ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ച് മുകുന്ദപുരം താലൂക്ക് എൻ.എസ്‌.എസ്. യൂണിയൻ

ഇരിങ്ങാലക്കുട : ആദ്ധ്യാത്മികാചാര്യൻ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം മുകുന്ദപുരം താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു.

യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.

കേരളത്തിലെ സാംസ്കാരികമായ പുത്തനുണർവിന് ചട്ടമ്പിസ്വാമികളുടെ ബൗദ്ധികമായ ഇടപെടലുകൾ കാരണമായിട്ടുണ്ടെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ പ്രതിനിധിസഭാംഗം ആർ. ബാലകൃഷ്ണൻ പറഞ്ഞു.

സകല ജീവജാലങ്ങളും ഒന്നുചേർന്ന ഒരു സമുദായമായിരുന്നു സ്വാമികളുടെ സങ്കല്പം. വർണാശ്രമവ്യവസ്ഥയുടെ നിഷേധം, സ്ത്രീ – പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം തുടങ്ങി കേരളീയസമൂഹം അന്നുവരെ ചർച്ചചെയ്തിട്ടില്ലാത്ത വിഷയങ്ങൾ അവതരിപ്പിച്ച നവോത്ഥാനപ്രക്രിയയുടെ കന്നിമൂലക്കല്ലായിരുന്നു ചട്ടമ്പിസ്വാമികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ നന്ദൻ പറമ്പത്ത്, ബിന്ദു ജി. മേനോൻ, സി. വിജയൻ, രവി കണ്ണൂർ, എ.ജി. മണികണ്ഠൻ, പ്രതിനിധിസഭാംഗങ്ങളായ സി.ബി. രാജൻ, കെ.ബി. ശ്രീധരൻ, യൂണിയൻ ഇലക്ട്രറൽ റോൾ അംഗം എം. ശ്രീകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, സെക്രട്ടറി പി.എസ്. മിനി, അംഗങ്ങളായ സ്മിത ജയകുമാർ, മായ നന്ദകുമാർ, എൻ.എസ്.എസ്‌. ഇൻസ്പെക്ടർ ട്രെയിനി ബി. രതീഷ്, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

മുകുന്ദപുരം താലൂക്ക് യൂണിയനിലെ വിവിധ കരയോഗങ്ങളിലും ചട്ടമ്പിസ്വാമി സമാധിദിനം സമുചിതമായി ആചരിച്ചു.

 ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ തണലിലേക്ക് ചേക്കേറി ആറാമത്തെ കുടുംബം

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

ആളൂരിലെ ഭവനരഹിതയായ റസിയ സുൽത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രിയിൽ നിന്നും സ്വീകരിച്ചത്. 

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാനത്തെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്. 

ഇക്കാലയളവിൽ ബഹുജന പിന്തുണയോടെ 6 വീടുകൾ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോൽ സമർപ്പണത്തിനുശേഷം മന്ത്രി പറഞ്ഞു. 

സ്വന്തമായി വീടില്ലാതിരുന്ന റസിയ സുൽത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ബിന്ദു നിർവ്വഹിച്ചത്. 

വീടുവെച്ചു നൽകുന്ന ഉദ്യമം എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് മേഖലയിലെ യൂണിറ്റുകൾ ഏറ്റെടുത്തു. 

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സഹൃദയ എൻജിനീയറിങ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റിനെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചു. 

സഹൃദയ കോളെജിലെ വൊളൻ്റിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിടലും നിർവ്വഹിച്ചു. 

തുടർന്ന് തൃശൂർ, പാലക്കാട് മേഖലയിലെ വിവിധ കോളെജുകൾ ചേർന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകുകയും സാങ്കേതിക സർവ്വകലാശാലയിലെ എല്ലാ മേഖലയിലെയും എൻ.എസ്.എസ്. യൂണിറ്റുകൾ പൂർണ്ണ പിന്തുണ നൽകുകയും ചെയ്‌തു. 

അതോടെ റസിയ സുൽത്താനയുടെ വീടെന്ന സ്വപ്‌നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവും യാഥാർത്ഥ്യമായി. 

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ- വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് ഭവനരഹിതർക്ക് സ്വപ്നഭവനം നേടിക്കൊടുക്കാൻ കഴിയുന്ന പദ്ധതി മുന്നേറുന്നത്. 

ഏറ്റവും അഭിമാനകരമായ മാതൃകയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.എം. അരുൺ, ഡോ. പി.യു. സുനീഷ്, പ്രോഗ്രാം ഓഫീസർ സി.യു. വിജയ്, ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. എം.എസ്. വിനയൻ, രതി ഗോപി, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ജുമൈല ഷഹീർ, യു.കെ. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാനതല ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം ടി. മൃദുല

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ ടി. മൃദുല മൂന്നാം സ്ഥാനം നേടി.

ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മൃദുല സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മൃദുല.

വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ചു : പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയ് എന്നയാളുടെ വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച കേസിൽ ദുർഗ്ഗാനഗർ സ്വദേശി ചൂരപ്പെട്ടി വീട്ടിൽ ഷാംജിത്ത് (29) പിടിയിൽ.

ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടൻ എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടതിലെ വൈരാഗ്യത്താലാണ് ഏപ്രിൽ 27ന് പുലർച്ചെ അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ച് കയറി 7 ലക്ഷം രൂപയോളം വില വരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ചത്.

ഷാംജിത്തിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് ഒരു കേസുണ്ട്.

മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയുും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തദ്ദേശ റോഡ് പുനരുദ്ധാരണം : കാറളത്ത്അഞ്ചു റോഡുകളുടെ നവീകരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന കാറളം പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മണ്ഡലത്തിലെ നഗരസഭയിലും 7 പഞ്ചായത്തുകളിലുമായി വിവിധ കാരണങ്ങളാൽ തകർന്നിട്ടുള്ള 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുള്ളത്.

കാറളം പഞ്ചായത്തിലെ എ.കെ.ജി. പുഞ്ചപ്പാടം റോഡ് (16 ലക്ഷം രൂപ), ഐ.എച്ച്.ഡി.പി. കോളനി റോഡ് (20 ലക്ഷം രൂപ), ചെമ്മണ്ട കോളനി റോഡ് (15 ലക്ഷം രൂപ), മനപ്പടി വെട്ടിക്കര റോഡ് (17 ലക്ഷം രൂപ), ഹെല്‍ത്ത് സബ്ബ് സെന്‍റര്‍ താണിശ്ശേരി റോഡ് (15 ലക്ഷം രൂപ) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

നന്തി ഐ.എച്ച്.ഡി.പി. റോഡ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, പഞ്ചായത്ത് മെമ്പർമാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാർ, രജനി നന്ദകുമാർ, കാറളം പഞ്ചായത്ത് സെക്രട്ടറി കെ.കെ. ഗ്രേസി എന്നിവർ പ്രസംഗിച്ചു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര സ്വാഗതവും, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ നന്ദിയും പറഞ്ഞു.

വേളൂക്കരയിൽ കോൺഗ്രസ്സ് വാർഡ് സമ്മേളനം

ഇരിങ്ങാലക്കുട : വേളൂക്കര മണ്ഡലം കോൺഗ്രസ്സ് 14-ാം വാർഡ് സമ്മേളനം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആമിന അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് അഡ്വ. ശശികുമാർ ഇടപ്പുഴ അധ്യക്ഷത വഹിച്ചു.

ബൂത്ത് പ്രസിഡൻ്റ് ഷജീർ കൊടകരപറമ്പിൽ സ്വാഗതം പറഞ്ഞു.

മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഗീത മനോജ് ആശംസകൾ നേർന്നു.

ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് മെമ്പർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ശ്രീകുമാർ ചക്കമ്പത്ത് (വാർഡ് പ്രസിഡന്റ്), റാഫി മൂശ്ശേരിപറമ്പിൽ, ഷംല ഷാനവാസ്, സുരേഷ് പെരുമ്പിള്ളിതാഴത്ത് (വൈസ് പ്രസിഡൻ്റുമാർ), ഷിബി സോനു, സൈന റഹീം, വേലായുധൻ (സെക്രട്ടറിമാർ), യൂസഫ് കൊടകരപറമ്പിൽ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കഥകളി ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി തങ്കലിപികളിൽ രേഖപ്പെടുത്തി അനിയൻ മംഗലശ്ശേരി പടിയിറങ്ങി

ഇരിങ്ങാലക്കുട : ”സുവർണ്ണം” എന്ന പേരിൽ ഒരു വർഷം നീണ്ടുനിന്ന സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചതിനുശേഷം നടന്ന ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ 51-ാം വാർഷിക പൊതുയോഗത്തിൽ കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന ഭരണസമിതിയുടെ പ്രസിഡൻ്റായ അനിയൻ മംഗലേശ്ശരി സ്ഥാനമൊഴിഞ്ഞു.

50 വർഷം ക്ലബ്ബിന്റെ വളർച്ചയ്ക്കൊപ്പം നിന്ന അനിയൻ മംഗലശ്ശേരി ക്ലബ്ബ് ഉപദേഷ്ടാവ് പദവിയിലേയ്ക്കു മാറി.

ക്ലബ്ബിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സഹാനുവർത്തിയായി ക്ലബ്ബ് പ്രവർത്തനങ്ങൾക്കൊപ്പം ഇനിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

മികച്ച സംഘാടകനുള്ള കേരളകലാമണ്ഡലം മുകുന്ദരാജ പുരസ്കാരം, ലക്കിടി ഗുരുകൃപ കഥകളി വിദ്യാലയത്തിന്റെ ‘സമഗ്രം’ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.

