കൂടൽമാണിക്യം ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവിന് വിശ്വനാഥപുരം ക്ഷേത്രത്തിൽ സ്വീകരണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവിന് വിശ്വനാഥപുരം ക്ഷേത്ര കവാടത്തിൽ സ്വീകരണം നൽകി.

സമാജം പ്രസിഡൻ്റ് കിഷോർ കുമാർ, മണി ശാന്തി, മാതൃസംഘത്തിലെ ഷൈജ രാഘവൻ എന്നിവർ നേതൃത്വം നൽകി.

മാമ്പുഴ കുമാരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : നിരൂപകനും പ്രഭാഷകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട ശക്തി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി.

പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, വേണു ജി. വാര്യർ, കാറളം രാമചന്ദ്രൻ നമ്പ്യാർ, കെ. ഹരി എന്നിവർ പ്രസംഗിച്ചു.

ഓൺലൈനിൽ പാർട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്യിപ്പിച്ച് അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ സി. വിനീഷ് (39) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും 2024 ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് വിനീഷ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാരന് നഷ്ട്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000 രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എടുത്ത പുതിയ സിം കാർഡ്, അക്കൗണ്ടിന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി മറ്റൊരാൾക്ക് കൈമാറിയതായും ആയതിന് 10000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

വിനീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29,20,000 രൂപ നിയമവിരുദ്ധമായി വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതലായി അന്വേഷിച്ചതിൽ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ഐ കെ.വി. ജെസ്റ്റിൻ, സിപിഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

അനുസ്മരണയോഗം നടത്തി

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ദുർഗ്ഗാ ഭഗവതി ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പാചക വിദഗ്ധൻ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി.

പ്രസിഡന്റ്‌ എ.ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻ ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, പത്മനാഭ ശർമ്മ, സുജിത്, ഡോ. ടി. ശിവകുമാർ, ഡോ. രഞ്ജിത്ത്, രാമൻ മാസ്റ്റർ, അഡ്വ. ഇ. ശശികുമാർ, ധീരജ്, ഡോ. ഷാജു പൊറ്റക്കൽ, സുരേഷ് മണമാടത്തിൽ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധിയാളുകളും ക്ഷേത്രം ഭാരവാഹികളും അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഗിരീഷ് നന്ദി പറഞ്ഞു.

വിജയകുമാർ മേനോൻ പുരസ്കാരം രേണു രാമനാഥിന്

ഇരിങ്ങാലക്കുട : പ്രശസ്ത കലാചരിത്രാധ്യാപകനും നിരൂപകനമായിരുന്ന വിജയകുമാർ മേനോന്റെ സ്മരണ നിലനിർത്തുന്നതിനായി നൽകുന്ന ഈ വർഷത്തെ വിജയകുമാർ മേനോൻ പുരസ്കാരം ഇരിങ്ങാലക്കുട സ്വദേശിനി രേണു രാമനാഥിന്.

കലയെഴുത്തിലെ സംഭാവനകൾ മാനിച്ചാണ് രേണു രാമനാഥിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ശില്പകലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വത്സൻ കൂർമ്മ കൊല്ലേരിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എൻ.ബി. ലതാദേവി, ലക്ഷ്മി മേനോൻ, സി.ജെ. നിർമ്മൽ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

25000 രൂപയും ശില്പി സുഭാഷ് വിശ്വനാഥൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സമകാലീന ഇന്ത്യൻ കലാരംഗത്തെ, പ്രത്യേകിച്ച് ദൃശ്യകലകളെകുറിച്ച് നിരൂപണബുദ്ധിയോടെ എഴുതുന്ന പ്രശസ്‌ത എഴുത്തുകാരിയാണ് രേണു രാമനാഥ്. ഇരിങ്ങാലക്കുടയിൽ ജനിച്ച രേണു രാമനാഥ് മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് കലയിലേക്കും നാടകത്തിലേക്കും എത്തുന്നത്. അന്ന് മുതൽ കലാസാംസ്ക‌ാരിക വാർത്തകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാടകരംഗത്ത് സജീവമായിരുന്നു.

1998ൽ നടന്ന ദേശീയ വനിത നാടകോത്സവത്തിലൂടെ നാടകത്തെ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചിത്രകാരനായ ഭർത്താവ് രാജൻ കൃഷ്‌ണനോടൊപ്പം അനവധി വേദികൾ ഒരുക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു.

നവംബർ 1ന് വൈകീട്ട് 5 മണിക്ക് അക്കാദമി ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാര സമർപ്പണം നടത്തും.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം : പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിൽ 52 കാരനായ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു.

2017 ഡിസംബർ മാസം 16നാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത്.

