ജി.എസ്.ടി. ഫയലിംഗ് പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട : ജി.എസ്.ടി. വകുപ്പ് നടപ്പിലാക്കിയ പുതിയ പരിഷ്ക്കരണം മൂലം രാജ്യത്തെ ജി.എസ്.ടി. റിട്ടേൺ ഫയലിംഗ് പ്രതിസന്ധിയിലായതായി പരാതി.

വിൽപ്പന ബില്ലിൽ രേഖപ്പെടുത്തുന്ന എച്ച്.എസ്.എൻ. നമ്പറിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ മൂലം മെയ്‌ മാസത്തെ റിട്ടേൺ ഫയലിംഗ് സമയബന്ധിതമായി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

രാജ്യത്തെ നികുതി വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് ജി.എസ്.ടി.യിൽ നിന്നാണ്.

ഫയലിംഗ് തിയ്യതി നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ്‌ കെ.ആർ. മുരളീധരൻ, സെക്രട്ടറി പി.എസ്. രമേഷ് ബാബു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മനുഷ്യന്റെ അന്തസ്സ് ഉയർത്തുന്നതിൽ അച്യുതമേനോൻ ചരിത്രപരമായ പങ്ക് നിർവ്വഹിച്ചു : കെ. പ്രകാശ് ബാബു

ഇരിങ്ങാലക്കുട : ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിലൂടെ സാധാരണ മനുഷ്യന്റെ അന്തസ്സ് ഉയർത്തിയ ഭരണാധികാരിയായിരുന്നു സി. അച്യുതമേനോൻ എന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു.

സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഡ്വ. കെ.ആർ. തമ്പാന്റെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ “സി. അച്യുതമേനോൻ – ആധുനിക കേരളത്തിന്റെ വികസനശില്പി” എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു.

“ഫെഡറലിസം – അതിർവരമ്പുകളും അധിനിവേശങ്ങളും” എന്ന വിഷയത്തിൽ സാമൂഹ്യപ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ഹരീഷ് വാസുദേവൻ സംസാരിച്ചു.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി.എസ്. സുനിൽകുമാർ, ഷീല വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്. ജയ, ഷീന പറയങ്ങാട്ടിൽ, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, അഡ്വ. രഞ്ജിത്ത് തമ്പാൻ, ജില്ലാ കൗൺസിൽ അംഗം പി. മണി എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി സജീഷ് കുമാർ പിടിയിൽ

ഇരിങ്ങാലക്കുട : വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാറി(45)നെ കരിപ്പൂർ എയർപോർട്ടിൽ നിന്നും പിടികൂടി.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് മടങ്ങിവന്ന ഇയാളെ കരിപ്പൂർ എയർപോർട്ടിൽ നിന്നും പിടികൂടിയത്.

മുൻ ചെയർമാൻ സജീഷ് കുമാറിനും മറ്റു പ്രതികൾക്കുമെതിരെ നൂറുകണക്കിന് പേരുടെ പരാതിയിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരിങ്ങാലക്കുട പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

പോസിറ്റീവ് കമ്യൂണ്‍ ജനറല്‍ബോഡി യോഗം

തൃശൂര്‍ : പി.ഡബ്ല്യു.ഡി. ഹാളില്‍ സംഘടിപ്പിച്ച പോസിറ്റീവ് കമ്യൂണ്‍ ജനറല്‍ബോഡി യോഗം സംസ്ഥാന ചെയര്‍മാന്‍ അനില്‍ കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ ചാപ്റ്റർ ചെയര്‍മാന്‍ ദിനേഷ് ശങ്കരന്‍ അധ്യക്ഷനായി.

എം.കെ. ശങ്കരനുണ്ണി, ടി.വി. സതീഷ്‌, സി.സി. ജിഷ, ലൈസ സെബാസ്റ്റ്യന്‍, റജീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടർന്ന് മോട്ടിവേഷന്‍ ക്ലാസ്, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാര വിതരണം എന്നിവ നടന്നു.

ടി.വി. സതീഷ്‌ (ചെയർമാൻ), ഷംല കരീം (ജനറൽ കണ്‍വീനർ), അഡ്വ. സൈബി ജോസ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. പ്രസാദാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.

എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ “വിജയോത്സവം” നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ച് “വിജയോത്സവം” നടത്തി.

എസ്.എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ ചെയർമാൻ ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർഥിയും ഡോക്ടറുമായ അപർണ ജോർജ്ജ് “വിജയോത്സവം” ഉദ്ഘാടനം ചെയ്തു.

കറസ്പോണ്ടന്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ, പ്രിൻസിപ്പൽ സി.ജി. സിൻല, പി.ടി.എ. പ്രസിഡന്റ് എ.സി. കുമാരൻ, അധ്യാപികയായ സിന്ധു എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവനിൽ ആഘോഷമാക്കി മെറിറ്റ് ഡേ

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ആഘോഷമാക്കി മെറിറ്റ് ഡേ.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ഓരോ കുട്ടിയുടെയും കഴിവിനും അഭിരുചിക്കും ഇണങ്ങുന്ന പഠന മേഖലയാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും കേവലം വിവരശേഖരണത്തിൽ നിന്ന് അറിവിനെ ഫലപ്രദമായ വിധത്തിൽ പ്രയോഗിക്കാൻ കഴിയുന്ന തലത്തിലേക്കുള്ള വളർച്ചയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു.

ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ലാസിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത, പി.ടി.എ. പ്രസിഡന്റ്‌ ഡോ. ജീന ബൈജു എന്നിവർ പങ്കെടുത്തു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും മലയാളം അധ്യാപിക സിന്ധു ദിലീപ് നന്ദിയും പറഞ്ഞു.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ആസാദ് റോഡ് എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ ആഭ്യമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

യോഗത്തിൽ ഗുരുദേവ കുടുംബസദസ്സ് പ്രസിഡന്റ് ചെറാക്കുളം രാമാനന്ദൻ അധ്യക്ഷത വഹിച്ചു.

ശാഖായോഗം പ്രസിഡന്റ് വിജയൻ എളയേടത്ത് യോഗം ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനദാനം വിജയൻ എളയേടത്തും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനദാനം സൗദാമിനി വട്ടപ്പറമ്പിലും നിർവഹിച്ചു.

തുടർന്ന് നടന്ന പുസ്തക വിതരണം ശാഖായോഗം സെക്രട്ടറി വേണു തോട്ടുങ്ങൽ, വൈസ് പ്രസിഡന്റ് കെ.കെ. ബാബു, വനിതാസംഘം പ്രവർത്തക മാലിനി പ്രേംകുമാർ, സെക്രട്ടറി ആഷ പ്രവീൺ, മൈക്രോ യുണിറ്റ് കൺവീനർ സൗമ്യ സന്തോഷ്, ജോയിൻ്റ് കൺവീനർ ബിന്ദു ഷാജു എന്നിവർ ചേർന്ന് നിർവഹിച്ചു.

സെക്രട്ടറി വേണു തോട്ടുങ്ങൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു കൊടക്കാട്ടിൽ നന്ദിയും പറഞ്ഞു.

പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി : വി.ഡി. സതീശൻ

ഇരിങ്ങാലക്കുട : മൂന്നാമതും ഭരണത്തിലേറാമെന്നത് എൽഡിഎഫിന്റെ വ്യാമോഹമാണെന്നും പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിർമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്നും നിലമ്പൂരിൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിലുൾപ്പെടെ നിരവധി എൽഡിഎഫ് അനുഭാവികളുടെ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയായ “കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അർഹരായവർക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുന്ന ”സാന്ത്വന” പദ്ധതിയുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.

ആദ്യമാസത്തെ വിതരണം മണ്ഡലത്തിലെ ആശാ പ്രവർത്തകർക്ക് അദ്ദേഹം കൈമാറി.

ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു.

ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഷീൽ ഗോപാൽ, മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഗംഗാദേവി സുനിൽ, ജനറൽ സെക്രട്ടറിമാരായ എം.എൻ. രമേശ്, വിബിൻ വെള്ളയത്ത്, ലിജോ മഞ്ഞളി, ജോമി ജോൺ, നിർമാണ കമ്മിറ്റി രക്ഷാധികാരികളായ എൻ.എൽ. ജോൺസൺ, മുരളി മഠത്തിൽ, ട്രഷറർ ഭരതൻ മുല്ലക്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ജനറൽ സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.

പൂർവ്വ വിദ്യാർഥി സ്നേഹ സംഗമം

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ 1984- 85 കാലയളവിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികളുടെ സ്നേഹസംഗമം മുൻ കേരള പൊലീസ് ഫുട്ബോൾ ടീം ക്യാപ്റ്റനും പൊലീസ് കമാൻഡറുമായ സി.പി. അശോകൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

വിജയ് പാറയിൽ അധ്യക്ഷത വഹിച്ചു.

വിദ്യാധരൻ, ടെൽസൺ കോട്ടോളി, യൂസഫ്, രാധാകൃഷ്ണൻ, ദിനേഷ് കുമാർ, ഡോ. സാജു മാമ്പിള്ളി, രവി ബോംബെ, സുനിൽ ചെരടായി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ കേരള പൊലീസിൽ നിന്ന് വിരമിക്കുന്ന സന്തോഷ് ട്രോഫി താരം കൂടിയായ സി.പി. അശോകനെ ആദരിച്ചു.

വർണ്ണവിസ്മയങ്ങളോടെ മുകുന്ദപുരം പബ്ലിക് സ്കൂളിലെ കെ.ജി. പ്രവേശനോത്സവം

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ കെ.ജി. വിദ്യാർഥികളുടെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു.

പ്രിൻസിപ്പൽ ജിജി കൃഷ്ണ, കെ.ജി. കോർഡിനേറ്റർ ആർ. രശ്മി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി വിദ്യാർഥികളെ വരവേറ്റു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ അതുല്യ സുരേഷ്, പി.ടി.എ. പ്രസിഡന്റ് വിനോദ് മേനോൻ എന്നിവർ പ്രസംഗിച്ചു.

മജീഷ്യൻ വിനു വിശ്വനാഥൻ കുട്ടികൾക്കായി അവതരിപ്പിച്ച മാജിക് ഷോയും അധ്യാപകർ ഒരുക്കിയ കലാപരിപാടികളും വർണ്ണ വിസ്മയം തീർത്തു.

തുടർന്ന് കുട്ടികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.

കോർഡിനേറ്റർ ആർ. രശ്മി സ്വാഗതവും അധ്യാപികയായ പി.കെ. ഷൈബ നന്ദിയും പറഞ്ഞു.