കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം വെളിച്ചപ്പാട് കൊടിക്കൂറ ചാർത്തി.

ട്രസ്റ്റി ചിറ്റൂർ മനയ്ക്കൽ ഹരി നമ്പൂതിരി, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് അഖിൽ ചേനങ്ങത്ത്, സെക്രട്ടറി സുബ്രഹ്മണ്യൻ കൈതവളപ്പിൽ, ട്രഷറർ അഡ്വ. പത്മിനി സുധീഷ്, വൈസ് പ്രസിഡന്റ് ടി.സി. ഉദയൻ, ജോ. സെക്രട്ടറി ദേവദാസ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരം : അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ക്ലബ് ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്.എ.ഐ.) ആഭിമുഖ്യത്തില്‍ 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടത്തിയ മത്സരത്തിൽ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ക്ലബ് ചാമ്പ്യന്മാരായി.

തോമസ് കാട്ടൂക്കാരനാണ് പരിശീലകൻ.

നിര്യാതനായി

പൊറിഞ്ചു

ഇരിങ്ങാലക്കുട : തുമ്പൂർ കുതിരത്തടം കാച്ചപ്പിള്ളി അന്തോണി മകൻ പൊറിഞ്ചു നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ശനിയാഴ്ച) രാവിലെ 9. 30ന് കുതിരത്തടം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ മേരി

മക്കൾ : ജോണി (തുമ്പൂർ ബാങ്ക് മുൻ പ്രസിഡന്റ്), റോസിലി, ഡേവിസ്, ജാൻസി, ആൻസി, ഷിജി

മരുമക്കൾ : ഓമന ചിറയത്ത്, ജോസ് കുറുവീട്ടിൽ, ഷൈനി മാളിയേക്കൽ, പോൾ കോക്കാട്ട്, ജോയ് കരിമാലിക്കൽ, ജോയ് നെല്ലിശ്ശേരി

കെ.എ.തോമസ് മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും മാർച്ച് 2ന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന
കെ.എ.തോമസ് മാസ്റ്ററുടെ പതിനാലാം ചരമവാർഷിക ദിനമായ മാർച്ച് 2 ഞായർ 2.30ന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും അദ്ദേഹം നിർവ്വഹിക്കും.

ഡബ്ലിയു സി സി ക്കു വേണ്ടി ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് ഉൾപ്പെടെയുള്ളവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.

പി.എൻ.ഗോപീകൃഷ്ണൻ ജൂറി റിപ്പോർട്ട് അവതരിപ്പിക്കും.

അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ അധ്യക്ഷനാകും.

‘ഇന്ത്യൻ ഭരണഘടനയും സനാതന ധർമ്മവും’ എന്ന വിഷയത്തിൽ ഡോ.ടി.എസ്.ശ്യാംകുമാർ സ്മാരക പ്രഭാഷണം നടത്തും.

ശ്യാംകുമാറിനെ ഗോപീകൃഷ്ണൻ
ആദരിക്കും.

ഫൗണ്ടേഷൻ അംഗത്വ സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്തംഗം പി.കെ.ഡേവീസ് മാസ്റ്റർ വിതരണം ചെയ്യും.

എടത്താട്ടിൽ മാധവൻ മാസ്റ്റർക്ക് മരണാനന്തര ആദരം നൽകും.

മരണാനന്തര ശരീര, അവയവദാന സമ്മതപത്രങ്ങൾ വേദിയിൽ ഏറ്റുവാങ്ങും.

ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും അനുസ്മരണം നടത്തും.

നിര്യാതയായി

ഫിലോമിന

ഇരിങ്ങാലക്കുട : വെളയനാട് കാനംകുടം പരേതനായ അന്തോണി ഭാര്യ ഫിലോമിന (89) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച (ഫെബ്രുവരി 28) വൈകീട്ട് 4 മണിക്ക് വെളയനാട് സെൻ്റ്. മേരീസ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതയായ എൽസി, മേരി, വർഗ്ഗീസ്, ലൂസി, ഫാ. ജോസഫ് (ജർമനി)

മരുമക്കൾ : പരേതനായ അന്തോണി, ജോർജ്ജ്, ജെഗ്ഗി, ആൻ്റണി

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം : സർക്കാർ ഉത്തരവ് കത്തിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആശാവർക്കർമാർക്കെതിരെയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

മുരിയാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം മഹിളാ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറി എം.എൻ. രമേശ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, സി.പി. ലോറൻസ്, സി.വി. ജോസ്, അനീഷ് കൊളത്തപ്പള്ളി, ഗോപിനാഥ് കളത്തിൽ, എൻ.പി. പോൾ, മുരളി തറയിൽ, പി.സി. ആൻ്റണി, കെ.പി. സദാനന്ദൻ, ഷാരി വീനസ്, സതി പ്രസന്നൻ, അഞ്ജു സുധീർ, ഗ്രേസി പോൾ, ജിനിത പ്രശാന്ത്, സംഗീത, ബാലചന്ദ്രൻ വടക്കൂട്ട്, ആശാവർക്കർ റെജി ആൻ്റു എന്നിവർ നേതൃത്വം നൽകി.

വെള്ളക്കരം കുടിശ്ശിക മാർച്ച് 31ന് മുമ്പ് അടക്കണം

ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട പി.എച്ച്. ഡിവിഷൻ ഓഫീസിന്റെ കീഴിലുള്ള ചാലക്കുടി, മാള, നാട്ടിക, ഇരിങ്ങാലക്കുട എന്നീ സബ് ഡിവിഷനുകളുടെ കീഴിൽ വരുന്ന വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ/ മീറ്റർ പ്രവർത്തനരഹിതമായിട്ടുള്ള ഉപഭോക്താക്കൾ മാർച്ച് 31ന് മുൻപായി വെള്ളക്കരം കുടിശ്ശിക അടയ്ക്കേണ്ടതും മീറ്റർ മാറ്റി വെക്കേണ്ടതുമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അല്ലാത്തവരുടെ വാട്ടർ കണക്ഷനുകൾ വിച്ഛേദിക്കുന്നതും ജപ്തി നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട പി.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആശാവർക്കർമാർക്കെതിരായുള്ള സർക്കുലർ കത്തിച്ച് പൂമംഗലം കോൺഗ്രസ്

ഇരിങ്ങാലക്കുട : പൂമംഗലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയും സംയുക്തമായി ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ആശാവർക്കർമാർക്കെതിരായുള്ള സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ രഞ്ജിനി അധ്യക്ഷത വഹിച്ചു.

കാട്ടൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് കെ.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വി.ആർ. പ്രഭാകരൻ, ടി.എസ്. പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പഞ്ചായത്ത്‌ മെമ്പർ കത്രീന ജോർജ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് അജി നന്ദിയും പറഞ്ഞു.

മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ നിഷ ലാലു, വാർഡ് മെമ്പർമാരായ ലാലി, ജൂലി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി
ടി.ആർ. ഷാജു, മണ്ഡലം ഭാരവാഹികളായ പി.പി. ജോയ്, ജെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ
തൃശൂര്‍ ജില്ലാഭരണകൂടവും കൊടുങ്ങല്ലൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും സംയുക്തമായി ”പാസ്‌വേഡ് 2024-25” എന്ന പേരിൽ പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

മുസിരിസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ക്യാമ്പ് കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ ഷീല പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ തഹസിൽദാർ എം.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.

മൈനോറിട്ടി യൂത്ത് കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ ഡോ. കെ.കെ. സുലേഖ പദ്ധതി വിശദീകരണം നടത്തി.

ഐ.ക്യു.എ.സി. പ്രതിനിധി ഡോ. കൃഷ്ണകുമാർ ആശംസകൾ നേർന്നു.

പി.എ. സുധീർ മോട്ടിവേഷൻ ആൻഡ് കരിയർ ഗൈഡൻസ് സെഷനും വി.എ. നിസാമുദ്ദീൻ പേർസണാലിറ്റി ഡിവലപ്പ്മെൻ്റ് സെഷനും നേതൃത്വം നൽകി.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമിള സ്വാഗതവും ഡോ. കെ.കെ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

ഡെപ്യൂട്ടി തഹസിൽദാർ ശ്യാമള, മുൻ പ്രിൻസിപ്പൽ വി.കെ. സുബൈദ, ഒ.ബി.സി. സെൽ കോർഡിനേറ്റർ ഡോ. റെമീന കെ. ജമാൽ എന്നിവർ സംബന്ധിച്ചു.