വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എം.ടി.യു.) ആരംഭിച്ചു.

വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ തോടുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലുമെല്ലാം തള്ളുന്നത് ഒഴിവാക്കുക എന്നതാണ് 50 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച ഈ മൊബൈൽ യൂണിറ്റുകളുടെ ലക്ഷ്യം.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 5 പഞ്ചായത്തുകളെ ചേർത്ത് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഇതിനായി ഒരു ഡ്രൈവറെയും ഓപ്പറേറ്ററെയും നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഭൗമ എൻവിരോ ടെക് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് മാസത്തിൽ 1.77 ലക്ഷം രൂപ കമ്പനിക്ക് നൽകണം.

പഞ്ചായത്തുകളിലെ സങ്കേതങ്ങളിൽ സൗജന്യമായി ടാങ്കുകൾ വൃത്തിയാക്കി നൽകണമെന്ന ആവശ്യപ്രകാരം അർഹരായ ആളുകൾക്ക് സൗജന്യ സേവനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ടാങ്ക് തുറന്ന് യന്ത്രമിറക്കി ആറു തവണയായി നാലു തരത്തിൽ വെള്ളം ശുദ്ധീകരിച്ച് ക്ലോറിനറ്റ് ചെയ്താണ് മാലിന്യം നീക്കം ചെയ്യുന്നത്. ശാസ്ത്രീയമായി ചെയ്യുന്നതിനാൽ ടാങ്ക് വൃത്തിയാക്കുമ്പോൾ യാതൊരുതരത്തിലുള്ള ദുർഗന്ധമോ രോഗകാരികളായ അണുക്കളുടെ വ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6000 ലിറ്റർ വരെയുള്ള ടാങ്കുകൾ 4000 രൂപയ്ക്കാണ് വൃത്തിയാക്കി നൽകുന്നത്. അതിനു മുകളിൽ ഉള്ള ടാങ്കുകൾക്ക് തുകയിൽ വ്യത്യാസമുണ്ടാകും. സേവനം ലഭ്യമാകുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ പണമടച്ച് ബുക്ക് ചെയ്താൽ മതിയാകുമെന്ന് അധികൃതർ അറിയിച്ചു.

കലാലയരത്ന പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച വിദ്യാർഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം കോഴിക്കോട് ദേവഗിരി കോളെജിലെ എം ശിവാനിക്ക് തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ് സമ്മാനിച്ചു.

ക്രൈസ്റ്റ് കോളെജിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മലയാള വിഭാഗം അധ്യക്ഷൻ ഫാ. ടെജി കെ. തോമസ് സ്വാഗതം പറഞ്ഞു.

മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, മുൻ പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, എച്ച്. ആർ. മാനേജർ പ്രൊഫ. യു. ഷീബ വർഗീസ് എന്നിവർ പ്രസംഗിച്ചു.

കെ.കെ.ടി.എം. കോളെജിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ. കെ. കെ. ടി. എം. കോളെജിലെ ഭൂമിത്രസേന ക്ലബ്ബ്, സുവോളജി, ബോട്ടണി വിഭാഗങ്ങൾ, നേച്ചർ ക്ലബ്ബ് എന്നിവർ സംയുക്തമായി ലോക തണ്ണീർത്തട ദിനാഘോഷം സംഘടിപ്പിച്ചു.

കോളെജിന്റെ അധീനതയിലുള്ള ചാപ്പാറ കണ്ടൽ വനത്തിൽ കണ്ടലുകളുടെ പരിസ്ഥിതിയിലുളള പ്രാധാന്യത്തെ കുറിച്ചുള്ള ഫീൽഡ് ട്രെയിനിംഗ് ആയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമ്മിള ഉദ്ഘാടനം ചെയ്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഐ. ബി. മനോജ് കുമാർ പരിശീലന ക്ലാസ് നയിച്ചു.

കണ്ടലുകൾ ജൈവവൈവിധ്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധത്തിനും ഇവ അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിത്രസേന കോർഡിനേറ്റർ കെ. സി. സൗമ്യ, നേച്ചർ ക്ലബ് കോർഡിനേറ്റർ ആർ. രാഗ, അധ്യാപകരായ എൻ. കെ. പ്രസാദ്, റെമീന കെ. ജമാൽ എന്നിവർ നേതൃത്വം നൽകി.

വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികളും അധ്യാപകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

നേത്രചികിത്സ- തിമിര ശസ്ത്രക്രിയ ക്യാമ്പ് 23ന്

ഇരിങ്ങാലക്കുട : പി. എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് 23ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ മണപറമ്പില്‍ അധ്യക്ഷത വഹിക്കും.

സെക്രട്ടറി അഡ്വ. എം.എസ്. രാജേഷ്, പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പൊന്തക്കാടിനുള്ളിലെ മാലിന്യ കൂമ്പാരമായി നഗരങ്ങളിലെ കാനകൾ

ഇരിങ്ങാലക്കുട : നഗരത്തിലെ പല തോടുകളും പൊന്തക്കാടുകളും മാലിന്യ കൂമ്പാരങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

വെള്ളം ഒഴുകി പോകേണ്ട തോടുകളില്‍ പലതും കാടുകയറി കിടക്കുന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ തോടിനു പരിസരത്തെ കിണറുകളിലെ വെള്ളവും മലിനമാകാൻ തുടങ്ങി.

രാമന്‍ചിറ തോട്ടില്‍ മാലിന്യത്തിനു പുറമേ കാടും പടലും വളർന്ന് നീരൊഴുക്ക് പാടെ നിലച്ച നിലയിലാണ്.

എലികളുടെയും ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രമാണ് നഗരത്തിലെ പല തോടുകളും. ചെറിയ തോതില്‍ മലിനജലം കെട്ടിനില്‍ക്കുന്ന തോടുകൾ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായും മാറിക്കഴിഞ്ഞു.

ആദ്യകാലങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളാണ് തോടുകള്‍ വൃത്തിയാക്കിയിരുന്നത്. എന്നാൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതിനാലും കുപ്പിച്ചില്ല് പോലുള്ള വസ്തുക്കള്‍ തോട്ടില്‍ ഉണ്ടാകാറുള്ളതിനാലും തോട് വൃത്തിയാക്കുവാന്‍ ഇപ്പോൾ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കാറില്ല.

ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടെങ്കിലും കാനകള്‍ക്കിരുവശവും വലിയ ഉയരത്തില്‍ മതിലുകള്‍ ഉയർന്നതോടെ ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഇറക്കിയുള്ള വൃത്തിയാക്കലും നിലച്ചു.

കാനകളിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയിലെ ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. പൊറത്തൂച്ചിറ മലിനമായതോടെയായിരുന്നു ഈ നടപടി. എന്നാല്‍ മറ്റു പല തോടുകളിലും തൽസ്ഥിതി തുടരുകയാണ്.

ആരോഗ്യവിഭാഗം ഇതിനെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

കാനയ്ക്കുള്ളിൽ വൈദ്യുതിക്കാലുകൾ നിലനിർത്തി നിർമ്മാണം : പ്രതിഷേധം ശക്തമാകുന്നു

ഇരിങ്ങാലക്കുട : ചാലക്കുടി – ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ കല്ലേറ്റുംകര എസ്റ്റേറ്റിനു സമീപം പൊതുമരാമത്തു വകുപ്പ് വൈദ്യുതിക്കാലുകള്‍ മാറ്റി സ്ഥാപിക്കാതെ കാനയ്ക്കുള്ളില്‍ തന്നെ നിലനിര്‍ത്തി കോണ്‍ക്രീറ്റിടുന്നതായി ആക്ഷേപം.

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിരിക്കുന്ന കാനയുടെ ഒത്ത നടുവിലായാണ് വൈദ്യുതിക്കാലുകള്‍ നില്‍ക്കുന്നത്.

മഴ പെയ്താല്‍ വെള്ളത്തിന്‍റെ ഒഴുക്കിന് ഇത് തടസ്സമാകും എന്ന കാര്യത്തിൽ സംശയമില്ല. നാല് വൈദ്യുതി കാലുകളാണ് കാനയില്‍ ഇതുപോലെ മാറ്റി സ്ഥാപിക്കാതെ നിലനിർത്തിയിരിക്കുന്നത്.

