തെക്കുംമുറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടന ”മധുര സ്പർശ”ത്തിൻ്റെ വാർഷികം

ഇരിങ്ങാലക്കുട : മാള തെക്കുംമുറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ”മധുര സ്പർശം” വാർഷിക സമ്മേളനം പുത്തൻചിറ തെക്കുംമുറി സ്കൂൾ മുൻ ഊർജ്ജതന്ത്ര അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ സിസിലി ടീച്ചർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പ്രശാന്ത് പ്രസേനൻ അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു ”റവന്യൂ നിയമങ്ങളും ഗ്രാമ-നഗര വാസികളും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചോദ്യോത്തരവേള നയിച്ചു.

സർവ്വൻ നടുമുറി, വർദ്ധനൻ പുളിക്കൽ, മധു നെടുമ്പറമ്പിൽ, റീജ സുനിൽ, ഷാജി കാര്യാട്ട്, ഗോപി, ജബ്ബാർ, വിനോദ് പനങ്ങാട്, രജന ബാബു, സെൽവരാജ് കോഴശ്ശേരി എന്നിവർ പ്രസംഗിച്ചു.

പ്രവാസികളായ ഗിരീഷ്, അനിൽ അരങ്ങത്ത്, ദിൽഷദ് അരീപ്പുറം എന്നിവർ ഓൺലൈൻ സന്ദേശം നൽകി.

ലോകശ്രദ്ധ പിടിച്ചു പറ്റി കപില വേണു : “ഗിഗെനീസിലെ താര”മെന്നു വിശേഷിപ്പിച്ച് ന്യൂയോർക്ക് ടൈംസ്

ഇരിങ്ങാലക്കുട : ലോകശ്രദ്ധ നേടിയ വിശ്വപ്രസിദ്ധ നൃത്തസംവിധായകൻ അക്രംഖാൻ്റെ ഗിഗെനിസ് മഹാഭാരത കഥയെ ആസ്പദമാക്കി അരങ്ങേറുന്ന നൃത്തത്തിൽ പങ്കെടുത്ത് കപില വേണുവും ലോകശ്രദ്ധ നേടുന്നു.

”ഗിഗെനീസിലെ താരം” എന്നാണ് ന്യൂയോർക്ക് ടൈംസ് കപില വേണുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗിഗെനിസ് ഇതിനകം ഇറ്റലി, ഫ്രാൻസ്, യു.കെ., സിംഗപ്പൂർ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു.

ന്യൂയോർക്കിലെ ജോയ്‌സി തിയേറ്ററിലാണ് ഈ നൃത്തം ഇപ്പോൾ അരങ്ങേറുന്നത്.

അക്രംഖാനു പുറമെ പ്രശസ്ത ഭരതനാട്യം നർത്തകരായ മേവിൻ ഖൂ, രഞ്ജിത്ത് ബാബു, വിജിന വാസുദേവൻ, മൈഥിലി പ്രകാശ്, ശ്രീകല്യാണി ആഡ്കോലി, കൂടിയാട്ടം കലാകാരി കപില വേണു തുടങ്ങി ആറു നർത്തകർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പശ്ചാത്തല സംഗീതം നൽകുന്നവരിൽ മിഴാവ് വാദകൻ കലാമണ്ഡലം രാജീവും ഉൾപ്പെടുന്നു.

കൂടിയാട്ടം അഭിനയ സങ്കേതങ്ങളിൽ കപില വേണുവിൻ്റെ സാന്നിധ്യം ഇതിനകം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു

ഇരിങ്ങാലക്കുട : അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു.

അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മ മോൾ (39)ആണ് മരിച്ചത്.

മക്കളുടെ കൺമുന്നിൽ വച്ചാണ് ശ്രീഷ്മയെ ഭർത്താവ് വെട്ടിയത്. ഭർത്താവ് വാസൻ അറസ്റ്റിലായിരുന്നു.

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

ഗ്രാമികയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഊരാളി ഗോത്ര ജീവിതം പ്രതിപാദിക്കുന്ന “കൊളുക്കൻ” നോവൽ ചർച്ച ചെയ്തു.

ഇടുക്കി ജില്ലയിലെ ഊരാളി ഗോത്രത്തിൽനിന്നും ഒരേയൊരു നോവലിലൂടെ ശ്രദ്ധേയയായ നോവലിസ്റ്റ് പുഷ്പമ്മ തൻ്റെ എഴുത്തനുഭവങ്ങൾ പങ്കുവച്ചു.