സുഹൃത്തിൻ്റെ വിവാഹത്തലേന്ന് വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ കൊണ്ടുപോയ ആൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പൊലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ എടത്തിരുത്തി സ്വദേശി കുട്ടമോൻ (52) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെയും 28 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

പോക്സോ നിയമപ്രകാരം 5 വർഷം കഠിനതടവിനും 50000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പിഴസംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്‌ടപരിഹാരമായി നൽകുവാനും കൂടാതെ മതിയായ നഷ്‌ടപരിഹാരം നൽകുവാനും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

സബ്ബ് ഇൻസ്പെക്‌ടർ പി.കെ. മോഹിത് രജിസ്റ്റർ ചെയ്‌ത കേസ്സിൽ അന്നത്തെ ഇൻപെക്‌ടറായിരുന്ന പി.സി. ബിജുകുമാർ അന്വേഷണം നടത്തി സബ്ബ് ഇൻസ്പെക്‌ടർ കെ.പി. മിഥുൻ ആണ് കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

വെളയനാട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ്സ് കാത്തിരിപ്പു കേന്ദ്രം

ഇരിങ്ങാലക്കുട : വെളയനാടിൻ്റെ ഹൃദയഭാഗത്ത് ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ ബസ്സ് കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നു.

മാസ്സ് തിയേറ്റർ ഉടമ റാഫേൽ പൊഴോലിപറമ്പിലിൻ്റെ സഹായത്തോടെയാണ് കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി ഈ കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നത്.

നവംബർ 1ന് വെളയനാട് കപ്പേള പരിസരത്ത് നടക്കുന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിജു പോൾ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും.

ചേലൂർ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും ദശാവതാരം ചന്ദനച്ചാർത്തും : കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ചേലൂർ ശ്രീരാമക്ഷേത്രത്തിലെ (താമരത്തമ്പലം) പ്രതിഷ്ഠാദിന മഹോത്സവവും 12 ദിവസം നീണ്ടു നിൽക്കുന്ന ‘ദശാവതാരം ചന്ദനച്ചാർത്തും’ 2026 ജനുവരി 20 മുതൽ 31 വരെ ആഘോഷിക്കും.

ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

താല്പര്യമുള്ളവർ നവംബർ 25ന് മുൻപായി ക്ഷേത്രത്തിൽ നേരിട്ടോ വാട്സ്ആപ്പ് മുഖേനയോ ഫോൺ നമ്പർ സഹിതം അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9447673362, 9778490 425

ലോൺ ശരിയാക്കാമെന്ന് വ്യാജവാഗ്ദാനം : 66,560 രൂപ തട്ടിയ കേസിലെ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി 66,560 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി തൃശൂർ റൂറൽ പൊലീസ്.

കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) എന്നയാളെയാണ് അന്വേഷണ സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്.

മതിലകം പാപ്പിനിവട്ടം, പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ഷമീർ എന്നയാളോട് മുംബൈ സ്വദേശിയിൽ നിന്നും 2 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജൂലൈ 5 മുതൽ പല തവണകളായി പണം കൈപ്പറ്റുകയായിരുന്നു.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ്ബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എഎസ്ഐ വഹാബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എറണാകുളം സ്വദേശിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ കണ്ടെത്തിയ കേസിലെ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : എറണാകുളം തുറവൂർ സ്വദേശിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ കണ്ടെത്തിയ കേസിൽ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസിലെ പ്രതികളായ എറണാകുളം കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ആശ്രമത്തിന്റെ ഉടമയായ ബ്രദർ അമൽ എന്നറിയപ്പെടുന്ന എറണാകുളം കൂനമ്മാവ് സ്വദേശി ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തു മകൻ ആരോമൽ (23), കോട്ടക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 21ന് രാവിലെ 7.30 ഓടെയാണ് ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനൻ (42) എന്നയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ ആയുധം കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും മുറിവേൽപ്പിച്ച നിലയിൽ കാണപ്പെട്ടത്. ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനം കോടതിയിൽ ഹാജരാക്കും.

നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ് വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.

ഈ കേസിന്റെ അന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബർ 18ന് പുലർച്ചെയോടെ എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് വൈദ്യപരിശോധന നടത്തിയതിന് ശേഷം സുദർശനനെ അമൽ ഫ്രാൻസിസിനെ സ്ഥാപനത്തിൽ എത്തിച്ചതായി കണ്ടെത്തിയത്.

തുടർന്ന് എറണാകുളം കൂനമ്മാവിലെ ആശ്രമത്തിൽ കഴിഞ്ഞു വരവെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് സുദർശനന് ഗുരുതരമായ പരിക്കേൽക്കുന്നത്. തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ ആശ്രമ ഉടമ അമൽ ഫ്രാൻസിസിന്റെ നിർദ്ദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപം എത്തിച്ച് വഴിയരികിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

സുദർശനന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.

സംഭവം നടന്നത് വരാപ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്ക് ശേഷം കേസ് എറണാകുളം വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.