ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തേകി സംസ്ഥാന ബജറ്റ് ; വിദ്യാഭ്യാസ, സാംസ്‌കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ രംഗങ്ങളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി ശാക്തീകരണ കേന്ദ്രമായ നിപ്മറിന് 22.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കഴിഞ്ഞ ആഴ്ച നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട 73 കോടി രൂപയ്ക്ക് പുറമേയാണിത്.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് ഇരിങ്ങാലക്കുട എജുക്കേഷണൽ ഹബ്ബിന്റെ നിർമ്മാണത്തിന് രണ്ടാം ഘട്ടമായി 6 കോടി രൂപ കൂടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു.

ആദ്യഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് രണ്ടാംഘട്ടത്തിന് കൂടി തുക ലഭ്യമായിരിക്കുന്നത്.

നടവരമ്പ് ഗവ. സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ കൂടി ലഭ്യമായതോടെ ഗേൾസ് ഹൈസ്കൂളിലെ പഴയ നാല് കെട്ടിന്റെ മാതൃകയിലുള്ള കെട്ടിടം അതേ മാതൃകയിൽ പുനർനിർമ്മിക്കാൻ കഴിയും.

സി. അച്യുതമേനോന്റെയും പി.കെ. ചാത്തൻ മാസ്റ്ററുടെയും പേരിൽ സംയുക്ത സ്മാരകമായി ലൈബ്രറിയും സാമൂഹ്യ പഠന – ഗവേഷണ കേന്ദ്രവും നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും ഇത്തവണത്തെ ബജറ്റിൽ അനുവദിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുക എന്ന ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിന് കൂടി ബജറ്റിൽ തുക വകയുരുത്തി.

5 കോടി രൂപയാണ് വെറ്റിനറി ആശുപത്രിയുടെ ആധുനികവൽക്കരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

ആളൂർ പൊലീസ് സ്റ്റേഷൻ നിർമ്മാണം,
കൂടൽമാണിക്യം പടിഞ്ഞാറെ നട – പൂച്ചക്കുളം റോഡ് കാനകെട്ടി ബി.എം.ബി.സി. ടാറിങ്, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ ചുറ്റുമതിൽ നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും, കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം, കല്ലേറ്റുംകരയിൽ സ്ഥലം ഏറ്റെടുത്ത് കിൻഫ്ര ഐ.ടി. പാർക്ക് നിർമ്മാണം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എം.ആർ.ഐ. സ്കാൻ & സി.ടി. സ്കാൻ യൂണിറ്റ്, കൊരുമ്പിശ്ശേരി അഗ്രോ പാർക്ക് നിർമ്മാണം, പടിയൂർ പഞ്ചായത്തിലെ കുത്തുമാക്കൽ ഷട്ടർ നിർമ്മാണം, കാർബൺ ന്യൂട്രൽ കാറളം പഞ്ചായത്ത്, കരുവന്നൂർ പുഴ- ഇല്ലിക്കൽ പ്രദേശത്ത് സൈഡ് കെട്ടൽ, പൂമംഗലം പഞ്ചായത്തിൽ ഷണ്മുഖം കനാലിന് കുറുകെ മരപ്പാലം പുനർനിർമാണം, ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരണവും ആധുനികവൽക്കരണവും, കനോലി കനാൽ വീതി കൂട്ടി ആഴം കൂട്ടി സംസ്ഥാന ജലപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, നന്തി കരുവന്നൂർപുഴ കെ.എൽ.ഡി.സി. കോള്‍ അഗ്രോ എക്കോ – റെസ്പോൺസിബിൾ ടൂറിസം, വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ സാംസ്കാരിക സമുച്ചയ നിർമ്മാണം, താണിശ്ശേരി കെ.എൽ.ഡി.സി. ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം- പെരുന്തോട് വീതി കൂട്ടി സംരക്ഷണം, കിഴുത്താണി ജംഗ്ഷൻ സൗന്ദര്യവൽക്കരണവും മനപ്പടി വരെ കാന നിർമ്മാണവും, നന്തി ഐ.എച്ച്.ഡി.പി. നഗർ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, പെരിഞ്ഞനം- പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിർമ്മാണം, ആനന്ദപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടവും സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണവും, കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം, കെ.എൽ.ഡി.സി. കനാൽ- ഷണ്മുഖം കനാൽ സംയോജനം, പുല്ലൂർ- ഊരകം- കല്ലംകുന്ന് റോഡ് ബി.എം & ബി.സി പുനരുദ്ധാരണം, ഔണ്ടർചാൽ പാലം നിർമ്മാണം, കല്ലട ഹരിപുരം ലിഫ്റ്റ് ഇറിഗേഷൻ, കാറളം പഞ്ചായത്തിലെ ആലുക്കകടവ് പാലം, ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഫ്ലാറ്റ് ടൈപ്പ് കോട്ടേഴ്സ് നിർമ്മാണം, ഷണ്മുഖം കനാലിൽ സ്ഥിരം പുളിക്കെട്ട് നിർമ്മാണം, ആളൂരിൽ സ്ഥലം ഏറ്റെടുത്ത് ഗവൺമെന്റ് കോളെജ് നിർമ്മാണം, കെട്ടുച്ചിറ സ്ലൂയിസ് കം ബ്രിഡ്ജ്, ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷൻ നവീകരണവും ഭിന്നശേഷി സൗഹൃദമാക്കലും ലിഫ്റ്റ് നിർമ്മാണവും എന്നിവയാണ് ബജറ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് പദ്ധതികൾ.

കോൾനിലങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറ ; കേരളത്തിന് പുതിയ നാല് പുൽച്ചാടികൾ കൂടി

‎ഇരിങ്ങാലക്കുട : കേരളത്തിലെ കോൾപാടങ്ങളിലെ കുഞ്ഞൻ പുൽച്ചാടികളെ പറ്റി നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്നും നാല് പുതിയ പുൽച്ചാടികളെ കൂടി റിപ്പോർട്ട് ചെയ്തു.

തൃശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള റംസാർ സൈറ്റുകളായി രേഖപ്പെടുത്തിയിട്ടുള്ള കോൾപാടങ്ങൾ ദേശാടന പക്ഷികളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടാറുള്ളതെങ്കിലും ഇത്തരം സൂക്ഷ്മ ഷഡ്പദങ്ങളുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ് എന്ന് ഈ പഠനം തെളിയിക്കുന്നു.

ഈർപ്പമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ കുഞ്ഞൻ പുൽച്ചാടികൾ പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങളോട് പോലും പ്രതികരിക്കുന്നതിനാൽ ഇത്തരം തണ്ണീർത്തടങ്ങളുടെ ആരോഗ്യനില അളക്കാനുള്ള ജൈവ സൂചകങ്ങളായി ഇവയെ കണക്കാക്കാം.

ഷഡ്പദങ്ങളിലെ ഓർഡർ ഓർത്തോപ്റ്റീറയിലെ ടെട്രിജിഡേ കുടുംബത്തിൽപ്പെട്ടവയാണ് ഇവ.

മറ്റ് പുൽച്ചാടികളിൽ നിന്നും വ്യത്യസ്തമായി കഴുത്തിന് മുകൾഭാഗത്തു നിന്നാരംഭിച്ച് ശരീരത്തിന്റെ ഏകദേശം അവസാനം വരെ നീണ്ടുനിൽക്കുന്ന കടുപ്പമേറിയ കവചം ഇവയുടെ സവിശേഷതയാണ്.

മണ്ണിലെ പായലുകളും അഴുകിയ സസ്യഭാഗങ്ങളും ഭക്ഷണമാക്കുന്ന ഇവ തണ്ണീർത്തടങ്ങളിലെ പോഷക ചംക്രമണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

‎ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കോൾനിലങ്ങളിൽ നിന്നും പന്ത്രണ്ടോളം കുഞ്ഞൻ പുൽച്ചാടികളെ കണ്ടെത്തിയത്.

