിത്തം കൊണ്ടും സൃഷ്ടിവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

പ്രകൃതിയുടെ വിവിധ ഭാവങ്ങളും, സമകാലിക വിഷയങ്ങളും വര്‍ണവൈവിധ്യങ്ങളോടെ മത്സരാർത്ഥികൾ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും വിരുന്നായി.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി.

വർണ്ണക്കുട കോർഡിനേറ്റർമാരായ ശ്രീലാൽ, പി ആർ സ്റ്റാൻലി, ദീപ ആൻ്റണി, അസീന ടീച്ചർ, സത്യപാലൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

23ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വർണ്ണക്കുട സാഹിത്യോത്സവം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറും.

വൈകീട്ട് 5 മണിക്ക് മുനിസിപ്പൽ മൈതാനിയിൽ വർണ്ണക്കുടയ്ക്ക് കൊടിയേറും.

തുടർന്ന് സ്നേഹസംഗീതം, ദീപജ്വാല, വർണ്ണമഴ എന്നിവയും ഉണ്ടായിരിക്കും.

തൊഴിലിടങ്ങളിൽ എല്ലാവരും തുല്യരെന്ന സ്നേഹം ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുവെച്ച് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളെജിലെ ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിൻസിപ്പൽ റവ ഫാ ജോളി ആൻഡ്രൂസ്, ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

എല്ലാവരെയും തുല്യരായ് കണ്ട് ക്രിസ്തുമസിന്റെ ഉദാത്തമായ സന്ദേശം ഉൾകൊണ്ടത് അഭിനന്ദനാർഹമാണെന്ന് ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ പറഞ്ഞു.

സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ,അസി പ്രൊഫ സോളമൻ ജോസ്, സെക്രട്ടറി സജിൽ, വൈസ് പ്രസിഡന്റ് മീര, ജിനോ എഡ്വിൻ എന്നിവർ നേതൃത്വം നൽകി.

സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുട : പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്ന ബഹുജന പ്രകടനത്തോടെ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു.

പ്രകടനവും ചുവപ്പ് വളണ്ടിയർമാർച്ചും ഠാണാവിൽ നിന്ന് തുടങ്ങി ടൗൺ ഹാൾ അങ്കണത്തിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) സമാപിച്ചു.

പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.

അമിത് ഷായും സുരേഷ് ഗോപിയും സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ അംബേദ്കർ അവഹേളനവും മനുഷ്യരെ സമഭാവനയോടെ കാണുന്ന കേരളത്തിൽ തനിക്ക് ബ്രാഹ്മണനാകണമെന്ന് പറയുന്ന സുരേഷ് ഗോപിയുടെ ചേതോവികാരവും ഒന്നുതന്നെയാണ്. ചാതുർവർണ്യം ഉറപ്പിക്കാനുള്ള ആശയം പ്രചരിപ്പിക്കുകയാണ് ഇവർ. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
ഇന്ത്യയിൽ മതനിരപേക്ഷത ഉയർത്തി പിടിയ്ക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത്.

ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി.

ജില്ലാക്കമ്മിറ്റി അംഗങ്ങളായ മന്ത്രി ഡോ ആർ ബിന്ദു, അഡ്വ കെ ആർ വിജയ എന്നിവർ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

22ന് ദേശീയ ഗണിത ദിനാഘോഷം സംഘടിപ്പിക്കും

ഇരിങ്ങാലക്കുട : ലോക പ്രശസ്ത ഭാരതീയ ഗണിതശാസ്ത്രകാരൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും ദേശീയ ഗണിതശാസ്ത്ര ദിനം ആചരിക്കും.

ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗമഗ്രാമ മാധവ ഗണിതശാസ്ത്ര പരിഷത്ത്‌ എന്ന ഭാരതീയ ഗണിത പൈതൃക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ദേശീയ ഗണിത ദിനാഘോഷം സംഘടിപ്പിക്കുന്നത്.

22ന് ഉച്ചതിരിഞ്ഞ് 2 മണി മുതലാണ് ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രം ഹാളിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.

കോസ്മിക് മാത്‌സ് ഫൗണ്ടേഷൻ ഡയറക്ടർ പി ദേവരാജ് ഉദ്ഘാടനം നിർവഹിക്കും.

യു ആർ ബി ഗ്ലോബൽ അവാർഡ് ജേതാവ് ടി എൻ രാമചന്ദ്രൻ “ലളിത ഗണിതം” എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിക്കും.

തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള സ്‌കൂൾ ഗണിതശാസ്ത്ര മേളകളിൽ പങ്കെടുത്ത് വിജയികളായ ഇരിങ്ങാലക്കുട സബ് ജില്ലയിലെ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയും : ആര്‍ ഇളങ്കോ ഐപിഎസ്

ഇരിങ്ങാലക്കുട : സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവരേക്കാള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയുമെന്ന് ആര്‍ ഇളങ്കോ ഐപിഎസ് അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട ടെലസ് വിവേകാനന്ദ ഐപിഎസ് അക്കാദമിയില്‍ 53-ാമത് വിദ്യാസാഗരം പഠനവേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളി, ടെലസ് ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ സോണി സേവ്യര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ ടി വര്‍ഗ്ഗീസ്, അക്കാദമി ഡയറക്ടര്‍ എം ആര്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

നാല് വയസില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ച് ഇഷാന്‍ അബിത്ത് അക്ബര്‍

ഇരിങ്ങാലക്കുട : നാല് വയസില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ച് ഇഷാന്‍ അബിത്ത് അക്ബര്‍.

വെറും 38 സെക്കന്റ് കൊണ്ട് ശരീരത്തിലെ എല്ലാ അസ്ഥികളെയും തിരിച്ചറിഞ്ഞ് പേര് പറഞ്ഞ് പുതു ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അച്ചീവ്‌മെന്റ് കരസ്ഥമാക്കിയിരിക്കുകയാണ് ഇഷാന്‍.

ഇരിങ്ങാലക്കുട കിഴുത്താണി തളിയപാടത്ത് വീട്ടില്‍ ഡോ അബിത്ത് അക്ബര്‍, ഡോ ഹുസ്‌ന അബിത്ത് എന്നിവരുടെ മകനായ ഇഷാൻ കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.

മനുഷ്യ ശരീരത്തിലെ എല്ലാ അസ്ഥികളും തൊട്ട് കാണിച്ച് പേര് വ്യക്തതയോടെ ഏറ്റവും വേഗതയില്‍ പറഞ്ഞെന്ന റെക്കോര്‍ഡ് ആണ് ഇഷാന്‍ കരസ്ഥമാക്കിയിരിക്കുന്നത്.

101 കിലോ തൂക്കമുള്ള മെഗാ കേക്കുമായി ആനത്തടം സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

ഇരിങ്ങാലക്കുട : ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളില്‍ 101 കിലോ തൂക്കമുള്ള കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ സി എ ഷൈജു ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഷീബ തോമസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍, പി ടി ഡബ്ലിയു എ പ്രസിഡൻസ് സി എ വി ആര്‍ ലിന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടകള്‍ അരങ്ങേറി.

ക്രിസ്തുമസിന്റെ സന്തോഷം എല്ലാവരുമായി പങ്കിടാന്‍ 101 കിലോ തുക്കത്തില്‍ 30 അടി നീളത്തിലും 2 അടി വീതിയുമുള്ള മെഗാ കേക്കാണ് തയ്യാറാക്കിയത്.

വിശുദ്ധരുടെയും സ്‌കൂളിന്റെയും ചിത്രങ്ങള്‍ കേക്കില്‍ ഒരുക്കിയിരുന്നു.

മുനയം റെഗുലേറ്റർ കം ബ്രിഡ്ജ് ഉടൻ പുനർനിർമ്മിക്കണം : കാട്ടൂരിൽ കേരള കോൺഗ്രസ്സ് ധർണ്ണ 23ന്

ഇരിങ്ങാലക്കുട : കാട്ടൂരിലെ മുനയം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പണി ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23ന് രാവിലെ 10 മണിക്ക് കാട്ടൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് 24 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത മുനയം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.

ചടങ്ങിൽ പാർട്ടി കാട്ടൂർ മണ്ഡലം പ്രസിഡൻ്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിക്കും.

കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മുൻ കേരള സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്‌ഘാടനം ചെയ്യും.

കോന്തിപുലം പാടത്ത് സ്ഥിരം തടയണ നിർമ്മാണത്തിന് ഭരണാനുമതിയായി : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന ദീർഘകാലത്തെ കർഷക സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

പദ്ധതിക്കായി 12.21 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനാകും.

മുരിയാട്, പൊറത്തിശ്ശേരി, പറപ്പൂക്കര മേഖലകളിലെ കർഷകർക്ക് പദ്ധതി ഗുണം ചെയ്യും.

കോന്തിപുലം പാടത്ത് സ്ഥിരം തടയണ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 12.21 കോടി രൂപ 2023- 24 വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നു.
തുടർന്ന് വിശദമായ പദ്ധതി രേഖ സമർപ്പിച്ച് നടപടിക്രമങ്ങൾ ധൃതഗതിയിൽ പൂർത്തീകരിച്ചാണ് പദ്ധതിക്ക് ഏറ്റവും വേഗത്തിൽ ഭരണാനുമതി ലഭ്യമാക്കിയത് എന്ന് മന്ത്രി പറഞ്ഞു.

സാങ്കേതിക അനുമതിക്കാവശ്യമായ നടപടികളും ടെൻഡർ നടപടികളും പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.