സ്ക‌ിൽ ഡെവലപ്പ്‌മെൻ്റ് സെൻ്ററിൽ പ്രവേശനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്മെൻറ് സെൻ്ററിലെ ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്‌നിഷ്യൻ, ഇൻ്റീരിയർ ലാൻഡ് സ്കേപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.

പത്താം ക്ലാസ് വിജയിച്ച 15 മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോഴ്‌സുകൾ തികച്ചും സൗജന്യമാണ്.

ക്ലാസുകൾ ശനി, ഞായർ, മറ്റു പൊതു അവധി ദിവസങ്ങളിൽ. മറ്റു കോഴ്‌സുകൾ പഠിക്കുന്നവർക്കും ഈ കോഴ്‌സുകളിൽ ചേരാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ്‌ 15.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ (എസ് ഡി സി കോഡിനേറ്റർ) : 9633027148

എടതിരിഞ്ഞിയിൽ ബിജെപിയുടെ പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട : നിലവിൽ ഉണ്ടായിരുന്ന ഏടതിരിഞ്ഞി വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റി ഒരു വർഷം കഴിഞ്ഞിട്ടും പുതിയ ഹൈടെക് വില്ലേജ് ഓഫീസ് നിർമ്മാണപ്രവർത്തനം ആരംഭിക്കാത്തതിനെതിരെ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബിജെപി
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കോലാന്ത്ര അധ്യക്ഷ വഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അർച്ച അനീഷ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വാണികുമാർ കോപ്പുള്ളിപറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

ശ്രീജിത്ത് മണ്ണായിൽ സ്വാഗതവും ബിജോയ് കളരിക്കൽ നന്ദിയും പറഞ്ഞു.

സുജിത ഷിനോബ്, നിജീഷ് കോപ്പുള്ളിപറമ്പിൽ നിഷ പ്രനിഷ്, അജയൻ പൊന്നമ്പള്ളി, പ്രഭാത വെള്ളാപ്പള്ളി, നിഷ രാകേഷ്, ശിവൻ കോപ്പുള്ളിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

നിര്യാതയായി

താണ്ടമ്മ

ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ ചിറ്റിലപ്പിള്ളി ലോന ഭാര്യ താണ്ടമ്മ (91) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 9. 30ന് മണ്ണുക്കാട് ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ആന്റണി, മാഗി, ജോളി, മോളി, ഷര്‍ളി, മാർട്ടിൻ, ഡേവിസ്, ജോയ്

മരുമക്കൾ : ബിന്ദു,പോൾ, ജോജി,ഡേവിസ്, പരേതനായ ജോസഫ്, റീന,ആൻസി,ലാലി

വിരിച്ച ടൈലുകൾ മങ്ങി ; പണം വാങ്ങി വെക്കൽ മാത്രമല്ല വ്യാപാരിയുടെ പണി : പരാതിക്കാരന് നഷ്ടം കൊടുക്കണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : വിരിച്ച ടൈലുകൾ മങ്ങിയതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.

തൃശൂർ ഒല്ലൂക്കരയിലുള്ള ശ്രേയസ് നഗറിലെ ജിയോ ജോൺസൺ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പറവട്ടാനിയിലെ ഐഡിയൽ ഏജൻസീസ് ഉടമക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.

ജിയോ ജോൺസൺ എതിർകക്ഷിയിൽ നിന്ന് വാങ്ങി വിരിച്ച ടൈലുകൾക്ക് മങ്ങൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് തൃശൂർ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്.

ടൈൽ നിർമ്മാതാക്കളെ കക്ഷി ചേർത്തില്ല എന്ന വാദമാണ് എതിർകക്ഷി ഉന്നയിച്ചിരുന്നത്.
കൂടാതെ ടൈലുകൾ വിരിച്ചതിന് ഉപയോഗിച്ച സിമൻ്റിൻ്റെയോ, ടൈലുകൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന കെമിക്കലുകളുടെയോ അപാകത കൊണ്ടും ഇപ്രകാരം സംഭവിക്കാം
എന്ന വാദങ്ങളും എതിർകക്ഷി ഉയർത്തി.