ഇവയിൽ തൊറാഡോണ്ട സ്പിക്കുലോബ, ടെട്രിക്സ് ആർക്യുനോട്ടസ്, ഹെഡോടെറ്റിക്സ് ലയ്നിഫെറ, ഹെഡോടെറ്റിക്സ് അറ്റെന്യൂവേറ്റസ് എന്നീ നാല് സ്പീഷിസുകൾ കേരളത്തിൽ നിന്ന് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

തൊറാഡോണ്ട, ടെട്രിക്സ് എന്നീ ജനുസുകളും സംസ്ഥാനത്തു നിന്ന് ആദ്യത്തെ റിപ്പോർട്ടുകൾ ആണ്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷണ വിദ്യാർഥിനിയായ ഇ.എസ്. തസ്നിം, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഗ്രാസ് ഹോപ്പർ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ഏഷ്യൻ വൈസ് ചെയർ ഡോ. ധനീഷ് ഭാസ്കർ എന്നിവരാണ് ഈ പഠനത്തിന് പിന്നിൽ.

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ നടന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേണൽ ഓഫ് ഓർത്തോപ്റ്റീറ റിസർച്ചിൽ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : ഫിഷറീസ് വകുപ്പിൻ്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പടിയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ തിരാത്ത് കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് ഷീജ ജോയ്, ലതിക ഉല്ലാസ്, ടി.എസ്. സുദേവൻ, ബിനോയ് കോലാന്ത്ര, ഈശ്വരി ജയൻ, സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, ഉദയൻ കല്ലട, ഫിഷറീസ് പ്രൊമോട്ടർ രാധിക എന്നിവർ പങ്കെടുത്തു.

ക്ലീൻ പടിയൂർ ; ജനകീയ മാലിന്യമുക്ത അവബോധ ക്യാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട : “മാലിന്യമുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി പടിയൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എച്ച്.ഡി.പി. സമാജം സ്കൂൾ വിദ്യാർഥികളും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഹരിത കർമ്മസേനാംഗങ്ങളുമായി ചേർന്ന് ജനകീയ മാലിന്യമുക്ത അവബോധ ക്യാമ്പയിൻ നടത്തി.

എടതിരിഞ്ഞി മുതൽ വളവനങ്ങാടി വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൻ്റെ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് ഷീജ ജോയ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. ഹജീഷ് സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് മെമ്പർമാർ, എച്ച്.ഡി.പി. സമാജം ഭരണസമിതി അംഗങ്ങൾ, അധ്യാപകർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സോണിയ ടി. ജോണി എന്നിവർ ക്യാമ്പയിനിൽ പങ്കെടുത്തു.

സ്പോക്കൺ ഹിന്ദിസർട്ടിഫിക്കറ്റ് കോഴ്‌സ് :അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കീഴിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ഇരിങ്ങാലക്കുട സബ് സെന്ററിൽ
സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

മൂന്നു മാസത്തേതാണ് കോഴ്‌സ്. ആഴ്ചയിൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ ക്ലാസുണ്ടാവും. വിദ്യാർഥികൾക്കും ജോലിചെയ്യുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാവും സമയക്രമം.

ദൈനംദിന ജീവിതത്തിലും തൊഴിൽരംഗത്തും പ്രായോഗികമായി ഹിന്ദി സംസാരിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.

പ്ലസ് ടു വിജയിച്ചവരാകണം അപേക്ഷകർ. 3500 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.

താൽപര്യമുള്ളവർ പേര്, പ്രായം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ സഹിതം 2026 ഫെബ്രുവരി 5-നകം അപേക്ഷിക്കണം. ഇമെയിൽ: klnirinj@gmail.com. ഫോൺ: 9388460098

ഇരിങ്ങാലക്കുട സബ് സെന്ററായ എസ്.എൻ. നഗറിലെ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് കോഴ്‌സ് നടക്കുക.

ചേലൂർക്കാവ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ചേലൂർക്കാവ് റസിഡൻ്റ്സ് അസോസിയേഷന്റെ 13-ാമത് വാർഷിക പൊതുയോഗം കൗൺസിലർ കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു.

മുൻ മുനിസിപ്പൽ ഹെൽത്ത് സൂപ്രണ്ട് പി.ആർ. സ്റ്റാൻലി മുഖ്യാതിഥിയായിരുന്നു.

പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം ഇല്ലാതാക്കുന്നതിന് 2017ൽ അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് സ്വരൂപിച്ച പരിപാടി ഏറെ പ്രശംസനീയമായിരുന്നു എന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവർക്കും വീടുകളിൽ പച്ചക്കറി കൃഷി നടത്തുന്നവർക്കും വരുംകാലങ്ങളിൽ സമ്മാനങ്ങൾ ഏർപ്പെടുത്തണമെന്നും സ്റ്റാൻലി പറഞ്ഞു.

പീറ്റ് സൺ, ഭാഗ്യരാജ്, മധു ഗോപാലൻ, വി.എൻ. മുരളി, ഷാജി ചേലൂർ എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി ശ്യാമള ജനാർദ്ദനൻ സ്വാഗതവും രഘു കരുമാന്ത്ര നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് : വിളംബര ജാഥ നടത്തി

ഇരിങ്ങാലക്കുട : ജനുവരി 31ന് സെന്റ് മേരീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ വിളംബര ദീപശിഖാ പ്രയാണം ഇരിങ്ങാലക്കുട അഡീഷണൽ സബ് ഇൻസ്പെക്ടർ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ ജോസ് അധ്യക്ഷത വഹിച്ചു.

സെന്റ് ജോസഫ്സ് കോളെജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ മുഖ്യാതിഥിയായി.

അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, സ്വാഗതസംഘം ചെയർമാൻ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ഞാറൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടത്തി

ഇരിങ്ങാലക്കുട : വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം വക ഞാറൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആചരിച്ചു.

ധ്യേയശ്രീ സത്സംഗസമിതിയുടെ ഔപചാരികമായ ഉദ്ഘാടനം ഇൻ്ററിം ട്രസ്റ്റി അനിൽഭാനു വിക്രമൻ നിർവ്വഹിച്ചു.

വെട്ടുകുന്നത്തുകാവിലെ സരസ്വതീമണ്ഡപം ഗ്രന്ഥശേഖരത്തിലേക്ക് പ്രവാസിയായ നാട്ടിക കുട്ടശ്ശംവീട്ടിൽ ശങ്കരനാരായണൻ അശോകൻ സംഭാവന ചെയ്ത ഭക്തിവേദാന്തസ്വാമികളുടെ വ്യാഖ്യാനസഹിതമുള്ള ഭാഗവത സമാഹാരങ്ങൾ ധ്യേയശ്രീ അംഗങ്ങൾക്ക് അദ്ദേഹം വിതരണം ചെയ്തു.

പാരമ്പര്യ ട്രസ്റ്റി കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.

പെരുവനം സതീശൻ മാരാർ, ടി.കെ. രവീന്ദ്രനാഥ്, ടി.വി. ഇന്ദിരാദേവി എന്നിവർ പ്രസംഗിച്ചു.

പ്രഥമ രംഗകലാ കോൺഫറൻസ് സമാപിച്ചു

ഇരിങ്ങാലക്കുട : യുനസ്കോ നാട്യശാസ്ത്രത്തെ അംഗീകരിച്ചതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കിയ പ്രഥമ രംഗകലാ കോൺഫറൻസ് സമാപിച്ചു.

ക്രൈസ്റ്റ് കോളെജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലുമായി ചേർന്ന് സർവ്വമംഗളയുടെ സഹകരണത്തോടെ കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയതല സെമിനാർ ഗുരു ഡോ. സദനം കൃഷ്ണൻകുട്ടി തിരിതെളിയിച്ച് സമാരംഭിച്ചു.

“സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ഇടയിലെ ഭ്രംശരേഖകൾ : നാട്യശാസ്ത്രവും കേരളത്തിൻ്റെ പാരമ്പര്യ അവതരണ രൂപങ്ങളും” എന്ന വിഷയത്തിൽ ഡോ. എം.വി. നാരായണൻ പ്രബന്ധം അവതരിപ്പിച്ചു.

“കഥകളിയിലെ ചതുർവിധാഭിനയം – ആംഗികം, ആഹാര്യം” എന്ന വിഷയത്തെ ആസ്പദമാക്കി കലാമണ്ഡലം നീരജും, “കഥകളിയിലെ ചതുർവിധാഭിനയം –
സാത്വികം, വാചികം” എന്ന വിഷയത്തിൽ കലാമണ്ഡലം മനോജ് കുമാറും ചൊല്ലിയാടി.

