കൂടൽമാണിക്യം ഉത്സവത്തിന് സംഭാര വിതരണവുമായി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. അബ്‌ദുൾ ഹക്ക് സംഭാര വിതരണം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, സെക്രട്ടറി എബിൻ ജോൺ, മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
നിഷ ഷാജി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, വാര്‍ഡ് അംഗം കെ. കൃഷ്ണകുമാര്‍, പ്രധാന അധ്യാപിക പി.എസ്. ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി. പ്രകാശ്, പി ടി എയുടെ മുൻ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം. ഷാജഹാന്‍, വി.ബി. ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിര്യാതയായി

അമ്മിണി

ഇരിങ്ങാലക്കുട : ചെമ്മണ്ട തെക്കൂട്ട് പരേതനായ രാമകൃഷ്ണൻ ഭാര്യ അമ്മിണി (82) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച (മെയ് 13) 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : സുകുമാരൻ, പരേതയായ ഉഷ കുമാരി, ശശി, രാധ, മുരളി, ഗോപി,

മരുമക്കൾ : ഷൈനി, ദുർഗ്ഗാമിനി, സ്മിത, ലജിത

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിക്ക് പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരത്തിന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അർഹനായി.

മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 24ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമർപ്പിക്കും.

25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു.

പ്രസിഡന്റ് എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ സൂപ്രണ്ട് ഡോ. നദാനിയേൽ തോമസ് ആശംസകൾ അർപ്പിച്ചു.

നേഴ്സ് മാനേജർ മിനി ജോസഫ് സ്വാഗതവും ഡെപ്യൂട്ടി നേഴ്സ് മാനേജർ വി.ഒ. സിജി നന്ദിയും പറഞ്ഞു.

സെക്രട്ടറി കെ. വേണുഗോപാൽ, ജനറൽ മാനേജർ കെ. ജയറാം, അസിസ്റ്റന്റ് മാനേജർ ജി. മധു, ഡോക്ടർമാർ, സ്റ്റാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നേഴ്സുമാരും നേഴ്സിംഗ് വിദ്യാർഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

നിര്യാതനായി

ജാക്സൺ

ഇരിങ്ങാലക്കുട : മാർക്കറ്റ് വ്യൂ റോഡിൽ പരേതനായ ആലപ്പാട്ട് വാറുണ്ണി മകൻ ജാക്സൺ (49) നെതർലാൻഡിൽ നിര്യാതനായി.

സംസ്കാരം പിന്നീട്.

അമ്മ : സോഫി വാറുണ്ണി

ഭാര്യ : നീതു ജാക്സൺ

മക്കൾ : കെൻ, കെയ്റ

സഹോദരങ്ങൾ : ജെറാൾഡ്, ജെയ്സൺ, ജിമ്മി

അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : വിസ്ഡം ക്ലബ്ബും ജില്ലാ വോളിബോൾ അസോസിയേഷനും സംയുക്തമായി ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം വിസ്ഡം വോളിബോൾ ക്വാർട്ടിൽ ഏപ്രിൽ 10 മുതൽ മെയ് 10 വരെ നടത്തിയ വേനലവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.

പരിശീലകൻ വിശാൽ ഷാജി മുഖ്യപ്രഭാഷണം നടത്തി.

രക്ഷാധികളായ വിക്ടറി തൊഴുത്തും പറമ്പിൽ, പി. ഭരത്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

നാഷണൽ റഫറിമാരായ മധു, രവി, മണികണ്ഠൻ ലാൽ, കേരള പ്ലേയർ പി.എസ്. പ്രചോദ് എന്നിവർ സന്നിഹിതരായിരുന്നു.

ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

ജനറൽ കൺവീനർ ടി.വൈ. ഫാസിൽ സ്വാഗതവും കൺവീനർ ഫിൻ്റോ പോൾസൺ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ മാതൃക്കൽ ബലിദർശനം പരമപുണ്യം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന താന്ത്രിക ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ശ്രീഭൂതബലിയുടെ മാതൃക്കൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.

രാവിലെ ശീവേലിക്കും വൈകീട്ട് വിളക്കെഴുന്നള്ളിപ്പിനും സംഗമേശൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കൽ ബലിദർശനം എന്ന ഭക്തിനിർഭരമായ ചടങ്ങ് നടക്കുക.