നിർമ്മാണ വൈകല്യം എതിർകക്ഷി ഉന്നയിക്കാത്തതിനാൽ നിർമ്മാതാവ് അനിവാര്യ കക്ഷിയല്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഉല്പന്നം
വില്പന നടത്തുന്ന സ്ഥാപനത്തിന് ഏത് സിമൻ്റ് ഉപയോഗിക്കുന്നതാണ് ഉചിതം എന്ന വിവരങ്ങൾ നൽകുവാൻ ബാധ്യതയുണ്ടെന്നും, കേവലം പണം വാങ്ങി വെക്കൽ മാത്രമല്ല ഒരു വ്യാപാരിയുടെ ചുമതലയെന്നും കോടതി നിരീക്ഷിച്ചു. വില്പനക്കാരൻ ഉപഭോക്താവിൻ്റെ സഹായിയായി മാറണമെന്നും കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 10,000 രൂപയും, ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

കേരളത്തിലുള്ള മുഴുവൻ പാക്കിസ്ഥാൻകാരേയും പുറത്താക്കണം : പൊയ്യയിൽ ബി ജെ പി ധർണ

മാള : അനധികൃതമായി കേരളത്തിൽ കുടിയേറി പാർത്തിട്ടുള്ള മുഴുവൻ പാക്കിസ്ഥാൻ സ്വദേശികളെയും കണ്ടെത്തി പുറത്താക്കാൻ അധികാരികൾ തയ്യാറാവണമെന്നാവശ്യപ്പെട്ട്
ബി ജെ പി സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊയ്യ കമ്പനിപ്പടി ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു .

ജില്ലാ വൈസ് പ്രസിഡണ്ട് എ പി അനിൽകുമാർ സ്വാഗതവും, മാള മണ്ഡലം പ്രസിഡണ്ട് കെ എസ് അനൂപ് നന്ദിയും പറഞ്ഞു.

“സ്പർശം” പ്രദർശന- വിപണന മേള നടത്തി

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് വിമൻസ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ “സ്പർശം” എന്ന പേരിൽ അപൂർവ്വതരം വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, ഹെർബൽ സൗന്ദര്യ വർദ്ധക വസ്‌തുക്കൾ, ഹോം മെയ്‌ഡ് അച്ചാറുകൾ, മസാലകൾ, കരകൗശല സാധനങ്ങൾ മുതലായവയുടെ പ്രദർശന- വിപണന മേള നടത്തി.

സാധാരണ നിലയിൽ മെട്രോ നഗരങ്ങളിൽ നടക്കുന്ന ഇത്തരം പരിപാടികൾ ഗ്രാമവാസികൾക്ക് കൂടി അനുഭവയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുമ്പൂരിൽ മേള നടത്തിയത്.

തുമ്പൂർ സൊസൈറ്റിക്ക് സമീപമുള്ള കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബിൻ്റെ ഹാളിൽ നടന്ന മേള ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

മുൻ ലയൺസ് ഫോറം പ്രസിഡൻ്റ് പ്രൊഫ. റാണി വർഗ്ഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു.

വേളൂക്കര പഞ്ചായത്ത് മെമ്പർ ഷീജ ഉണ്ണികൃഷ്‌ണൻ ആശംസകൾ നേർന്നു.

ക്ലബ്ബ് പ്രസിഡന്റ് ബാബു കോലങ്കണ്ണി സ്വാഗതവും സെക്രട്ടറി പ്രദീപ് മണപറമ്പിൽ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട : മെയ് 8ന് കൊടി കയറി 18ന് രാപ്പാൾ കടവിൽ നടക്കുന്ന ആറാട്ടോടെ സമാപിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിനിർഭരമായി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയ് കുമാർ, ബിന്ദു, മുൻ ചെയർമാൻ യു പ്രദീപ് മേനോൻ, പ്രവാസി വ്യവസായി ബാലൻ കണ്ണോളി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

അരി, പഞ്ചസാര, എണ്ണ, നെയ്യ്, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളും, വിവിധ തരം പച്ചക്കറികളുമാണ് സംഗമേശൻ്റെ കലവറ നിറയ്ക്കൽ ചടങ്ങിൽ ഭക്തജനങ്ങൾ സമർപ്പിച്ചത്.