“നാട്യശാസ്ത്രത്തിലെ ആതോദ്യവിധി” എന്ന വിഷയത്തിൽ കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ പ്രബന്ധാവതരണം നടത്തി.

“കഥകളിയിലെ ഭാഷയും ഘടനയും പ്രയോഗങ്ങളും നാട്യശാസ്ത്ര ദർശനങ്ങളും” എന്ന വിഷയത്തിൽ ഡോ. കലാനിലയം പാഴൂർ ദാമോദരൻ മോഡറേറ്ററായി നയിച്ച ചർച്ചയിൽ ഡോ. കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം ആഷിക് എന്നിവർ പങ്കെടുത്തു.

സമാപന സമ്മേളനം പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.

സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് വിശിഷ്ടാതിഥിയായി.

നവരസ സാധനയുടെ ഉപജ്ഞാതാവ് കൂടിയാട്ട കുലപതി വേണുജിയെ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആദരിച്ചു.

ക്ലബ്ബ് ഏർപ്പെടുത്തിയ “ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാര” ജേതാവ് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനെയും, പ്രഥമ “ചന്ദ്രപ്രഭാ പുരസ്കാര” ജേതാവ് പള്ളം ചന്ദ്രനെയും, പി. ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോമെന്റിന് അർഹനായ കോട്ടയ്ക്കൽ ഗോവിന്ദ ഗോപകുമാറിനേയും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും, സത്യൻ അന്തിക്കാടും ചേർന്ന് പുരസ്കാരവും എൻഡോവ്മെൻ്റും അംഗവസ്ത്രവും നൽകി ആദരിച്ചു.

ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി സ്മരണിക – ‘സുവർണ്ണരേഖ’ കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു.

ഭാരത സാംസ്കാരിക മന്ത്രാലയത്തിൻ്റെ വിദഗ്ധ സമിതി അംഗം ശശി നാരായണൻ, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ്, ഡോ. സന്തോഷ് അകവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

രമേശൻ നമ്പീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. രാജേഷ് തമ്പാൻ സ്വാഗതവും പ്രദീപ് നമ്പീശൻ നന്ദിയും പറഞ്ഞു.

തുടർന്ന് “നാട്യശാസ്ത്രവും നവരസ സാധനയും ആധുനികകാലത്തെ കളരിപാഠം – ഒരവലോകനം” എന്ന വിഷയത്തിൽ ശ്രീലക്ഷ്മി ഗോവർദ്ധനൻ പ്രബന്ധം അവതരിപ്പിച്ചു.

പുറപ്പാട് മേളപ്പദത്തോടെ നടന്ന ഉത്തരാസ്വയംവരം കഥകളിയിൽ പ്രമുഖരായ കലാകാരന്മാർ പങ്കെടുത്തു.

ഭാര്യയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡെനീഷ് പിടിയിൽ

ഇരിങ്ങാലക്കുട : ഭാര്യയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38) എന്നയാളെ എറണാകുളം കലൂരിൽ നിന്നും തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

2025 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലീം പള്ളിക്ക് സമിപം ടൂവീലറിൽ പോകുകയായിരുന്ന യുവതിയെ കാർ കുറുകെയിട്ട് തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭയന്ന് വണ്ടിയെടുത്ത് മുന്നോട്ട് പോയ യുവതിയുടെ സ്കൂട്ടറിൽ കാറിടിപ്പിക്കുകയുമായിരുന്നു.

ഡെനീഷ് സ്വർണ്ണം പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാത്തതിനെ തുടർന്ന് ഡെനീഷിന്റെ ഭാര്യ ആളൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.

ഡെനീഷ് ചാലക്കുടി സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും, അങ്കമാലി സ്റ്റേഷൻ പരിധിയിൽ 2345 ലിറ്റർ സ്പിരിറ്റും 954 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും സഹിതം അറസ്റ്റിലായ കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി. ഷാജിമോൻ, എസ്ഐ കെ.ടി. ബെന്നി, എസ്ഐ ജയകുമാർ, ജി.എസ്.സി.പി.ഒ. രാഗേഷ്, സിപിഒ-മാരായ ഹരികൃഷ്ണൻ, ആഷിക്, വിശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.