ദേവൻ ആദ്യമായി ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്തു വിളക്കിനാണ് ആദ്യ മാതൃക്കൽബലി.

തുടർന്നുള്ള എട്ടു ദിവസവും രാവിലെ 7.45നും രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലെയും മാതൃക്കൽബലി നടക്കും.

മാതൃക്കൽ ദർശനത്തിന് മുന്നോടിയായി ശ്രീഭൂതബലി നടത്തും. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴൽ എന്നിവ ചേർന്നുള്ള വാദ്യം ഒരു പ്രത്യേകത തന്നെയാണ്.

വാതിൽമാടത്തിൽ ദേവീസങ്കല്പത്തിൽ ബലിതൂകി പുറത്തേക്ക് എഴുന്നള്ളിക്കും.

ഒട്ടു മിക്ക ക്ഷേത്രങ്ങളിലും നിത്യ ശീവേലിക്ക് തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവ കാലത്തു മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ.

(ഇതോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ ഈ വർഷം എടുത്തതല്ല. മുമ്പ് എടുത്തിട്ടുള്ളതാണ്)

ജില്ലാ സമ്മേളനത്തിനായി വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ

ഇരിങ്ങാലക്കുട : ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രതിനിധികൾക്ക് ഭക്ഷണത്തിനുള്ള ജൈവപച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ.

വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസ് അങ്കണത്തിൽ കൃഷി ആരംഭിച്ചത്.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു.

അഡ്വ. പി.ജെ. ജോബി അധ്യക്ഷത വഹിച്ചു.

എൻ.കെ. ഉദയപ്രകാശ്, ബിനോയ്‌ ഷബീർ, അനിത രാധകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ കൺവീനർ കെ.എസ്. ബൈജു സ്വാഗതവും വി.കെ. സരിത നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവം : വിളക്കെഴുന്നള്ളിപ്പിന് ദൃശ്യചാരുത പകരാന്‍ കൈവിളക്കുമായി തങ്കപ്പനും രവീന്ദ്രനും

ഇരിങ്ങാലക്കുട : പകല്‍പോലെ പ്രകാശിക്കുന്ന വൈദ്യുതി വിളക്കുകള്‍ എത്ര ഉണ്ടായാലും വിളക്കെഴുന്നള്ളിപ്പിന്റെ ശോഭ കൂട്ടുന്നത് കൈപ്പന്തങ്ങളാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

മേടമാസത്തിലെ രാത്രികളില്‍ ജ്വലിക്കുന്ന പന്തത്തിന്റെ ചൂടുസഹിച്ച്, മേടച്ചൂടിനെ താങ്ങി നിര്‍ത്തുന്നവരാണ് കൈവിളക്ക് ഏന്തുന്നവര്‍.

ഒരുപാട് ഓര്‍മ്മകളുടെ ശോഭയുമായി തൻ്റെ 71-ാം വയസ്സിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നിറസാന്നിധ്യമാവുകയാണ് വടക്കാഞ്ചേരി ആറ്റൂര്‍ സ്വദേശി കാഞ്ഞിരക്കുഴി വീട്ടില്‍ തങ്കപ്പന്‍.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി കൈപ്പന്തത്തിന്റെ ജോലി നിര്‍വ്വഹിക്കുന്നത് തങ്കപ്പനാണ്.

2020ല്‍ തൃശൂര്‍ പൂരത്തിന് മഠത്തില്‍ വരവിനിടയില്‍ ആല്‍മരം വീണ് തങ്കപ്പന് പരിക്കേറ്റിരുന്നു. ആറു മാസം ചികിത്സയുടെ ഭാഗമായി കിടപ്പിലായെങ്കിലും ഈശ്വരാനുഗ്രഹത്താലാണ് തനിക്കിപ്പോഴും ദേവീദേവന്മാരുടെ എഴുന്നള്ളത്തിന് ദീപം പകരാന്‍ കഴിയുന്നതെന്നാണ് തങ്കപ്പന്‍ പറയുന്നത്. അന്ന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കു പറ്റിയിരുന്നു. കാല്‍മുട്ടിലെ ചിരട്ട മാറ്റിവയ്ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് കാലില്‍ ഇട്ടിരുന്ന സ്റ്റീല്‍ ദണ്ഡ് മാറ്റാതെയാണ് ഇപ്പോഴും ജോലിയില്‍ മുഴുകുന്നത്.

