ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണം : പി എ അജയഘോഷ്

ഇരിങ്ങാലക്കുട : ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയില്‍ സച്ചിദാനന്ദ സ്വാമികള്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് പി എ അജയഘോഷ് പറഞ്ഞു.

ആളൂരില്‍ നടന്ന കെ പി എം എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വവും സാഹോദര്യവും പുലര്‍ത്തുന്നതിന് ഗുരു തന്നെ മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് സച്ചിദാനന്ദ സ്വാമികളിലൂടെ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നല്‍കിയ മുരിയാട് യൂണിയന്‍ സെക്രട്ടറി പി കെ കുട്ടനെയും കെ പി എം എസ് മീഡിയയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി കെ സുധീഷിനെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി എന്‍ സുരന്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ശാന്ത ഗോപാലന്‍, ശശി കൊരട്ടി, ടി കെ സുബ്രന്‍, കെ പി ശോഭന, ഷാജു ഏത്താപ്പിള്ളി, ടി കെ സുധീഷ് എന്നിവർ പ്രസംഗിച്ചു.