


ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ വിദ്യാസാരസ്വതാർച്ചന ജനുവരി 10, 11, 12 തിയ്യതികളിൽ നടക്കും.
വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ അർച്ചന. മത്സര പരീക്ഷകൾക്കും ഇന്റർവ്യൂവിനും തയ്യാറെടുക്കുന്നവർക്കും സംഗീതോപാസകർക്കും ഇതിൽ പങ്കെടുക്കാം.
രഘു വംശത്തിന്റെ കുലഗുരുവായ വസിഷ്ഠ സങ്കല്പമുള്ള ആറാട്ടുപുഴ ശാസ്താവിന്റെ തിരുസന്നിധിയിലെ നടപ്പുരയിൽ മൂന്ന് ദിവസവും രാവിലെ 7 മുതൽ 7.40 വരെയാണ് അർച്ചന.
നിലവിളക്കുകളുടെ സാന്നിദ്ധ്യത്തിൽ സരസ്വതീ മന്ത്രങ്ങൾ ഉരുവിട്ട് വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ഈ അർച്ചനക്ക് തന്ത്രി ബ്രഹ്മശ്രീ കെ പി കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.
അർച്ചനക്കുള്ള പൂക്കൾ വിദ്യാർത്ഥികൾ തന്നെ കൊണ്ടു വരേണ്ടതാണ്. അർച്ചനക്ക് ശേഷം ജപിച്ച സാരസ്വതം നെയ്യും തിരുമധുരവും വിദ്യാർത്ഥികൾക്ക് പ്രസാദമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക് 7012693980
എന്ന ഫോൺ നമ്പറിലോ സെക്രട്ടറി, ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റി, ആറാട്ടുപുഴ പി ഒ, തൃശ്ശൂർ ജില്ല എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഇരിങ്ങാലക്കുട : നാക് റാങ്കിംഗില്‍ എ ഗ്രേഡ് നേടിയ കെ കെ ടി എം കോളെജിന് കേരളസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിട്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കിർഫ്) 31മത്തെ റാങ്ക് ലഭിച്ചു.
കിര്‍ഫ് റാങ്കിംഗിന്റെ വിജയാഘോഷവും കോളെജിലെ ബിരുദദാന സമ്മേളനവും കോൺവൊക്കേഷൻ മെരിറ്റ് ഡേയും ഒമ്പതിന് രാവിലെ 10 മണി മുതല്‍ മുസിരിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.
കേരളത്തിലെ എല്ലാ കോളെജുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തിയ റാങ്കിംഗിലാണ് കോളെജിന്റെ ഈ നേട്ടം.
അധ്യാപനം, ഗവേഷണം, വിജയശതമാനം, വിദ്യാര്‍ഥികളുടെ നൈപുണിവികസനം, ശാസ്ത്രാവബോധം വളര്‍ത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കിര്‍ഫ് റാങ്കിംഗ് നടത്തിയത്.
ഒന്നാംറാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് 59.5 പോയിന്റ് ലഭിച്ചപ്പോള്‍ 53. 2 പോയിന്റ് നേടി കെ കെ ടിഎം 31-ാം സ്ഥാനവും കേരളത്തിലെ ഗവണ്‍മെന്റ് കോളെജുകളില്‍ അഞ്ചാംസ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മൊത്തം കോളെജുകളില്‍ പതിമൂന്നാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ കോളെജുകളില്‍ ആറാം സ്ഥാനവും നേടിയിട്ടുണ്ട്.
പ്രശസ്തമായ ഒട്ടേറെ കോളെജുകളെ പിന്തള്ളിയാണ് താരതമ്യേനെ ചെറിയ കോളെജായ ഈ കോളെജ് എടുത്തുപറയേണ്ടുന്ന നേട്ടം നേടുന്നത്.
അക്കാദമിക് – അക്കാദമികേതരമായ മേഖലകളില്‍ കോളെജ് ഏറെ മുന്നോട്ടുപോകുന്നുവെന്നാണ് ഈ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നത്.
സമ്മേളനം കേരള കലാമണ്ഡലം മുന്‍ വി സി ഡോ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിക്കും.
കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ ടി കെ ബിന്ദു ഷർമിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.
കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ഇ കെ സതീഷ് വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പി എം മാഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വൈസ് പ്രിൻസിപ്പാൾ പ്രൊഫ ജി ഉഷാകുമാരി, ഐ ക്യു എ സി കോഡിനേറ്റർ ഡോ ലവ് ലി ജോർജ്, വാർഡ് കൗൺസിലർ പി എൻ വിനജയചന്ദ്രൻ, കോളെജ് ഓഫീസ് സുപ്രണ്ട് പി സി ഷാജി, കോളെജ് യൂണിയൻ ചെയർമാൻ എം സി ഋഷികേശ് ബാബു, പി ടി എ വൈസ് പ്രസിഡണ്ട് എം ആർ സുനിൽ ദത്ത്, പി ടി എ സെക്രട്ടറി ഡോ വിനയശ്രീ എസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.



ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
നാഷണൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് പഞ്ചവാദ്യം മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നത്.
വരുൺ സുധീർദാസ്, കെ ബി കൃഷ്ണ, പി എസ് ഭരത് കൃഷ്ണ, പി എ ഇന്ദ്രതേജസ്, എം പി ശ്രീശങ്കർ, അദ്വൈത് എന്നിവരാണ് നാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത മേള പ്രതിഭകൾ.

ശാരദാമ്മ
ഇരിങ്ങാലക്കുട : മുരിയാട് വേഴെക്കാട്ടുകര പരേതനായ പുളിയത്ത് രാമൻ നായർ ഭാര്യ ശാരദാമ്മ (91) നിര്യാതയായി.
സംസ്കാരം ഡിസംബർ 5 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : പ്രേമലത, ശശിധരൻ, ശാന്തകുമാരി, ശൈലജ
മരുമക്കൾ : കമലാകരൻ, ജയശ്രീ, സേതുമാധവൻ, പരേതനായ പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സർക്കാർ ജീവനക്കാർ ജനുവരി 22ന് നടത്തുന്ന ഏകദിന സൂചനാ പണിമുടക്കിന് മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട എ ഐ ടി യു സി ഹാളിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെ ജി ഒ എഫ് സംസ്ഥാന വനിത സെക്രട്ടറി ഡോ പി പ്രിയ ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ എം നൗഷാദ്, എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് സി വി സ്വപ്ന, ജി പ്രസിത, എസ് ഭാനശാലിനി എന്നിവർ സംസാരിച്ചു.
എം കെ ഉണ്ണി സ്വാഗതവും, പി ബി മനോജ് നന്ദിയും പറഞ്ഞു.
കെ ജെ ക്ലീറ്റസ്, ഇ ജി റാണി, ഡോ എം ജി സജീഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മാത്തമാറ്റിക്സ് (അൺ എയ്ഡഡ്) വിഭാഗം ജനുവരി 7ന് സംഘടിപ്പിക്കുന്ന മാത്ത് ഫെസ്റ്റ് എപ്സിലൺ 3.0യുടെ ഭാഗമായി തൃശൂർ ചെസ്സ് അസോസിയേഷനും ക്രൈസ്റ്റ് കോളെജ് ചെസ്സ് ക്ലബ്ബുമായി സഹകരിച്ച് അഖില കേരള ഇൻ്റർ കോളെജിയേറ്റ് ചെസ്സ് ടൂർണമെൻ്റ് നടത്തും.
വിജയികൾക്ക് വ്യക്തിഗത തലത്തിലും കോളെജ് തലത്തിലും ക്യാഷ് പ്രൈസും ട്രോഫിയും നൽകും.
ഫെസ്റ്റിൻ്റെ ഭാഗമായി സ്കൂൾ- കോളെജ് തലങ്ങളിലായി പൈ സുഡോകു, ക്വിസ്, റൂബിക്സ് ക്യൂബ്, പി പി ടി പ്രസൻ്റേഷൻ, ക്രിപ്റ്റോസ് എന്നീ മത്സരങ്ങളും നടത്തും.
കൂടുതൽ വിവരങ്ങൾക്ക് 9446033507, 9074333208, 7907837871 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇരിങ്ങാലക്കുട : കാലത്തിനൊത്ത് കോളെജിനെയും അപ്ഡേറ്റ് ചെയ്യുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർഥികൾ.
ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ 25 വിദ്യാർഥികൾ 5 ഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളിൽ ആദ്യത്തേതായി ഇനി ചരിത്രത്തിൽ ഇടം പിടിക്കും.
”ജോസഫൈൻ” എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
ശാസ്ത്ര സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാൾ മുൻ നിരയിലാണ് മനുഷ്യനിർമിത മസ്തിഷ്കങ്ങൾ സർഗാത്മക പ്രവൃത്തിയിലടക്കം ഏർപ്പെടുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കോളെജിൻ്റെ ചരിത്രത്തിലെ ശ്ലാഘനീയ നേട്ടമാണിതെന്നും വിദ്യാർഥികളിൽ നിന്നാണ് സമൂഹത്തിനു വേണ്ട നൂതനാശയങ്ങൾ രൂപപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ ഇഷ ഫർഹ ഖുറൈഷി, സെൽഫ് ഫിനാൻസിംഗ് കോർഡിനേറ്റർ ഡോ സിസ്റ്റർ റോസ് ബാസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ ഐ-ഹാബ് റോബോട്ടിക്സ് പ്രോജക്ടിൻ്റെ സി ഒ ആദിൽ, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിൻ്റ ജോയ്, വിദ്യാർഥി പ്രതിനിധി വരദ എന്നിവർ സംബന്ധിച്ചു.
പഠനത്തിലൂടെ ആർജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് “ജോസഫൈൻ” എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയ വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളെജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞു തരാനും സഹായിക്കുന്ന തരത്തിൽ കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക് പ്രോജക്ടാണ് ജോസഫൈൻ.
വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ് ജോസഫ്സ് കോളെജ്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗണിത മോഡലിംഗിൻ്റെയും എ ഐ- യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു.
കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ വിഭാഗം അധ്യാപിക അഞ്ജു പി ഡേവീസാണ് വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയത്.