കഥാകൃത്ത് വി.എസ്. അജിത് പുസ്തകത്തെ പരിചയപ്പെടുത്തി.

കവിയും നോവലിസ്റ്റുമായ കിംഗ് ജോൺസ് വായനാനുഭവം പങ്കുവെച്ചു.

കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഇമ്മാനുവൽ മെറ്റിൽസ്, ജയപ്രകാശ് ഒളരി, മനു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

കഥകളി ക്ലബ്ബിൻ്റെ പ്രബന്ധക്കൂത്ത് ‘വാഗ്മിത’യ്ക്ക് പരിസമാപ്തിയായി

ഇരിങ്ങാലക്കുട : മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച സുഭദ്രാഹരണം ചമ്പുശ്ലോകങ്ങളെ ആസ്പദമാക്കി ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച പ്രബന്ധക്കൂത്ത് പരമ്പരയുടെ രണ്ടാം ഭാഗത്തിന് പരിസമാപ്തിയായി.

ഏകാഹോത്സവത്തിനുശേഷം ചാതുർമാസ്യാചരണത്തിൻ്റെ ഭാഗമായി വ്യാജ സന്യാസവേഷധാരിയായ അർജ്ജുനനെ ദ്വാരകയിലെ കന്യാപുരത്തിങ്കലേക്ക് ക്ഷണിച്ചതിനുശേഷം സുഭദ്ര സന്യാസിയെ പരിചരിക്കുന്നതും തുടർന്നുവരുന്ന ഭാഗങ്ങളുമാണ് ‘വാഗ്മിത’ത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ അവസാനദിവസം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രംഗത്തവതരിപ്പിച്ചത്.

വാചികാഭിനയത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ക്ലബ്ബ് വർഷാവർഷം ‘വാഗ്മിത’ ഒരുക്കുന്നത്.

അപൂർവമായിമാത്രം രംഗത്ത് അവതരിപ്പിക്കുന്ന ഇത്തരം വാചകാഭിനയ പ്രാധാന്യങ്ങളായ പ്രബന്ധക്കൂത്തുകൾ അവതരിപ്പിച്ച് ക്ലബ്ബിൻ്റെ യുട്യൂബ് ചാനലിൽ ദൃശ്യാലേഖനം ചെയ്തുവയ്ക്കുകയെന്നത് ക്ലബ്ബിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിലാണ് ത്രിദിന പ്രബന്ധക്കൂത്ത് അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ. എൻ. ഹരിഹരനും, താളത്തിൽ സരിത കൃഷ്ണകുമാറുമാണ് അകമ്പടിയേകിയത്.

സി. പി. സാലിഹിൻ്റെ പാടത്ത് കാരുണ്യത്തിന്റെ മധുരമുള്ള വിളവെടുപ്പ്

അരിമ്പൂർ : വാരിയം കോൾപ്പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന വിളവെടുപ്പ് കാരുണ്യത്തിന്റെ മധുരമുള്ള വിളവെടുപ്പായി മാറി.

കോൾപ്പടവിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകൻ കൂടിയായ സി.പി. സാലിഹിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം കോൾപ്പാടശേഖരത്തിലെ വിളവെടുത്ത നെല്ല് അരിയാക്കി തൃശ്ശൂർ മെഡിക്കൽ കോളെജിലുൾപ്പടെ വിവിധ ആശുപത്രികളിലെ കാൻസർ,
ടി.ബി. വാർഡുകളിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണമാക്കി നൽകാനുള്ള തീരുമാനമാണ് ഈ വിളവെടുപ്പിനെ വേറിട്ടതാക്കിയത്.

ഞായറാഴ്ച രാവിലെ മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്ര പരിസരത്ത് നടന്ന കൊയ്ത്തുത്സവം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉയർന്ന മാതൃക കാട്ടിയ പടവിലെ കർഷകനും സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹിനെ മന്ത്രി മാനവസേവാ പുരസ്കാരം നൽകി ആദരിച്ചു.

അഡ്വ. വി.എസ്. സുനിൽകുമാർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സജീഷ്, വാർഡ് അംഗം കെ. രാഗേഷ്, അരിമ്പൂർ കൃഷി ഓഫീസർ സ്വാതി ബാബു, അരിമ്പൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് കെ. കെ. മുകുന്ദൻ, വാരിയം കോൾപ്പാടശേഖര സമിതി പ്രസിഡൻ്റ് കെ.സി. പുഷ്ക്കരൻ, സെക്രട്ടറി കെ. കെ. അശോകൻ, തങ്ക പ്രഭാകരൻ, സി. എ. വർഗീസ്, എം. എം. അനീഷ്, പി. കെ. കേരള കുമാരൻ, പി. കെ. സിജി, ശ്രീരഞ്ജിനി, ജയശ്രീ കോക്കന്ത്ര എന്നിവർ പ്രസംഗിച്ചു.

