ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിപ്മറിന് സെൻ്റർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
1992ലെ പാര്‍ലമെന്റ് പാസാക്കിയ ആർ.സി.ഐ. ആക്റ്റ് പ്രകാരം നിലവില്‍ വന്ന സംവിധാനമാണ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.
പുനരധിവാസ ചികിത്സാ മേഖലയിലെ കോഴ്സുകളുടെ സിലബസ്, കാലാവധി, അംഗീകാരം എന്നിവ നല്‍കുന്നതിനുള്ള അധികാരവും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പുനരധിവാസ ചികിത്സാ മേഖലയില്‍ മികവ് തെളിയിച്ച സ്വയംഭരണ സ്ഥാപനമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍.
ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024ലെ ഐക്യരാഷ്ട്ര സംഘടനയുടെ ടാസ്ക് ഫോഴ്സ് അവാര്‍ഡും നിപ്മറിന് ലഭിച്ചിരുന്നു.
കൂടാതെ 2021, 2022, 2023 വര്‍ഷങ്ങളില്‍ ഭിന്നശേഷി മേഖയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നിപ്മറിനെ തേടിയെത്തിയിരുന്നതായി മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ ആദ്യമായി പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോറ്റിക്സില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അഫിലിയേഷനോടെ ബിരുദ കോഴ്സ് ആരംഭിച്ച സ്ഥാപനമാണ് നിപ്മർ. കൂടാതെ ആർ.സി.ഐ. അംഗീകാരത്തോടെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിംഗ്, കമ്മ്യൂണിറ്റി ബെയ്സ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകളും നിപ്മറിൽ നടത്തി വരുന്നുണ്ട്.
പുനരധിവാസ ചികിത്സാ മേഖലയിലെ മറ്റൊരു പ്രൊഫഷണല്‍ ബിരുദ കോഴ്സായ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി കേരളത്തില്‍ ആദ്യമായി ആരംഭിച്ച സ്ഥാപനവും നിപ്മറാണ്.
കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ അക്കാദമിക് കോഴ്സുകള്‍ക്ക് പുറമേ നൂതനമായ നിരവധി പദ്ധതികള്‍ നിപ്മർ നടപ്പിലാക്കിയിട്ടുണ്ട്. എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, ഫീഡിംഗ് ഡിസോര്‍ഡര്‍ ക്ലിനിക്ക്, സ്കൂള്‍ റെഡ്നസ് പ്രോഗ്രാം, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ്, സിമുലേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ദന്തപരിചരണ യൂണിറ്റ്, നേത്ര പരിചരണ യൂണിറ്റ്, അനിമല്‍ അസിസ്റ്റഡ് തെറാപ്പി, അഡാപ്റ്റീവ് ഫാഷന്‍ ഡിസൈനിംഗ്, ഇന്‍ക്ലൂസീവ് നൂണ്‍ മീല്‍ പ്രോഗ്രാം, സ്കേറ്റിംഗ് പരിശീലനം എന്നിവ നിപ്മറിൽ ആരംഭിച്ചിട്ടുണ്ട്.
അക്കാദമിക്ക് പ്രോഗ്രാമിലെ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 3.6 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.
2021-22 സാമ്പത്തിക വര്‍ഷം 8 കോടി രൂപയും, 2022-23 സാമ്പത്തിക വര്‍ഷം 10 കോടി രൂപയും, 2023-24 സാമ്പത്തിക വര്‍ഷം 12 കോടി രൂപയും, 2024-25 സാമ്പത്തിക വര്‍ഷം 12.5 കോടി രൂപയും, 2025-26 സാമ്പത്തിക വര്‍ഷം 18 കോടി രൂപയും, സംസ്ഥാന ബജറ്റില്‍ നിപ്മറിന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിപ്മറില്‍ 250 കിടക്കകളോടു കൂടിയ റീഹാബ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള നിർദ്ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.