അവധിക്കാല കായിക പരിശീലനം തുടങ്ങി

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ അവധിക്കാല കായിക പരിശീലനം തുടങ്ങി.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് എ.വി. പ്രകാശ് അധ്യക്ഷനായി.

പൂർവ്വ വിദ്യാർഥിയും ബോക്സിങ് സംസ്ഥാനതല ജേതാവുമായ അഷ്ബിൻ ബാസിം മുഖ്യാതിഥിയായി.

വിദ്യാർഥികൾക്കായി കോണത്തുകുന്ന് സാൻ്റോസ് ക്ലബ്ബ് നൽകിയ ജേഴ്സികളുടെ വിതരണം ക്ലബ്ബ് രക്ഷാധികാരി സലീം അറക്കൽ നിർവ്വഹിച്ചു.

എം.എം. അജീസാണ് പരിശീലകൻ.

പ്രധാനാധ്യാപിക പി.എസ്. ഷക്കീന സ്വാഗതവും അധ്യാപിക ഐ.ആർ. രാസമോൾ നന്ദിയും പറഞ്ഞു.

പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് 8078063744 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇരിങ്ങാലക്കുടയിലെ ബിവറേജ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാട്ടൂർ റോഡിലുളള ബിവറേജ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കാട്ടൂർ സ്വദേശി ഒറ്റാലി വീട്ടിൽ സതീശൻ (53) ഷോപ്പിന്റെ കൌണ്ടർ ക്ലോസ് ചെയ്ത് ഷട്ടർ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന കാറളം കല്ലന്തറ താണിശ്ശേരിയിൽ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കണ്ണമ്പുള്ളി വീട്ടിൽ ഓലപ്പീപ്പി സജീവൻ എന്നു വിളിക്കുന്ന സജീവൻ (45), പോട്ട പടിഞ്ഞാറെത്തല വീട്ടിൽ ഫ്രിജോ (38) എന്നിവരോട് ഷോപ്പിൽ നിന്നും പുറത്തേക്ക് പോകാൻ പറഞ്ഞിരുന്നു.

ഇതിൻ്റെ വിരോധത്താൽ മെയ് 3ന് രാവിലെ 10 മണിക്ക് ബിവറേജ് ഷോപ്പിലേക്ക് ജോലിക്കു വന്ന സതീശനെ തടഞ്ഞു നിർത്തി ഇവർ രണ്ടു പേരും വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സജീവൻ, ഫ്രിജോ എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഷാജൻ, സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ, മുഹമ്മദ് റാഷി, പ്രൊബേഷൻ എസ് ഐ സുബിൻ, എ എസ് ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനുലാൽ, സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വീട്ടിൽ ഉച്ചത്തിൽ പാട്ടു വെച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : വീട്ടിൽ ഉച്ചത്തിൽ പാട്ടു വെച്ചതിലുള്ള വിരോധത്തിൽ യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷിനെ ആളൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. അഫ്സൽ അറസ്റ്റ് ചെയ്തു.

മെയ് 2ന് ഉച്ചയ്ക്ക് 2.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഉച്ചത്തിൽ പാട്ടു വെച്ചതിലുള്ള വിരോധത്തിൽ പോട്ട ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ വിനു (25) എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാന്റ് ചെയ്തു.

മുറി രതീഷ് ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാളുടെ പേരിൽ കൊടകര പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളും, ഒരു കവർച്ച കേസും, ആളൂർ പൊലീസ് സ്റ്റേഷനിൽ രണ്ടു വധശ്രമ കേസുകളും, മൂന്ന് അടിപിടി കേസുകളും, അടക്കം എട്ടോളം ക്രിമിനൽ കേസുകളുണ്ട്.

രതീഷിനെതിരെ 2024ൽ തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് റിമാൻഡ് ചെയ്തിരുന്നതുമാണ്.

ആളൂർ സബ്ബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സുമേഷ്, സുരേന്ദ്രൻ, സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഹരികൃഷ്ണൻ, അനീഷ്, അനൂപ്, നിഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.