അതേസമയം വൈദ്യുതി കാലുകള്‍ മൂന്നെണ്ണം നീക്കി സ്ഥാപിച്ചതായും ശേഷിക്കുന്ന നാലെണ്ണം മാറ്റുന്നതിനായി കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

വിശ്വനാഥപുരം കാവടി പൂരം : കാവടി വരവിൽ കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് 4 വിഭാഗങ്ങളിൽ നിന്നായി ഉണ്ടായ കാവടി വരവിൽ കോമ്പാറ വിഭാഗം ഒന്നാം സ്ഥാനവും, പുല്ലൂർ വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഏറ്റവും നല്ല പൂക്കാവടികൾക്കും അച്ചടക്കത്തിനുമുള്ള സമ്മാനങ്ങൾ കോമ്പാറ വിഭാഗവും, ഏറ്റവും നല്ല ഗോപുര കാവടികൾക്കുള്ള സമ്മാനം ടൗൺ പടിഞ്ഞാട്ടുമുറി വിഭാഗവും നേടി.

തെക്കുംമുറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടന ”മധുര സ്പർശ”ത്തിൻ്റെ വാർഷികം

ഇരിങ്ങാലക്കുട : മാള തെക്കുംമുറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ”മധുര സ്പർശം” വാർഷിക സമ്മേളനം പുത്തൻചിറ തെക്കുംമുറി സ്കൂൾ മുൻ ഊർജ്ജതന്ത്ര അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ സിസിലി ടീച്ചർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പ്രശാന്ത് പ്രസേനൻ അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു ”റവന്യൂ നിയമങ്ങളും ഗ്രാമ-നഗര വാസികളും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചോദ്യോത്തരവേള നയിച്ചു.

സർവ്വൻ നടുമുറി, വർദ്ധനൻ പുളിക്കൽ, മധു നെടുമ്പറമ്പിൽ, റീജ സുനിൽ, ഷാജി കാര്യാട്ട്, ഗോപി, ജബ്ബാർ, വിനോദ് പനങ്ങാട്, രജന ബാബു, സെൽവരാജ് കോഴശ്ശേരി എന്നിവർ പ്രസംഗിച്ചു.

പ്രവാസികളായ ഗിരീഷ്, അനിൽ അരങ്ങത്ത്, ദിൽഷദ് അരീപ്പുറം എന്നിവർ ഓൺലൈൻ സന്ദേശം നൽകി.

ലോകശ്രദ്ധ പിടിച്ചു പറ്റി കപില വേണു : “ഗിഗെനീസിലെ താര”മെന്നു വിശേഷിപ്പിച്ച് ന്യൂയോർക്ക് ടൈംസ്

ഇരിങ്ങാലക്കുട : ലോകശ്രദ്ധ നേടിയ വിശ്വപ്രസിദ്ധ നൃത്തസംവിധായകൻ അക്രംഖാൻ്റെ ഗിഗെനിസ് മഹാഭാരത കഥയെ ആസ്പദമാക്കി അരങ്ങേറുന്ന നൃത്തത്തിൽ പങ്കെടുത്ത് കപില വേണുവും ലോകശ്രദ്ധ നേടുന്നു.

”ഗിഗെനീസിലെ താരം” എന്നാണ് ന്യൂയോർക്ക് ടൈംസ് കപില വേണുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗിഗെനിസ് ഇതിനകം ഇറ്റലി, ഫ്രാൻസ്, യു.കെ., സിംഗപ്പൂർ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു.

ന്യൂയോർക്കിലെ ജോയ്‌സി തിയേറ്ററിലാണ് ഈ നൃത്തം ഇപ്പോൾ അരങ്ങേറുന്നത്.

അക്രംഖാനു പുറമെ പ്രശസ്ത ഭരതനാട്യം നർത്തകരായ മേവിൻ ഖൂ, രഞ്ജിത്ത് ബാബു, വിജിന വാസുദേവൻ, മൈഥിലി പ്രകാശ്, ശ്രീകല്യാണി ആഡ്കോലി, കൂടിയാട്ടം കലാകാരി കപില വേണു തുടങ്ങി ആറു നർത്തകർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പശ്ചാത്തല സംഗീതം നൽകുന്നവരിൽ മിഴാവ് വാദകൻ കലാമണ്ഡലം രാജീവും ഉൾപ്പെടുന്നു.

കൂടിയാട്ടം അഭിനയ സങ്കേതങ്ങളിൽ കപില വേണുവിൻ്റെ സാന്നിധ്യം ഇതിനകം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു

ഇരിങ്ങാലക്കുട : അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു.

അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മ മോൾ (39)ആണ് മരിച്ചത്.

മക്കളുടെ കൺമുന്നിൽ വച്ചാണ് ശ്രീഷ്മയെ ഭർത്താവ് വെട്ടിയത്. ഭർത്താവ് വാസൻ അറസ്റ്റിലായിരുന്നു.

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.