ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തെ വീണ്ടെടുക്കാൻ ”വൃദ്ധി” സെൻ്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവുമായിസെൻ്റ് ജോസഫ്‌സ് കോളെജ്

ഇരിങ്ങാലക്കുട : ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തിൻ്റെ വീണ്ടെടുക്കലും ഗവേഷണ പദ്ധതികളും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെ കേന്ദ്രമായ ”വൃദ്ധി” ആരംഭിച്ചു.

റിസർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിയും, തൃശൂർ എംപിയും ആയ സുരേഷ് ഗോപി വൃദ്ധിയുടെ ഉദ്ഘാടനം നിർവഹിച്ചു.

നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ യുവതലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടത് ഒരു മഹത്തായ ഉത്തരവാദിത്തമാണെന്നും സെൻ്റ്. ജോസഫ്സ് കോളെജ് തുടക്കം കുറിച്ച സംരംഭം അതിനു വലിയ സംഭാവനയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

വൃദ്ധി ഇന്ത്യൻ പരമ്പരാഗത വിജ്ഞാനത്തിന്റെ ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും പുതുമയാർന്ന വഴികൾ തുറക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

കോളെജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് – പ്രിസർവേഷൻ സെൻ്റർ ഡയറക്ടറും മലയാള വിഭാഗം അധ്യാപികയുമായ ക്യാപ്റ്റൻ ലിറ്റി ചാക്കോ ആശംസകൾ നേർന്നു.

വൃദ്ധി ഇന്ത്യൻ നോളജ് സിസ്റ്റം ഡയറക്ടർ ഡോ. വി.എസ്. സുജിത സ്വാഗതവും ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി കോളെജ് വിദ്യാർഥികൾക്ക് ലേഖന മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കോളെജ് വിദ്യാർഥികൾക്കായി “ഹിംസയും മാനവികതയും സിനിമകളിൽ” എന്ന വിഷയത്തിൽ ലേഖന മത്സരം നടത്തുന്നു.

യു.ജി, പി.ജി, ഗവേഷണ വിദ്യാർഥികൾക്കു പങ്കെടുക്കാം.

ആയിരം വാക്കിൽ കവിയാത്ത ലേഖനങ്ങൾ മാർച്ച് 10നുള്ളിൽ പി.ഡി.എഫ്. ഫോർമാറ്റിൽ sanojmnr@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

മെയിലിൽ സബ്ജക്റ്റായി ”ലേഖന മത്സരം” എന്ന് സൂചിപ്പിക്കണം.

ലേഖനങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം.

വിജയികൾക്ക് കാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

രചയിതാവിൻ്റെ പേര്, ഫോൺ നമ്പർ, പഠിക്കുന്ന സ്ഥാപനം, വിലാസം, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ രചനയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

63-ാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : 63 വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി. ഫൈനലിൽ തൃശൂർ ശ്രീ കേരളവർമ്മ കോളെജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്.

നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളെജ് വിജയികളായി.

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.

വിജയികൾക്ക് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു.

ശ്രീ കേരളവർമ്മ കോളെജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.

ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളെജിൻ്റെ എ.വി. അർജുൻ ദാസിനെ തിരഞ്ഞെടുത്തു.

മികച്ച ഗോൾ കീപ്പറായി ഫഹദ് (ക്രൈസ്റ്റ് കോളെജ്), മികച്ച മിഡ്ഫീൽഡറായി അബിൻ (ക്രൈസ്റ്റ് കോളെജ്), മികച്ച പ്രതിരോധത്തിന് സുജിത്ത് (കേരളവർമ്മ കോളെജ്), മികച്ച ഫോർവേർഡറായി മിതിൽ രാജ് (കേരളവർമ്മ കോളെജ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം ദേവമാതാ കോളെജിലെ റോസ്മെറിൻ ജോജോയ്ക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പേരിൽ ഏര്‍പ്പെടുത്തിയ സംസ്ഥാനതല ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിൻ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ മലയാളം ബി. എ. പഠനത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ഡോ. മിനി സെബാസ്റ്റ്യൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മെറിൻ ജോജോ തയ്യാറാക്കിയ ”അടിയാള പ്രേതം : മിത്ത്, ചരിത്രം, ആഖ്യാനം” എന്ന പ്രബന്ധത്തിനാണ് ലഭിച്ചത്.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 20ന് ഉച്ചക്ക് 1 മണിക്ക് ക്രൈസ്റ്റ് കോളെജ് സെൻ്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ സമ്മാനിക്കും.

ഡോ. അജു കെ. നാരായണന്‍ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ. കെ. വി. ശശി (മലയാളം സര്‍വ്വകലാശാല), ഡോ. അനു പാപ്പച്ചന്‍ (വിമല കോളെജ്), ഡോ. സി .വി. സുധീർ (ക്രൈസ്റ്റ് കോളെജ്) എന്നിവര്‍ ഉൾപ്പെട്ട പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഇടതു സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക, കൂട്ടിയ ഭൂനികുതികൾ കുറയ്ക്കുക, ഇലക്ട്രിക് കാറുകൾക്ക് കൂട്ടിയ നികുതി ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ടി. വി. ചാർളി ഉദ്ഘാടനം ചെയ്തു.