പുറംചാലിൽ നിന്നും വെള്ളം കവിഞ്ഞ് ഒഴുകി 10 ദിവസത്തോളം കൃഷിഭൂമി 3 തവണ വെള്ളത്തിനടിയിലായി ഏകദേശം 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു. ഇക്കുറി മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്.

പുറംചാൽ കവിഞ്ഞ് വെള്ളമൊഴുകുന്നത് ഒഴിവാക്കാൻ ഇറിഗേഷനും പി.ഡബ്ല്യു.ഡി.യും കെ.എൽ.ഡി.സി.യും കൂടി ആലോചിച്ച് ഒരു രൂപരേഖ തയ്യാറാക്കി തന്നാൽ വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി കെ. രാജൻ ഉറപ്പു നൽകി.

ഡോ. സി. രാവുണ്ണിക്ക് ഫെബ്രുവരി 22ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി സാഹിത്യ പുരസ്കാരം ലഭിച്ച കവി ഡോ. സി. രാവുണ്ണിക്ക് 22ന് 4.30ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും.

ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ‘’കവിതയും രാഷ്ട്രീയവും’’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

യൂണിറ്റ് പരിധിയിലെ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്കുള്ള ആദരവും അവരുടെ കലാ അവതരണവും ഉണ്ടായിരിക്കും.

വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ മുഖ്യാതിഥിയാകും.

ഖാദർ പട്ടേപ്പാടം, ഡോ. കെ. പി. ജോർജ് എന്നിവർ പങ്കെടുക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് കെ. ജി. സുബ്രഹ്മണ്യൻ സെക്രട്ടറി കെ. എച്ച്. ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു.

വാര്യർ സമാജം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം 47-ാത് സംസ്ഥാന സമ്മേളനം മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും.

സമാജം ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, ട്രഷറർ വി.വി. ഗിരീശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശങ്കരവാര്യർ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, ഗീത ആർ. വാര്യർ, ദേവരാജൻ കുറ്റുമുക്ക് എന്നിവർ പ്രസംഗിച്ചു.

പി.കെ. മോഹൻദാസ് (ചെയർമാൻ), കെ. ഉണ്ണികൃഷ്ണ വാര്യർ (വർക്കിംഗ് ചെയർമാൻ), വി. വി. മുരളീധരവാര്യർ (ജനറൽ കൺവീനർ), വി. വി. സതീശൻ (കൺവീനർ), വി. വി. ഗിരീശൻ (ട്രഷറർ), എ.സി. സുരേഷ് (കോർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്നറിയപ്പെടുന്ന അനുരാജിനെ (27) കാപ്പ ചുമത്തി തടങ്കലിലാക്കി.

2023ൽ കാട്ടൂർ സ്റ്റേഷൻ പരിധിയിലും 2017, 2022 വർഷങ്ങളിൽ പുതുക്കാട് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് കടത്തിയ കേസിലും 2022ൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു അടിപടി കേസിലും 2021ൽ കൊടകര സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടി കേസിലും 2024ൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ ചാൾസ് ബഞ്ചമിൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും അടക്കം 16 ഓളം കേസിലെ പ്രതിയാണ് അനുരാജ്.

പുതുക്കാട് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.

“ഓപ്പറേഷന്‍ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവം : ഇക്കൊല്ലവും സംഭാര വിതരണം നടത്തി സേവാഭാരതി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഇക്കൊല്ലവും സംഭാര വിതരണം നടത്തി.

എസ്. എൻ. ബി. എസ്. സമാജം പ്രസിഡൻ്റ് എൻ. ബി. കിഷോർ സംഭാരവിതരണം ഉദ്ഘാടനം ചെയ്തു.

സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

സേവാഭാരതി അന്നദാന സമിതി പ്രസിഡൻ്റ് രവീന്ദ്രൻ കാക്കര സ്വാഗതവും വൈസ് പ്രസിഡന്റ്‌ ദാസൻ വെട്ടത്ത്‌ നന്ദിയും പറഞ്ഞു.