ഒരു വർഷം കൊണ്ട് നൂറ്റമ്പതിൽപരം മികവാർന്ന പരിപാടികൾ നടത്തി നൂറുകണക്കിന് കലാസാംസ്കാരിക പ്രവർത്തകരെ അണിനിരത്തിയ ‘സുവർണ്ണം’ കേരളത്തിൻ്റെ കലാസംസ്കാരിക രംഗത്ത് തങ്കലിപികളിൽ ആലേഖനം ചെയ്ത ചരിത്രമായി എന്ന് പൊതുയോഗം വിലയിരുത്തി.

നളചരിതോത്സവമടക്കമുള്ള വലിയ അവതരണങ്ങൾക്ക് പുറമെ പ്രഭാഷണ പരമ്പരയും, പുതിയ രംഗനിർമ്മിതികളും, ക്ലാസിക്കലും അല്ലാത്തതുമായ കലകളുൾക്കൊണ്ട് അനവധി പരിപാടികളും മറ്റും സംഘടിപ്പിക്കാനായതിൽ ക്ലബ്ബ് അംഗങ്ങൾ, അകമഴിഞ്ഞു സഹായിച്ച സ്പോൺസർമാർ, കലാകാരന്മാർ, പ്രേക്ഷകർ തുടങ്ങിയവരുടെ പങ്ക് ഭരണസമിതി അനുസ്മരിച്ചു.

ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി രമേശൻ നമ്പീശൻ (പ്രസിഡന്റ്), എ.എസ്. സതീശൻ, കെ. രാജീവ്‌ മേനോൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. രാജേഷ് തമ്പാൻ
(സെക്രട്ടറി), പ്രദീപ്‌ നമ്പീശൻ (ജോയിന്റ് സെക്രട്ടറി), ടി.എൻ. കൃഷ്ണദാസ് (ട്രഷറർ), പി. അപ്പു, പി.എൻ. ശ്രീരാമൻ, വിനോദ് വാര്യർ, എ. സംഗമേശ്വരൻ, റഷീദ് കാറളം, എസ്.പി. രാമസ്വാമി, ദിനേശ് വാര്യർ, ടി.വി. ജോജു, സന്ദീപ് മാരാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും രക്ഷാധികാരിയായി എം.എ. അരവിന്ദാക്ഷൻ, മുഖ്യ ഉപദേഷ്ടാവായി അനിയൻ മംഗലശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.

എറണാകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് പുല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട സ്വദേശിയായ തൊടുപറമ്പില്‍ വര്‍ക്കി മകന്‍ ബിജു (47) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തു വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.

സംസ്‌കാരം നടത്തി.

അമ്മ : റോസി

സഹോദരങ്ങള്‍ : ഷാജു, ഷൈനി

കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ അഴിമതിക്കെതിരെ സി പി ഐ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ അഴിമതിക്കെതിരെ സി പി ഐ കാട്ടൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.

സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി വിപിൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.ജെ ബേബി അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി ജോജോ തട്ടിൽ സ്വാഗതവും, എൻ ഡി ധനേഷ് നന്ദിയും പറഞ്ഞു.

5000 രൂപ കടം കൊടുക്കാത്ത ദേഷ്യത്തിൽആളൂരിൽ യുവാവിനെ കൊലപ്പെടുത്താൻശ്രമിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടിൽ വച്ച് 5000 രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധത്തിൽ കല്ലേറ്റുംകര വടക്കേ തലക്കൽ വീട്ടിൽ ഷാഹിൻഷായെ (30) തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച തിരുത്തിപ്പറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34), തിരുത്തിപ്പറമ്പ് കൊല്ലംപറമ്പിൽ വീട്ടിൽ അഖിൽ (33) എന്നിവരെ ആളൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. അഫ്സൽ അറസ്റ്റ് ചെയ്തു.

ജയനെതിരെ ആളൂർ പൊലീസ് സ്റ്റേഷനിൽ 2021ൽ ഒരു വധശ്രമ കേസും, 2024ൽ ഒരു അടിപിടി കേസും, മാള പൊലീസ് സ്റ്റേഷനിൽ 2021ൽ ഒരു അടിപിടി കേസും, ചാലക്കുടി പൊലീസ് സ്റ്റേഷനിൽ 2008ൽ ഒരു കൊലപാതക കേസും, 2008, 2012, 2020 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും, 2018ൽ യുവാവിനെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കവർച്ച നടത്തിയ കേസും അടക്കം 11ഓളം ക്രിമിനൽ കേസുകളുണ്ട്.

ജയനെ 2024ൽ കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നതും വിലക്കു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നയാളുമാണ്.

ആളൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സാബു, സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിജോ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, അരുൺ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.