ജോസഫ് ചാക്കോ, വിജയൻ എളയേടത്ത്, ബീവി അബ്ദുൾകരീം, ഭരതൻ പൊന്തേങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ്‌ സനൽ കല്ലൂക്കാരൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, തോമസ് കോട്ടോളി, എ. സി. സുരേഷ്, കുര്യൻ ജോസഫ്, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, ഒ.എസ്. അവിനാഷ്, സത്യൻ തേനാഴിക്കുളം, സന്തോഷ്‌ ആലുക്ക, ഷെല്ലി മുട്ടത്ത്, വിനു ആന്റണി, നിതിൻ ടോണി എന്നിവർ നേതൃത്വം നൽകി.

ബൂത്ത്‌ പ്രസിഡന്റുമാർ, ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ ക്രൈസ്റ്റ് കോളെജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ നടക്കുന്ന തൃശൂർ ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു.

മത്സരം തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു.

കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.

കോളെജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി എബിനൈസർ ജോസ്, ട്രഷറർ അരുൺ എന്നിവർ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

19 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

മാപ്പിള കലകളിൽ ക്രൈസ്റ്റിൻ്റെ തേരോട്ടം

ഇരിങ്ങാലക്കുട : മാള ഹോളി ഗ്രേസ് കോളെജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുന്നേറ്റം തുടരുന്നു.

ഇരുന്നൂറോളം പോയിൻ്റുകൾ നേടി മേളയുടെ രണ്ടാം ദിനത്തിൽ ക്രൈസ്റ്റ് ഒന്നാം സ്ഥാനത്താണ്.

മാപ്പിള കലകളിൽ ക്രൈസ്റ്റിൻ്റെ ജൈത്ര യാത്രയാണ് കലാമേളയുടെ രണ്ടാം ദിനം കണ്ടത്.

ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് ( സിംഗിൾ ) എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ക്രൈസ്റ്റ് കോളെജ് അറബന മുട്ടിൽ രണ്ടാമതെത്തി.

കെ കെ ടി എം കോളെജിൽ മെഡിക്കൽ കോഡിങ്ങിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ കെ കെ ടി എം കോളെജിലെ സുവോളജി വകുപ്പ്, റിസർച്ച് കമ്മിറ്റി, ഐ ക്യു എ സി എന്നിവയുടെ നേതൃത്വത്തിൽ അങ്കമാലി ആന്റൺസ് മെഡികോഡുമായി സഹകരിച്ച് “മെഡിക്കൽ കോഡിംഗ്, ബില്ലിംഗ്, ആശുപത്രി ഭരണ നിർവ്വഹണം, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, മെഡിക്കൽ സ്ക്രൈബിംഗ് എന്നീ മേഖലകളിലെ ഭാവി സാധ്യതകൾ” എന്ന വിഷയത്തെ ആധാരമാക്കി അവബോധ പരിപാടി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ പ്രൊഫ ഡോ ടി കെ ബിന്ദു ശർമിള ഉദ്ഘാടനം നിർവഹിച്ചു.

സുവോളജി വകുപ്പ് മേധാവി പ്രൊഫ ഡോ ഇ എം ഷാജി അധ്യക്ഷത വഹിച്ചു.

അസി പ്രൊഫ ഡോ സീമ മേനോൻ സ്വാഗതവും അസി പ്രൊഫ ഡോ എസ് നിജ നന്ദിയും പറഞ്ഞു.

തുടർന്ന് ആന്റൺസ് മെഡികോഡ് എം ഡി നീതു വർഗീസ് വിഷയാവതരണം നടത്തി.

ഓരോ മേഖലയും ഉൾക്കൊള്ളുന്ന കൃത്യമായ പ്രവർത്തനങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

ഇരുന്നൂറിലധികം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

ഇ – മാലിന്യങ്ങൾ ശേഖരിക്കാനൊരുങ്ങി സെന്റ് ജോസഫ്‌സ് കോളെജ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിൽ ഫിസിക്‌സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജനുവരി 22ന് ഇ – മാലിന്യ ശേഖരണ പരിപാടി സംഘടിപ്പിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശരിയായ കൈമാറ്റം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പഴയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചാർജറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി കോളെജിൽ പ്രത്യേക കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

ട്യൂബ് ലൈറ്റുകളും, സി എഫ് എൽ ബൾബുകളും, ഇൻക്കൻഡാസെന്റ് ബൾബുകളും ശേഖരണത്തിൽ ഉൾപ്പെടുത്തുന്നില്ല.

ശേഖരിച്ച ഇ-മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദ രീതിയിൽ പുനരുപയോഗത്തിനും വിനിമയത്തിനും വിധേയമാക്കും.

വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഈ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്ന് കോളെജ് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സെന്റ് ജോസഫ്‌സ് കോളെജിലെ
ഫിസിക്‌സ് വിഭാഗവുമായോ 94008 26952 (അസി പ്രൊഫ സി എ മധു), 97453 28494 (അസി പ്രൊഫ മേരി ജിസ്ബി പൗലോസ്) എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.