മുള്ളൂര്‍ക്കര സ്വദേശി വേലായുധനില്‍ നിന്നാണ് തങ്കപ്പൻ കൈപ്പന്തമുണ്ടാക്കാന്‍ പഠിച്ചത്. ഇന്ന് നിരവധി ക്ഷേത്രങ്ങളില്‍ കൈവിളക്കിന്റെ ചുമതലക്കാരനാണ് ഇദ്ദേഹം.

തൃപ്പുണിത്തറ, എറണാകുളം വില്വമംഗലം, ആക്കപ്പിള്ളിക്കാവ്, നടക്കാവ്, പള്ളിപ്പറമ്പ്കാവ്, വടക്കുംനാഥന്‍, ഒളരി, മുക്കാട്ടുക്കര, കുട്ടനെല്ലൂര്‍, പൂത്തോള്‍ എന്നീ ക്ഷേത്രങ്ങളില്‍ രാത്രി എഴുന്നള്ളിപ്പുകള്‍ക്ക് ആവശ്യമായ കൈവിളക്കിന്റെ ചുമതല തങ്കപ്പനാണ്.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറു തിരികളുടെ രണ്ടെണ്ണവും, നാലു തിരിയുടെ നാലെണ്ണവും ഒരു മുപ്പന്തവുമാണ് ഉള്ളത്.

മൂന്നുപീടിക സ്വദേശി മോങ്കാടിപുരക്കല്‍ വീട്ടില്‍ രവീന്ദ്രനും (52) സഹായിയായുണ്ട്.

20 വര്‍ഷത്തെ പരിചയമുണ്ടെങ്കിലും നാലു വര്‍ഷമേ ആയിട്ടുള്ളൂ രവീന്ദ്രൻ കൂടല്‍മാണിക്യത്തില്‍ വന്നു തുടങ്ങിയിട്ട്.

നാഴികളില്‍ മുല്ലമൊട്ട് ആകൃതിയിലാണ് തുണി ചുറ്റിയെടുക്കുക. ഇത് നല്ല പരിശീലനം നേടിയവര്‍ക്ക് മാത്രമേ കഴിയൂ. കൈപ്പന്തങ്ങള്‍ കത്തുമ്പോള്‍ നല്ല ഭംഗിയില്‍ കത്തണമെന്നാണ് തങ്കപ്പന്‍ പറയുന്നത്.

ഒറ്റപ്പന്തം, മുപ്പന്തം, കൈവരിപ്പന്തം (കൈവിളക്ക്) എന്നിവയെല്ലാം പലതരം തീവെട്ടികളാണ്. കൈത്തറി മുണ്ട് നാടയാക്കി പന്തത്തണ്ടില്‍ ചുറ്റിയായിരുന്നു ഇത് തയാറാക്കുന്നത്. എന്നാല്‍ ഇന്ന് കോട്ടണ്‍ തുണിയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

വെള്ള നിറമുള്ള തുണി കഴുകി വൃത്തിയാക്കി ഉണക്കിയാണ് ഉപയോഗിക്കുക. തുണി കഴുകി ഉണക്കിയില്ലെങ്കില്‍ കത്തുമ്പോള്‍ കറുത്ത പുക വരുമെന്ന് പന്തം നിര്‍മ്മാണത്തില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള തങ്കപ്പന്‍ പറയുന്നു.

തെങ്ങിന്റെ പട്ട ചെറുതാക്കി ഉണക്കിയെടുത്ത് അതിനോടൊപ്പമാണ് പന്തത്തണ്ടിലെ തിരിയില്‍ തുണി ചുറ്റുക. ഉപയോഗം കഴിഞ്ഞ് തുണി ഊരി മാറ്റാനുള്ള എളുപ്പത്തിനാണിത്. ഇരുവശത്തേക്കും തുണി ചുറ്റും.

ആറു തിരികളുള്ള കൈവിളക്കിന് ഏകദേശം മൂന്ന് കിലോയോളം തുണി വേണ്ടിവരും.